June 19, 2026 |
Share on

ബല്‍റാം, സുരേന്ദ്രന്‍ ഫേസ് ബുക്ക്‌ പോര്: വെടിനിര്‍ത്തലിന് ആഹ്വാനം

അഴിമുഖം പ്രതിനിധി കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാമും ബിജെപി നേതാവ് കെ സുരേന്ദ്രനും തമ്മിലെ ഫേസ് ബുക്ക്‌ പോരില്‍ വിടി ബല്‍റാം വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു. തൃത്താലയില്‍ മത്സരിക്കാനുള്ള ബല്‍റാമിന്റെ വെല്ലുവിളി കെ സുരേന്ദ്രന്‍ ഏറ്റെടുത്തു. പാര്‍ട്ടി പറഞ്ഞാല്‍ തൃത്താലയില്‍ അല്ല പതുപ്പള്ളിയിലും മത്സരിക്കാന്‍ തയ്യാറാണെന്ന് സുരേന്ദ്രന്‍ ഫേസ് ബുക്കില്‍ കുറിച്ചു. പ്രിയപ്പെട്ട വി ടി ബൽറാം, ഒടുവിലത്തെ പോസ്റ്റിൽ മാന്യവും സംസ്കാരസമ്പന്നവുമായ വാക്കുകൾ ഉപയോഗിക്കാൻ അങ്ങയെ പ്രേരിപ്പിച്ചതിൽ സന്തോഷമുണ്ട്. അത്രയേ ഞാനും ഉദ്ദേശിച്ചുള്ളൂ. ഉമ്മൻ ചാണ്ടി, രമേശ്‌ […]

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാമും ബിജെപി നേതാവ് കെ സുരേന്ദ്രനും തമ്മിലെ ഫേസ് ബുക്ക്‌ പോരില്‍ വിടി ബല്‍റാം വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു. തൃത്താലയില്‍ മത്സരിക്കാനുള്ള ബല്‍റാമിന്റെ വെല്ലുവിളി കെ സുരേന്ദ്രന്‍ ഏറ്റെടുത്തു. പാര്‍ട്ടി പറഞ്ഞാല്‍ തൃത്താലയില്‍ അല്ല പതുപ്പള്ളിയിലും മത്സരിക്കാന്‍ തയ്യാറാണെന്ന് സുരേന്ദ്രന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

പ്രിയപ്പെട്ട വി ടി ബൽറാം,

ഒടുവിലത്തെ പോസ്റ്റിൽ മാന്യവും സംസ്കാരസമ്പന്നവുമായ വാക്കുകൾ ഉപയോഗിക്കാൻ അങ്ങയെ പ്രേരിപ്പിച്ചതിൽ സന്തോഷമുണ്ട്. അത്രയേ ഞാനും ഉദ്ദേശിച്ചുള്ളൂ. ഉമ്മൻ ചാണ്ടി, രമേശ്‌ ചെന്നിത്തല, പിണറായി വിജയൻ, വി മുരളീധരൻ തുടങ്ങി കേരളത്തിലെ ഉന്നതശീർഷരായ നിരവധി നേതാക്കളോടൊപ്പം താങ്കളുൾപ്പടെയുള്ളവരുടെ ഫേസ്ബുക്ക്‌ പേജുകൾ സ്ഥിരമായി വായിക്കുന്ന ഒരാളാണു ഞാൻ. കഴിഞ്ഞ കുറച്ചു മാസങ്ങളായി താങ്കൾ രാഷ്ട്രീയ എതിരാളികൾക്കെതിരെ, പ്രത്യേകിച്ച് ബി ജെ പി/ ആർ എസ് എസ് നേതാക്കൾക്കെതിരെ താങ്കളുടെ പേജിൽ ഉപയോഗിക്കുന്ന മാന്യതയും അന്തസ്സുമില്ലാത്തതായ പദപ്രയോഗങ്ങൾ വായിച്ചു സഹികെട്ടാണ് മനസ്സില്ലാമനസ്സോടെയാണെങ്കിലും ഞാൻ പ്രതികരിക്കാൻ തയ്യാറായത്. രാഷ്ട്രീയത്തിൽ എതിരാളികൾ ഉണ്ടാവാം പക്ഷെ ശത്രുക്കൾ ഉണ്ടാവരുതെന്നു വിശ്വസിക്കുന്ന ഒരു പൊതുപ്രവർത്തകനാണ് ഞാൻ. ഡംഭു മാമ, അമിട്ട് ഷാജി, രായപ്പൻ, തുടങ്ങി അങ്ങയുടെ പ്രയോഗങ്ങൾ ഒരു സാധാരണ കോണ്‍ഗ്രസ്‌ അനുയായിക്ക്‌ ഭൂഷണമായിരിക്കാം. പക്ഷെ പരിഷ്കൃത സമൂഹത്തിലെ ഒരു ജനപ്രതിനിധിക്കു യോജിച്ച വാക്കുകളല്ലിത്. സന്ഘികൾ, കൊങ്ങികൾ, തുടങ്ങിയ വാക്കുകൾ പരസ്പരം പ്രയോഗിക്കുന്നത് സ്വന്തം അനുയായികളെ മാത്രമേ ആവേശം കൊള്ളിക്കുകയുള്ളൂ. നേതാക്കൾ മാന്യത കൈവിടാതെ നോക്കണം. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ വ്യക്തികളെ വിലയിരുത്താനുള്ള ഒരേയൊരളവുകോലായി കണക്കാക്കിയതാണ് അങ്ങേക്കു പറ്റിയ അബദ്ധം. ഒരിക്കൽ ജയിച്ചതുകൊണ്ട് എല്ലമായെന്നോ തോറ്റവരെല്ലാം ഒന്നിനും കൊള്ളാത്തവരാണെന്നോ ഉള്ള വിശ്വാസം ഒരബദ്ധധാരണയാണ്. തൃത്താലയിൽ നിന്ന് അങ്ങയെ തോല്പ്പിച്ചുകളയാം എന്നു വിചാരിച്ചല്ല ഞാനിതൊക്കെ പറഞ്ഞത്. പിന്നെ താങ്കളേക്കാൾ വലിയവരെന്നു പൊതുജനം കരുതുന്ന പലരോടും രാഷ്ട്രീയ കാരണങ്ങളാൽ ഞാൻ ഏറ്റുമുട്ടിയിട്ടുണ്ട്. നിലപ്പാടുകൾ അങ്ങയെപ്പോലെ തന്നെ എനിക്കും പ്രധാനപ്പെട്ടതാണെന്ന ബോധ്യമുള്ളതു കൊണ്ടാണ് അതു ചെയ്തിട്ടുള്ളത്. പിന്നെ വെല്ലുവിളി സ്വീകരിക്കുവാൻ ഒരു മടിയും എനിക്കില്ല. പാർട്ടി ആവശ്യപ്പെട്ടാൽ തൃത്താലയിലെന്നല്ല പുതുപ്പള്ളിയിൽ മത്സരിക്കുവാനും ഞാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട്‌ നിർത്തുന്നു.

സ്നേഹപൂർവ്വം 

കെ സുരേന്ദ്രൻ

ഇനിയുള്ള യുദ്ധം ഫേസ്ബുക്ക് ലൈക്കിന് വേണ്ടിയുള്ളതാണ്

പ്രിയ കെ. സുരേന്ദ്രൻ,

ഹിന്ദിക്ക് ശേഷം നല്ല മലയാളത്തേക്കുറിച്ചുള്ള താങ്കളുടെ ട്യൂഷനും നന്ദി. എന്റെ പേര് ബാലാരാമാ എന്നൊക്കെ നീട്ടിവലിച്ചും രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ ഒരു മുൻ പ്രധാനമന്ത്രിയുടെ മകൻ കൂടിയായ കോൺഗ്രസ് ഉപാധ്യക്ഷനെ വെറും പപ്പുമോൻ എന്നാക്കിയുമൊക്കെ വിളിക്കുന്ന താങ്കൾ തന്നെയാണ് മാന്യമായ ഭാഷാ പ്രയോഗങ്ങളേക്കുറിച്ച് ക്ലാസെടുക്കാൻ ഏറ്റവും യോഗ്യൻ.

പിന്നെ മാന്യതയും മര്യാദയുമൊക്കെ ജനാധിപത്യ സംസ്കാരത്തിന്റെ ഭാഗമാണ്. അങ്ങനെയുള്ള ഒരു മര്യാദയും അർഹിക്കാത്തവരാണ് ഫാഷിസ്റ്റുകൾ. ഇന്ത്യയുടെ ബഹസ്വര ജനാധിപത്യത്തേയും മതേതരത്വം അടക്കമുള്ള ഭരണഘടനാ മൂല്യങ്ങളേയും കിട്ടാവുന്നിടത്തൊക്കെ അവഹേളിക്കാനും തകർക്കാനും നോക്കുന്ന ആർ എസ് എസ് എന്ന ലക്ഷണമൊത്ത ഫാഷിസ്റ്റ് സംഘടന ജനാധിപത്യ സംവിധാനങ്ങളുടെ സൗകര്യങ്ങൾ കൂടി ഉപയോഗപ്പെടുത്താൻ നോക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ പരിഹാസമടക്കം എന്തും ഒരു യഥാർത്ഥ ഇന്ത്യക്കാരന് ആയുധം തന്നെയാണ്. ലോക ഭീകരൻ ഹിറ്റ്ലറുടെ കെട്ടിപ്പൊക്കിയ ഗാംഭീര്യം തകർത്തെറിഞ്ഞ് അയാളെ വെറും കോമാളിയാക്കി മാറ്റിയതിൽ ചാർളി ചാപ്ലിന്റെ “ദ ഗ്രേറ്റ് ഡിക്റ്റേറ്റർ” എന്ന ചലച്ചിത്രം വഹിച്ച പങ്ക് ഒരുപക്ഷേ താങ്കൾക്ക് അറിയില്ലായിരിക്കാം. എന്നാൽ ജനാധിപത്യത്തിന് അങ്ങനേയും ചില സാധ്യതകളുണ്ട്. ഇത് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ഇന്ത്യയിലെ ഇന്നത്തെ സർക്കാർ പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും ചെന്നൈ ഐഐടിയിലുമടക്കം പിടിമുറുക്കാനും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനും ശ്രമിക്കുന്നത് എന്നും എളുപ്പത്തിൽ മനസ്സിലാവും. ഏതായാലും ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള മോഹന സുന്ദര വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിച്ച് വിദേശ പി.ആർ. ഏജൻസികളെ വെച്ച് സ്വയം ഒരു വികസന പുരുഷനായി ജനങ്ങൾക്ക് മുൻപിൽ 56 ഇഞ്ച് നെഞ്ച് വിരിച്ചു നിന്നത് വെറും ഊതിവീർപ്പിച്ച ബലൂൺ മാത്രമായിരുന്നുവെന്നും അതിനെ ഇല്ലാതാക്കാൻ ഫേസ്ബുക്കിലെ കൊച്ചുകുട്ടിയായ ഐ.സി.യു.വിലൂടെയും മറ്റും ഇവിടത്തെ സാധാരണക്കാർ മുന്നോട്ടുവെക്കുന്ന സർക്കാസവും ട്രോളുമാകുന്ന മൊട്ടുസൂചികൾ തന്നെ ധാരാളമാണെന്നുമാണ് കഴിഞ്ഞ ഒരു വർഷമായി സോഷ്യൽ മീഡിയ നൽകുന്ന പാഠം.

ശ്രീ.നരേന്ദ്ര മോഡിയെ തെരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയായിട്ടാണ്, ഇന്ത്യൻ ചക്രവർത്തിയായിട്ടല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഭരണവീഴ്ചകൾ ഇവിടെ നിരന്തരം വിമർശിക്കപ്പെട്ടുകൊണ്ടേയിരിക്കും. അതോടൊപ്പം ഒരു തരത്തിലുള്ള ബഹുമാനവും അർഹിക്കാത്ത അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെ വിമർശിക്കാൻ ഇനിയും പരിഹാസമടക്കം ഈ നാട്ടിലെ നിസ്സഹായരായ സാധാരണ ജനങ്ങൾക്ക് ലഭ്യമാവുന്ന എല്ലാ സാധ്യതകളും അവരുടെ ഒരു പ്രതിനിധി എന്ന നിലയിൽ ഇനിയും എന്റെ ഭാഗത്തു നിന്ന് ഉപയോഗപ്പെടുത്തും. രാഷ്ട്രീയത്തിൽ എതിരാളികളേയുള്ളൂ, ശത്രുക്കളില്ല. എന്നാൽ ഈ രാജ്യത്തിന്റെ അടിസ്ഥാനപരമായ ലിബറൽ, ജനാധിപത്യ, മതേതര സ്വഭാവത്തെ തച്ചുതകർത്ത് ഇവിടം പാരമ്പര്യത്തിന്റേയും സംസ്ക്കാരത്തിന്റേയും സദാചാരത്തിന്റേയുമൊക്കെ പേരിൽ അന്യമതവിദ്വേഷത്തിലും അന്യസംസ്ക്കാര നിരാസത്തിലുമൂന്നിയ ഒരു മതരാഷ്ട്രം കെട്ടിപ്പടുക്കാനാഗ്രഹിക്കുന്നവർ എന്റെ മാത്രമല്ല, ഈ നാടിന്റെ മുഴുവൻ ശത്രുക്കളാണ്. അത്തരക്കാരോടുള്ള സമീപനം സ്വാഭാവികമായും വ്യത്യസ്തമായിരിക്കും.

പിന്നെ തൃത്താലയിൽ വന്ന് മത്സരിക്കാനുള്ള ബുദ്ധിമോശം താങ്കൾ കാണിക്കില്ലെന്ന് എനിക്കുമറിയാം. എന്നിരുന്നാലും താങ്കളുടേയോ പാർട്ടിയുടേയോ മനസ്സ് മാറുകയാണെങ്കിൽ ഇവിടേക്ക് സ്വാഗതം. പക്ഷേ താങ്കളുടെ പാർട്ടിക്ക് ഘടക കക്ഷികളെ ഉണ്ടാക്കിത്തരേണ്ട ബാധ്യത കൂടി ദയവായി എന്റെ ചുമലിൽ വെക്കരുത്. മുന്നണി രാഷ്ട്രീയത്തോട് തത്ത്വത്തിലോ പ്രയോഗതലത്തിലോ എതിർപ്പുള്ള പാർട്ടിയല്ലല്ലോ താങ്കളുടേത്. ദേശീയതലത്തിലടക്കം നിങ്ങളുടെ പാർട്ടിക്ക് ഘടകകക്ഷികളുണ്ട്. കേരളത്തിൽ എന്തുകൊണ്ട് നിങ്ങൾക്ക് കൊള്ളാവുന്ന ആരേയും കൂടെ കിട്ടുന്നില്ല എന്നത് നിങ്ങളാണ് ആലോചിക്കേണ്ടത്. ഉത്തരം മറ്റൊന്നുമല്ല, ഇത് കേരളമാണ് എന്നത് മാത്രമാണ്. ഫാഷിസത്തിന്റെ വിഷവിത്തുക്കൾ ആഴ്ന്നിറങ്ങണമെങ്കിൽ കേരളം കുറച്ചുകൂടി അധപതിക്കണം. അതത്ര എളുപ്പത്തിൽ സാധിക്കുമെന്ന് താങ്കൾ തെറ്റിദ്ധരിക്കേണ്ട.

താങ്കൾ കൂടി സഹകരിക്കുകയാണെങ്കിൽ ഈ സംവാദം ഇതോടുകൂടി അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്.

സ്നേഹത്തോടെ,

വി.ടി.ബൽറാം

Tags:

Leave a Reply

Your email address will not be published. Required fields are marked *

×