April 19, 2025 |
Share on

‘അത്ര ദേശ സ്‌നേഹമൊന്നും പ്രസംഗിക്കേണ്ട’; സൽമാൻ ഖാന്റെ ‘ഭാരത്’ ട്രെയിലർ ശ്രദ്ധേയമാകുന്നു

2014 ൽ പുറത്തിറങ്ങിയ കൊറിയന്‍ ചിത്രമായ ‘ഓഡ് റ്റു മൈ ഫാദര്‍’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക റീമേക്കാണ് ഭാരത്

സൂപ്പർതാരം സൽമാൻഖാൻ നായകനായെത്തുന്ന ‘ഭാരത്‘ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ഇന്നലെ പുറത്ത് വിട്ടിരുന്നു. അലി അബ്ബാസ് സഫറാണ് ചിത്രത്തിന്‍റെ സംവിധായകൻ. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു.

‘ടൈഗർ സിന്ദാ ഹെ’ എന്ന ചിത്രത്തിനു ശേഷം അലി അബ്ബാസ് സഫർ- സൽമാൻ ഖാൻ- കത്രീന കൈഫ് ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഭാരതിന്.സല്‍മാനും സഫറും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ഭാരത്. ‘സുല്‍ത്താന്‍’, ‘ടൈഗര്‍ സിന്ദാ ഹെ’ എന്നിവയായിരുന്നു ഇവരുടെ കൂട്ടുകെട്ടിൽ മുമ്പ് ഒരുക്കിയിരുന്ന ചിത്രങ്ങള്‍. പ്രിയങ്ക ചോപ്ര ആയിരുന്നു ചിത്രത്തിൽ ആദ്യം നായികയാകുമെന്ന് പറഞ്ഞിരുന്നത്. പക്ഷേ നിക്ക് ജോൺസുമായുള്ള വിവാഹനിശ്ചയത്തെ തുടർന്ന് പ്രിയങ്ക ചിത്രത്തിൽ നിന്നും പിന്മാറി. ശേഷം കത്രീന കൈഫിനെ നായികയാക്കുകയായിരുന്നു. ദിശ പട്ടാനിയും മറ്റൊരു നായികയായി ചിത്രത്തിലുണ്ട്.

2014 ൽ പുറത്തിറങ്ങിയ കൊറിയന്‍ ചിത്രമായ ‘ഓഡ് റ്റു മൈ ഫാദര്‍’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക റീമേക്കാണ് ഭാരത്. 1947ലെ ഇന്ത്യ വിഭജനകാലത്ത് നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മുംബൈ, ഡൽഹി, അബുദാബി, സ്പെയിൻ, മാൾട്ട എന്നിവിടങ്ങളിലായിട്ടായിരുന്ന ഭാരത്’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ചിത്രീകരണം നടന്നത്.

സുനിൽ ഗ്രോവർ, ജാക്കി ഷ്‌റോഫ്, താബു, മാനവ് വിജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അതുൽ അഗ്നിഹോത്രിയുടെ റീൽ ലൈഫ് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡും ഭൂഷൺ കുമാറിന്റെ ടി സീരീസും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രം ജൂണ്‍ അഞ്ചിന് തിയ്യേറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

×