March 26, 2025 |
Share on

ഗവണ്‍മെന്റിനെ വിമര്‍ശിച്ച വിദേശിയായ കന്യാസ്ത്രീയെ ഫിലിപ്പൈന്‍സ് നാട് കടത്തുന്നു

“നിങ്ങള്‍ ആരാണ്? ഒരു കത്തോലിക്കാ പുരോഹിതയുടെ വേഷം ധരിച്ച് വന്ന വിദേശിയാണ് നിങ്ങള്‍. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്‍റെ പരമാധികാരത്തിന്‍റെ മേലുള്ള കടന്നുകയറ്റമാണ്” – അതിരൂക്ഷമായാണ് ഡുറ്റെര്‍റ്റെ അവര്‍ക്കെതിരെ പ്രതികരിച്ചത്.

ഗവണ്‍മെന്റിനെ വിമര്‍ശിച്ച വിദേശിയായ കന്യാസ്ത്രീയെ നാടുകടത്താനൊരുങ്ങി ഫിലിപ്പൈന്‍സ്. ഓസ്‌ട്രേലിയക്കാരിയായ കത്തോലിക്ക കന്യാസ്ത്രീയെ നാടുകടത്താന്‍ താന്‍ തന്നെയാണ് ഉത്തരവിട്ടതെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുറ്റെര്‍റ്റെ പറഞ്ഞു. 71 കാരിയായ സിസ്റ്റര്‍ പട്രീഷ്യ ഫോക്‌സ് ദീര്‍ഘകാലമായി ഫിലിപ്പൈന്‍സിലാണ് താമസം. അപകടകരമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന് ആരോപിച്ച് പേരില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇമിഗ്രേഷന്‍ ബ്യൂറോ അവരെ അറസ്റ്റു ചെയ്തത്. എന്നാല്‍ തൊട്ടടുത്ത ദിവസംതന്നെ വെറുതെ വിടുകയും ചെയ്തിരുന്നു.

‘പട്ടാളമല്ല കന്യാസ്ത്രീയെ അറസ്റ്റുചെയ്തത്. കുത്തഴിഞ്ഞ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന അവര്‍ക്കെതിരെ അന്വേഷണം നടത്തുവാന്‍ ഞാനാണ് ഉത്തരവിട്ടത്’ പട്ടാളത്തെ അഭിസംബോധന ചെയത് സംസാരിക്കവേ ഡുറ്റെര്‍റ്റെ വ്യക്തമാക്കി. നേരത്തെ, ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ‘മദ്യ യുദ്ധം’ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും വഴിവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരിയില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) ചീഫ് പ്രോസിക്യൂട്ടര്‍ പ്രാഥമിക അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ ഫിലിപ്പൈന്‍സ് ഐസിസിയില്‍ നിന്നും പുറത്ത്‌പോവുകയാണെന്നും ചീഫ് പ്രോസിക്യൂര്‍ രാജ്യത്തേക്ക് വന്നാല്‍ അറസ്റ്റുചെയ്യുമെന്നും പ്രഖ്യാപിച്ചു.

മതപ്രചാരകയായ ഫോക്‌സ് കഴിഞ്ഞ മാസമാണ് ഫിലിപ്പൈന്‍സിലെ സംഭവവികാസങ്ങള്‍ വിലയിരുത്താന്‍ വന്ന അന്താരാഷ്ട്ര സംഘത്തോടൊപ്പം ചേരുന്നത്. ‘നിങ്ങള്‍ ആരാണ്? ഒരു കത്തോലിക്കാ പുരോഹിതയുടെ വേഷം ധരിച്ച് വന്ന വിദേശിയാണ് നിങ്ങള്‍. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്‍റെ പരമാധികാരത്തിന്‍റെ മേലുള്ള കടന്നുകയറ്റമാണ്’ – അതിരൂക്ഷമായാണ് ഡുറ്റെര്‍റ്റെ അവര്‍ക്കെതിരെ പ്രതികരിച്ചത്. എന്നാല്‍, താന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തിയിട്ടില്ല എന്നാണ് ഫോക്‌സ് ഒരു വിദേശ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

വായനയ്ക്ക്: https://goo.gl/Es1Pky

×