ചൈനീസ് ഹാക്കര്‍മാര്‍ യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിവരങ്ങള്‍ ചോര്‍ത്തിയതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍. ട്രഷറി ഡിപ്പാര്‍ട്ട്മെന്റിലെ ജീവനക്കാരുടെ കമ്പ്യൂട്ടറുകളില്‍ ഹാക്കര്‍മാര്‍ പ്രവേശിക്കുകയും ചില രേഖകള്‍ മോഷ്ടിക്കപ്പെട്ടതായും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഡിസംബര്‍ ആദ്യവാരമാണ് സംഭവം നടന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.us treasury says that hacked by china
ട്രഷറി ഉദ്യോഗസ്ഥര്‍ അമേരിക്കന്‍ എംപിമാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹാക്കിങ്ങിനെ വലിയ സംഭവമെന്നാണ് കത്തില്‍ ട്രഷറി വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. സോഫ്റ്റ്‌വെയര്‍ ദാതാക്കളായ ബിയോണ്ട് ട്രസ്റ്റും സമാനമായ ആരോപണം ഉന്നയിക്കുന്നുണ്ട്. ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന് സാങ്കേതിക പിന്തുണ നല്‍കാന്‍ സഹായിക്കുന്ന ക്ലൗഡ് അധിഷ്ഠിത സംവിധാനത്തിലെ പ്രധാന കീ ഹാക്കര്‍മാര്‍ കൈക്കലാക്കിയാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് കത്തില്‍ പറയുന്നു. ബിയോണ്ട് ട്രസ്റ്റ് എന്ന സ്ഥാപനവുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നതായും ട്രഷറി വകുപ്പ് കത്തില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ജോര്‍ജിയ ആസ്ഥാനമായുള്ള ബിയോണ്ട് ട്രസ്റ്റ്, ഡിജിറ്റല്‍ കീ അപഹരിക്കപ്പെട്ടതായും ചെറിയവിഭാഗം ഉപഭോക്താക്കളെ മാത്രം ബാധിക്കുന്ന കാര്യമാണെന്നുമാണ് പ്രതികരിച്ചിരിക്കുന്നത്. കൂടാതെ ഡിസംബര്‍ എട്ടിന് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി ബിയോണ്ട് ട്രസ്റ്റ്, ട്രഷറി വകുപ്പിനെ അറിയിച്ചിരുന്നതായും പറയുന്നു. എന്നാല്‍ ഡാറ്റാ ബേസ് ഇപ്പോഴും ഹാക്കര്‍മാര്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിയുമോ എന്നതില്‍ വ്യക്തതയില്ല. എഫ്ബിഐയുമായും, മറ്റ് ഏജന്‍സികളുമായും ചേര്‍ന്ന് ഹാക്കിങ്ങിന്റെ ആഘാതത്തെ കുറിച്ച് അന്വേഷിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് യുഎസ് ഏജന്‍സി അറിയിച്ചു.
എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് ചൈന രംഗത്തെത്തി. ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് വാഷിങ്ടണിലെ ചൈനീസ് എംബസി വക്താവ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ചൈനയ്‌ക്കെതിരായ വസ്തുതാവിരുദ്ധമായ അമേരിക്കന്‍ ആരോപണങ്ങളെ തങ്ങള്‍ എതിര്‍ക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇക്കഴിഞ്ഞ നവംബറിലും അമേരിക്കന്‍ ടെലികോം കമ്പനികളെ ലക്ഷ്യമിട്ട് ചൈന ചാരപ്രവര്‍ത്തനം നടത്തുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ടെലികോം കമ്പനികളുടെ നെറ്റ്വര്‍ക്കില്‍ കടന്നുകയറി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ ചൈന ചോര്‍ത്തുന്നു എന്നായിരുന്നു യുഎസ് ഏജന്‍സികളുടെ കണ്ടെത്തല്‍. കോള്‍ വിവരങ്ങള്‍, സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കങ്ങള്‍, വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ എന്നിവയുള്‍പ്പെടെ ചോര്‍ത്തുന്നു എന്നായിരുന്നു കണ്ടെത്തല്‍. യുഎസിലെ പലവിധ ടെലികോം കമ്പനികളികള്‍ നിന്നും ഇത്തരത്തില്‍ രേഖകള്‍ ചോര്‍ത്തപ്പെട്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.us treasury says that hacked by china
Content Summary: us treasury says that hacked by china