രണ്ടാം ഊഴത്തില്‍ അമേരിക്കയുടെ അധികാരമേറ്റയുടന്‍ ഡൊണാള്‍ഡ് ട്രംപ് എടുത്ത ‘ കടുംവെട്ട്’ തീരുമാനങ്ങളില്‍ ഒന്നായിരുന്നു ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ)യില്‍ നിന്ന് പിന്മാറാനുള്ള നീക്കം. കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ സംഘടനയ്ക്ക് വീഴ്ച്ചയുണ്ടായി എന്നതാണ് പിന്മാറ്റത്തിനുള്ള അടിസ്ഥാന കാരണമായി പറയുന്നത്. ഇത് രണ്ടാം തവണയാണ് ഡൊണാള്‍ഡ് ട്രംപ് ആഗോള ആരോഗ്യ സംഘടനയില്‍ നിന്ന് യുഎസിനെ പിന്‍വലിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. ചൈനയെ ചാരിയാണ് ഡബ്ല്യുഎച്ച്ഒ-യ്‌ക്കെതിരേ ട്രംപ് വാളോങ്ങുന്നത്. കൊറോണ വൈറസിനെ ലോകം മുഴുവന്‍ വ്യാപിപ്പിച്ചതിന് കാരണക്കാരായി ട്രംപ് ആദ്യം മുതല്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് ചൈനയെയാണ്. ആ ചൈനയാല്‍ സ്വാധീനിക്കപ്പെട്ട സംഘടനയായി ലോകാരോഗ്യ സംഘടന മാറിയെന്നതാണ്, അവിടെ നിന്നും പിന്മാറാന്‍ പറയുന്ന മറ്റൊരു കാരണം. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്ന ഭാരിച്ച സാമ്പത്തിക സഹായം, അനാവശ്യമാണെന്ന തോന്നലും ട്രംപ് ഭരണകൂടത്തിനുണ്ട്. അതും ഒരു കാരണമായി കാണാം.
എന്താണ് ഉത്തരവില്‍ പറയുന്നത്?
ലോകാരോഗ്യ സംഘടനയോടുള്ള ട്രംപിന്റെ ദീര്‍ഘകാല വിയോജിപ്പുകള്‍ ഈ ഉത്തരവിന് കാരണമായിട്ടുണ്ട്. മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ സംഘടനയുടെ പ്രവര്‍ത്തനം അപര്യാപ്തമായിരുന്നുവെന്നാണ് ഉത്തരവില്‍ എടുത്തു പറയുന്നത്. ലോകാരോഗ്യ സംഘടന ചൈനയോട് പക്ഷപാതം കാട്ടിയെന്നാണ് ട്രംപ് വിശ്വസിക്കുന്നത്. പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ പ്രാരംഭ ഘട്ടത്തില്‍, വുഹാനില്‍ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞ സമയത്ത്. ചൈനയെ അമേരിക്കയുടെ എതിരാളിയും ശത്രുവുമായി കാണുന്ന ട്രംപിന്റെ അന്താരാഷ്ട്ര നിലപാട് കൂടി ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്ന സഹായം, അനാവശ്യമെന്ന നിലപാടും ഉത്തരവിലുണ്ട്. സംഘടനയുടെ ബജറ്റിന്റെ മൃഗീയഭാഗവും വഹിക്കുന്നത് അമേരിക്കയാണെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇത്രയും തുക നല്‍കുന്നതില്‍ ആശങ്കയുണ്ടെന്നാണ് ഉത്തരവില്‍ പറയുന്നത്.
എന്താണ് മുന്നിലുള്ള തടസങ്ങള്‍?
ഇത് രണ്ടാം തവണയാണ്, ട്രംപ് തന്റെ അധികാര കാലത്ത് അമേരിക്കയെ ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍വലിക്കാന്‍ ശ്രമിക്കുന്നത്. 2020 ല്‍ ഇതുപോലെ, സംഘടനയില്‍ നിന്നും പിന്മാറാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും, പിന്നാലെ അധികാരത്തില്‍ എത്തിയ ജോ ബൈഡന്‍, ഈ തീരുമാനം തിരുത്തുകയും 2021 ല്‍ അമേരിക്ക വീണ്ടും ഡബ്ല്യുഎച്ച്ഒയുടെ ഭാഗമാക്കുകയും ചെയ്തു. അതേസമയം, ഇത്തവണയും കാര്യങ്ങള്‍ പൂര്‍ണമായി ട്രംപിന്റെ തീരുമാനത്തിന് അനുസരിച്ച് നടക്കണമെന്നില്ല. കാരണം, കോണ്‍ഗ്രസിന്റെ അനുമതി കൂടി ഇക്കാര്യത്തില്‍ വേണം. അവിടെ കാര്യമായ എതിര്‍പ്പ് നേരിടേണ്ടി വരും. ഡബ്ല്യുഎച്ച്ഒ-യില്‍ നിന്നും പിന്മാറണമെങ്കില്‍ കോണ്‍ഗ്രസിന്റെ അനുമതി വേണം. നിലവില്‍, കോണ്‍ഗ്രസിന്റെ ഇരുസഭകളിലും റിപ്പബ്ലിക്കന്മാര്‍ക്ക് ഭൂരിപക്ഷമുണ്ടെങ്കിലും മൃഗീയമായ സ്വാധീനം ഇല്ലെന്നത് തിരിച്ചടിയാകാം. ഏതാനും റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറിയാല്‍ ഈ നീക്കം പാളം തെറ്റും. കാരണം, ഇത്തരമൊരു നീക്കത്തെ അമേരിക്ക പിന്തുണയ്ക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വമാണ്.
എന്തായാലും ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള പിന്മാറ്റം 2026 വരെ പ്രാബല്യത്തില്‍ വരില്ല. ഈ കാലയളവ് കോണ്‍ഗ്രസിനും ആഗോള സമൂഹത്തിനും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താനും തീരുമാനത്തില്‍ മാറ്റം വരുത്താനുമുള്ള സമയം നല്‍കുന്നുണ്ട്.
ആഘാതം എതുവിധം?
ലോകാരോഗ്യം സംഘടനയില്‍ നിന്നും അമേരിക്ക പിന്‍വാങ്ങിയാല്‍ അതുണ്ടാക്കുന്ന ആഘാതം ഗുരുതരമായിരിക്കും. ഒന്നാമതായി, സംഘടനയുടെ സാമ്പത്തിക ബലം പ്രധാനമായും യു എസ് ആണ്. മൊത്തം ബഡ്ജറ്റിന്റെ 20 ശതമാനവും യു എസ് പണമാണ്. അതുകൊണ്ട് അമേരിക്ക പണം നല്‍കുന്നത് നിര്‍ത്തിയാല്‍ സംഘടനയുടെ പ്രവര്‍ത്തനം അവതാളത്തിലാകും. ആഗോളതലത്തിലുള്ള അതിന്റെ അടിയന്തര ഇടപെടലുകള്‍ക്ക് തടസമുണ്ടാകും, അതേപോലെ അമേരിക്കയ്ക്ക് അകത്തും. ലോകത്തിനും അമേരിക്കയ്ക്കും വിനാശകരമായ സഹാചര്യമായിരിക്കും ഉണ്ടാവുകയെന്നാണ് പൊതുജനാരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ആഗോള ആരോഗ്യ പരിപാടികളില്‍ ലോകാരോഗ്യ സംഘടന പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതില്‍ പാന്‍ഡെമിക്കുകളെ പ്രതിരോധിക്കാനുള്ള സീസണല്‍ ഫ്‌ളൂ വൈറസുകളിലെ മാറ്റങ്ങള്‍ ട്രാക്ക് ചെയ്യുന്നതും, ഫലപ്രദമായ വാര്‍ഷിക ഫ്‌ളൂ വാക്‌സിനുകള്‍ സൃഷ്ടിക്കാനുമൊക്കെ ഇത് നിര്‍ണായകമാണ്. ഈ പദ്ധതികളില്‍ നിന്നു മാത്രമല്ല, നിര്‍ണായകമായ മറ്റ് ആരോഗ്യ സംരംഭങ്ങളില്‍ നിന്നും യുഎസ് സ്വയം ഒറ്റപ്പെട്ടേക്കാം. ആത്യന്തികമായി അമേരിക്കന്‍ പൊതുജനാരോഗ്യത്തെ അപകടത്തിലാക്കുന്ന ഒരു തീരുമാനമായി ഇത് മാറാം.
അതേസമയം, പിന്മാറാനുള്ള യു എസ് തീരുമാനം ലോകാരോഗ്യ സംഘടനയ്ക്കുള്ളില്‍ ചില പരിഷ്‌കാരങ്ങള്‍ നിര്‍ബന്ധമാക്കുമെന്നും പൊതുജനാരോഗ്യം കൂടുതല്‍ ഫലപ്രദവും കാര്യശേഷിയോടെയും നിറവേറ്റുന്നതില്‍ സംഘടനയെ പ്രാപ്തമാക്കുമെന്നും വിശ്വസിക്കുന്നവരും ഉണ്ട്.
എന്നിരുന്നാലും, അത്തരമൊരു നീക്കവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ സാധ്യമായ ഏതൊരു നേട്ടത്തേക്കാളും വളരെ കൂടുതലാണ്, ഇത് യുഎസിനെയും ലോകത്തെയും ഭാവിയിലെ ആരോഗ്യ പ്രതിസന്ധികളുടെ ഇരകളാക്കും. ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം, അമേരിക്കയുടെ ആഗോള ആരോഗ്യ സഹകരണത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. സംഘടന വിട്ടാല്‍, യുഎസ് പുതിയ വഴികള്‍ തേടുമെങ്കിലും, ഡബ്ല്യുഎച്ച്ഒ വിടുന്നതിന്റെ അനന്തരഫലങ്ങള്‍ വിനാശകരമായിരിക്കും, സുപ്രധാന ആഗോള ആരോഗ്യ ശ്രമങ്ങളില്‍ നിന്ന് യുഎസിനെ ഒറ്റപ്പെടുത്താനും ഈ തീരുമാനം ഇടയാക്കും. US withdrawing from WHO, What does the order say?
Content Summary; US withdrawing from WHO, What does the order say?