June 04, 2026 |
Share on

നോമ്പു തുറക്കാന്‍ എന്തു ചെയ്യുമെന്ന് കുടുംബം; പോറ്റി വളര്‍ത്തിയ പൂവന്‍ കോഴിയെ കൊല്ലാന്‍ വിടാതെ പെണ്‍കുട്ടി (വീഡിയോ)

പൂവന്‍കോഴിയെ കൊന്നാല്‍ നമ്മളെ ആരാ വിളിച്ചുണര്‍ത്തുക? താന്‍ വളര്‍ത്തിയ കോഴിയെ കൊല്ലാതിരിക്കാന്‍ കുട്ടിയുടെ യുക്തി ഇങ്ങനെ

റംസാന്‍ നോയമ്പിന്റെ തിരക്കിലാണ് പലരും. പകല്‍ മുഴുവന്‍ നോയമ്പെടുത്ത് വൈകിട്ടത്തെ നോമ്പ് മുറിക്കലിനുള്ള ആഹാര സാധനങ്ങള്‍ കണ്ടെത്താനുള്ള വിഷമം പല വീടുകളിലുമുണ്ട്. എന്നാല്‍ താന്‍ നന്നായി നോക്കി വളര്‍ത്തിയ കോഴിയെ നോമ്പുമുറിക്കലിനായി തരില്ലെന്ന് വാശിപിടിക്കുകയാണ് ഈ കൊച്ചുമിടുക്കി.

അതിന് അവള്‍ക്ക് അവളുടേതായ ന്യായീകരണങ്ങളുമുണ്ട്. ഈ കോഴിയോട് ചോദിക്കാതെ അതിനെ എങ്ങനെയാ കൊല്ലാന്‍ പറ്റുക. പെട്ടെന്ന് ചെന്ന് അതിനോട് കൊല്ലാന്‍ പോകുകയാണെന്ന് പറഞ്ഞാല്‍ അതിന് സങ്കടമാകില്ലെ എന്നിങ്ങനെയാണ് കുട്ടിയുടെ ചോദ്യങ്ങള്‍. പിന്നെ ഈ കോഴിയെ എന്തു ചെയ്യുമെന്ന് ഉമ്മ ചോദിക്കുമ്പോള്‍ അതിനെ താന്‍ കൊണ്ടുപോയി വിറ്റോളാം എന്നാണ് മറുപടി. വിറ്റാലും കൊല്ലൂല്ലെ എന്ന് ചോദിക്കുമ്പോള്‍ അത് നമ്മള്‍ അറിയുന്നില്ലല്ലോയെന്നും. ഒരു കോഴിക്കുഞ്ഞിനെ പൂച്ച പിടിച്ചപ്പോള്‍ നിനക്ക് ഈ സങ്കടമുണ്ടായിരുന്നില്ലല്ലോ എന്ന് ഉമ്മ ചോദിക്കുമ്പോള്‍ അതിനെ ഞാന്‍ അത്രയും നോക്കിയിട്ടില്ലെന്നുമാണ് കുട്ടി പറയുന്നത്.

നിങ്ങള്‍ വേണമെങ്കില്‍ അസുഖം വന്ന കോഴിയെ കൊന്നോളൂ അസുഖം വന്നാല്‍ കൊല്ലുന്നതല്ലേ നല്ലത് എന്നും കുട്ടി ചോദിക്കുന്നു. എന്നാല്‍ അത് പിടക്കോഴിയാണ് മരുന്ന് കൊടുത്താല്‍ മുട്ടയിട്ട് തുടങ്ങുമെന്നും ഈ പൂവന്‍കോഴിയെക്കൊണ്ട് നമുക്കെന്താണ് പ്രയോജനമെന്നും ഉമ്മ ചോദിക്കുന്നു. നമ്മള്‍ ഉച്ചവരെ കിടന്ന് ഉറങ്ങിപ്പോയാല്‍ ഈ പൂവന്‍ കോഴിയല്ലേ നമ്മളെ വിളിച്ചുണര്‍ത്താനുള്ളൂ എന്നാണ് കുട്ടി ചോദിക്കുന്നത്.

നോമ്പു തുറക്കാന്‍ പിന്നെ എന്താ ചെയ്യുകയെന്ന് ചോദിക്കുമ്പോള്‍ ആറു വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടി പറയുന്നത് സാധനങ്ങള്‍ കൊണ്ടുവാ താന്‍ ചാറുണ്ടാക്കി തരാമെന്നാണ്. കുട്ടിയുടെ മടിയില്‍ ഒതുങ്ങിയിരിക്കുന്ന കോഴിയേയും വീഡിയോയില്‍ കാണാം. താന്‍ വളര്‍ത്തിയ കോഴിയെ കൊന്നു തിന്നേണ്ടെന്നും അതിനായി വിട്ടുകൊടുക്കില്ലെന്നുമുള്ള കുട്ടിയുടെ നിഷ്‌കളങ്കതയാണ് വീഡിയോയില്‍ കാണുന്നത്.

ഏതായാലും ഫേസ്ബുക്കില്‍ സജ്‌ന ആലുങ്കല്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഒട്ടനവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. ‘ഒരേനേരം കവിയായും കവിതയായും മാറിയകുട്ടി. അവളുടെ മൊഴികളിലുള്ളത്ര ചാരുതയും ദാര്‍ശനികത്വവും യുക്തിഭദ്രതയും ഉള്ള ഒരു കവിത അടുത്തകാലത്തൊന്നും വായിച്ചിട്ടില്ല’ എന്നാണ് ഉണ്ണി പന്മന എന്നയാള്‍ ഇതിന് നല്‍കിയ കമന്റ്.

Leave a Reply

Your email address will not be published. Required fields are marked *

×