June 05, 2026 |
Share on

സമ്മതമില്ലാതെ പൂ പറിച്ചു; അമ്മായി അമ്മയെ മരുമകള്‍ തല്ലി (വീഡിയോ)

ജെഷോദ പോള്‍ ഒരു അംനേഷ്യ രോഗിയാണെന്ന് പോലീസ് പറഞ്ഞു. അനുമതിയില്ലാതെ പൂ പറിച്ചുവെന്ന നിസാര കാര്യത്തിനാണ് അമ്മായിയമ്മയെ തല്ലിയതെന്ന് പൊലീസ് പറയുന്നു.

അനുമതിയില്ലാതെ പൂ പറിച്ചതിന് അമ്മായിയമ്മയെ മരുമകള്‍ ദാരുണമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കൊല്‍ക്കത്തയില്‍ നിന്നുമാണ് അത്യന്തം ലജ്ജാകരവും ഞെട്ടിപ്പിക്കുന്നതുമായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. അയല്‍വാസി തന്റെ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയായിരുന്നു. എന്നാല്‍ മര്‍ദനത്തിനിരയായ പ്രായമായ സ്ത്രീയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ അയല്‍വാസിയോ പോലീസിന് പരാതി നല്‍കിയിരുന്നില്ല.

സോഷ്യല്‍ മീഡിയയില്‍ അപ്-ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5,03,000 കാഴ്ചക്കാരും, 8,300 ലൈക്കുകളും, 25,000 ഷെയറുകളുമായി വൈറലായിക്കൊണ്ടിരുന്ന വീഡിയോ ബാന്‍സ്‌ഡ്രോണി പോലീസ് സ്റ്റേഷനിലെ സുഭ്രാ ചക്രവര്‍ത്തി എന്ന പോലീസുകാരന്റെ ശ്രദ്ധയില്‍പ്പെട്ടു. രന്തു സെന്‍ഗുപ്തയെന്ന പേരിലുള്ള അക്കൌണ്ടില്‍ നിന്നുമാണ് വീഡിയോ അപ്-ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് മനസിലാകിയ അദ്ദേഹം ഉടന്‍ തന്നെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഓഫീസറെ വിവരമറിക്കുകയായിരുന്നു.

സെന്‍ ഗുപ്തയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നുമാണ് പോലീസിന് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. ഭോലാര്‍ ബസാര്‍ പ്രദേശത്തുള്ള ഒരു ഡോക്ടറില്‍ നിന്നുമാണ് തനിക്ക് വീഡിയോ ലഭിച്ചതെന്ന് സെന്‍ഗുപ്ത പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഡോക്ടറെ സമീപിച്ചു. എന്നാല്‍ കൊല്‍ക്കത്തയിലെ ഒരു മെഡിക്കല്‍ റെപ്പാണ് ഡോക്ടര്‍ക്ക് ആ വീഡിയോ അയച്ചുകൊടുത്തിരുന്നത്. ഗരിയയിലെ പഞ്ചനന്തല എന്ന പ്രദേശത്ത് നിന്നുള്ള ദൃശ്യങ്ങളാണിതെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. മെഡിക്കല്‍ റെപ്പിനെ കണ്ടെത്താന്‍ നിരവധി പരിശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്നാല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ തയ്യാറാവാതിരുന്ന പോലീസ് ഇരയുടേയും കുറ്റക്കാരിയുടേയും ഫോട്ടോ എടുത്ത് പഞ്ചനന്തലയാകെ അരിച്ചുപെറുക്കിയാതോടെയാണ് പ്രതിയെ കണ്ടെത്തിയത്.

ഉത്തര്‍പര എന്ന പ്രദേശത്താണ് സംഭവം നടന്നത്. എഴുപത്തഞ്ചുകാരിയായ ജെഷോദ പോളിനെ മരുമകളായ സ്വാപ്ന പോള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണത്. ജെഷോദ പോള്‍ ഒരു അംനേഷ്യ രോഗിയാണെന്ന് പോലീസ് പറഞ്ഞു. അനുമതിയില്ലാതെ പൂ പറിച്ചുവെന്ന നിസാര കാര്യത്തിനാണ് അമ്മായിയമ്മയെ തല്ലിയതെന്നും സംഭവം നടക്കുമ്പോള്‍ ജെഷോദയുടെ പേരക്കുട്ടികള്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും പോലീസ് അന്വേഷണത്തിലൂടെ വ്യക്തമായി.

Leave a Reply

Your email address will not be published. Required fields are marked *

×