December 13, 2024 |

യുക്രെയ്ന്‍ അധിനിവേശത്തില്‍ റഷ്യയ്ക്ക് സഹായം; ഇന്ത്യന്‍ കമ്പനികള്‍ക്ക് യുഎസ് ഉപരോധം

ഉപരോധം യുഎസ്-ഇന്ത്യ ബന്ധത്തെ കൂടുതല്‍ പിരിമുറുക്കത്തില്‍ എത്തിച്ചിട്ടുണ്ട്‌

യുക്രെയ്നിലെ റഷ്യയുടെ സൈനിക അധിനിവേശത്തെ പിന്തുണച്ചതിന്റെ പേരില്‍ ഉപരോധം ഏര്‍പ്പെടുത്തിയ 400 ആഗോള സ്ഥാപനങ്ങളുടെ പട്ടികയില്‍ 19 ഇന്ത്യന്‍ സ്വകാര്യ സ്ഥാപനങ്ങളെയും, രണ്ട് ഇന്ത്യന്‍ പൗരന്മാരെയും കൂടി അമേരിക്ക ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ നടപടി ഇന്ത്യയും യുഎസും തമ്മിലുള്ള ഇതിനകം പിരിമുറുക്കത്തില്‍ നില്‍ക്കുന്ന ബന്ധത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ഇടപെടലുകള്‍ ഇതു കൂടുതല്‍ വെല്ലുവിളി ഉണ്ടാക്കിയിട്ടുണ്ട്.

റഷ്യയുടെ സൈനിക-വ്യാവസായിക താത്പര്യങ്ങളെ ശക്തിപ്പെടുത്തുന്ന കേന്ദ്രങ്ങളെ തടസ്സപ്പെടുത്തുക എന്ന ശ്രമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രഖ്യാപിച്ച ഉപരോധങ്ങള്‍ക്ക് പിന്നില്‍. ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് 274 സ്ഥാപനങ്ങള്‍ക്കുമേലാണ് ഉപരോധം ചുമത്തിയത്, അതേസമയം വാണിജ്യ വകുപ്പ് 40 സ്ഥാപനങ്ങള്‍ക്കു മേല്‍കൂടി നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ചൈന, മലേഷ്യ, തുര്‍ക്കി, യുഎഇ, ഇന്ത്യ എന്നിവിടങ്ങളിലെ, റഷ്യയ്ക്ക് സഹായഹസ്തങ്ങള്‍ നീട്ടുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് അമേരിക്ക ഉയര്‍ത്തിക്കാട്ടുന്നത്. റഷ്യന്‍ സ്ഥാപനങ്ങള്‍ക്ക് വിമാനങ്ങള്‍ക്ക് സ്പെയര്‍ പാര്‍ട്സ് നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന അസെന്‍ഡ് ഏവിയേഷന്‍ ഇന്ത്യയുടെ ഡയറക്ടര്‍മാരായ വിവേക് കുമാര്‍ മിശ്ര, സുധീര്‍ കുമാര്‍ എന്നിവര്‍ക്കാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ നടത്തിയ സൂക്ഷ്മ നിരീക്ഷണത്തിന്റെ പുറത്താണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇത്തരം നീക്കങ്ങള്‍ വരുന്നതെന്നാണ് അനുമാനം. 2022-ല്‍, ബംഗളൂരു ആസ്ഥാനമായുള്ള എസ് ഐ 2 മൈക്രോസിസ്റ്റംസ് ആവശ്യമായ ലൈസന്‍സുകളില്ലാതെ യുഎസ് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ റഷ്യന്‍ സൈന്യത്തിന് കൈമാറിയതിന് സമാനമായി ഉപരോധം നേരിട്ടിരുന്നു.

യുഎസ് മണ്ണില്‍ വെച്ച് സിഖ് വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം ഇതിനകം തന്നെ ഇന്ത്യ-യുഎസ് ബന്ധത്തിന് കാര്യമായ ക്ഷതം ഏല്‍പ്പിച്ചിട്ടുണ്ട്. അതേസമയത്ത് തന്നെയാണ് ഇപ്പോള്‍ അമേരിക്കയുടെ ഉപരോധവും വന്നിരിക്കുന്നത്. ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരായി വന്ന വിവരങ്ങളില്‍ വാഷിംഗ്ടണ്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു, ‘അര്‍ഥവത്തായ ഉത്തരവാദിത്തം’ ഇന്ത്യയില്‍ നിന്നാവശ്യപ്പെട്ട വാഷിംഗ്ടണ്‍ ഈ ആശങ്കകള്‍ പരിഹരിക്കാന്‍ ന്യൂഡല്‍ഹിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി അടുത്തിടെ നടത്തിയ ഒരു പ്രസംഗത്തില്‍ ആഗോള ഉപരോധങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നു. നിയന്ത്രണങ്ങള്‍ക്ക് കീഴില്‍ റഷ്യന്‍ സ്ഥാപനങ്ങളുമായി ഇടപഴകുന്നതിനെതിരെ ഇന്ത്യന്‍ കമ്പനികള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഇന്ത്യ-യുഎസ് ബന്ധത്തിന്റെ സങ്കീര്‍ണ്ണതകള്‍ക്ക് അടിവരയിടുന്നതാണ്. നയതന്ത്രപരവും തന്ത്രപരവുമായ മുന്നേറ്റങ്ങള്‍ ഇരു രാജ്യങ്ങള്‍ളും തമ്മില്‍ ഉണ്ടെങ്കിലും ഇപ്പോഴത്തെ ആരോപണങ്ങള്‍ ഇന്ത്യ-അമേരിക്കന്‍ ബന്ധത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നത് തുടരുകയും ചെയ്യുന്നു.

കാര്യമായ മനുഷ്യനാശത്തിനും ആഗോളതലത്തില്‍ ഉയര്‍ന്ന സംഘര്‍ഷഭീതിക്കും കാരമായ 2022ലെ യുക്രെയ്ന്‍ അധിനിവേശത്തിനെതിരേ റഷ്യക്കെതിരേ നടത്തുന്ന നീക്കങ്ങളില്‍ ഒഴിഞ്ഞുമാറാന്‍ മോസ്‌കോ ശ്രമിക്കുമ്പോള്‍, അതിനെതിരേ രൂപപ്പെടുത്തുന്ന വിശാലമായ യുഎസ് തന്ത്രത്തിന്റെ ഭാഗമാണ് ഏറ്റവും പുതിയ ഉപരോധങ്ങളും. റഷ്യക്കെതിരേ അല്ലാതെ ഈ സംഘര്‍ഷത്തിനിടയില്‍ മൂന്നാം രാഷ്ട്രങ്ങള്‍ക്കെതിരേ എടുക്കുന്ന ഏറ്റവും വിപുലമായ നീക്കം എന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്‍ വിശേഷിപ്പിച്ച ഇപ്പോഴത്തെ നടപടിയില്‍ യുഎഇ, തുര്‍ക്കി, മലേഷ്യ എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്കെതിരായ ഉപരോധം ഉള്‍പ്പെടുന്നുണ്ട്.

‘യുക്രെയ്നെതിരെ റഷ്യയുടെ നിയമവിരുദ്ധവും അധാര്‍മികവുമായ യുദ്ധം തുടരുന്നതിന് ആവശ്യമായ നിര്‍ണായക ഉപകരണങ്ങളുടെയും സാങ്കേതികവിദ്യകളുടെയും ഒഴുക്ക് തടയാന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സും ഞങ്ങളുടെ സഖ്യകക്ഷികളും ലോകമെമ്പാടും നിര്‍ണായക നടപടിയെടുക്കുന്നത് തുടരും.’ എന്നാണ് ഡപ്യൂട്ടി ട്രഷറി സെക്രട്ടറി വാലി അഡെയെമോ അറിയിച്ചത്. ഈ പ്രതിബദ്ധത, സഖ്യകക്ഷികളുമായുള്ള സങ്കീര്‍ണ്ണമായ ബന്ധങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം റഷ്യയുടെ മേല്‍ സമ്മര്‍ദ്ദം നിലനിര്‍ത്താനുമുള്ള യുഎസ്സിന്റെ ഉദ്ദേശ്യത്തെയാണ് അടിവരയിടുന്നത്. പ്രത്യേകിച്ചും ഇന്ത്യന്‍ കമ്പനികളും പൗരന്മാരും ഉള്‍പ്പെടുന്ന സമീപകാല സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍. സാഹചര്യം വികസിക്കുമ്പോള്‍, ഈ ഉപരോധങ്ങളുടെ അനന്തരഫലങ്ങള്‍ ഇന്ത്യ-യുഎസ് ബന്ധത്തെ കൂടുതല്‍ വഷളാക്കും, തന്ത്രപരമായ പങ്കാളിത്തത്തിനും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും ഇടയില്‍ സൂക്ഷ്മമായ സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഇരു രാജ്യങ്ങളെയും നിര്‍ബന്ധിതരാക്കുന്നുണ്ട്.  US Sanctions 19 Indian Private Firms, 2 Indian Nationals for “Aiding Russia’s War Effort

Content Summary; US Sanctions 19 Indian Private Firms, 2 Indian Nationals for “Aiding Russia’s War Effort

×