കുട്ടികളെ പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ കൈവശം വച്ചതിന് അമേരിക്കയിലെ മുന്‍ നയതന്ത്ര പ്രതിനിധിയെ വത്തിക്കാന്‍ അറസ്റ്റ് ചെയ്തു. ഹോളി സീ ചീഫ് മജിസ്ട്രേറ്റിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ശനിയാഴ്ചയാണ് കാര്‍ലോ ആല്‍ബര്‍ട്ടോ ക്യാപ്പല്ലെ എന്ന പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തത്.
2013 ഓഗസ്റ്റിലാണ് വാഷിംഗ്‌ടണിലെ എംബസിയില്‍ നിന്നും ഇദ്ദേഹത്തെ വത്തിക്കാന്‍ തിരിച്ചുവിളിച്ചത്. കുറ്റം തെളിഞ്ഞാല്‍ 12 വർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. വത്തിക്കാന്‍റെ നയതന്ത്ര പ്രതിനിധികളില്‍ ഒരാള്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതായി അമേരിക്ക വത്തിക്കാനെ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് നയതന്ത്ര പരിരക്ഷ നല്‍കണമെന്ന അമേരിക്കയുടെ ആവശ്യം വത്തിക്കാന്‍ തള്ളിക്കളയുകയായിരുന്നു. അമേരിക്കയിലെ നയതന്ത്ര പ്രതിനിധിയാകുന്നതിനു മുന്‍പ് ഇറ്റലിയിലും ഹോങ്കോങ്ങിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നേരത്തെ, മുൻ ആർച്ച് ബിഷപ്പ് ജോസഫ് വെസ്സലോവ്സ്കിക്കെതിരെയും സമാനമായ കേസില്‍ നടപടിയെടുത്തിരുന്നു. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ വത്തിക്കാന്‍റെ അംബാസിഡറായിരിക്കെ ആണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നും പെഡോഫൈൽ ഉത്പന്നങ്ങള്‍ വാങ്ങിച്ചെന്നുമായിരുന്നു കേസ്.