ലോകം ആവേശത്തോടെ കാത്തിരുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് മുന്നേറ്റം തുടരുന്നു. യുഎസ് പ്രസിഡന്റിനെ നിര്‍ണയിക്കുന്ന സ്വിങ് സ്‌റ്റേറ്റുകളില്‍ ആറിടത്ത് ഉള്‍പ്പെടെ തുടക്കം മുതല്‍ ട്രംപ് തന്നെയാണ് മുന്നില്‍. അരിസോന, നെവാഡ, ജോര്‍ജിയ, നോര്‍ത്ത് കാരോലൈന, പെന്‍സില്‍വേനിയ, മിഷിഗന്‍, വിസ്‌കോന്‍സെന്‍ എന്നിവയാണ് സ്വിങ് സ്റ്റേറ്റുകള്‍.
ആകെയുള്ള 538 ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ 270 എണ്ണം നേടിയാല്‍ കേവല ഭൂരിപക്ഷം ഉറപ്പാകും. നിലവില്‍ ട്രംപ് 230 ഇലക്ടറല്‍ വോട്ടുകളും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് 209 വോട്ടുകളുമാണ് നേടിയിരിക്കുന്നത്. ഇതുവരെ പുറത്തുവന്ന ഫലസൂചനകള്‍ പ്രകാരം 20 സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നേറുകയാണ്.
അറബ് വംശജര്‍ ഏറെയുള്ള മിഷിഗണില്‍ കമലാ ഹാരിസിന് തുടക്കത്തില്‍ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് ട്രംപ് അത് മറികടക്കുകയായിരുന്നു. ജോര്‍ജിയ, ഓക്ലഹോമ, അര്‍കന്‍സാസ്, മിസിസിപ്പി, അലബാമ, ഫ്ളോറിഡ, സൗത്ത് കരോലിന, ടെന്നസീ, കെന്റകി, ഇന്ത്യാന, നോര്‍ത്ത് ഡെക്കോട്ട, വ്യോമിങ്, സൗത്ത് ഡെക്കോട്ട, ലൗസിയാന എന്നിവിടങ്ങളിലാണ് ട്രംപ് വിജയിച്ചത്. ഇല്ലിനോയിസ്, മേരിലാന്‍ഡ്, ന്യൂജേഴ്സി, ഡെലാവെയര്‍, റോഡ് ഐലന്‍ഡ്, കണക്ടിക്കട്, മസാച്യുറ്റസ്, വെര്‍മൗണ്ട്, വിര്‍ജീനിയ ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളില്‍ കമല ഹാരിസും വെന്നിക്കൊടി നാട്ടി. ഡൊണാള്‍ഡ് ട്രംപ് ഇത് മൂന്നാം തവണയാണ് വിര്‍ജീനിയയില്‍ പരാജയം അറിയുന്നത്. 2008 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ എല്ലാം ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളാണ് വിര്‍ജീനിയയില്‍ വിജയിക്കുക.
24 കോടി പേര്‍ക്കാണ് ഇക്കുറി തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ടായിരുന്നത്. ഏര്‍ളി വോട്ടിംഗ്, പോസ്റ്റല്‍ സംവിധാനങ്ങളിലൂടെ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനങ്ങളുടെ ചുമതലയാണ് അമേരിക്കയിലെ തിരഞ്ഞെടുപ്പ്. ഇവിഎം മെഷീനുകള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ സംവിധാനത്തിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് അമേരിക്കയിലും വോട്ടവകാശം. കൈമുദ്ര പതിപ്പിച്ച ബാലറ്റ് പേപ്പര്‍ വോട്ടിംഗ് തന്നെയാണ് അമേരിക്കയില്‍ ഏറെ പ്രചാരമുള്ള വോട്ടിംഗ് സംവിധാനം. കണക്കുകളനുസരിച്ച് 69.9% പേരും ഈ സംവിധാനം ഉപയോഗിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബാലറ്റ് മാര്‍ക്കിംഗ് ഡിവൈസസ് സംവിധാനം ഉപയോഗപ്പെടുത്തുന്ന പേപ്പര്‍ ബാലറ്റുകളാണ് 25.1% പേരും ഉപയോഗിക്കുന്നത്. ഡയറക്ട് റെക്കോര്‍ഡിംഗ് ഇലക്ട്രോണിക് സംവിധാനമാണ് മൂന്നാമത്തെ രീതി. ഒപ്റ്റിക്കല്‍ സ്‌കാനറുകള്‍ വഴിയാണ് പേപ്പര്‍ ബാലറ്റുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നത്. ശേഷം കമ്പ്യൂട്ടര്‍ ഉപയോഗിച്ച് അന്തിമ പട്ടിക തയ്യാറാക്കും. അന്തിമ പട്ടിക പൂര്‍ത്തിയായാലും ഫലം സ്വയം പരിശോധിക്കാന്‍ അതാത് സംസ്ഥാനങ്ങള്‍ക്ക് സമയം നല്‍കും. ചൊവ്വാഴ്ച വൈകിട്ട് 4.30ന് (IST) ആരംഭിച്ച വോട്ടെടുപ്പ് ബുധനാഴ്ച രാവിലെ ഏകദേശം 6.30 വരെ (IST) തുടര്‍ന്നു. ഭാര്യ മെലാനിയക്കൊപ്പം ഫ്ലോറിഡയിലെ പാം ബീച്ചിലാണ് ട്രംപ് വോട്ട് ചെയ്തത്.
ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ് നടക്കുക. ട്രംപ് ജയിച്ചാല്‍ 127 വര്‍ഷത്തിനു ശേഷം തുടര്‍ച്ചയായല്ലാതെ വീണ്ടും യു എസ് പ്രസിഡന്റാകുന്ന വ്യക്തിയെന്ന നേട്ടം സ്വന്തമാകും. വിജയം കമലക്കൊപ്പമാണെങ്കില്‍ യു എസ് പ്രസിഡന്റാകുന്ന ആദ്യ വനിത, ആദ്യ ഏഷ്യന്‍- ആഫ്രിക്കന്‍ വംശജ എന്നിവ സ്വന്തം പേരിനൊപ്പം ചേര്‍ക്കാം.
content summary; US Presidential Election: Advancement followed by Trump