കോണ്‍ഗ്രസ് ഓഫീസ് വരാന്തയില്‍ അന്തിയുറങ്ങിയ, എസ്.ഡി. കോളേജിലെ സമരപോരാളി

പട്ടിണി കിടന്നും പാര്‍ട്ടി ഓഫീസുകളില്‍ കിടന്നുറങ്ങിയുമാണ് കെ.എസ്.യുവിനെ വളര്‍ത്തിയത്

ആലപ്പുഴ എസ്.ഡി. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര വിദ്യാര്‍ത്ഥി യൂണിയന്‍ (ഐ.എസ്.യു) നേതാവായി വിജയിച്ചുകൊണ്ട് വയലാര്‍ രവി രാഷ്ട്രീയരംഗത്തേക്ക് ചുവടുവെച്ചു. പഠനത്തില്‍ ഒരു വര്‍ഷത്തെ ഇടവേള എടുക്കേണ്ടി വന്നെങ്കിലും, ഈ സമയം അദ്ദേഹം രാഷ്ട്രീയം ശക്തിപ്പെടുത്തി. 1957-ല്‍ ഇ.എം.എസ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ, കേരള സ്റ്റുഡന്റ്സ് യൂണിയന്‍ (കെ.എസ്.യു) രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച അദ്ദേഹം കെ.എസ്.യു വിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായതുള്‍പ്പെടെ ദീര്‍ഘസംഭാഷണത്തിന്റെ മൂന്നാംഭാഗത്തില്‍ വിശദീകരിക്കുന്നു.

കോളേജ് ഇലക്ഷന് ജയിച്ചോ…?

ആലപ്പുഴ എസ്.ഡി. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഞാന്‍ ജയിച്ചടാ… അതോടെ ഇന്‍ഡിപ്പെന്‍ഡന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഐ.എസ്.യു) നേതാവായി ഞാന്‍ പേരെടുത്ത് കഴിഞ്ഞിരുന്നു.

ഇലക്ഷന് ജയിച്ചെങ്കിലും, പഠനത്തില്‍ തോറ്റൂല്ലേ…?

എസ്.ഡി. കോളേജില്‍ ഇന്റര്‍ മീഡിയേറ്റിന് ഒരു പേപ്പര്‍ കിട്ടിയിരുന്നില്ല. ആ പേപ്പര്‍ എഴുതിയെടുക്കുന്നതിന് ഒരു വര്‍ഷം നഷ്ടമാക്കി. എസ്.ഡി. കോളേജില്‍ ഒരു സമര പോരാളിയായിരുന്നു. രാഷ്ട്രീയം തലയ്ക്ക് പിടിച്ചത് കൊണ്ട് പഠനത്തില്‍ പിന്നിലായി. എന്തായാലും ഞാന്‍ നഷ്ടപ്പെട്ട ഒരു പേപ്പര്‍ എഴുതിയെടുത്തു. ഈ ഇടവേളയില്‍ ജേര്‍ണലിസം പഠിച്ചു.

കവല പ്രസംഗം ഒരുപാട് നടത്തിയിട്ടുണ്ടല്ലേ…?

ഐ.എസ്.യുവിന്റെ എസ്.ഡി. കോളേജിലെ പ്രവര്‍ത്തന മികവ് കോണ്‍ഗ്രസ് പാര്‍ട്ടി അംഗീകരിച്ചു. 1957ലെ ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രാസംഗികനായി എന്നെ കവലകള്‍ തോറും കൊണ്ടുപോയി. ഞാന്‍ നന്നായി പ്രസംഗിക്കും എന്നത് എന്റെ ഡിമാന്റ് വര്‍ദ്ധിപ്പിച്ചു.

Also Read : പുന്നപ്ര-വയലാര്‍ സമരം; കമ്യൂണിസത്തില്‍ നിന്ന് കോണ്‍ഗ്രസിലേക്ക്

കെ.എസ്.യു രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക് താങ്കളുടേതല്ലേ…? എങ്ങനെയായിരുന്നു കെ.എസ്.യുവിന്റെ തുടക്കം…?

1957 ഏപ്രില്‍ 5ന് ലോക ചരിത്രത്തില്‍ ആദ്യമായി ബാലറ്റിലൂടെ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് അനുഭാവമുള്ള വിദ്യാര്‍ത്ഥികള്‍ സംഘടിച്ചു. ഒരു സമര സംഘടനയ്ക്ക് രൂപം നല്‍കണമെന്ന് അവര്‍ തീരുമാനിച്ചു. ഇതേ സമയം എറണാകുളം ലോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ കേരള വിദ്യാര്‍ത്ഥി യൂണിയന്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുന്നതായി പത്രവാര്‍ത്ത വന്നു. എറണാകുളം ലോ കോളേജിലെ എ.എ.സമദ്, ജോര്‍ജ് തരകന്‍, എ.ഡി രാജന്‍, പി.ടി മാത്യു. തോമസ് പുത്തൂര്‍, നാഗരാജന്‍, വൈക്കം ശ്രീനിവാസന്‍ തുടങ്ങിയ പ്രതിപക്ഷ അനുഭാവമുള്ള വിദ്യാര്‍ത്ഥി നേതാക്കള്‍ സമദിന്റെ കൊല്ലത്തുളള വീട്ടില്‍ 1957 മെയ് ആദ്യം ഒത്തു ചേര്‍ന്നു. തൃശ്ശൂരില്‍ നിന്നുളള പി.എ ആന്റണിയും ഉണ്ടായിരുന്നു. യോഗത്തില്‍ വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കാന്‍ തീരുമാനിക്കുന്നു. ഈ വിവരം ആലപ്പുഴയിലെ ഐ.എന്‍.ടി.യു.സി നേതാവ് കെ.സി ഈപ്പനാണ് എന്നോട് പറയുന്നത്. ഇന്‍ഡിപ്പെന്‍ഡന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവായിരുന്ന ഞാന്‍ ഉടനെ കേരള വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായ ജോര്‍ജ് തരകനെ കത്തിലൂടെ ബന്ധപ്പെട്ടു. ഒപ്പം മറ്റുള്ള പ്രതിപക്ഷ വിദ്യര്‍ത്ഥി കൂട്ടായ്മയും. അതില്‍ ഇന്‍ഡിപ്പെന്‍ഡന്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍, സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എല്ലാമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മെയ് മാസം അവസാനം ആലപ്പുഴയില്‍ വെച്ച് യോഗം ചേരാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 1957 മെയ് 30ന് ആലപ്പുഴയില്‍ മുല്ലക്കലില്‍ താണു അയ്യര്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് തോമസ് നടത്തിയിരുന്ന നാഷണല്‍ ട്യൂട്ടോറിയല്‍ കോളേജില്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ ഒരുമിച്ചു കൂടി. അവിടെ നടന്ന യോഗത്തിലാണ് കേരള സ്റ്റഡന്‍സ് യൂണിയന്‍ (കെ.എസ്.യു) രൂപം കൊള്ളുന്നത്. ജോര്‍ജ് തരകനായിരുന്നു ആദ്യത്തെ കെ.എസ്.യു പ്രസിഡന്റ്. പ്രഭാതം പത്രം എഡിറ്ററായ എ. എ.സമദിനെ ഖജാന്‍ജിയും, എ.ഡി. രാജനെ പബ്ലിസിറ്റി കണ്‍വീനറുമാക്കി. ഞാന്‍ ജനറല്‍ സെക്രട്ടറി. ഇന്‍ഡിപ്പെന്‍ഡന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്ന എന്റെ സ്വന്തം സംഘടന പിരിച്ചുവിട്ട് കെ.എസ്.യുവിന്റെ ഭാഗമായി. അന്ന് ഞാന്‍ ആലപ്പുഴ എസ്.ഡി. കോളേജിലാണ്.

കെ.എസ്.യു പ്രവര്‍ത്തനം സജ്ജീവമായത് എറണാകുളം കേന്ദ്രീകരിച്ചാണല്ലേ ?

കെ.എസ്.യു. രൂപീകരിച്ചതോടെയാണ് എറണാകുളത്തേക്ക് താമസം മാറിയത്. 1957 മുതല്‍ ഞാന്‍ എറണാകുളത്ത് കെ.പി.സി.സി. ഓഫീസില്‍ താമസം തുടങ്ങി. വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനം എറണാകുളം കേന്ദ്രീകരിച്ചാണ് നടത്തിയിരുന്നത്. കോണ്‍ഗ്രസ് ഓഫീസ് വരാന്തയില്‍ ഏറ്റവും അധികം കാലം ഉറങ്ങിയത് ഞാനാണ് എന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. ഏറ്റവും കൂടുതല്‍ ബോട്ട് യാത്ര കോണ്‍ഗ്രസില്‍ നടത്തിയതും ഞാന്‍ തന്നെ. ബോട്ട് യാത്രയ്ക്ക് ചിലവ് കുറവായിരുന്നു, അതാണ് അങ്ങനെ പോകാന്‍ കാരണം. പണം വേണ്ടേ… അതില്ല… പലപ്പോഴും പട്ടിണി കിടന്നിട്ടുണ്ട്…

പത്രപ്രസ്ഥാനകളിലൂടെ നേതാവായ വ്യക്തിയാണെന്ന് പറഞ്ഞിട്ടുണ്ടല്ലോ ?

ശരിയാണ്. പത്രപ്രസ്ഥാനകളിലൂടെ നേതാവായ വ്യക്തിയാണ് ഞാന്‍. പത്രപ്രസ്താവനകള്‍ ഇറക്കുന്നതില്‍ ഞാന്‍ മിടുക്കനായിരുന്നു. കെ.പി.സി.സി ഓഫീസിലെ സ്റ്റന്‍സിലില്‍ എല്ലാ ദിവസവും പ്രസ്താവനയുടെ കോപ്പികള്‍ എടുക്കും. ഇ.എം.എസ് മന്ത്രിസഭയുടെ കാലമായിരുന്നു. ഇ.എം.എസിനെയും മുണ്ടശ്ശേരിയും ഒക്കെ വിമര്‍ശിച്ചു കൊണ്ടുള്ള പ്രസ്താവനകള്‍ ദിവസവും പത്രത്തില്‍ അച്ചടിച്ചു വന്നു. എന്ത് ചെറിയ പ്രശ്‌നം ഉണ്ടായാലും കെ.എസ്.യുവിന്റെ ജനറല്‍ സെക്രട്ടറി എന്നുള്ള നിലയില്‍ എന്റെ ഒരു പ്രസ്താവനയുണ്ടാകും. ഈ പ്രസ്താവനയുമായി ഞാന്‍ എറണാകുളത്തെ പത്രം ഓഫീസുകളില്‍ കയറിയിറങ്ങും. എപ്പോഴും പ്രസ്താവനയുമായി വരുന്ന എന്റെ പ്രസ്താവന ചെറുതും വലുതുമായി പലപ്പോഴും പത്രത്താളുകളില്‍ വന്നു. വയലാര്‍ രവി എന്ന കെ.എസ്.യു നേതാവിന്റെ പേര് അങ്ങനെ പ്രശസ്തമായി. ഒരു കണക്കില്‍ പറഞ്ഞാല്‍ പത്രപ്രസ്താവനയിലൂടെ നേതാവായ ഒരു വ്യക്തിയാണ് ഞാന്‍.

തുടര്‍ പഠനത്തിന് എസ്.ഡി. കോളേജില്‍ അവസരം നിഷേധിച്ചല്ലേ…?

എസ്.ഡി. കോളേജില്‍ തുടര്‍ വിദ്യാഭ്യാസം ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. രാഷ്ട്രീയക്കാരനും വഴക്കാളിയുമായ എനിക്ക് എസ്. ഡി. കോളജില്‍ ഡിഗ്രി ക്ലാസില്‍ പ്രവേശനം നല്‍കരുതെന്ന് മാനേജ്‌മെന്റ് ഉത്തരവിട്ടു. എന്നെ ഏറെ ഇഷ്ടപ്പെട്ടിരുന്ന പ്രന്‍സിപ്പളായ രാമനാഥന്‍ സാറിന് എന്നെ സഹായിക്കണമെന്നുണ്ടായിരുന്നു. മാനേജ്‌മെന്റ്റിന്റെ വിലക്ക് ഒഴിവാക്കാന്‍ അദ്ദേഹം പരമാവധി ശ്രമം നടത്തിയിരുന്നു. ബി.എ. ക്ലാസ്സില്‍ ചേരാന്‍ അപേക്ഷയുമായി ചെന്ന എന്നോട് അദ്ദേഹം നിസ്സഹായത പ്രകടിപ്പിക്കുമ്പോള്‍ മുഖം തിരിച്ച് കണ്ണു തുടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ‘രവി ഐ ആം ഹെല്‍ല്‍ലെസ്’ എന്ന് എന്റെ ഗുരുനാഥന്‍ പറഞ്ഞത് തികഞ്ഞ ആത്മാര്‍ത്ഥതയോടെ ആയിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടമുള്ള, എന്നെ ഇഷ്ടപ്പെട്ടിരുന്ന എസ്.ഡി. കോളേജ് പ്രിന്‍സിപ്പല്‍ രാമനാഥന്‍ സാര്‍ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു. കോളേജ് കൗണ്‍സില്‍ എതിരാണ്, അയാം ഹെല്‍പ്പ്‌ലെസ്’ വിനയാന്വിതനായി ഞാന്‍ ചോദിച്ചു. ‘സാര്‍, എന്താ കാര്യം,’ ദെ ഫീല്‍ യു വില്‍ ഡൈനമൈറ്റ് ദ കോളേജ്, യു ആര്‍ ആന്‍ അജിറ്റേര്‍’- കര്‍ച്ചീഫ് കൊണ്ട് കണ്ണുതുടച്ച് സര്‍ നടന്നുപോയി. ഉപരി വിദ്യാഭ്യാസ മോഹം ഉപേക്ഷിച്ച് ഞാന്‍ എസ്.ഡി. കോളജിന്റെ പടിയിറങ്ങിപ്പോന്നു.

ഇതേ രാമനാഥന്‍ സാറിനെയല്ലേ താങ്കളും കൂട്ടരും ഘരാവോ ചെയ്തത്…?

ഐ.എസ്. യുക്കാരായ ഞങ്ങള്‍ ഒരിക്കല്‍ കോളേജ് പ്രിന്‍സിപ്പളായ രാമനാഥന്‍ സാറിനെ ഘരാവോ ചെയ്തു. പഠനേതര വിഷയങ്ങളില്‍ ശ്രദ്ധേയനായ എന്നെ ഒരു മകനെപ്പോലെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. തനിക്ക് മാര്‍ഗ്ഗതടസ്സമുണ്ടാക്കി ഓഫീസ് വാതില്‍ക്കല്‍ ഘരാവോ നടത്തുന്നതിന് ഞാന്‍ നേതൃത്വം നല്‍കുന്നത് കണ്ട് പൊട്ടിത്തെറിച്ച് അദ്ദേഹം പറഞ്ഞു, ‘രവി, മൈ സണ്‍ യൂ ആര്‍ ഓള്‍സോ ബ്ലോക്കിംഗ് മൈ വേ. ഹൗ കുഡ് യു ഡു ഇറ്റ്?’ സാറിന്റെ ആ ചോദ്യത്തിനു മുന്നില്‍ ഞാന്‍ വല്ലാതെ ചൂളിപ്പോയി. വളരെ വര്‍ഷങ്ങള്‍ക്കുശേഷം രാമനാഥന്‍ സാറിന്റെ മകന്റെ ഡല്‍ഹിയിലെ വീട്ടില്‍ അദ്ദേഹം എത്തിയിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. അദ്ദേഹത്തെ അവിടെച്ചെന്ന് കാണുകയും എന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടുവന്ന് ഭാര്യയേയും മക്കളെയും പരിചയപ്പെടുത്തുകയും ചെയ്തു. സാറിനും എനിക്കും അത് ഒരുപോലെ ആഹ്‌ളാദം – നല്‍കിയ ഒരു പുനഃസമാഗമം ആയിരുന്നു.

എസ്.ഡി. കോളജിന്റെ പടിയിറങ്ങിയ താങ്കള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജ്ജീവമായി എന്നതല്ലേ ശരി…?

എസ്.ഡി. കോളജില്‍ ബി.എ. ക്ലാസ്സില്‍ പ്രവേശനം നിരസിക്കപ്പെട്ട ശേഷം മൂന്ന് വര്‍ഷക്കാലം പഠനം മുടങ്ങി. ആലപ്പുഴ എസ്.ഡി. കോളേജില്‍ ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കിയ എനിക്ക് അവിടെയോ മറ്റ് സ്വകാര്യ കോളേജുകളിലോ പ്രവേശനം ലഭിച്ചില്ല. മാര്‍ക്ക് കുറവായിരുന്നു എന്നതാണ് കാരണം.

Also Read : ‘വള്ളത്തിലിരുന്ന് കരയിലെ വെടിയൊച്ചകള്‍ കേട്ടു, എന്റെ ഗ്രാമത്തിലെ മുന്നൂറോളം പേര്‍ മരിച്ചുവീണു’; വയലാര്‍ വെടിവയ്പ്പിന്റെ ഓര്‍മകളില്‍ വയലാര്‍ രവി

പഠനം മുടങ്ങിയത് കെ.എസ്.യു. വളര്‍ത്താന്‍ പോയതുകൊണ്ടല്ലേ…?

അതും ഒരു കാരണമാണ്. മൂന്ന് വര്‍ഷം കേരളത്തില്‍ കെ.എസ്.യു.വിന് തായ്‌വേരും തണ്ടും ഇലകളും ഉണ്ടാക്കാന്‍ അശ്രാന്ത പരിശ്രമം ചെയ്യുകയായിരുന്നു. കെ.എസ്.യുവിനൊപ്പം വയലാര്‍ രവി എന്ന പേരും പ്രശസ്തമായി. കേരളത്തിലെ ക്യാമ്പസുകളില്‍ ഞാന്‍ നേരിട്ട് ചെന്നാണ് യൂണിറ്റുകള്‍ രൂപീകരിച്ചത്. പട്ടിണി കിടന്നും പാര്‍ട്ടി ഓഫീസുകളില്‍ പത്രങ്ങളില്‍ കിടന്നുറങ്ങിയുമാണ് കെ.എസ്.യുവിനെ വളര്‍ത്തിയത്. മലബാറിലും തിരുവിതാംകൂറിലും എല്ലാ ക്യാമ്പസുകളിലും കയറി ഇറങ്ങി യൂണിറ്റുണ്ടാക്കി. ഓരോ പ്രദേശത്ത് ചെല്ലുമ്പോള്‍ അവിടുത്തെ പ്രമാണിമാരെ കണ്ട് തൊട്ടടുത്ത കേന്ദ്രത്തിലെത്താനുള്ള വണ്ടിക്കൂലി സംഘടിപ്പിക്കും. അങ്ങനെയായിരുന്നു യാത്ര.

Content Summary: Vayalar Ravi, who was a protest warrior at S.D. college

This post was last modified on October 29, 2025 4:59 pm

കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്:
Related Post
Leave a Comment