ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് വൈക്കം സത്യഗ്രഹത്തിന്റെ ആദ്യ നാളുകളിലെ ദീപശിഖാവാഹകനായിരുന്നു. അസാമാന്യമായ നേതൃപാടവവും പ്രസംഗചാതുര്യവുമാണ് അദ്ദേഹത്തെ അന്ന് സമര നേതൃത്വത്തിലേക്ക് എത്തിച്ചത്.
തൊട്ടു തീണ്ടലിനും താഴ്ന്ന ജാതിക്കാരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ നടത്തിയ ഒരു ഉജ്ജല സമരമായ വൈക്കം സത്യാഗ്രഹത്തിന്റെ മുന്‍നിര നേതാവായിരിക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്ത നേതാവായിരുന്നു ജോര്‍ജ് ജോസഫ്. അദ്ദേഹത്തിന് അര്‍ഹിക്കുന്ന സ്ഥാനം വൈക്കം സത്യാഗ്രഹശതാബ്ദി ആഘോഷങ്ങളുടെ ഒപ്പം നല്‍കേണ്ടതായിരുന്നു. കുറഞ്ഞ പക്ഷം, അദ്ദേഹത്തിന്റെ സമര ചരിത്രത്തിലെ സ്ഥാനമെന്തെന്ന് രേഖപ്പെടുത്തുന്ന ഒരു ശിലാഫലകമെങ്കിലും സ്ഥാപിക്കേണ്ടതായിരുന്നു. വൈക്കം സത്യാഗ്രഹ സ്മരണകളില്‍ മലയാളക്കരയില്‍ ഉയരേണ്ട ആദ്യ സ്മാരകങ്ങളിലൊന്ന്, തീര്‍ച്ചയായും തല പൊക്കമുള്ള നേതാവായ ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫിന്റെ തന്നെയെന്ന്, ആ സമരചരിത്രം പറയും. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളില്‍ അദ്ദേഹത്തിന്റെ സംഭാവനകളെ ഓര്‍മിക്കാതിരിക്കുന്നത് അക്ഷന്തവ്യമായ നീതികേടാണ്.
വൈക്കം സത്യഗ്രഹത്തിന്റെ ഒരു വര്‍ഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങ സമാപിക്കുന്ന ഡിസംബര്‍ 12(വ്യാഴം) ന് സമര നായകനായ പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കരെ ആദരിച്ച് നിര്‍മിച്ച സ്മാരകം കേരളവും തമിഴ്‌നാടും സംയുക്തമായി ഉത്ഘാടനം ചെയ്തിരിക്കുകയാണ്. രണ്ടു മുഖ്യമന്ത്രിമാരും ചേര്‍ന്നാണ് ശതാബ്ദി സമാപന ചടങ്ങില്‍ തന്തെ പെരിയാര്‍ എന്നറിയപ്പെടുന്ന ഇ.വി.രാമസ്വാമി നായ്ക്കരുടെ പുനനിര്‍മിച്ച സ്മാരകം നാടിന് സമര്‍പ്പിച്ചത്. കേരളം കണ്ട ഏറ്റവും വലിയ ഐതിഹാസിക സമരചരിത്രമായ വൈക്കം സത്യാഗ്രഹത്തിന്റെ ആദ്യ നാളുകളില്‍ മുന്നണിയിലുണ്ടായിരുന്ന ബാരിസ്റ്റര്‍ ജോസഫ് എന്ന സമരനായകന്റെ സംഭാവനകള്‍ക്ക് നിര്‍ഭാഗ്യവശാല്‍ സമകാലീന വൈക്കം ശതാബ്ദി വേളയില്‍ ആരംഭത്തിലോ സമാപനത്തിലോ യാതൊരു സ്ഥാനവും നല്‍കാതെ തീര്‍ത്തും വിസ്മരിക്കപ്പെട്ടിരിക്കുന്നു. ചരിത്രത്തില്‍ അങ്ങനെ തമസ്‌ക്കരിക്കപ്പെടേണ്ട ഒരാളല്ല വൈക്കം സമരനായകന്‍ ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്.
ചെങ്ങന്നൂരില്‍ ഊരയില്‍ എന്ന സിറിയന്‍ ക്രിസ്ത്യന്‍ മധ്യവര്‍ഗ കുടുംബത്തില്‍ 1857 ജൂണ്‍ 5-ന് ജനിച്ച ജോര്‍ജ് ജോസഫിന്റ സഹോദരനാണ് വിഖ്യാതനായ പത്രാധിപര്‍ പോത്തന്‍ ജോസഫ്.
ജോര്‍ജ് ജോസഫ് വൈക്കം സത്യഗ്രഹത്തിന്റെ ആദ്യ നാളുകളിലെ ദീപശിഖാവാഹകനായിരുന്നു. അസാമാന്യമായ നേതൃപാടവവും പ്രസംഗചാതുര്യവുമാണ് അദ്ദേഹത്തെ നേതൃത്വത്തിലേക്ക് എത്തിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ ജോര്‍ജ് ജോസഫിനോളം പ്രാധാന്യമുള്ള ഒരു മലയാളി നേതാവും അന്ന് കേരളത്തിലുണ്ടായിരുന്നില്ല.
ബഹുമുഖ പ്രതിഭ എന്ന് വിളിക്കാവുന്ന അപൂര്‍വ വ്യക്തിയായിരുന്നു അദ്ദേഹം. തിരുവിതാംകൂറിലെ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ പ്രധാന ശില്‍പ്പികളിലൊരാള്‍. ബാരിസ്റ്റര്‍, ഗാന്ധിയുടെ പ്രിയ ശിഷ്യന്‍, മികച്ച അഭിഭാഷകന്‍, ഒന്നാന്തരം പ്രാസംഗികന്‍, ദേശീയ നേതാക്കളുമായി വളരെ അടുപ്പമുള്ള മലയാളി നേതാവ്, വൈക്കം സത്യഗ്രഹത്തില്‍ ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കളിലൊരാള്‍, കുറ്റവാളി ഗോത്ര നിയമത്തിനെതിരെ ശബ്ദമുയര്‍ത്തിയ ആദ്യ വ്യക്തികളിലൊരാള്‍. ജവഹര്‍ലാല്‍ നെഹറുവിന്റെ ആത്മകഥയില്‍ ആദരവോടെ പരാമര്‍ശിക്കുന്ന അപൂര്‍വ്വം മലയാളിയായ നേതാവായിരുന്നു ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്.
മധുരയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് ആനി ബസന്റിന്റെ ഹോം റൂള്‍ പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്. 1918 ല്‍ ഇന്ത്യയുടെ സ്വയം ഭരണ പ്രശ്‌നം ബ്രിട്ടനില്‍ പൊതുജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കാന്‍ പോയ മൂന്നംഗ സംഘത്തില്‍ ജോര്‍ജ് ജോസഫും ഉണ്ടായിരുന്നു. ഏറെ താമസിയാതെ ഹോം റൂളിന്റെ പ്രസക്തി നഷ്ടപ്പെടുകയും മഹാത്മാ ഗാന്ധി സ്വാതന്ത്ര്യസമരത്തിന്റെ പ്രഭവ കേന്ദ്രമാവുകയും ചെയ്തതോടെ ജോര്‍ജ് തോമസ് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെത്തി. 1921 ല്‍ മഹാത്മാ ഗാന്ധിയുടെ ആഹ്വാനമുണ്ടായപ്പോള്‍ അദ്ദേഹം, മികച്ച രീതിയില്‍ പോയ്ക്കൊണ്ടിരുന്ന പ്രാക്ടീസ് ഉപേക്ഷിച്ച്, മക്കളെ ബോര്‍ഡിങ് സ്‌കൂളിലാക്കി, തന്റെ പക്കലുണ്ടായിരുന്ന വിദേശവസ്തുക്കളെല്ലാം അഗ്നിക്കിരയാക്കിയ ശേഷം ഭാര്യയോടൊത്ത് ഗുജറാത്തിലെ ഗാന്ധിജിയുടെ സബര്‍മതി ആശ്രമത്തിലെത്തി. ഗാന്ധിജിയുടെ വിശ്വസ്തനായ ശിഷ്യനായി മാറിയ ജോര്‍ജ് ജോസഫ് ആദ്യം യങ് ഇന്ത്യയുടെയും പിന്നീട് മോത്തിലാല്‍ നെഹ്‌റു സ്ഥാപിച്ച അലഹാബാദിലെ ‘ഇന്‍ഡിപെന്‍ഡന്റ്’ പത്രത്തിന്റെയും പത്രാധിപരായി. ഇക്കാലത്ത് അലഹബാദിലെ നെഹ്‌റു കുടംബ വീടായ ആനന്ദ ഭവനത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ജോര്‍ജ് ജോസഫും ഭാര്യ സൂസന്നയും.
1924 മാര്‍ച്ച് 30 മുതല്‍ 1925 നവംബര്‍ വരെ ശരിയായ ഗാന്ധിയന്‍ രീതിയില്‍ നടന്ന കേരളത്തിലെ ആദ്യത്തെ സമരമായിരുന്നു വൈക്കം സത്യഗ്രഹം. ബഹുജന പിന്തുണ, സമര്‍ത്ഥമായ നേതൃത്വം, ആദര്‍ശ ശുദ്ധി, വീട്ടുവീഴ്ച ഇവയെല്ലാം ഒന്നിച്ച ഒരു സമരമായിരുന്നു വൈക്കം സത്യാഗ്രഹം. മഹാത്മാ ഗാന്ധി, ശ്രീനാരായണ ഗുരു, ഇവി രാമസ്വാമി നായ്ക്കര്‍, രാജാജി, വിനോബ ഭാവേ തുടങ്ങിയവരെല്ലാം വൈക്കം സത്യഗ്രഹികളെ സന്ദര്‍ശിക്കാനെത്തി. ടി കെ മാധവന്‍, കെ പി കേശവമേനോന്‍, കെ കേളപ്പന്‍, ബാരിസ്റ്റര്‍ എ കെ പിള്ള തുടങ്ങിയവര്‍ ഓരോ ഘട്ടങ്ങളില്‍ നേതൃത്വം നല്‍കി. പടിഞ്ഞാറോട്ട് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ദക്ഷിണ കാശിയെന്നറിയപ്പെടുന്ന വൈക്കം മഹാദേവ ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകളില്‍ ഈഴവരുള്‍പ്പടെയുള്ള സമുദായക്കാര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ഇല്ലായിരുന്നു. തീണ്ടല്‍ പലകകള്‍ സ്ഥാപിച്ച് അവരെ വിലക്കിയിരുന്നു. അയിത്തത്തിനും ജാതി വിലക്കുകള്‍ക്കുമെതിരെ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആശീര്‍വാദത്തോടെയാരംഭിച്ച വൈക്കം സത്യഗ്രഹം ഏറെ താമസിയാതെ ആളിപ്പടര്‍ന്നു. പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ഭരണകൂടം ഉറപ്പിച്ചിരുന്നു. 1924 ഏപ്രില്‍ 24 ല്‍ തീണ്ടല്‍ പലക കടന്നു യാത്ര ചെയ്തത് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിന്റെ കല്‍പ്പനലംഘനമായി എടുത്ത് നേതാക്കന്മാരായ ടി കെ മാധവനേയും കെ പി കേശവമേനോനെയും പോലീസ് അറസ്റ്റ് ചെയ്തു. സത്യഗ്രഹാശ്രമത്തിന്റെ ചുമതല ടി കെ മാധവന്‍ കൈമാറിയത് ജോര്‍ജ് ജോസഫിനായിരുന്നു. തുടര്‍ന്ന് എ കെ പിള്ള, കെ കേളപ്പന്‍, വേലായുധമേനോന്‍ തുടങ്ങിയ സത്യഗ്രഹികള്‍ അറസ്റ്റ് വരിച്ചതോടെ സത്യഗ്രഹ വളന്റിയര്‍മാരുടെ എണ്ണം വര്‍ദ്ധിച്ചു. പടിഞ്ഞാറെ നടയില്‍ നിന്നാരംഭിച്ച സത്യഗ്രഹം വൈക്കം ക്ഷേത്രത്തിന്റെ ഇതരഭാഗങ്ങളിലേക്കും പടര്‍ന്നു. അതോടെ ഗവണ്‍മെന്റ് അറസ്റ്റ് നിര്‍ത്തി മര്‍ദ്ദനമുറകള്‍ ആരംഭിച്ചു.
ഈ പുതിയ നയത്തില്‍ പ്രതികരിച്ച് ജോര്‍ജ് ജോസഫ് ജില്ലാ മജിസ്‌ട്രേറ്റിന് ഒരു കത്തയച്ചു. ”സത്യഗ്രഹികളെ അറസ്റ്റ് ചെയ്യേണ്ടെന്ന് ഗവണ്‍മെന്റില്‍നിന്നു തീരുമാനിച്ചതു കൊണ്ടുണ്ടായിട്ടുള്ള സ്ഥിതിയെപ്പറ്റി എന്റെ കമ്മറ്റി വളരെ ആശങ്കയോടു കൂടി ആലോചിക്കുകയുണ്ടായി. മൂന്ന് പേര്‍ അടങ്ങുന്ന സംഘത്തെ ഇനി സത്യഗ്രഹത്തിനായി അയക്കും. ഇവര്‍ പടിഞ്ഞാറെ നടയിലും തെക്കെ നടയിലും സത്യഗ്രഹം നടത്തും. ഒരാഴ്ചക്കകം അറസ്റ്റ് ചെയ്യുകയോ, തര്‍ക്ക റോഡുകളില്‍ അധഃകൃതര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നല്‍കുകയോ ചെയ്തില്ലെങ്കില്‍ വടക്കേ ഗേറ്റിലും കിഴക്കേ ഗേറ്റിലും സത്യഗ്രഹം നടത്തുന്നതിന് കമ്മറ്റി നിര്‍ബന്ധിതമാകും. ഒരാഴ്ചക്കുള്ളില്‍ സത്യഗ്രഹ വളണ്ടിയര്‍മാര്‍ക്ക് ഗൗരവതരമായി കായികമോ മാനസികമോ ആയ അപകടം ഉണ്ടാകുന്നെങ്കില്‍ എല്ലാ ഗേറ്റിലും കൂടി ഒരുമിച്ച് ഉടനെ സത്യഗ്രഹം നടത്തും.’
സത്യഗ്രഹികള്‍ക്ക് കനത്ത മര്‍ദനമുറകളാണ് പിന്നീട് നേരിടേണ്ടി വന്നത്. സത്യഗ്രഹ വളണ്ടിയര്‍ ക്യാപ്റ്റനായ ശിവശൈലത്തെ ഇഷ്ടിക കൊണ്ട് ഇടിച്ചു. കെ പി കേശവപിള്ളയെ ഇടിച്ചു ചോര ചര്‍ദിപ്പിച്ചു. രാമന്‍ ഇളേത് എന്ന സത്യഗ്രഹിയുടെ രണ്ട് കണ്ണിലും പച്ച ചുണ്ണാമ്പ് എഴുതി. ചിറ്റടത്ത് ശങ്കരപിള്ളയെന്നയാള്‍ മര്‍ദ്ദനഫലമായി മരിച്ചു, കേരളത്തിലെ ആദ്യത്തെ സമരരക്തസാക്ഷിയായി. ഈ ഘട്ടത്തില്‍ ജോര്‍ജ് ജോസഫ് ഉപദേശം തേടി കൊണ്ട് മഹാത്മ ഗാന്ധിക്ക് കമ്പിയടിച്ചു: ‘വൈക്കം സത്യഗ്രഹം ഒരു പുതിയ ഘട്ടവിശേഷത്തെ പ്രാപിച്ചിരിക്കുന്നു. ഗവണ്‍മെന്റ് അറസ്റ്റ് നിര്‍ത്തിയിരിക്കുന്നു. സത്യഗ്രഹികള്‍ നിരാഹാരന്മാരായി റോഡില്‍ ഇരിക്കുകയാണ്. സത്യഗ്രഹികള്‍ ഇനിയും അങ്ങനെ തന്നെ തുടരാന്‍ തയ്യാറായിരിക്കുകയാണ്. അടിക്കടി മറുപടി അത്യാവശ്യം’.
ഗാന്ധിജിയുടെ മറുപടി: ‘ഉപവാസം ഒഴിവാക്കുക, എന്നാല്‍ അറസ്റ്റിലാകുന്നത് വരെ സമര്‍പ്പണത്തോടെ ജാഥകള്‍ സംഘടിപ്പിക്കുക, അല്ലെങ്കില്‍ കുത്തിയിരിപ്പ് സത്യഗ്രഹം തുടരുക. നിങ്ങള്‍ ക്ഷമയോടിരിക്കുക. മഹാരാജാവിനേയും ദിവാനേയും നിവേദനവുമായി പോയി കാണണം; കാരണം ഒരു നാട്ടുരാജ്യത്തിലാണ് നിങ്ങള്‍. ഈ പ്രസ്ഥാനത്തോട് ആനുകൂല്യമുള്ള യാഥാസ്ഥിതിക ഹിന്ദുക്കളുടെ ഒരു ഭീമ ഹര്‍ജി തയ്യാറാക്കണം. നിങ്ങളെ എതിര്‍ക്കുന്നവരേയും പോയിക്കാണണം. സൗമ്യമായ ഈ പ്രത്യക്ഷ സമരത്തെ പല തരത്തിലും പിന്താങ്ങാവുന്നതാണ്, പ്രാഥമികമായ സത്യഗ്രഹ സമരം കൊണ്ടു തന്നെ പ്രശ്‌നത്തിലേക്ക് പൊതുജന ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞിരിക്കുന്നു. ക്ഷമകേടു കൊണ്ട് അത് ഇനി ഹിംസാപരമായി തീരാതെയും താനേ നശിച്ചു പോകാതെയും സൂക്ഷിക്കുക’.
തിരുവിതാംകൂറിലെ റസിഡന്റ് സി ഡബ്‌ള്യു കോട്ടന്‍ അന്ന് മദ്രാസിലെ ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ ഇങ്ങനെ എഴുതി,’ ജോസഫിനെ വൈക്കത്ത് നിന്ന് അകറ്റി നിറുത്താമെങ്കില്‍ ഈ പ്രസ്ഥാനം മിക്കവാറും തകര്‍ന്നടിയും. മറ്റ് നേതാക്കള്‍ക്കൊന്നും ലക്ഷ്യബോധമോ പ്രചോദനമോ ഉണ്ടെന്ന് തോന്നുന്നില്ല.”
1924 ഏപ്രില്‍ 11 ന് ജോര്‍ജ് ജോസഫ് അറസ്റ്റ് ചെയ്യപ്പെടുകയും ആറ് മാസത്തെ തടവിന് വിധിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് അയക്കപ്പെടുകയും ചെയ്തു. പോകുന്നതിനു മുന്‍പ് ജോര്‍ജ് ജോസഫ് ഗാന്ധിജിക്ക് കമ്പിയടിച്ചു, ‘ഞാന്‍ അറസ്റ്റിലായി. സത്യഗ്രഹം തുടരണം. പൊതുജന പിന്തുണയും സന്നദ്ധപ്രവര്‍ത്തകരും യഥേഷ്ടം. നേതൃത്വം മാത്രം മതി. ദേവദാസിനേയോ (ഗാന്ധിയുടെ നാലാമത്തെ പുത്രന്‍ ദേവദാസ് ഗാന്ധി) മഹാദേവിനേയോ അയക്കുക (മഹാദേവ് ദേശായി- ഗാന്ധിയുടെ സെക്രട്ടറി) ഭാര്യ ചെങ്ങന്നൂരിലാണ്. അനുഗ്രഹങ്ങള്‍ വേണം!’
പക്ഷേ, ആ കമ്പിക്ക് മറുപടിയുണ്ടായില്ല.
ടി കെ മാധവന്‍, കെ പി കേശവമേനോന്‍, കെ കേളപ്പന്‍, സെബാസ്റ്റ്യന്‍, എ കെ പിള്ള, കൃഷ്ണസ്വാമി അയ്യര്‍ എന്നീ സത്യഗ്രഹത്തിലെ പ്രധാനികള്‍ക്കൊപ്പം ഒരേ സെല്ലില്‍ തിരുവനന്തപുരത്ത് ജയിലില്‍ ജോര്‍ജ് ജോസഫ് കഴിഞ്ഞു. ജയിലില്‍ വൈക്കം സത്യഗ്രഹത്തിന്റെ എറ്റവും പ്രധാനിയായ നേതാവ് ടി കെ മാധവനുമായി നടത്തിയ അഭിമുഖത്തില്‍ ഒരു പത്ര പ്രതിനിധി ചോദിച്ചു: മിസ്റ്റര്‍ ജോര്‍ജ് ജോസഫിന് സുഖം തന്നെയോ?
മാധവന്‍: ‘അതേ, അദ്ദേഹത്തിന് സുഖമാണ്. സദാ പ്രസന്നനായ അദ്ദേഹത്തിന്റെ പ്രസന്നത സൂര്യപ്രകാശം പോലെ ഞങ്ങളെയെല്ലാം പ്രസന്നരാക്കി. എന്റെ സ്‌നേഹിതന്മാരെയെല്ലാം കായികാഭ്യാസം ചെയ്യിപ്പിക്കയാണ് അദ്ദേഹത്തിന്റെ പണി. മിസ്റ്റര്‍ കേശവമേനോനും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു കഴിഞ്ഞു. അദേഹം ഞങ്ങളുടെ ക്ലാസിലെ ഡ്രില്‍ മാസ്റ്ററാണ്. എങ്കിലും തൂക്കത്തില്‍ അഞ്ചു റാത്തല്‍ കുറവുണ്ട്. അതേ പറ്റി ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ തൂക്കത്തില്‍ 5 റാത്തല്‍ കുറഞ്ഞെങ്കിലും ആത്മബലം 10 റാത്തല്‍ കൂടിയിട്ടുണ്ടെന്ന് പറഞ്ഞു. ഇങ്ങനെയുണ്ടോ ഒരു പ്രസന്നത!’
എന്നാല്‍ കാര്യങ്ങള്‍ പിന്നീട് നീങ്ങിയത് ജോര്‍ജ് ജോസഫ് കണക്കുകൂട്ടിയതു പോലെയല്ലായിരുന്നു. 1924 മെയ് 17 ന് മഹാത്മാ ഗാന്ധി ഹിന്ദു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ സത്യഗ്രഹത്തിന്റെ ദിശ വേറെയൊരു വഴിക്കു പോകുകയാണെന്ന സൂചനയായിരുന്നു.
”സത്യഗ്രഹികളെന്ന, ജയില്‍വാസം വരിച്ച ക്രിസ്ത്യാനികളും മുസ്ലിങ്ങളുമായ അനുഭാവികളെ പ്രേരിപ്പിക്കാന്‍ എനിക്ക് സാധിക്കുമെങ്കില്‍ ഞാനവരോട് ഒരു കാര്യമാവശ്യപ്പെടും. സത്യഗ്രഹം അനുഷ്ഠിച്ചത് തെറ്റായിപ്പോയി എന്ന് അവര്‍ അധികാരികളോട് ഏറ്റ് പറയണം. കാരണം തൊട്ടു കൂടാത്തവരായ ഹിന്ദുക്കള്‍ക്ക് വേണ്ടിയാണ് അവര്‍ ജയിലില്‍ പോയത്.”
ഇതിന്റെ തുടക്കം, അഹമ്മദാബാദില്‍ നിന്നായിരുന്നു. ആദ്യ ഘട്ടത്തില്‍ സത്യഗ്രഹത്തെ ആശീര്‍വദിച്ച ഗാന്ധിയുടെ നിലപാടില്‍ മാറ്റം വന്നു. ഒരു ഹൈന്ദവ പ്രശ്‌നത്തില്‍ അഹിന്ദുക്കള്‍ ഇടപെടേണ്ട എന്ന വാദം ഗാന്ധിജി മുന്നോട്ട് വച്ചു. ‘വൈക്കത്തെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ ഹിന്ദുക്കളെയാണ് ഈ ജോലി ചെയ്യാന്‍ അനുവദിക്കേണ്ടത്. സ്വയം ശുദ്ധീകരിക്കേണ്ടത് അവരാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ പേന കൊണ്ടു സഹായിക്കാം. തീര്‍ച്ചയായും സത്യഗ്രഹം വഴിയല്ല.”
നാഗ്പൂരിലെ കോണ്‍ഗ്രസ് പ്രമേയത്തെ പരാമര്‍ശിക്കുകയാണെങ്കില്‍, തൊട്ടുകൂടായ്മയുടെ ശാപം നീക്കാന്‍ അത് ഹിന്ദു അംഗങ്ങളോടാണ് ആവശ്യപ്പെടുന്നത്, ജോര്‍ജ് ജോസഫിനയച്ച കത്തില്‍ ഗാന്ധിജി വ്യക്തമാക്കി.
ഗാന്ധിജിയുടെ നിലപാട് മാറിയതിനു പിന്നില്‍ സര്‍ദാര്‍ കെ.എം. പണിക്കരായിരുന്നു. വൈക്കം സത്യഗ്രഹത്തില്‍ ഏര്‍പ്പെടുന്നത് ഒന്നുകില്‍ ആ നിഷേധം കൊണ്ട് സങ്കടം അനുഭവിക്കുന്നവരോ അല്ലെങ്കില്‍ അവരുടെ അവകാശങ്ങളെ തടയുന്ന ഉയര്‍ന്ന ജാതിക്കാരോ വേണമെന്നും അല്ലാതെ ക്രിസ്ത്യാനികള്‍ മുതലായവര്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ അവകാശമില്ലെന്നും കാണിച്ച് പണിക്കര്‍ മദ്രാസിലെ പത്രങ്ങളില്‍ ഒരു പ്രസ്താവനയും നല്‍കി. എന്നാല്‍ കേരള കോണ്‍ഗ്രസ് കമ്മിറ്റി ഇത് തള്ളിക്കളയുകയും കമ്മിറ്റി സെക്രട്ടറി രാമുണ്ണി മേനോന്‍ കെ എം പണിക്കരെ വിമര്‍ശിച്ച് കൊണ്ട് ഒരു മറുപടി പ്രസിദ്ധീകരിക്കുകയും ചെയ്തു.
കെ എം പണിക്കര്‍ അതങ്ങനെ വെറുതെ വിടാന്‍ തയ്യാറായിരുന്നില്ല. തന്റെ പ്രസ്താവനയും കേരള ഘടകത്തിന്റെയും മറുപടിയും അദ്ദേഹം ഗാന്ധിജിക്ക് അയച്ചു കൊടുത്തു. അഹിന്ദുക്കള്‍ വൈക്കം സത്യഗ്രഹത്തില്‍ നേതൃത്വസ്ഥാനം വഹിക്കുകയാണെങ്കില്‍ ഗാന്ധിജി അതിന് സഹായം ചെയ്തു കൊടുക്കരുതെന്നും വാദിച്ചു. ‘ക്ഷേത്രപ്രവേശനം ഒരു മതപരമായ അവകാശമാണ്. വൈക്കം സത്യഗ്രഹസമയത്ത് ജോര്‍ജ് ജോസഫ് ജയിലില്‍ പോയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് തെറ്റുപറ്റിയെന്ന് പറഞ്ഞയച്ചു. അദ്ദേഹം എന്നോട് യോജിച്ചു, മാപ്പ് പറയുകയും ചെയ്തു,’ 1932 ജനുവരി 30ന് യങ് ഇന്ത്യയില്‍ ഗാന്ധിജി എഴുതി.
എന്നാല്‍ ജോര്‍ജ് ജോസഫ് ഇതിന് മറുപടിയായി ഇന്ത്യന്‍ സോഷ്യല്‍ റിഫോര്‍മറില്‍ എഴുതി. ‘വൈക്കം സത്യഗ്രഹത്തിന് ക്ഷേത്രപ്രവേശനവുമായി ഒരു ബന്ധവുമില്ല, അയിത്തജാതിക്കാര്‍ പൊതുവഴിയിലൂടെ പോകുന്നത് തടയണമോ എന്നതായിരുന്നു വിഷയം. കാരണം റോഡ് ക്ഷേത്രത്തിന്റെ പരിസരത്തായിരുന്നു.’
വൈക്കം സത്യഗ്രഹം പൗരസ്വാതന്ത്ര്യത്തിനു വേണ്ടിയിട്ടുള്ളതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഒരു ക്ഷേത്രത്തിന്റെ സമീപമുള്ള റോഡുകളായതു കൊണ്ട് അതു വഴി നടക്കാന്‍ ഒരു വിഭാഗത്തെ അനുവദിക്കാതിരിക്കുന്നത് പൗരാവകാശ ലംഘനമാണ്. ക്ഷേത്ര പ്രവേശനമല്ല കാതലായ പ്രശ്‌നം. ഇത് ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും എല്ലാവരുടെയും പ്രശ്‌നമാണ്.
സത്യഗ്രഹവുമായി ബന്ധപ്പെട്ട്, കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഡെലിഗേഷന്‍ അലഹാബാദിലെ സബര്‍മതി ആശ്രമത്തില്‍ ഗാന്ധിജിയെ കാണനെത്തി. കുറൂര്‍ നമ്പൂതിരിപ്പാടും, കെ മാധവന്‍ നായരുമായിരുന്നു അംഗങ്ങള്‍. ഡെലിഗേഷനോട് അഹിന്ദുക്കള്‍ക്ക് വൈക്കം സത്യാഗ്രഹത്തില്‍ സ്ഥാനമില്ലെന്ന് ഗാന്ധിജി ഉറപ്പിച്ചു പറഞ്ഞു. അതോടെ, വൈക്കം സത്യാഗ്രഹത്തിന്റെ നേതൃത്വ നിരയില്‍ നിന്ന് ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് എന്ന പേര് നീക്കം ചെയ്യപ്പെട്ടു.
അപ്രതീക്ഷിതമായ ഈ തീരുമാനത്തില്‍ ജോര്‍ജ് ജോസഫ് വ്രണിത ഹൃദയനായി. ഉറച്ച ദേശീയ വാദിയും സാമൂഹിക പരിവര്‍ത്തനങ്ങളില്‍ പുരോഗമനാശയങ്ങള്‍ മുറുകെ പിടിക്കുകയും ചെയ്ത പാരമ്പര്യമുള്ള തന്നെ ജനിച്ച മതത്തിന്റെ പേരില്‍ പൊതുധാരയില്‍ വ്യത്യസ്തനാണെന്ന് മുദ്രകുത്തിയിരിക്കുന്നു. അത് അദ്ദേഹത്തിന് പൊറുക്കാനാവാത്ത ഒന്നായിരുന്നു. ഈ തീരുമാനത്തിനെതിരെ കെ പി കേശവമേനോനൊഴിച്ച് ഒരു നേതാവും ശബ്ദമുയര്‍ത്തിയില്ല. കേശവമേനോനാകട്ടെ തികച്ചും മാനുഷിക പ്രശ്‌നമായാണ് ഇതിനെ കണ്ടത്. ജോര്‍ജ് ജോസഫിനെ ഒഴിവാക്കുന്നതില്‍ തന്റെ എതിര്‍പ്പ് പരസ്യമായി പ്രകടപ്പിച്ച ഏക നേതാവും അദ്ദേഹമായിരുന്നു. പക്ഷേ, പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ല. അപ്രതീക്ഷിതമായ ഈ സംഭവങ്ങളുടെ കീഴ് മറച്ചിലുകളില്‍ മനം നൊന്ത് ജോര്‍ജ് ജോസഫ് വൈക്കം സത്യഗ്രഹരംഗത്തു നിന്നു നിഷ്‌ക്രമിച്ചു.
പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് വിട്ട് പോയി കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്ന് സ്വരാജ് പാര്‍ട്ടിയുണ്ടായതും അത് വരെ, തുടര്‍ന്നു വന്ന നയങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിക്കാന്‍ തുടങ്ങിയതും ജോര്‍ജ് ജോസഫിനെ അസ്വസ്ഥനാക്കി. അദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു.
അസ്പൃശ്യര്‍ക്ക് വേണ്ടി ഗാന്ധിജി നയിച്ച പോരാട്ടങ്ങളില്‍ ആദ്യത്തേതാണ് വൈക്കം സത്യഗ്രഹം. സ്വതന്ത്ര ഇന്ത്യക്ക് വേണ്ടിയുള്ള സമൂഹത്തെ സുരക്ഷിതമാക്കാനുള്ള ഒരു അപൂര്‍വ്വ യുദ്ധഭൂമിയായിരുന്നു അത്. ജോര്‍ജ് ജോസഫിന്റെ കാര്യത്തില്‍ വൈക്കം സത്യഗ്രഹമായിരുന്നു ദേശീയ സമരവുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലിലെ ഒരു വഴിത്തിരിവ്. അദ്ദേഹത്തിന്റെ പല ആദര്‍ശങ്ങളും ആക്രമണത്തിന് വിധേയമായി. മതത്തെ താല്‍ക്കാലിക കാര്യങ്ങളില്‍ നിന്ന് വേര്‍തിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണം, ചിന്തയിലും പ്രവൃത്തിയിലും മതേതരത്വത്തെ പ്രോത്സാഹിപ്പിക്കല്‍, സംസ്ഥാനങ്ങള്‍ക്ക് മേല്‍ ശക്തമായ കേന്ദ്ര അധികാരത്തിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം, സ്വതന്ത്ര ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ ഭാവി ഇതെല്ലാം തന്റെ പങ്കാളിത്തം കൊണ്ട് വൈക്കം സത്യഗ്രഹത്തില്‍ അടയാളപ്പെടുത്തി.
വൈക്കം സത്യഗ്രഹത്തില്‍ നിന്ന് പിന്‍വാങ്ങിയതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ നടപടി കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചതും, 1920ല്‍ ഗാന്ധിജിയെ പിന്തുടര്‍ന്ന് ഉപേക്ഷിച്ച അഭിഭാഷകവൃത്തി പുനരാരംഭിച്ചതുമാണ്. 1924 ഏപ്രില്‍ 13 ന് മധുരയില്‍ നിന്ന് ഇ വി രാമസ്വാമി നായ്ക്കര്‍ എത്തി നേതൃത്വം ഏറ്റെടുത്തു. അതോടെ സമരം ആളിപ്പടര്‍ന്നു. മധുരയില്‍ തിരികെയെത്തി തന്റെ പഴയ അഭിഭാഷക ജോലി തുടര്‍ന്ന ജോര്‍ജ് ജോസഫ് 1937 ല്‍ വീണ്ടും രാഷ്ട്രീയത്തില്‍ തിരിച്ചെത്തി. കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇന്ത്യന്‍ ലെജിസ്ലേറ്റിവ് അസംബ്ലിയില്‍ അംഗമായി. ഷിംലയില്‍ അതിന്റെ പാര്‍ലമെന്റില്‍ പങ്കെടുക്കുകയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു. ഏറെ താമസിയാതെ രോഗബാധിനായി മധുരയില്‍, അമേരിക്കന്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തുടര്‍ന്ന് വൃക്ക സംബന്ധമായ വീക്കവും അദേഹത്തെ പിടികൂടി. 1938 മാര്‍ച്ച് 5 ന് ജോര്‍ജ് ജോസഫ് അന്തരിച്ചു. അപ്പോള്‍ അദ്ദേഹത്തിന് വെറും 50 വയസ് മാത്രം പ്രായമുണ്ടായിരുന്നുള്ളൂ.
വിഖ്യാതനായ പത്രാധിപരും അദ്ദേഹത്തിനേറ്റവും അടുപ്പമുള്ള ഇളയ സഹോദരന്‍ പോത്തന്‍ ജോസഫ്, ജോര്‍ജ് ജോസഫിന്റെ ചരമകുറിപ്പിലെഴുതി; ‘അദ്ദേഹം മഹാനായ ഒരു മനുഷ്യനായിരുന്നു. മനുഷ്യ വ്യവസ്ഥിതിയില്‍, ലാഭേച്ഛയുടെ എല്ലാ അടയാളങ്ങളേയും നിസ്വാര്‍ത്ഥ സാഹസികതയുടെ ആ സഹജാവബോധം തുടച്ചുനീക്കി. അദേഹം അധിക കാലം ജീവിച്ചില്ല പക്ഷേ, ജീവിച്ചത് വലിയ ജീവിതമായിരുന്നു.’
ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് എന്ന സമരനായകനെ ഓര്‍മ്മിക്കാതെ വൈക്കം സത്യഗ്രഹ ചരിത്രം പൂര്‍ണമാവില്ല. Vaikom Satyagraha Centenary: Have we forgotten Barrister George Joseph who was the leader of the strike?
Content Summary; Vaikom Satyagraha Centenary: Have we forgotten Barrister George Joseph who was the leader of the strike?