മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റില്‍ കുക്കി വംശജനായ മുന്‍ സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ സംഘര്‍ഷ ഭരിതമായിരുന്ന സംസ്ഥാനത്തെ അന്തരീക്ഷം കലാപ കലുഷിതമായി. കുറച്ച് ദിവസങ്ങളായി മണപ്പൂരില്‍ തുടര്‍ച്ചയായ അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണ്. അതിനിടയിലാണ് ലാല്‍ബോയ് മേറ്റ് എന്ന 65 കാരന്റെ മൃതദേഹം ഇംഫാല്‍ വെസ്റ്റിലെ ഒരു വയലില്‍ നിന്ന് കണ്ടെത്തിയത്. ലാല്‍ബൊയ് മേറ്റ് അസം റെജിമെന്റില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന മൃതദേഹം കണ്ട നാട്ടുകാര്‍, വിവരം പോലിസിനെ അറിയിക്കുകയായിരുന്നു. കാങ്‌പോക്പിയില്‍ നിന്ന് ഇംഫാല്‍ വെസ്റ്റിലേക്കുള്ള യാത്രയ്ക്കിടെ ലാല്‍ബൊയ് മേറ്റ് കുക്കി, മെയ്‌തേയ് പ്രദേശങ്ങള്‍ക്കിടയിലുള്ള ഒരു സെന്‍സിറ്റീവ് ഏരിയയില്‍ അബദ്ധത്തില്‍ പ്രവേശിച്ചതാകാമെന്നാണ് കരുതുന്നത്. അജ്ഞാതരായ അക്രമികള്‍ ഇദ്ദേഹത്തെ മര്‍ദിച്ച് കൊലപ്പെടുത്തി എന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു, മരണകാരണം സ്ഥിരീകരിക്കുന്നതിനായി മൃതദേഹം വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. Manipur is burning again
അച്ഛന്‍ വീട്ടിലേക്ക് ആവിശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്ക് പോയതായിരുന്നു, പക്ഷേ കുറേസമയം കഴിഞ്ഞിട്ടും തിരികെ എത്താത്തത് കുടുംബത്തെ ആശങ്കയിലാക്കി. ഒരു സായുധസംഘം തന്റെ പിതാവിനെ കൊണ്ടുപോയി, അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കരുതുന്നു. ലാല്‍ബോയ് മേറ്റിന്റെ മകന്‍ വ്യക്തമാക്കി.
മണിപ്പൂര്‍ കലാപം; ചരിത്രം, കാരണം
മണിപ്പൂര്‍ കത്തുന്നു..
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മണിപ്പൂരില്‍ വീണ്ടും അക്രമാസക്തമായ സംഭവങ്ങള്‍ അരങ്ങേറുകയാണ്. പല ജില്ലകളിലായി ഒന്നിലധികം കൊലപാതകങ്ങളും, ആക്രമണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഇതുവരെ പത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ നിന്നും 230 കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള നങ്ചാപ്പി ഗ്രാമത്തില്‍ കുക്കി കലാപകാരികള്‍ നടത്തിയ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടിരുന്നു. കാക്ചിങ് ജില്ലയില്‍ കഴിഞ്ഞ ദിവസം ബോംബാക്രമണവും വെടിവെപ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വെള്ളിയാഴ്ച്ച ബിഷ്ണുപൂര്‍ ജില്ലയില്‍ ഉണ്ടായ റോക്കറ്റ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബിഷ്ണുപൂരിലെ ട്രോങ്‌ലയോബിയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാലരയോടെ ആദ്യത്തെ റോക്കറ്റ് ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തിരക്കേറിയ പട്ടണമായ മൊയ്‌റാംഗില്‍ മുന്‍ മുഖ്യമന്ത്രി മൈരെംബം കൊയ്‌റെംഗിന്റെ വീട്ടുവളപ്പിലേക്ക് അനിയന്ത്രിതമായ ഒരു റോക്കറ്റ് വന്ന് പതിച്ചു. ഈ ദുരന്തത്തില്‍ ഒരു വൃദ്ധന്‍ മരിക്കുകയും 15 വയസുകാരിയായ പെണ്‍കുട്ടിയടക്കം അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമീപകാല ആക്രമണങ്ങള്‍ കണക്കിലെടുത്ത് പോലീസ് സമീപത്ത് ആന്റി-ഡ്രോണ്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിപ്പൂരുമായി ബന്ധപ്പെട്ടിരിക്കുന്ന മലനിരകളില്‍ കോമ്പിങ് ഓപ്പറേഷന്‍ നടത്തുന്നതിനായി നിരവധി പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷാ സേനയേയും വിന്യസിച്ചിട്ടുണ്ട്. വ്യോമഗതാഗതത്തിനായി ഒരു സൈനിക ഹെലികോപ്റ്ററും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. സെപ്തംബര്‍ മുതല്‍ ഡ്രോണുകളും ആര്‍പിജികളും പോലുള്ള ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം നേരിടുകയാണ് മണിപ്പൂരുകാര്‍. സമീപകാലത്ത് നടന്ന ആക്രമണങ്ങള്‍ ചെറുക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ കൈകോര്‍ത്തിരുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളും സ്ത്രീകളും കുട്ടികളും ഉള്‍പ്പടുന്ന ആളുകള്‍ ‘ഡ്രോണ്‍ ആക്രമണം ഭീകരവാദമാണ്’ ‘ഞങ്ങള്‍ക്ക് സമാധാനം വേണം’ എന്നീ മുദ്രാവാക്യങ്ങളുമായി മനുഷ്യച്ചങ്ങല രൂപീകരിച്ചിരുന്നു.
എന്താണ് മണിപ്പൂര്‍ കലാപം?
ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. മെയ്‌തെയി, നാഗ, കുക്കി എന്നീ വംശജരാണ് മണിപ്പൂരികളില്‍ ഭൂരിഭാഗവും. മൊത്തം ജനസംഖ്യയുടെ 53 ശതമാനം മെയ്‌തെയി വംശക്കാരാണ്. ഹിന്ദുമത വിശ്വാസികളാണ് മെയ്‌തെയികള്‍, കുക്കി നാഗ വംശജര്‍ കൂടുതലും ക്രിസ്തീയ വിശ്വാസികളും. ഇപ്പോള്‍ മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളുടെയെല്ലാം തുടക്കം ഓള്‍ െ്രെടബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് മണിപ്പൂര്‍ (എടിഎസ്‌യുഎം) 2023 മെയ് മൂന്നിന് സംഘടിപ്പിച്ച ഗോത്ര ഐക്യദാര്‍ഢ്യ മാര്‍ച്ച് ആണ്. ആംഗ്ലോ-കുക്കി യുദ്ധ സ്മാരകത്തിന്റെ ഗേറ്റ് തകര്‍ക്കപ്പെട്ടതോടെയാണ് മാര്‍ച്ച് ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. അന്നത്തെ ആ സംഘര്‍ഷം മണിപ്പൂരിനെ രക്തരൂക്ഷിത വംശീയ കലാപത്തിക്ക് തള്ളിവിട്ടു. 2023 ജൂലൈ 12 വരെ കുറഞ്ഞത് 142 മനുഷ്യര്‍ കൊല്ലപ്പെടുകയും 54,000 പേര്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തിരുന്നു.
മെയ്‌തേയ്-കുക്കി വിഭാഗങ്ങള്‍ക്കിടയില്‍ ചരിത്രപരമായ സംഘര്‍ഷം നിലനില്‍ക്കുന്നു. ‘സ്വാതന്ത്ര്യത്തിന്റെ ഭൂമി’ അഥവ സാലെന്‍ ഗാം എന്ന് വിശേഷിപ്പിക്കുന്ന മാതൃരാജ്യം സ്ഥാപിച്ചു കിട്ടണമെന്ന ആവശ്യവുമായി 90കളില്‍ ആയുധം കൈയിലെടുത്തവരാണ് കുക്കികള്‍. കുക്കികളുടെ അധിവാസപ്രദേശ(കുക്കിലാന്‍ഡ്)ത്തിന്റെ വലിയൊരു ഭാഗവും ‘നാഗാലിമു’മായി(ഗ്രേറ്റര്‍ നാഗാലാന്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന നാഗകളുടെ സ്വതന്ത്രനാട്) ചേര്‍ന്നു കിടക്കുന്നതാണ്. ഇതുമൂലം തൊണ്ണൂറുകളില്‍ നാഗകളുമായി കുക്കികള്‍ ഏറ്റുമുട്ടിയിരുന്നു. 1949ല്‍ മണിപ്പൂര്‍ രാജവംശവും ഇന്ത്യന്‍ യൂണിയന്‍ സര്‍ക്കാരും തമ്മില്‍ ഒപ്പ് വച്ച ലയന കരാര്‍ തങ്ങളെ വഞ്ചിച്ചുകൊണ്ടുള്ളതാണെന്ന് കുക്കികള്‍ ആരോപിക്കുന്നു.
2008 ല്‍ എസ്.ഒ.ഒ ഒപ്പ് വയ്ക്കുന്നതോടെയാണ് വംശീയ സംഘര്‍ഷങ്ങള്‍ കലുഷിതമാക്കിയ മണിപ്പൂരില്‍ സമാധാനം കടന്നുവരുന്നത.് എന്നാല്‍ സമീപകാല സര്‍ക്കാര്‍ ഇടപെടലുകള്‍ മണിപ്പൂരിനെ വീണ്ടും അശാന്തമായ ദുരന്ത ഭൂമിയാക്കി. സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മണിപ്പൂരില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനെന്ന പേരില്‍ ആരംഭിച്ച നടപടികളും, കറുപ്പ് കൃഷി നിര്‍മാര്‍ജ്ജന ക്യാമ്പയിനും, മാര്‍ച്ച് മാസത്തില്‍ എസ്.ഒ.ഒ കരാര്‍ പിന്‍വലിച്ചതുമെല്ലാം തങ്ങള്‍ക്കെതിരേയുള്ള വംശീയ അതിക്രമമായാണ് കുക്കികള്‍ കണക്കാക്കുന്നത്. തീവ്രവാദികള്‍ മലനിരകളില്‍ അശാന്തി പരത്തുന്നുവെന്ന കാരണം പറഞ്ഞായിരുന്നു എസ്.ഒ.എസ് സര്‍ക്കാര്‍ പിന്‍വലിച്ചത്.
ഭരണകൂടം തങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുന്നു എന്ന ആശങ്ക കുക്കികളെ വലയം ചെയ്തിരുന്ന സാഹചര്യത്തിലാണ് മെയ്‌തേയ്കള്‍, അവരെ ഷെഡ്യൂള്‍ െ്രെടബ് ആയ പരിഗണക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്. ഇത് കുക്കികളെ കൂടുതല്‍ ഭയപ്പെടുത്തി. മണിപ്പൂരില്‍ സാമ്പത്തികമായും സാമൂഹികമായും മേധാവിത്വം പുലര്‍ത്തുന്ന വിഭാഗമാണ് മെയ്‌തേയ്കള്‍. സംസ്ഥാന നിയമസഭയില്‍ ആകെയുള്ള 60 എംഎല്‍എമാരില്‍ 40 പേരും മെയ്‌തേയ് വിഭാഗത്തില്‍ നിന്നാണെന്നത് അവര്‍ക്ക് അധികാരശക്തിയും നല്‍കുന്നു. മ്യാന്‍മാറില്‍ നിന്നും വലിയതോതിലുള്ള കുടിയേറ്റം സംസ്ഥാനത്തുണ്ടാകുന്നു എന്നാരോപിച്ചാണ് മുഖ്യമന്ത്രി ബിരേന്‍ സിംഗ് അനധികൃത കുടിയേറ്റം ഒഴിപ്പിക്കല്‍ തുടങ്ങിയത്. കുക്കികള്‍ ഈ ‘അനധികൃത കുടിയേറ്റം’ തങ്ങളെ ലക്ഷ്യം വച്ചുള്ള സര്‍ക്കാര്‍ നീക്കമായാണ് കരുതുന്നത്. ഇപ്പോള്‍ തങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന ഷെഡ്യൂള്‍ െ്രെടബ് ഗണത്തില്‍ മെയ്‌തേയ്കളെയും ഉള്‍പ്പെടുത്തുന്നത് കുക്കികളും നാഗകളും ഒരുപോലെ ഭയപ്പെടുന്ന കാര്യമാണ്. തങ്ങളുടെ സംരക്ഷിത മേഖലകളായ മലയോരങ്ങളിലേക്ക് മെയ്‌തേയ്കള്‍ കടന്നുവരുമോ എന്നതാണ് അവരുടെ പ്രധാന ഭയം.
മെയ്‌തേയ് വിഭാഗത്തിന്റെയും കുക്കികളുടെയും ഇടയില്‍ പ്രശ്‌നങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് അരംബയ് തെംഗ്ഗോള്‍, മെയ്‌തേയ് ലീപുണ്‍ എന്നീ സായുധസംഘടനകള്‍ കുക്കികളെ കൂട്ടക്കൊല ചെയ്‌തെന്ന ആരോപണം ഉയര്‍ന്ന് വന്നത്. മെയ്‌തേയ് ഭൂരിപക്ഷമായ സംസ്ഥാന ഭരണകൂടവും ഈ കൂട്ടക്കൊലയില്‍ സംശയത്തിന്റെ നിഴലിലായി. മെയ്‌തേയ്കളോട് പ്രതികാരം ചെയ്യാന്‍ കുക്കികളും ആയുധം കൈയിലെടുത്തു. ഇതോടെ സാഹചര്യം അനിയന്ത്രിതമായി. Manipur is burning again
മണിപ്പൂരിലെ ഗ്രാമങ്ങളില്‍ ഉണ്ടായ വര്‍ഗീയ ലഹള ഇപ്പോള്‍ എത്തി നില്‍ക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ സംഘര്‍ഷത്തിലാണ്. 2023 മെയ് മാസം മുതല്‍ ഇരുന്നൂറിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.
content summary; Violence does not stop; Manipur is burning again.