ചരിത്രം കുറിക്കാൻ ‘വിക്രം-1’; രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ജൂലൈ 18 ന്

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നത്

ഇന്ത്യന്‍ ബഹിരാകാശ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതുറന്നുകൊണ്ട് രാജ്യത്തെ പ്രമുഖ ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ സ്‌കൈറൂട്ട് എയറോസ്പേസ് ആദ്യത്തെ ഓര്‍ബിറ്റല്‍ റോക്കറ്റായ ‘വിക്രം 1’ വിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നത്. സ്വകാര്യ ബഹിരകാശ ഗവേഷണ മേഖലയിലെ പുത്തന്‍ നാഴിക കല്ലാണ് ‘വിക്രം-1’. ഹൈദരാബാദ് ആസ്ഥാനമായ ‘സ്‌കൈറൂട്ട് എയറോസ്പേസ്’ വികസിപ്പിച്ചെടുത്ത ‘വിക്രം-1’ ജൂലൈ 18 ശനിയാഴ്ച രാവിലെ 11:30-ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് ബഹിരാകാശത്തേക്ക് കുതിച്ചുയരും. ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ പുതിയ കാല്‍വെപ്പായ ‘വിക്രം-1 കന്നി പരീക്ഷണ ദൗത്യത്തിന് ‘മിഷന്‍ ആഗമന്‍’ എന്നാണ് പേരിട്ടിരിക്കുന്നത്.

സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ (SDSC) ആദ്യ വിക്ഷേപണ പാഡിലാണ് വിക്രം-1 റോക്കറ്റ് സജ്ജമാക്കിയിരിക്കുന്നത്. ജൂലൈ ആദ്യം മുതല്‍ തന്നെ റോക്കറ്റിന്റെ വിവിധ ഘട്ടങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ (Integration and Stacking) സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ പൂര്‍ത്തിയായിരുന്നു. സ്‌കൈറൂട്ട് സ്വന്തമായി വികസിപ്പിച്ചെടുത്ത 3D പ്രിന്റഡ് ലിക്വിഡ് എഞ്ചിനുകളും ശക്തമായ സോളിഡ് ഫ്യുവല്‍ ബൂസ്റ്ററുകളുമാണ് റോക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ഉപഗ്രഹങ്ങളെ ഭൂമിയില്‍ നിന്ന് ഏകദേശം 450 കിലോമീറ്റര്‍ ഉയരെയുള്ള ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റില്‍ എത്തിക്കുക എന്നതാണ് ഈ റോക്കറ്റിന്റെ ലക്ഷ്യം. ഇതുവരെ ഇസ്രോ സ്വന്തമായി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച റോക്കറ്റുകള്‍ മാത്രമാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ബഹിരാകാശത്തേക്ക് പറന്നുയര്‍ന്നിട്ടുള്ളത്. വിക്ഷേപണത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സ്‌കൈറൂട്ട് അറിയിച്ചു. റോക്കറ്റിന്റെ സഞ്ചാരപഥത്തിലും (Ascent corridor) അവശിഷ്ടങ്ങള്‍ പതിക്കാന്‍ സാധ്യതയുള്ള മേഖലകളിലും ആവശ്യമായ വ്യോമ-സമുദ്ര നിയന്ത്രണ അറിയിപ്പുകള്‍ (Airspace and maritime notices) ബന്ധപ്പെട്ട അധികൃതര്‍ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങള്‍ നിയന്ത്രിത മേഖലകളായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ശാസ്ത്ര സാങ്കേതിക പരീക്ഷണങ്ങള്‍ക്കുള്ള പേലോഡുകള്‍ക്ക് പുറമെ വിക്രം-1ന് പൂര്‍ത്തീകരിക്കാന്‍ അപൂര്‍വ്വമായ ചില ദൗത്യങ്ങള്‍ കൂടിയുണ്ട്. ഗ്രഹാ സ്‌പേസ് (Grahaa Space), കോസ്‌മോസെര്‍വ് (Cosmoserve), ഡിക്യൂബ്ഡ് (DCubed) എന്നിവരുടെ സാങ്കേതിക പ്രകടന പേലോഡുകള്‍ക്ക് ഒപ്പം സ്‌കൈറൂട്ടിന്റെ സ്വന്തം ‘സ്‌കോപ്പ്’ (SCOPE) ഇതിലുണ്ട്. കൂടാതെ, കോസ്‌മോസ് ഡയമണ്ട്‌സിന്റെ ‘കോസ്മിക് ബ്ലൂം’ (Cosmic Bloom) എന്ന മൈക്രോ-ആര്‍ട്ട് പീസും വിക്രം-1 ലൂടെ ബഹിരാകാശത്ത് എത്തും. 2022 നവംബറില്‍ സ്‌കൈറൂട്ട് വിജയകരമായി പൂര്‍ത്തിയാക്കിയ ‘വിക്രം-എസ്’ (Vikram-S) ദൗത്യത്തിന് ശേഷമുള്ള കമ്പനിയുടെ രണ്ടാമത്തെ വലിയ ദൗത്യമാണിത്. എന്നാല്‍, അന്ന് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ശേഷിയില്ലാത്ത, ബഹിരാകാശത്തിന്റെ അതിര്‍ത്തി വരെ മാത്രം പറന്ന ഒരു സബ്-ഓര്‍ബിറ്റല്‍ റോക്കറ്റായിരുന്നു വിക്രം-എസ്. ഇന്ത്യയില്‍ നിന്ന് ആഗോള വിപണിക്കായി ഓണ്‍-ഡിമാന്‍ഡ് സൗകര്യമുള്ളതുമായ ലോഞ്ച് കമ്പനി രൂപീകരിക്കുന്നതിനുള്ള ആദ്യപടിയാണ് വിക്രം-1.

വിക്രം-1-ന്റെ ആദ്യ വിക്ഷേപണം റോക്കറ്റിന്റെ പ്രൊപ്പല്‍ഷന്‍, സ്റ്റേജ് സെപ്പറേഷന്‍, ഗൈഡന്‍സ്, നാവിഗേഷന്‍, കണ്‍ട്രോള്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ സ്‌കൈറൂട്ടിനെ സഹായിക്കും. സാധാരണയായി, റോക്കറ്റ് നിര്‍മ്മാതാക്കള്‍ പുതിയ റോക്കറ്റിന്റെ ആദ്യത്തെ മൂന്ന് വിക്ഷേപണങ്ങളെ പരീക്ഷണാത്മക പറക്കലുകളായാണ് (Developmental or demonstration flights) കണക്കാക്കാറുള്ളത്. ഈ മൂന്ന് ദൗത്യങ്ങളില്‍ നിന്നുള്ള ഫലങ്ങളും പഠനങ്ങളും വിലയിരുത്തിയ ശേഷമേ റോക്കറ്റ് പൂര്‍ണ്ണ സജ്ജമാണെന്ന് (Operational) പ്രഖ്യാപിക്കുകയുള്ളൂ. ഒന്നുരണ്ട് വിജയകരമായ പരീക്ഷണ വിക്ഷേപണങ്ങള്‍ക്ക് ശേഷം വിക്രം-1-ന്റെ പൂര്‍ണ്ണമായ വാണിജ്യ വിക്ഷേപണങ്ങള്‍ ആരംഭിക്കുമെന്നാണ് സ്‌കൈറൂട്ട് വ്യക്തമാക്കുന്നത്.

Vikram-1: India’s first privately designed & built spacefaring rocket to liftoff on July 18

This post was last modified on July 16, 2026 5:54 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment