വടുതലയിൽ അയൽവാസികൾ തമ്മിലുള്ള വർഷങ്ങളായുള്ള തർക്കം എത്തി നിന്നത് കൊലപാതക ശ്രമത്തിലാണ്. ദമ്പതികളെ തീകൊളുത്തിയ ശേഷം അയല്‍വാസിയായ യുവാവാണ് ജീവനൊടുക്കിയത്. വടുതലയിലാണ് സംഭവം. ക്രിസ്റ്റഫര്‍, മേരി എന്നിവരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം അയൽവാസിയായ വില്യം എന്നയാളാണ് ജീവനൊടുക്കിയത്. അന്‍പത് ശതമാനത്തോളം പൊള്ളലേറ്റ ക്രിസ്റ്റഫറിനേയും മേരിയേയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയാണ് വില്യം ദമ്പതികളെ ആക്രമിച്ചത്. ദമ്പതികളെ തീകൊളുത്തിയ ശേഷം സ്വന്തം വീട്ടിലേക്ക് ഓടിക്കയറിയ വില്യംസ് വീട് അടച്ചുപൂട്ടി അകത്ത് തൂങ്ങിമരിക്കുകയായിരുന്നു. രാത്രി 8 മണിയോടെ പള്ളിയില്‍ നിന്ന് മടങ്ങിയ ക്രിസ്റ്റഫറിനെയും മേരിയെയും വഴിയില്‍ തടഞ്ഞുനിര്‍ത്തി വില്യം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.
അഞ്ച് മാസങ്ങൾക്ക് മുമ്പാണ് വടുതല 74ാം ഡിവിഷൻ കൗൺസിലർ വി വി പ്രവീണിന് ക്രിസ്റ്റഫറിന്റെയും ഭാര്യ മേരിയുടെയും ഭാഗത്ത് നിന്ന് പരാതി ലഭിക്കുന്നത്. തങ്ങളുടെ വീട്ടിലേക്ക് പലപ്പോഴായി അയൽവാസിയായ വില്യം മാലിന്യം വലിച്ചെറിയുന്നു എന്നതായിരുന്നു പരാതി. തുടരെ രണ്ട് തവണ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവീൺ ഉടൻ വില്യംമിനെ ഫോണിൽ ബന്ധപ്പെടുകയും താക്കീത് നൽകുകയും ചെയ്തു. ആദ്യത്തെ തവണ തനിക്ക് നേരെയുള്ള പരാതി വില്യം പൂർണ്ണമായി നിഷേധിച്ചിരുന്നു. എന്നാൽ, നുണ പറയേണ്ട സ്ഥലത്ത് സിസിടിവി ക്യാമറ ഘടിപ്പിച്ചിട്ടുണ്ടെന്ന് ദൃശ്യങ്ങൾ ലഭിച്ചുവെന്ന് പറഞ്ഞതോടെ ഇനി തന്റെ ഭാഗത്ത് നിന്ന് പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്ന് വില്യം ഉറപ്പ് നൽകി.അതിന് ശേഷം ദമ്പതികളുടെ ഭാഗത്ത് നിന്ന് മറ്റു പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് കൗൺസിലർ വി വി പ്രവീൺ അഴിമുഖത്തോട് പറഞ്ഞു. അതോടെ പ്രശ്നങ്ങൾ കഴിഞ്ഞുവെന്നാണ് കരുതിയിരുന്നത്, അതുകൊണ്ട് തന്നെ ഈ വാർത്ത കേട്ടപ്പോൾ ഞെട്ടലാണ് തോന്നിയത്.
എട്ടു സഹോദരങ്ങളാണ് വില്യമിനുള്ളത്. യുവാവ് അവിവാഹിതനാണ്. സഹോദരങ്ങളെല്ലാം തന്നെ വിവാഹ ശേഷം മാറിത്താമസിച്ചതോടെ അയാൾ തറവാട്ടു വീട്ടിൽ ഒറ്റയ്ക്കായി. ആരുമായി സഹകരിക്കുന്ന പ്രകൃതമല്ല ഇയാളുടേത്. റസിഡൻസ് അസോസിയേഷൻ പരിപാടികൾ പതിവായി സംഘടിപ്പിക്കുന്ന ഒരു പ്രദേശമാണെങ്കിലും വില്യം ഒന്നിലും തന്നെ പങ്കെടുത്തിരുന്നില്ല. നാടുമായോ നാട്ടുകാരുമായോ അയാൾക്ക് ബന്ധമില്ലായിരുന്നു. രാവിലെ പോകുന്നു വൈകിട്ട് വരുന്നു അത് മാത്രമാണ് അയാളെക്കുറിച്ച് ആകെ നാട്ടുകാർക്ക് പോലും അറിയുന്നത്.
വർഷങ്ങളായി തന്റെ മനസിൽ സൂക്ഷിച്ച പകയുടെ ഒടുവിലത്തെ സംഭവമാണ് ഇന്നലത്തെ ആക്രമണം. വില്യംസ് ഒറ്റയ്ക്കാണ് താമസം. ഇയാൾക്ക് ക്രിമിനൽ സ്വഭാവമുണ്ട്. സഹോദരൻ്റെ മകനെ ഇയാൾ മുൻപ് ആക്രമിച്ചിരുന്നു.
പച്ചാളം ചാത്തിയാത്ത് പള്ളിയിൽ പെരുന്നാൾ നമസ്കാരം കഴിഞ്ഞ് രാത്രി എട്ടു മണിയോടെ ഇരുചക്ര വാഹനത്തിൽ തിരികെ വീട്ടിലേക്കെത്തും വഴിയായിരുന്നു വില്യം ദമ്പതികളെ ആക്രമിക്കുന്നത്. ഇരുവരും തിരികെ എത്തുന്ന സമയത്തെക്കുറിച്ച് ഏകദേശ ധാരണയുള്ള വില്യം ജനലുകൾ തുറന്നിട്ട് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആളുകളുടെ ശ്രദ്ധ തിരിക്കാൻ ടിവിയും ഉറക്കെ വെച്ചിരുന്നു. ആക്രമണം നടന്ന് ഉടൻ തന്നെ ഇരുവരുടെയും കരച്ചിൽ കേട്ട് അയൽവാസികൾ ഓടിയെത്തിയിരുന്നു. തൊട്ടടുത്ത വീട്ടിലെ അമ്മച്ചി ഓടിയെത്തിയാണ് വെള്ളമൊഴിച്ച് തീയണച്ചത്. അതിനു ശേഷം ഓട്ടോ പിടിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നു. ഈ സമയത്താണ് വില്യം ഓടി വീടിനകത്തേക്ക് കയറിയതും തൂങ്ങി മരിക്കുന്നതും.
പൊള്ളലേറ്റ ദമ്പതികൾ ഇപ്പോൾ എറണാകുളം ലൂർദ് ആശുപത്രിയിൽ ചികിത്സയിലാണ്. ക്രിസ്റ്റഫറിന്റെ നില ഗുരുതരമായി തുടരുകയാണ്. 50 ശതമാനത്തിന് മുകളിൽ ക്രിസ്റ്റഫറിന് പൊള്ളലേറ്റിട്ടുണ്ട്. ഇവരുവർക്കും മക്കളില്ല.
content summary: Vaduthala fire attack was preplanned, accused William the couple’s neighbor is known to be problematic