ഞാന്‍ ബഹുമാനിക്കുന്ന ഹിന്ദു മതത്തില്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നതുപോലുള്ള ഭീകരപ്രവര്‍ത്തനങ്ങളില്ല-ശശി തരൂര്‍

'വൈ ഐ ആം എ ഹിന്ദു' എന്ന തന്‍റെ പുതിയ പുസ്തകത്തിന്റെ പശ്ചാത്തലത്തിലാണ് തരൂരിന്റെ പ്രതികരണം

താന്‍ വളര്‍ന്നുവരികയും വായിച്ചറിയുകയും പ്രാവര്‍ത്തികമാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഹിന്ദുമതത്തില്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നതുപോലുള്ള ഭീകരപ്രവര്‍ത്തനങ്ങളില്ലെന്ന് കോണ്‍ഗ്രസ് എംപിയു എഴുത്തുകാരനുമായ ശശി തരൂര്‍. താന്‍ പിന്തുടരുന്ന ഹിന്ദുമതത്തില്‍, സംഘപരിവാറുമായി ബന്ധപ്പട്ടവര്‍ നടത്തുന്നത് പോലെയുള്ള വിദ്വേഷപൂരിതമായ അധിക്ഷേപങ്ങളുമില്ല. ഒരു വിശുദ്ധ ഗ്രന്ഥവുമില്ലാത്ത, ഒരു പ്രമാണങ്ങളും നിയന്ത്രിക്കാത്ത, മോക്ഷപ്രാപ്തിക്കായി വിഭിന്നവും ബഹുസ്വരവുമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്ന ഒന്നിനെയാണ് ഹൈന്ദവം എന്ന് വിശേഷിപ്പിക്കുന്നതെന്നും ഇന്ത്യ ടുഡെയിലെ സൗഗത് ദാസ്ഗുപ്തയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ തിരുവനന്തപുരം എംപി പറഞ്ഞു. ‘വൈ ഐ ആം എ ഹിന്ദു’ എന്ന തരൂരിന്റെ പുതിയ പുസ്തകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അഭിമുഖം.

ജനപ്രിയ ഹിന്ദുത്വം പൊതു സംവാദങ്ങളില്‍ ഇടപെടുന്ന ഇപ്പോഴത്തെ രീതി വച്ച് ഈ വിഷയത്തില്‍ ഇടപെടാതിരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് തരൂര്‍ പറയുന്നു. ഹിന്ദുത്വം തങ്ങളുടെ ഔദ്യോഗിക പ്രത്യയശാസ്ത്രമായാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി കാണുന്നത്. മതങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ തന്നെ വിഭജിക്കാമെന്ന് കേന്ദ്ര മന്ത്രിമാര്‍ തന്നെയാണ് പറയുന്നത്. ഇത്തരം ഒരു സാഹചര്യത്തിലാണ് പുതിയ പുസ്തകം എഴുതിയതെന്നും ശശി തരൂര്‍ പറഞ്ഞു. ആരാണ് യഥാര്‍ത്ഥ ഹിന്ദുവെന്ന് അവര്‍ ലിറ്റ്മസ് ടെസ്റ്റ് നടത്തി പ്രഖ്യാപിക്കും എന്നാണ് പറയുന്നത്. ഇതര വിശ്വാസങ്ങളെ അംഗീകരിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. സഹിഷ്ണുതയല്ല മറിച്ച് സ്വീകരിക്കലാണ് ഹിന്ദുമതത്തിന്റെ സത്തയെന്ന വിവേകാന്ദന്റെ വിശ്വാസത്തിന് കടകവിരുദ്ധമായ നിലപാടാണിത്.

സഹിഷ്ണുത മേല്‍ക്കോയ്മയില്‍ നിന്നാണ് ഉണ്ടാവുന്നത്. എനിക്കൊരു സത്യമുണ്ട്, നിങ്ങളുടെ വിശ്വാസം തെറ്റാണെങ്കിലും ഞാന്‍ അത് അംഗീകരിക്കുന്നു എന്ന് പറയുന്നതാണ് സഹിഷ്ണുത. മറിച്ച്, ‘എനിക്ക് ഒരു സത്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, നിങ്ങള്‍ക്കും ഒരു സത്യമുണ്ട്. ഞാന്‍ നിങ്ങളുടെ സത്യത്തെ ബഹുമാനിക്കുന്നു. നിങ്ങള്‍ എന്റെ സത്യത്തെയും ബഹുമാനിക്കൂ,’ എന്ന് പറയുന്നതാണ് സ്വീകരിക്കല്‍. ദേശം ഒരു ഭൂപ്രദേശവും അവിടുത്തെ ജനങ്ങളും അടങ്ങുന്നതാണ് എന്ന ഭരണഘടന തത്വത്തെയാണ് ഗോള്‍വാര്‍ക്കറും ദീന്‍ ദയാള്‍ ഉപാദ്ധ്യായയും അടിസ്ഥാനപരമായി വിമര്‍ശിച്ചത്. അവരെ സംബന്ധിച്ചിടത്തോളം ദേശം എന്നത് ഒരു ഭൂപ്രദേശമല്ല, മറിച്ച് അവിടുത്ത ജനങ്ങളാണ്. ആ ജനങ്ങള്‍ എന്ന് പറയുന്നത് ഹിന്ദുക്കള്‍ മാത്രമാണ്. അതുകൊണ്ടാണ് ഒരു സമയം ഭരണഘടനയാണ് തന്റെ വേദപുസ്തകമെന്നും അതേ സമയം തന്നെ ദീന്‍ദയാല്‍ ഉപാദ്ധ്യായ ആണ് തന്റെ ആരാധ്യ പുരുഷനെന്നും മോദി പറയുമ്പോള്‍ താന്‍ അത്ഭുതപ്പെടുന്നതെന്നും തരൂര്‍ പറഞ്ഞു.

തന്നെ ഹിന്ദുവിരുദ്ധന്‍ എന്നാണ് ഹിന്ദുത്വവാദികള്‍ ആവര്‍ത്തിച്ച് വിമര്‍ശിക്കുന്നത്. അതുകൊണ്ടുതന്നെ ഇതാണ് ഞാന്‍, ഇത് വായിച്ചിട്ട് വിമര്‍ശനങ്ങളുമായി വരൂ എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് പുസ്തകം എഴുതിയിരിക്കുന്നതെന്നും ശശി തരൂര്‍ വിശദീകരിച്ചു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം: https://goo.gl/spfS3Z

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment