ഈ വേദിയില്‍ ഒരേയൊരു കുറ്റവാളിയെ മാത്രമാണ് ഞാന്‍ കാണുന്നത്, അത് ഞാന്‍ ഇപ്പോള്‍ നോക്കുന്ന ആ മനുഷ്യനാണ്-ട്രംപ്, അദ്ദേഹത്തിന് ഒരു പൂച്ചയുടെ ധാര്‍മ്മികത മാത്രമേയുള്ളു-അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ സംവാദത്തിനിടെ ജോ ബൈഡന്‍ പറഞ്ഞതാണ് ഇത്. ട്രംപിനെതിരായ വിചാരണ നടപടി, പീഡന കേസുകള്‍ എന്നിങ്ങനെ വ്യക്തിജീവിത പ്രശ്‌നങ്ങളും ബൈഡന്‍ ഉയര്‍ത്തികാട്ടി. എന്നാല്‍ ഇതിനെയെല്ലാം രാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങളിലൂന്നിയുള്ള മറുപടിയാണ് ട്രംപ് നല്‍കിയത്. ട്രംപ്-ബൈഡന്‍ സംവാദത്തിന്റെ ആദ്യഘട്ടത്തില്‍ ട്രംപിന് മുന്‍തൂക്കം കിട്ടിയതും ട്രംപ് എന്ന കുശാഗ്ര ബുദ്ധിയുള്ള രാഷ്ട്രീയക്കാരന്റെ ഈ പരിചയ സമ്പത്ത് കൊണ്ടാണ്. മൂര്‍ച്ഛയേറിയ വാക്കുകളും പദസമ്പത്തും ദേശീയ രാഷ്ട്രീയത്തില്‍ ഊന്നിയ മറുപടികളുമായി ട്രംപ് കളം നിറഞ്ഞ് നിന്നപ്പോള്‍, മൃദുഭാഷിയായ ബൈഡന് പലപ്പോഴും ഇടര്‍ച്ചയും തപ്പലുകളും ഉണ്ടായി. സമ്പദ് വ്യവസ്ഥ, തൊഴില്‍, കുടിയേറ്റം, യുദ്ധം, കാലാവസ്ഥ തുടങ്ങിയവയെല്ലാമാണ് ചര്‍ച്ചയുടെ ഭാഗമായത്. വാര്‍ത്താ ചാനലായ സിഎന്‍എന്‍ സംഘടിപ്പിച്ച സംവാദത്തില്‍ കാണികളെ പങ്കെടുപ്പിച്ചിരുന്നില്ല. പരസ്പരം നോക്കുകയോ കൈകൊടുക്കുകയോ ചെയ്യാതെയാണ് ഇരുനേതാക്കളും സംവാദം തുടങ്ങിയത്.
സമ്പദ് വ്യവസ്ഥ
ഒരു മണിക്കൂര്‍ മുപ്പത് മിനിട്ട് നീണ്ട് നിന്ന വാഗ്വാദം ആരംഭിച്ചത് തന്നെ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ്. പണപെരുപ്പ വിഷയങ്ങളും തൊഴിലില്ലായ്മയുമാണ് ട്രംപ് ഉയര്‍ത്തികാട്ടിയത്. ബൈഡന്റെ ഭരണകാലത്ത് രാജ്യത്ത് പണപ്പെരുപ്പം രൂക്ഷമായി, ബൈഡന് പണം നല്‍കുന്നത് ചൈനയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. തന്റെ ഭരണകാലത്ത് പണപ്പെരുപ്പം നിയന്ത്രിച്ചു നിര്‍ത്തിയിരുന്നു. ബൈഡന്‍ ഭരണത്തില്‍ തൊഴില്‍ ലഭിച്ചത് കുടിയേറ്റക്കാര്‍ക്കാണ്. അവരാണ് സാമ്പത്തിക ഗുണങ്ങള്‍ ലഭിച്ച ഏക വിഭാഗം. ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലുകളിലാണ് അനധികൃത കുടിയേറ്റക്കാര്‍ ഇപ്പോള്‍ കഴിയുന്നത്. രാജ്യത്തിന്റെ കാവല്‍ക്കാരായ സൈനികര്‍ തെരുവില്‍ കിടക്കുമ്പോഴാണ് അത്. ബൈഡന് സൈന്യത്തെ ഇഷ്ടമല്ലെന്നും അതിനാലാണ് വിമുക്ത ഭടന്‍മാരെ ശ്രദ്ധിക്കാത്തതെന്നും ട്രംപ് വിമര്‍ശിച്ചു.
എന്നാല്‍ അമേരിക്കന്‍ ചരിത്രത്തിലെ എറ്റവും മോശമായ സാമ്പത്തിക സ്ഥിതിയായിരുന്നു താന്‍ അധികാരത്തിലേറുമ്പോള്‍. ആ അവസ്ഥയിലെത്തിച്ചത് ട്രംപ് ആണെന്നായിരുന്നു ബൈഡന്റെ മറുപടി. ഡെമോക്രാറ്റുകള്‍ ഭരണത്തിലെത്തിയശേഷമാണ് പണപെരുപ്പം നിയന്ത്രിക്കപ്പെട്ടതും സാമ്പത്തിക സ്ഥിതി വളര്‍ച്ചയുടെ പാതയിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഭരണത്തിലുണ്ടായിരുന്നപ്പോള്‍ യുഎസിന്റേത് മഹത്തായ സമ്പദ്വ്യവസ്ഥയായിരുന്നു എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
സൈന്യത്തെ തെരുവിലാക്കിയോ?
വിമുക്ത ഭടന്‍മാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കിയ ഭരണകൂടമാണെന്നായിരുന്നു സൈനികരെ തെരുവില്‍ കിടത്തിയെന്ന ട്രംപിന്റെ ആരോപണത്തോട് ബൈഡന്‍ പ്രതികരിച്ചത്. അവരുടെ ക്ഷേമം ഉറപ്പാക്കിയിട്ടുള്ളതാണ്. സൈനികരെ ഇഷ്ടമല്ല എന്നതിന് മകന്‍ ഇറാഖില്‍ സൈനിക സേവനം നടത്തിയ കാര്യം പറഞ്ഞാണ് പ്രതിരോധിച്ചത്. രാജ്യ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ ദിവസം സൈന്യത്തെ പിന്‍വലിക്കാന്‍ ബൈഡന്‍ തീരുമാനിച്ച ദിവസമാണെന്നും ട്രംപ് തുറന്നടിച്ചു. അഫ്ഗാനിസ്ഥാനില്‍നിന്നു യുഎസ് സൈന്യത്തെ മാന്യമായും ശക്തമായും പിന്‍വലിക്കാനാണ് ആലോചിച്ചിരുന്നതെന്ന് പറഞ്ഞായിരുന്നു ട്രംപിന്റെ വാദം.
ഇന്ത്യയ്ക്ക് ചെലവായില്ല, യുഎസിന് പണം നല്‍കേണ്ടി വന്നു
കാലാവസ്ഥാ കരാറില്‍ നിന്ന് പിന്മാറിയെന്ന ബൈഡന്റെ കുറ്റപ്പെടുത്തല്‍ ഒടുവില്‍ അദ്ദേഹത്തിന് തന്നെ പണിയായ അവസ്ഥയും സംവാദത്തിലുണ്ടായി. പാരീസ് കാലാവസ്ഥാ ഉടമ്പടിയുമായി ബന്ധപ്പെട്ട് ട്രില്യണ്‍ കണക്കിന് ഡോളര്‍ അമേരിക്കയ്ക്ക് ചെലവായതിനെയും ട്രംപ് ചോദ്യം ചെയ്തു. ചൈനയ്ക്കും റഷ്യയ്ക്കും ഇന്ത്യയ്ക്കും പണം ചെലവായിട്ടില്ല, പിന്നെ എങ്ങനെയാണ് യുഎസിന് അത് സംഭവിച്ചത്. വളരെയധികം ചെലവ് വരുന്നതിനാലാണ് പാരീസ് കാലാവസ്ഥാ കരാറില്‍ നിന്ന് താന്‍ പിന്നോട്ട് പോയതെന്നും ട്രംപ് പറഞ്ഞു.
യുദ്ധം
ബൈഡന്റെ വിദേശനയത്തെയും ട്രംപ് വിമര്‍ശിച്ചു. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു യുദ്ധമാണ്. പശ്ചിമേഷ്യയിലെയും യുക്രെയ്‌നിലെയും യുദ്ധം തടയാന്‍ സാധിക്കാത്ത വ്യക്തിയാണ് ബൈഡന്‍. ജനുവരി 20ന് അധികാരം ഏറ്റെടുത്താല്‍ പുടിനെയും സെലന്‍സ്‌കിയെയും വിളിച്ചു വരുത്തി യുക്രെയ്ന്‍ യുദ്ധം തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു.ഈ യുദ്ധത്തില്‍ 200 ബില്യണ്‍ ഡോളറോ അതിലധികമോ ഉക്രെയ്‌നിന് നല്‍കിയിട്ടുണ്ട്. അത് വലിയൊരു തുകയാണ്. ഓരോ തവണയും സെലന്‍സ്‌കി ഈ രാജ്യത്തേക്ക് വരുമ്പോള്‍ 60 ബില്യണ്‍ ഡോളറുമായിട്ടാണ് അദ്ദേഹം സ്ഥലംവിടുന്നതെന്നുമായിരുന്നു ട്രംപിന്റെ വാക്കുകള്‍. ദശലക്ഷക്കണക്കിന് ഡോളര്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളുമാണ് ഇസ്രായേലിലേക്ക് ബൈഡന്‍ ഭരണകൂടം കയറ്റി അയച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന് അധിക സൈനിക പിന്തുണയും യു.എസ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധത്തിന് ബൈഡന്‍ നല്‍കുന്ന പിന്തുണ അദ്ദേഹത്തെ പൊതുജനങ്ങള്‍ക്കിടയില്‍ അപ്രിയനാക്കിയിട്ടുണ്ടെന്നും ഗസയ്ക്കെതിരായ ബൈഡന്റെ നിലപാട് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ബൈഡന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്നുമുള്ള റിപ്പോര്‍ട്ട് മാര്‍ച്ച് മാസത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു. ബൈഡന്‍ അനുകൂലികള്‍ക്കിടയില്‍ ഇത്തരമൊരു ആശങ്കയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
English Summary: US presidential debate 2024 updates: Biden struggles, Trump deflects