June 18, 2025 |

മാധ്യമങ്ങളെ സംശയനിഴലിലാക്കി വി ഡി സതീശന്‍; തെളിയിക്കേണ്ടത് പ്രതിപക്ഷ നേതാവിന്റെ കടമ

പ്രതികരിക്കേണ്ട കെയുഡബ്ല്യുജെ മൗനം പാലിക്കുന്നു

മുഖ്യമന്ത്രിയോട് ഒരു ചോദ്യമുണ്ട് എന്ന് പറഞ്ഞായിരുന്നു വിഡി സതീശന്‍ മാധ്യമങ്ങള്‍ക്കെതിരെ ആരോപണം തുടങ്ങിയത്. നിങ്ങളീ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം പ്രമോഷന്‍ ചെയ്യാന്‍ വേണ്ടി പരസ്യമല്ലാതെ മാധ്യമങ്ങള്‍ക്ക് പണം കൊടുക്കുന്നില്ലേ എന്നായിരുന്നു ചോദ്യം. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഗുരുതര ആരോപണം.

സംസ്ഥാനത്തിന്റെ പ്രതിപക്ഷത്ത് ഇരുന്നുകൊണ്ട് വളരെ വലിയൊരു ആരോപണം ഉന്നയിക്കുമ്പോള്‍ അത് സര്‍ക്കാരിനെതിരെ മാത്രമല്ല സംസ്ഥാനത്തെ മുഴുവന്‍ മാധ്യമങ്ങള്‍ക്കെതിരെ കൂടിയുള്ളതാണ്. പ്രതിപക്ഷ നേതാവിന്റെ അടിസ്ഥാനരഹിതമായ ഈ വാചാടോപം മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും വിശ്വാസ്യതയെയും അഭിമാനത്തെയും കൂടി ബാധിക്കുന്നതാണ്.

പരസ്യമല്ലാതെ കൊടുക്കുന്നു എന്നത് കൈക്കൂലിയല്ലേ എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പരസ്യത്തിനല്ലാതെ പണം കൊടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറയട്ടേ എന്നും സര്‍ക്കാരിന്റെ പൈസയാണ് ഇങ്ങനെ എടുത്ത് കൊടുക്കുന്നതെന്നുമാണ് വിഡി സതീശന്‍ ഉന്നയിച്ചിരിക്കുന്നത്. പരസ്യമായിട്ടല്ലാതെ എങ്ങനെ പണം വാങ്ങും എന്ന ചോദ്യത്തിന് നിങ്ങള്‍ അന്വേഷിക്കൂ എന്നായിരുന്നു മറുപടി. തെളിവുണ്ടോ എന്ന ചോദ്യത്തിന് അതുമില്ല.

വാസ്തവ വിരുദ്ധമായ ഒരു ആരോപണമാണ് വിഡി സതീശന്‍ മാധ്യമങ്ങള്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മറുപടി നല്‍കേണ്ടത് മുഖ്യമന്ത്രി മാത്രമല്ല കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് പ്രതിപക്ഷ നേതാവിന്റെ കടമ കൂടിയാണ്.

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് എത്ര കൊടുത്തു, ഏതെല്ലാം മാധ്യമങ്ങള്‍ക്ക് കൊടുത്തു, എന്തിനാണ് ഇത്തരത്തില്‍ പണം കൊടുത്തിരിക്കുന്നത് എന്നതില്‍ പ്രതിപക്ഷ നേതാവ് തന്നെ മറുപടി പറയുകയാണ് വേണ്ടത്. ഇപ്പോള്‍ നടത്തിയിരിക്കുന്ന ഈ ആരോപണം കേരളത്തിലെ എല്ലാ മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം ഇരുട്ടത്ത് നിര്‍ത്തുന്നതാണ്. ഇതുസംബന്ധിച്ച് പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ശക്തമാണ്.

അതേസമയം, കേരളത്തിലെ വര്‍ക്കിംഗ് ജേണലിസ്റ്റിന്റെ ഒരേയൊരു സംഘടനയായ കെയുഡബ്ല്യുജെ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. പ്രതിപക്ഷ നേതാവിന്റെ ഇത്തരമൊരു ആരോപണത്തില്‍ യഥാര്‍ത്ഥത്തില്‍ പ്രതികരിക്കേണ്ട കെയുഡബ്ല്യുജെ ആണ് ഇവിടെ മൗനം പാലിച്ചിരിക്കുന്നത്. സമൂഹത്തിന് മുമ്പില്‍ മുഴുവന്‍ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും സംശയനിഴലില്‍ നിര്‍ത്തുന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് അപലപനീയമാണ്.

മാധ്യമങ്ങളുടെ അഭിമാനത്തിനും അവരുടെ തൊഴില്‍പരമായ അന്തസിനും നിരക്കാത്ത പ്രതിപക്ഷ നേതാവിന്റെ പരസ്യ പ്രസ്താവനയില്‍ അദ്ദേഹം തന്നെ മറുപടി പറയണം. രാഷ്ട്രീയ വൈര്യത്തിനിടെ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കരുവാക്കാനുള്ള ചട്ടുകമാക്കി മാറ്റിയിരിക്കുകയാണ് ഗുരുതര പരാമര്‍ശത്തിലൂടെ വിഡി സതീശന്‍.VD Satheesan makes serious allegations against media

Content Summary: VD Satheesan makes serious allegations against media

Leave a Reply

Your email address will not be published. Required fields are marked *

×