മനുഷ്യന് ആവശ്യത്തിന് ആംബുലന്‍സ് ലഭ്യമായാലും ഇല്ലെങ്കിലും ഒരു കാര്യം ഉറപ്പാണ് – ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് സേവനം ഉറപ്പായിരിക്കും. ഓരോ ആംബുലന്‍സിലും ഒരു മൃഗ ഡോക്ടര്‍ ഉണ്ടാവും. സുരക്ഷിതമായി ഗോരക്ഷ ആശുപത്രിയിലെത്തിക്കും. ഇത്തരത്തിലൊരു ആംബുലന്‍സ് ഇന്നലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. ഗോവംശ് ചികിത്സ മൊബൈല്‍ സര്‍വീസ് എന്ന പേരിലാണ് ആംബുലന്‍സ് സര്‍വീസ്.
അസുഖം ബാധിച്ചതോ പരിക്കേറ്റതോ ആയ പശുക്കളെ ആംബുലന്‍സ് ഗോശാലകളിലേയ്‌ക്കോ ആശുപത്രിയിലേയ്‌ക്കോ എത്തിക്കും. ഗോ സേവ ടോള്‍ ഫ്രീ നമ്പറും കൊടുത്തിട്ടുണ്ട്. കേശവ് പ്രസാദ് മൗര്യയുടെ ഫേസ്ബുക്ക് പേജില്‍ ഫ്ലാഗ് ഓഫ് ചടങ്ങിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ലക്്‌നൗ, ഗോരഖ്പൂര്‍, വാരാണസി, മഥുര, അലഹബാദ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മസ്ദൂര്‍ കല്യാണ്‍ സംഘാതന്‍ എന്ന സംഘടനയാണ് ആംബുലന്‍സ് സര്‍വീസിന് പിന്നില്‍.
പാല്‍ ചുരത്തുന്നത് നിര്‍ത്തിയ പശുക്കളെ അവഗണിക്കുന്നവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംഘടനയുടെ പ്രസിഡന്റ് സഞ്ജയ് റായ് പറഞ്ഞു. തെരുവുകളില്‍ നിന്ന് പശുക്കള്‍ പ്ലാസ്റ്റിക്കും പോളിത്തീനും മറ്റും ഭക്ഷിക്കുന്ന സാഹചര്യമുണ്ടായാല്‍ മുനിസിപ്പാലിറ്റി അധികൃതര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും സഞ്ജയ് റായ് പറഞ്ഞു. മദ്ധ്യപ്രദേശിലും ഒരു വ്യവസായിയുടെ പിന്തുണയോടെ പശുക്കള്‍ക്ക് വേണ്ടി ആംബുലന്‍സ് സര്‍വീസ് തുടങ്ങാനിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍.
കേശവ് പ്രസാദ് മൗര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്