June 26, 2026 |
Share on

പരസ്യമായി സ്ത്രീയെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തി തെലുങ്കാന നേതാവ്/ വീഡിയോ

വില്‍പ്പന നടത്തിയ ഭൂമി കൈമാറാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയിലാണ് ആക്രമണം

തെലുങ്കാനയിലെ ഭരണകക്ഷിയായ തെലുങ്കാന രാഷ്ട്ര സമിതി(ടിആര്‍എസ്)യുടെ മണ്ഡല്‍ പ്രജ പരിഷദ്(എംപിപി) പ്രസിഡന്റ് പരസ്യമായി ഒരു സ്ത്രീയെ നെഞ്ചില്‍ ചവിട്ടി താഴെയിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. വിലയ്ക്കു വാങ്ങിയ ഭൂമിയുമായി ബന്ധപ്പെട്ട വിവരം തിരക്കാന്‍ എത്തിയ സ്ത്രീയെയാണ് എംപിപി പ്രസിഡന്റ് ഇമ്മാദി ഗോപി ചവിട്ടി വീഴ്ത്തിയത്. ഈ സ്ത്രീ ഇയാളെ ചെരുപ്പി തല്ലാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഗോപി ചവിട്ടിയത്. ഗോപിക്കെതിരേ ഐപിസി വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ എടുത്തിട്ടുണ്ട്.

ഈ സംഭവത്തെ കുറിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്രകാരമാണ്; ധാരപള്ളിയിലെ എംപിപി പ്രസിഡന്റായ ഗോപിയില്‍ നിന്നും പത്തുമാസങ്ങള്‍ക്കു മുമ്പാണ് ഈ സ്ത്രീ 33 ലക്ഷം രൂപ നല്‍കി ഭൂമി വാങ്ങിയത്. എന്നാല്‍ വിറ്റ ഭൂമി സ്ത്രീക്കും കുടുംബത്തിനും കൈമാറാന്‍ ഗോപി തയ്യാറായില്ല. സ്ഥലത്തിന് വിലകൂടിയെന്നു പറഞ്ഞ് 50 ലക്ഷം കൂടി തന്നാല്‍ മാത്രമെ ഭൂമി കൈമാറൂ എന്നായിരുന്നു ഇയാളുടെ നിലപാട്. പലതവണ ഗോപിയോട് ഭൂമി കൈമാറി തരണമെന്ന് പറഞ്ഞിട്ടും ഇയാള്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് സംഭവ ദിവസം സ്ത്രീ കുറച്ച് സമുദായാംഗങ്ങളേയും കൂട്ടി ഗോപിയുടെ വീട്ടിലെത്തുന്നത്. ഇവിടെ വച്ച് ഉണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് സ്ത്രീ തന്റെ ചെരുപ്പൂരി ഗോപിയെ തല്ലാന്‍ ശ്രമിച്ചത്. ഇതോടെ ഗോപി സ്ത്രീയുടെ നെഞ്ചില്‍ ആഞ്ഞുചവിട്ടുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ത്രീക്കൊപ്പം ഉണ്ടായിരുന്നവര്‍ പ്രകോപിതരാവുകയും ഗോപിയുടെ വീടിനുള്ളില്‍ കടന്ന് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. സ്ത്രീക്കും കൂടെവന്നവര്‍ക്കുമെതിരേ ഗോപിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വീഡിയോ ഇവിടെ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

×