ഉത്തരകാശിയിലെ ധരാലി ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉണ്ടായ വെള്ളപ്പൊക്കം നിരവധി മനുഷ്യ ജീവനുകള്‍ അപഹരിച്ചതായി സംശയം. ഒപ്പം വന്‍ നാശനഷ്ടങ്ങളും പ്രദേശത്ത് ഉണ്ടാക്കിയിട്ടുണ്ട്. നാല് പേര്‍ മരിച്ചതായി ജില്ല മജിസ്‌ട്രേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ദേശീയ ദുരന്ത നിവാരണ സേന ഡിഐജി മൊഹ്സെന്‍ ഷഹേദി പറയുന്നത്,
‘പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 ല്‍ അധികം പേരെ കാണാതായിട്ടുണ്ടെന്നാണ്. കാണാതായവരില്‍ 10 സൈനികരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. ലോവര്‍ ഹര്‍സില്‍ പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന ഒരു സായുധ സേനാ ക്യാമ്പ് വെള്ളപ്പൊക്കത്തില്‍ പെട്ടിരുന്നു. ഇവിടെയുണ്ടായിരുന്ന സൈനികരില്‍ ഏകദേശം 10 പേരെ കാണാതായതായാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
ഏകദേശം 40-50 വീടുകള്‍ ഒലിച്ചു പോയിട്ടുണ്ടെന്നും ഡിഐജി ഷഹേദി അറിയിക്കുന്നു. കുത്തിയൊഴുകി വന്ന വെള്ളം ഹോട്ടലുകള്‍, കടകള്‍, റെസ്റ്റോറന്റുകള്‍ എന്നിങ്ങനെ വന്‍തോതില്‍ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 1:50 ഓടെ സംഭവിച്ച മേഘവിസ്‌ഫോടനമാണ് ഖീര്‍ ഗംഗാ നദിയിലെ ജലനിരപ്പ് ഉയര്‍ത്തിയത്. ഇതോടെ ധരാലി മാര്‍ക്കറ്റ് പ്രദേശത്തേക്ക് വെള്ളം കുത്തിയൊഴുകിയെത്തുകയായിരുന്നു. നിമിഷനേരം കൊണ്ടാണ് ടണ്‍ കണക്കിന് അവശിഷ്ടങ്ങള്‍ മാര്‍ക്കറ്റ് പ്രദേശത്ത് കുമിഞ്ഞുകൂടിയത്. വെള്ളപ്പൊക്കം നേരിട്ട് ബാധിച്ച പ്രദേശത്ത് നിന്നും കുറച്ച് അകലെയായിട്ടാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടാണ് വന്‍ ദുരന്തം സംഭവിക്കാതിരുന്നത്. എങ്കിലും ചെളിയും മണ്ണും നിറഞ്ഞ വെള്ളം ഗ്രാമത്തിലേക്കും പ്രവേശിച്ചതോടെ ഗ്രാമവാസികള്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടോടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
ഇന്ത്യന്‍ ആര്‍മിയുടെ ഐബിഇഎക്‌സ് ബ്രിഗേഡാണ് വെള്ളം കയറിയ ഹര്‍സിലില്‍ സ്ഥിതി ചെയ്തിരുന്നത്. 10 മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നാണ് പ്രതിരോധ മന്ത്രാലയം പിആര്‍ഒ ലെഫ്റ്റനന്റ് കേണല്‍ മനീഷ് ശ്രീവാസ്തവ പറഞ്ഞത്.
14 രജപുത്താന റൈഫിള്‍സിന്റെ കമാന്‍ഡിംഗ് ഓഫീസറായ കേണല്‍ ഹര്‍ഷവര്‍ദ്ധന്റെ നേതൃത്വത്തില്‍ 150 പേരടങ്ങുന്ന സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നുണ്ട്. മണ്ണിടിച്ചിലിലില്‍ യൂണിറ്റ് ബേസ് തകര്‍ന്നതത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതുവരെ 20 പേരെ സൈന്യം രക്ഷപ്പെടുത്തിയിട്ടുണ്ട്. ഓപ്പറേഷനായി സ്നിഫര്‍ നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്താനാണ് തീരുമാനം. 80 ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് അറിയിച്ചിട്ടുണ്ട്.
മേഘവിസ്‌ഫോടനം മൂലമാണ് വെള്ളപ്പൊക്കമുണ്ടായതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഐഎംഡി ഡാറ്റ പ്രകാരം ഹര്‍സിലില്‍ രാവിലെ 8:30 മുതല്‍ വൈകുന്നേരം 4:30 വരെ പെയത് മഴ 8 മില്ലീമീറ്റര്‍ മാത്രമായിരുന്നു. ഐഎംഡി ശാസ്ത്രജ്ഞന്‍ ഡോ. രോഹിത് തപ്ലിയാല്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് നടത്തിയ പ്രതികരണത്തില്‍, മേഘസ്‌ഫോടനം എന്ന തിയറി അദ്ദേഹം അംഗീകരിക്കുന്നില്ല. പ്രദേശത്ത് മിതമായ മഴയാണ് ലഭിച്ചത്. മണിക്കൂറില്‍ 100 മില്ലിമീറ്ററോ അതില്‍ കൂടുതലോ മഴ പെയ്യുകയാണെങ്കിലാണ് മേഘവിസ്‌ഫോടനത്തിനുള്ള മാനദണ്ഡങ്ങള്‍ ശരിയാകൂ, എന്നാല്‍ പ്രദേശത്തു നിന്നുള്ള ഡാറ്റ ആ മാനദണ്ഡങ്ങളോട് യോജിക്കുന്നതല്ല. വെള്ളപ്പൊക്കത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അന്വേഷണം വേണമെന്നുമാണ് ഡോ. രോഹിത് പറയുന്നത്. Uttarkashi flash flood; 50 people including 10 soldiers are missing lot of damage
Content Summary; Uttarkashi flash flood; 50 people including 10 soldiers are missing lot of damage
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.