അമ്മയെയും സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊല്ലാന്‍ തീരുമാനിച്ചത്, അവരോടുള്ള സ്‌നേഹം കൊണ്ടാണെന്ന് വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്‍. ഇതില്‍ അമ്മ ഷെമിയുടെ കാര്യത്തില്‍ മാത്രമാണ് അഫാന്റെ തീരുമാനം പിഴച്ചത്. കടം തന്നെയാണ് എല്ലാത്തിനും കാരണമായതെന്നും അഫാന്‍ പൊലീസിനോട് പറഞ്ഞു. ഗള്‍ഫിലുള്ള പിതാവിന് അവിടെ കേസില്‍പ്പെട്ടതിനാല്‍ നാട്ടിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ വന്നതോടെ, എല്ലാ ഭാരവും തന്റെ ചുമലിലായെന്നാണ് അഫാന്‍ പറഞ്ഞത്. കടം പെരുകി വന്നതോടെ ജീവിതം ബുദ്ധിമുട്ടിലായി. കടക്കാരുടെ ശല്യപ്പെടുത്താല്‍ കൂടി. നാണക്കേടായി. ഇതോടെ ജീവനൊടുക്കാന്‍ തീരുമാനമായി. എന്നാല്‍ താന്‍ ഇല്ലാതായാല്‍ അമ്മയും അനിയനും പ്രണയിനിയും തനിച്ചാകുമെന്ന് ഭയന്നു. അമ്മ ഷെമി കാന്‍സര്‍ ബാധിതയാണ്, താനില്ലാതെ അമ്മയ്ക്ക് ജീവിക്കാനാകില്ല. സ്‌കൂള്‍ പഠിക്കുന്ന അനിയനും ഏക ആശ്രയം താന്‍ മാത്രമാണ്. അതുപോലെ, താനില്ലാതെ സുഹൃത്ത് ഫര്‍സാനയും ജീവിക്കില്ലെന്ന് ഉറപ്പിച്ച് ആ പെണ്‍കുട്ടിയെയും കൊല്ലാന്‍ അഫാന്‍ തീരുമാനിക്കുകയായിരുന്നു.
സ്‌നേഹവും കരുതലുമാണ് മൂന്നു പേരെ കൊല്ലാന്‍ തീരുമാനിച്ചതിന് പിന്നിലെങ്കില്‍, മറ്റ് മൂന്നുപേരെ വകവരുത്താന്‍ കാരണം അവരോടുള്ള പകയാണെന്ന് അഫാന്‍ പറയുന്നു. പണയം വയ്ക്കാന്‍ പലതവണയായി മുത്തശി സല്‍മാബീവിയോട് അവരുടെ മാല ആവശ്യപ്പെട്ടിരുന്നുവെങ്കിലും കൊടുത്തില്ല. അതിന്റെ പ്രതികാരമായിട്ടാണ് അവരെ കൊന്നത്. ഫര്‍സാനയുമായുള്ള ബന്ധം എതിര്‍ത്തിരുന്നയാളാണ് പിതൃസഹോദരന്‍ ലത്തീഫ്. എതിര്‍ക്കുക മാത്രമല്ല, ആ ബന്ധത്തിന്റെ പേരില്‍ പരിഹസിക്കുകയും ചെയ്തു. പണമില്ലാതെ എങ്ങനെയാണ് ഫര്‍സാനയെ വിവാഹം കഴിക്കുന്നത്? കല്യാണം കഴിഞ്ഞ് ഫര്‍സാനയെ നോക്കും എന്നൊക്കെ ലത്തീഫ് ചോദിച്ചിരുന്നുവെന്നാണ് അഫാന്‍ പറയുന്നത്. പിതാവിന്റെ സഹോദരന്‍ എന്ന നിലയില്‍ ലത്തീഫിന് തന്നെയും ഫര്‍സാനയെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തെയും ഭാര്യയെയും കൊല്ലാനുള്ള കാരണമായി അഫാന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ലത്തീഫ് നേരത്തെ ഒന്നരലക്ഷം രൂപയോളം അഫാന് നല്‍കിയിരുന്നു. പണം ധൂര്‍ത്തടിക്കുന്നു എന്നായിരുന്നു അഫാനെ കുറിച്ച് ലത്തീഫിനുണ്ടായിരുന്ന പരാതി. അതുകൊണ്ട് തന്നെ വീണ്ടും പണം ചോദിച്ചുവെങ്കിലും അഫാന് ലത്തീഫ് നല്‍കിയിരുന്നില്ല. ഇത് വൈരാഗ്യത്തിന് കാരണമായിട്ടുണ്ടെന്നാണ് അഫാന്റെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്.
അമ്മ, ഷെമിയെയാണ് അഫാന്‍ ആദ്യം കൊല്ലാന്‍ ശ്രമിച്ചത്. കഴുത്തില്‍ തുണി ചുറ്റി മുറുക്കിയാണ് കൊല്ലാന്‍ ശ്രമിച്ചത്. അമ്മ മരിച്ചെന്ന് കരുതി മുറി പൂട്ടി പുറത്തു പോയാണ് ബാക്കിയുള്ളവരെ തീര്‍ക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഒരു സ്വര്‍ണപണയമിടപാട് സ്ഥാപനത്തില്‍ ചെന്ന് 1400 രൂപ കടം വാങ്ങി. പണയത്തിനുള്ള സ്വര്‍ണം ഉടന്‍ കൊണ്ടുവരാമെന്നു പറഞ്ഞായിരുന്നു പണം വാങ്ങിയത്. ഈ പണം കൊണ്ടാണ് ബാഗ്, ചുറ്റിക, എലിവിഷം എന്നിവ വാങ്ങിയത്. മൂന്നും മൂന്നു കടകളില്‍ നിന്നായിരുന്നു. തിരിച്ച് വീട്ടിലെത്തി. അപ്പോഴാണ് അമ്മ മരിച്ചിട്ടില്ലെന്ന് മനസിലാകുന്നത്. തുടര്‍ന്ന് ചുറ്റിക കൊണ്ട് മുഖത്തും തലയിലും തല്ലി. അവിടെ നിന്നിറങ്ങി, മുത്തശിയുടെ വീട്ടിലെത്തി. സല്‍മാബീവിയെ കൊന്ന് അവരുടെ കഴുത്തില്‍ കിടന്ന മാലയെടുത്തു. ഇത് വെഞ്ഞാറുമൂട്ടിലെ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ച് 74,000 രൂപ വാങ്ങി. അതില്‍ നിന്നും 40,000 രൂപ കടം വാങ്ങിയിരുന്നൊരാള്‍ക്ക് തിരിച്ചു നല്‍കി.
തുടര്‍ന്നാണ് ലത്തീഫിനെ തേടിയെത്തുന്നത്. ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊന്നു. ആ കൊലപാതകങ്ങള്‍ക്ക് ശേഷം വെഞ്ഞാറമ്മൂട്ടിലെ ബാറിലെത്തി മദ്യപിച്ചു. അതിനുശേഷമാണ് ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചു വരുത്തുന്നത്. ഫര്‍സാനയെ വീട്ടില്‍ എത്തിച്ചശേഷം കൊലപ്പെടുത്തി. ഇതിനിടയില്‍ അനിയന്‍ അഫ്‌സാന്‍ വീട്ടിലേക്ക വന്നു. അനിയനെ തിരിച്ച് കുഴിമന്തി വാങ്ങിക്കാനായി ഒരു ഓട്ടോ വിളിച്ചു കടയിലേക്കു വിട്ടു. ഫര്‍സാനയെ കൊന്നശേഷം അഫാന്‍ വിഷം കഴിച്ചു. കുഴിമന്തിയുമായി അഫ്‌സാന്‍ വീട്ടില്‍ വന്നശേഷം, ആ കുട്ടിയെയും അഫാന്‍ കൊന്നു. വീണ്ടും മദ്യപിച്ചു. എന്നിട്ടാണ് ഒരു ഓട്ടോ വിളിച്ച് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയതെന്നാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ്. മഞ്ജുലാലിന് നല്‍കിയ മൊഴിയില്‍ അഫാന്‍ പറയുന്നത്. Venjaramoodu mass murder case accused Afan’ statement
Content Summary; Venjaramoodu mass murder case accused Afan statement