നിര്‍ഭാഗ്യങ്ങളുടെ ടീം എന്ന പഴി അവസാനിച്ചു. ഐസിസി ട്രോഫികള്‍ ഇല്ലെന്ന നാണക്കേടും ഒഴിവാക്കി. ഒടുവില്‍ അവരത് നേടി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയികളായി ദക്ഷിണാഫ്രിക്ക. ലോഡ്‌സില്‍ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്കയുടെ കിരീടധാരണം. ബൗളര്‍മാര്‍ ആധിപത്യം സ്ഥാപിച്ച ഫൈനലില്‍ സെഞ്ച്വറി കരുത്തുമായി നിന്ന ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രമും ക്യാപ്റ്റന്‍ തെംബ ബവുമായുടെ അര്‍ദ്ധ സെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്കയുടെ വിജയം ഉറപ്പിച്ചത്. മാര്‍ക്രം 136 റണ്‍സ് നേടിയപ്പോള്‍, ബവുമ 66 റണ്‍സ് എടുത്തു. മാര്‍ക്രം ആണ് കളിയിലെ താരം. ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായ താരമാണ് രണ്ടാം ഇന്നിംഗ്‌സില്‍ തന്റെ ടീമിനെ വിജയിപ്പിച്ച ഇന്നിംഗ്‌സ് കളിച്ചത്.
ഏറ്റവും ത്രില്ലിംഗ് ആയൊരു ടെസ്റ്റ് ഫൈനലിനായിരുന്നു ലോഡ്‌സ് സാക്ഷ്യം വഹിച്ചത്. മൂന്നര ദിവസം കൊണ്ടാണ് ഫലം ഉണ്ടായിരിക്കുന്നത്. നാലാം ദിവസം ഉച്ചയോടെ ചരിത്രപ്രസിദ്ധമായൊരു ക്രിക്കറ്റ് മൈതാനത്ത് തന്നെ ദക്ഷിണാഫ്രിക്ക അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രധാന നേട്ടം സ്വന്തമാക്കി.
ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയെ 211 റണ്‍സിന് എറിഞ്ഞിടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു. റബാഡയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് നിര്‍ണായകമായത്. പക്ഷേ ക്യാപ്റ്റന്‍ കമ്മിന്‍സിന്റെ ആറ് വിക്കറ്റ് പ്രകടനത്തോടെ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ വെറും 138 ല്‍ നിര്‍ത്താന്‍ ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞതോടെ മത്സരം ത്രില്ലിംഗായി. 74 റണ്‍സിന്റെ നിര്‍ണായകമായ ഒന്നാം ഇന്നിംഗ്‌സ് ലീഡി അവര്‍ സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ സ്റ്റാര്‍ക്കിന്റെയും 43 റണ്‍സ് എടുത്ത അലക്‌സ് കാരിയുടെയും ബലത്തില്‍ ഓസ്‌ട്രേലിയ 207 റണ്‍സിലെത്തി. 74 ന് ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട നിലയില്‍ നിന്നായിരുന്നു ഓസ്‌ട്രേലിയ പൊരുതി കയറിയത്. ലോഡ്‌സിലെ സാഹചര്യത്തില്‍ 281 എന്ന സ്‌കോര്‍ ദക്ഷിണാഫ്രിക്കയ്ക്ക് എത്തിപ്പിടിക്കാന്‍ കഴിയില്ലെന്ന് കരുതിയെങ്കിലും അവര്‍ വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. തുടക്കത്തിലെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടെങ്കിലും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു സൂപ്പര്‍ ഹീറോ പരിവേഷം നേടിയെടുത്ത പ്രകടനത്തിലൂടെ മാര്‍ക്രവും പരിക്ക് വകവയ്ക്കാതെ ക്യാപ്റ്റന്റെ കളി കളിച്ച തെംബ ബവുമയും ഒരുമിച്ച് നിന്നതോടെ ഓസീസിന്റെ പ്രതീക്ഷകള്‍ തകര്‍ന്നു. ഒരിക്കല്‍ കൂടി പടിക്കല്‍ കൊണ്ട് കലം ഉടയ്ക്കുന്നു എന്ന പഴി കേള്‍പ്പിക്കാതെ ദക്ഷിണാഫ്രിക്ക കിരീടം സ്വന്തമാക്കി.South Africa won ICC World Test championship trophy
Content Summary; South Africa won ICC World Test championship trophy
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.