അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പ്രതിസന്ധിയിലായിരിക്കെ, ഇറാന്‍ അയച്ച നാല് ഡ്രോണുകള്‍ തങ്ങള്‍ വെടിവെച്ചിട്ടതായി അമേരിക്ക സ്ഥിരീകരിച്ചു. ഇതിനുപുറമേ, തെക്കന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ് നഗരത്തിലെ ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷന് നേരെ അമേരിക്കന്‍ സൈന്യം ശക്തമായ ആക്രമണം നടത്തുകയും ചെയ്തു. ഇവിടെ നിന്നും മറ്റൊരു ഡോണ്‍ ആക്രമണത്തിന് ഇറാന്‍ കോപ്പ് കൂട്ടുന്നതായി അറിഞ്ഞാണ് പ്രത്യാക്രമണം നടത്തിയതെന്നാണ് വാദം. യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന ഈ സൈനിക നടപടികള്‍ പൂര്‍ണമായും പ്രതിരോധപരമായിരുന്നുവെന്നും, വെടിനിര്‍ത്തല്‍ കരാര്‍ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും യു.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇറാനിലെ ലക്ഷ്യസ്ഥാനങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇറാന് ചുറ്റുമുള്ള ജലാതിര്‍ത്തികളില്‍ മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച ബോട്ടുകള്‍ക്ക് നേരെയും മിസൈല്‍ ലോഞ്ച് സൈറ്റുകള്‍ക്ക് നേരെയും കഴിഞ്ഞ തിങ്കളാഴ്ചയും അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ബന്ദര്‍ അബ്ബാസിന് സമീപം മൂന്ന് വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും ഏതാനും മിനിറ്റുകളോളം വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജീവമായിരുന്നുവെന്നും ഇറാനിയന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രധാനപ്പെട്ട സൈനിക താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ മേഖലയാണ് ബന്ദര്‍ അബ്ബാസ്.
ഏപ്രില്‍ ആദ്യം നിലവില്‍ വന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ സംവിധാനം കൂടുതല്‍ സുസ്ഥിരമായ ഒരു സമാധാന കരാറിലേക്ക് മാറ്റാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതിനിടയിലാണ് ഈ പുതിയ സൈനിക നീക്കങ്ങള്‍ നടക്കുന്നത്. എന്നാല്‍ ചര്‍ച്ചകളുടെ പുരോഗതിയെക്കുറിച്ച് വാഷിംഗ്ടണില്‍ നിന്നും ടെഹ്റാനില്‍ നിന്നും പരസ്പരവിരുദ്ധമായ സന്ദേശങ്ങളാണ് പുറത്തുവരുന്നത്. കരാറിന്റെ ഒരു അനൗദ്യോഗിക കരട് രേഖ തങ്ങള്‍ക്ക് ലഭിച്ചതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ ബുധനാഴ്ച അവകാശപ്പെട്ടിരുന്നു. ഒരു മാസത്തിനകം വാണിജ്യ കപ്പലുകള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നുനല്‍കാന്‍ ഇറാന്‍ തയ്യാറാകുമെന്നും, പകരം ആറാഴ്ചയായി തുടരുന്ന കടല്‍ ഉപരോധം അമേരിക്ക പിന്‍വലിക്കുമെന്നുമായിരുന്നു ഇറാന്റെ അവകാശവാദം. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് യു.എസ് അധികൃതര്‍ ഉടനടി നിഷേധിച്ചു.
ഇറാനുമായുള്ള ചര്‍ച്ചകളില്‍ അമേരിക്ക പൂര്‍ണ്ണ തൃപ്തരല്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍ ഇപ്പോള്‍ വളരെ ദുര്‍ബലമായ അവസ്ഥയിലാണെന്നും, അവര്‍ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ അംഗീകരിക്കാന്‍ അമേരിക്ക തയ്യാറല്ലെന്നും ട്രംപ് പറഞ്ഞു. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടിയിലൂടെ ഈ പ്രശ്‌നം പൂര്‍ണ്ണമായി അവസാനിപ്പിക്കാന്‍ അമേരിക്ക മടിക്കില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. ഇറാന്റെ പക്കലുള്ള യുറേനിയം ശേഖരത്തിന്റെ ഭാവി, ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍, ഉപരോധങ്ങളില്‍ ഇളവ് വരുത്തല്‍ എന്നിവയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന തര്‍ക്കവിഷയങ്ങള്‍.
ഖത്തറിലെ ബാങ്ക് അക്കൗണ്ടുകളില്‍ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന 2,400 കോടി ഡോളറിന്റെ എണ്ണ വരുമാനം ഇറാനായി വിട്ടുനല്‍കില്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇറാന്‍ തങ്ങളുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്തുകയും ശരിയായ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നത് വരെ ഉപരോധങ്ങളില്‍ യാതൊരു ഇളവും നല്‍കില്ലെന്നാണ് അമേരിക്കന്‍ നിലപാട്. ഇതിന്റെ ഭാഗമായി, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കാനും ടോള്‍ പിരിക്കാനുമായി ഇറാന്‍ രൂപീകരിച്ച ‘പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയിറ്റ് അതോറിറ്റി’ എന്ന സ്ഥാപനത്തിന് മേല്‍ യു.എസ് ട്രഷറി വകുപ്പ് ബുധനാഴ്ച പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ഈ അതോറിറ്റിയുമായി സഹകരിക്കുന്ന മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കെതിരെയും കടുത്ത നടപടിയുണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി.
വരാനിരിക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ട്രംപിന് മേല്‍ ആഭ്യന്തരമായി കടുത്ത സമ്മര്‍ദ്ദമുണ്ട്. അതുകൊണ്ടുതന്നെ, ഇറാനുമായുള്ള ഏതൊരു സമാധാന കരാറും മിഡില്‍ ഈസ്റ്റിലെ മറ്റ് അറബ് പങ്കാളികള്‍ ഇസ്രയേലിനെ അംഗീകരിക്കുന്നതുമായി ബന്ധപ്പെടുത്താന്‍ ട്രംപ് ശ്രമിക്കുന്നുണ്ട്. പുതിയ സൈനിക ആക്രമണ വാര്‍ത്തകള്‍ പുറത്തുവന്നതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ വര്‍ദ്ധനവുണ്ടായി. ബ്രെന്റ് ക്രൂഡ് വില 2 ശതമാനം ഉയര്‍ന്ന് ബാരലിന് 96 ഡോളറിലെത്തി. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് വില ബാരലിന് 90 ഡോളറായും ഉയര്‍ന്നു.
തെക്കന്‍ ഇറാനിലെ യു.എസ് ആക്രമണങ്ങള്‍ക്ക് സമാന്തരമായി, ലെബനനില്‍ ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള സായുധ ഗ്രൂപ്പിനെതിരെ ഇസ്രയേലും സൈനിക നീക്കം ശക്തമാക്കിയിട്ടുണ്ട്. അമേരിക്കയുമായി ഉണ്ടാക്കുന്ന ഏതൊരു ദീര്‍ഘകാല സമാധാന കരാറിലും ലെബനനിലെ സാഹചര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് ഇറാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടല്‍ കടുപ്പിച്ച ഇസ്രയേല്‍, തെക്കന്‍ ലെബനനിലെ വലിയൊരു മേഖലയെ യുദ്ധമേഖലയായി പ്രഖ്യാപിക്കുകയും അവിടുത്തെ ജനങ്ങളോട് ഉടനടി ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ മാസത്തിന് ശേഷം ആദ്യമായാണ് ഇസ്രയേല്‍ ഇത്തരമൊരു കടുത്ത മുന്നറിയിപ്പ് നല്‍കുന്നത്.
Content Summary; US forces shoot down four Iranian drones and strike a ground control station in Bandar Abbas amid fracturing ceasefire
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.