July 17, 2025 |
Share on

ഞങ്ങളെ മാധ്യമസ്വാതന്ത്ര്യം പഠിപ്പിക്കണ്ട: ന്യൂയോര്‍ക്ക് ടൈംസിന് സിബിഐയുടെ കത്ത്

ഐസിഐസിഐ ബാങ്കിന് നഷ്ടമുണ്ടാക്കിയ കേസ് എന്‍ഡിടിവിക്കെതിരായ കേസുകളില്‍ ഒന്ന് മാത്രമാണ്. എന്‍ഡിടിവി ഹോള്‍ഡിംഗ് കമ്പനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്‌സിനെതിരെ വായ്പാ തിരിച്ചടവിനുള്ള ഫണ്ടില്‍ തിരിമറി നടത്തിയ കേസുണ്ട്.

എന്‍ഡിടിവിയ്‌ക്കെതിരായ റെയ്ഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം തകര്‍ന്നതായി അഭിപ്രായപ്പെട്ടുള്ള മുഖപ്രസംഗം ജൂണ്‍ ഏഴിന് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു. എന്‍ഡിടിവിക്കെതിരായ പകപോക്കലാണ് നടന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് ആരോപിച്ചിരുന്നു. എന്നാല്‍ ഈ മുഖപ്രസംഗം ഏകപക്ഷീയമാണന്നും എന്‍ഡിടിവിയുമായി ബന്ധപ്പെട്ട് ആറ് വര്‍ഷത്തോളമായി രാജ്യത്തെ ഏജന്‍സികള്‍ നടത്തുന്ന നികുതിസംബന്ധമായ പരിശോധനകളേയും കേസുകളേയും കുറിച്ച് ധാരണയില്ലാതെയാണ് ന്യൂയോര്‍ക്ക് ടൈംസ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നതെന്നാണ് സിബിഐയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഐ വക്താവ് ആര്‍കെ ഗൗര്‍ ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റര്‍ക്ക് കത്തെഴുതി.

വലിയ തോതിലുള്ള വായ്പാ തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്ന ആരോപണം ശരിയല്ലെന്ന് സിബിഐ പറയുന്നു. 500 കോടി ഡോളറോളം വായ്പയുടെ തട്ടിപ്പ് വരുന്ന 100 ലധികം ക്രിമിനല്‍ കേസുകള്‍ സിബിഐ നിലവില്‍ അന്വേഷിച്ച് വരുകയാണ്. പല വലിയ പണ തട്ടിപ്പുകാരും ജയിലിലായി കഴിഞ്ഞു. അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഐസിഐസിഐ ബാങ്കിന് നഷ്ടമുണ്ടാക്കിയ കേസ് എന്‍ഡിടിവിക്കെതിരായ കേസുകളില്‍ ഒന്ന് മാത്രമാണ്. എന്‍ഡിടിവി ഹോള്‍ഡിംഗ് കമ്പനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്‌സിനെതിരെ വായ്പാ തിരിച്ചടവിനുള്ള ഫണ്ടില്‍ തിരിമറി നടത്തിയ കേസുണ്ട്. നികുതി വെട്ടിപ്പ് സംബന്ധിച്ച് നിരവധി പ്രശ്‌നങ്ങളുണ്ട്.

രാജ്യത്തെ തന്ത്രപ്രധാനമായ ഒരു വ്യോമസേനാ താവളത്തിന് നേരെയുണ്ടായ അതീവ ഗുരുതരമായ ആക്രമണവുമായി ബന്ധപ്പെട്ട് എന്‍ഡിടിവി ഹിന്ദി ചാനലിന് ഒരു ദിവസത്തെ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയതിനെ നിങ്ങള്‍ വിമര്‍ശിക്കുന്നു. എന്നാല്‍ കൃത്യമായ അന്വേഷണത്തിന് ശേഷമായിരുന്നു ഈ തീരുമാനം. ഭീകരാക്രമണങ്ങള്‍ സംബന്ധിച്ച ഉത്തരവാദിത്തരഹിതമായ വാര്‍ത്താ റിപ്പോര്‍ട്ടിംഗിലൂടെ രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കുന്നത് ഒരു ജനാധിപത്യ വ്യവസ്ഥിതിയ്ക്കും അനുവദിക്കാനാവില്ല. എല്ലാ നടപടികളും നിയമാനുസൃതമായിരുന്നു. ഇന്ത്യക്ക് ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ശക്തവും സ്വതന്ത്രവുമായ ജൂഡീഷ്യറിയുണ്ട്. മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് ഇന്ത്യക്ക് ന്യൂയോര്‍ക്ക് ടൈംസില്‍ നിന്ന് ഒന്നും പഠിക്കാനില്ല. ഇന്ത്യയുടെ സ്ഥാപനങ്ങളും പാരമ്പര്യങ്ങളും വളരെ സമ്പന്നവും ബഹുസ്വരവുമായ ഒരു സാംസ്‌കാരിക പൈതൃകം ഉള്‍ക്കൊള്ളുന്നതാണ്.

വായനയ്ക്ക്: https://goo.gl/rJzp6K

https://goo.gl/i8rRZz

 

Leave a Reply

Your email address will not be published. Required fields are marked *

×