മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ (എംസിജി) നാലാം ടെസ്റ്റിനിടെ 19 കാരനായ ഓസ്ട്രേലിയന്‍ അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസുമായി ഉണ്ടായ ‘ഏറ്റുമുട്ടല്‍’ വിരാട് കോഹ്ലിയുടെ ആക്രമണോത്സുക പ്രകൃതത്തിന്റെ മറ്റൊരു ഉദ്ദാഹരണമായിരുന്നു. മോണിംഗ് സെഷനിലെ, പത്താം ഓവറിലായിരുന്നു നാടകീയമായ സംഭവങ്ങള്‍ നടക്കുന്നത്. ഗ്രൗണ്ടില്‍ വച്ച് കോണ്‍സ്റ്റാസിന്റെയും കോഹ്‌ലിയുടെയും തോളുകള്‍ തമ്മില്‍ ഉരസിയതാണ്, പിന്നീട് വാക്ക് തര്‍ക്കത്തിലേക്ക് കടന്നത്. അത് ഒഴിവാക്കാമായിരുന്ന പ്രശ്‌നമായിരുന്നെന്ന് കോണ്‍സ്റ്റാസ് പിന്നീട് സമ്മതിക്കുകയും ചെയ്തു. ബോള്‍ കൈയില്‍ എറിഞ്ഞു പിടിച്ച് മുന്നോട്ടു നീങ്ങുകയായിരുന്ന കോഹ്‌ലി, ഗ്ലൗവ് ശരിയാക്കി കൊണ്ടു നിന്നിരുന്ന കോണ്‍സ്റ്റാസുമായി അറിയാതെ കൂട്ടിമുട്ടുകയായിരുന്നു. ഈ ചെറിയൊരു കൂട്ടിയിടിയാണ്, കോഹ്‌ലിക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തുന്ന വിധം വഷളായത്. നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഔട്ടായി പോകുന്ന നേരം തന്നെ കൂവിയ കാണികളെ, തിരിച്ചു വന്നു രൂക്ഷമായി നോക്കിയതും കോഹ്‌ലിയെ പ്രകോപനപരമായ സ്വഭാവത്തിന്റെ തെളിവായിരുന്നു. സ്വയം നിയന്ത്രിക്കാന്‍ അയാള്‍ പരാജയപ്പെട്ടു പോകുന്ന നിമിഷങ്ങള്‍.
ഇതൊരു ചെറിയ സംഭവമായി കാണാമെങ്കിലും, കോഹ്‌ലിയുടെ ആക്രണമനോഭവം കളിക്കളത്തില്‍ വിവാദമാകുന്നത് ഇതാദ്യമായല്ല. ക്രിക്കറ്റില്‍ ഫിസിക്കല്‍ ഫിറ്റ്‌നസ് മാത്രം കൊണ്ട് കാര്യമില്ല, മാനസിക ധൈര്യത്തിന്റെ കൂടി കളിയാണത്. വൈകാരിക നിയന്ത്രണം ഒരു താരത്തിന് അത്യാന്താപേക്ഷികമാണ്. കോഹ്‌ലിയുടെ കളിക്കളത്തിലെ ആവേശം അവന്റെ ആരാധാകരെ ഹരം കൊള്ളിക്കുകയും ടീമിനെ പ്രചോദിപ്പിക്കുകയും ചെയ്യാറുണ്ടെങ്കിലും, അതേ പോലെ തിരിച്ചടിക്കാറുമുണ്ട്.
തിരിച്ചടിച്ച ആവേശം; ചില ഉദ്ദാഹരണങ്ങള്‍
എംസിജെ സംഭവം ഒറ്റപ്പെട്ടയൊന്നല്ല. 2023 ലോകകപ്പ് ഫൈനലില്‍ മാര്‍നസ് ലാബുഷെയ്‌നുമായി കോഹ്‌ലി കൊമ്പു കോര്‍ത്തിരുന്നു. എന്നാല്‍, തന്റെ എതിരാളിയെ മാനസികമായി തകര്‍ക്കാമെന്ന വിരാടിന്റെ കണക്ക് കൂട്ടല്‍ തെറ്റി. വര്‍ദ്ധിത വീര്യത്തോടെ ബാറ്റ് വീശിയ ലാബുഷെയ്ന്‍ ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഓസീസ് കിരീടധാരണത്തിന് അയാള്‍ മികച്ച പിന്തുണ നല്‍കി. എതിരാളിയെ തളര്‍ത്തുന്നതിന് പകരം ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്ന തരത്തിലേക്ക് വക മാറിപ്പോകുന്ന അക്രമണോത്സുകതയ്ക്ക് കോഹ്‌ലിയുമായി ബന്ധപ്പെട്ട് ഇനിയും ഉദ്ദാഹരണങ്ങളുണ്ട്. 2021 ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പര. അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍, ജോണി ബെയര്‍സ്‌റ്റോയെ പ്രകോപിതനാക്കാന്‍ കോഹ്‌ലി ശ്രമിച്ചു. അതിന്റെ ഫലം അനുഭവിച്ചത് ടീമായിരുന്നു. രണ്ട് ഇന്നിംഗ്‌സിലും സെഞ്ച്വറി അടിച്ച ബെയര്‍സ്റ്റോ ആ മത്സരത്തില്‍ തന്റെ ടീമിനെ വിജയിപ്പിച്ച് പരമ്പര സമനിലയിലുമാക്കി.
പലപ്പോഴും സ്വന്തം ടീമിനെ ഊര്‍ജസ്വലരും വിജയദാഹികളുമാക്കുന്ന കോഹ്ലിയുടെ ആക്രമണോത്സുകത, ചിലപ്പോഴൊക്കെ എതിരാളിയെയും പ്രചോദിപ്പിക്കാറുണ്ടെന്നതിന്റെ തെളിവുകളാണിവ. ലാബുഷെയ്‌നും ബയെര്‍സ്റ്റോയും പോലുള്ള കളിക്കാര്‍ മാനസികബലം കൂടി കളിക്കളത്തില്‍ പ്രകടിപ്പിക്കുന്നവരാണ്. അത്തരക്കാരെ കൂടുതല്‍ കരുത്തരാക്കാനെ കോഹ്‌ലിയുടെ പ്രകോപനങ്ങള്‍ കാരണമാകു.
ആവേശമോ നിരാശയോ?
കോഹ്ലിയുടെ ഈ അഭിനിവേശം അദ്ദേഹത്തിന്റെ വിജയത്തിന്റെ പ്രധാന ചാലകശക്തിയാണെന്ന വസ്തുത നിഷേധിക്കാനാകുന്നല്ല. ഗ്രൗണ്ടില്‍ കാണിക്കുന്ന ഊര്‍ജ്ജവും, വിജയത്തിനായുള്ള അശ്രാന്ത പരിശ്രമവും, എതിരാളികളുമായുള്ള വീരോചിതമായ ഏറ്റുമുട്ടലുകളും പലപ്പോഴും മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കാന്‍ സഹായമായിട്ടുണ്ട്. കളിക്കളത്തില്‍ അയാള്‍ കാണിക്കുന്ന വിജയാഹ്ലാദങ്ങളും, ആര്‍പ്പു വിളികളും ആക്രോശങ്ങളും തന്റെ സഹതാരങ്ങളെ ഉത്തേജിപ്പിക്കാനും അതേസമയം എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനും കാരണമായിട്ടുണ്ട്. ഈ ആക്രമണോത്സുക ആവേശം, അത് ബാറ്റിംഗ് സമയത്തോ, ഫീല്‍ഡിംഗിനിടയിലോ, അതുമല്ല ഡഗ് ഔട്ടില്‍ നിന്നായാലും ഇന്ത്യയെ നിര്‍ണായക വിജയങ്ങള്‍ നേടാന്‍ സഹായിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഒരു ഫിസിക്കല്‍ ഗെയിം എന്നതുപോലെ തന്നെ അതൊരു മെന്റല്‍ ഗെയിം കൂടിയാണ്. ഒരു കായിക മത്സരത്തിന്റെ മാനസികവശത്തെ ഒരിക്കലും അവഗണിച്ചുകൂടാ.
വിരാട് വാക്കുകളാലോ പ്രവര്‍ത്തികളാലോ കാണിക്കുന്ന ആക്രമണോത്സുക സമീപനം എതിരാളികളുടെ മാനസിക നിലയെ സ്വാധീനിക്കാറുണ്ട്. അത് ഗുണമായും ദോഷമായും ഭവിക്കാമെന്നു മാത്രം. ബെയര്‍സ്റ്റോയെയോ ലാബുഷെയ്‌നെയോ പോലെ മാനസികമായി തയ്യാറെടുത്തു വന്നിരിക്കുന്ന ഒരു കളിക്കാരനെ സംബന്ധിച്ച് കോഹ്‌ലിയുടെ പ്രകോപനങ്ങള്‍ അവര്‍ക്ക് കൂടുതല്‍ കരുത്തേകും.
വാസ്തവത്തില്‍ കോഹ്‌ലിയുടെ ഈ അഗ്രഷന്‍ ഇരുതല മൂര്‍ച്ചയുള്ള വാളാണ്. എതിരാളികളെ തളര്‍ത്തുന്നതുപോലെ തന്നെ അവരെ ഉണര്‍ത്തുകയും ചെയ്യും.
പൊട്ടിത്തെറിക്കലും നിയന്ത്രണവും
ഒരു ലോകോത്തര പോരാളായിക്കുന്നതില്‍, ഈ ആക്രമണോത്സുകതയും കോഹ്‌ലിക്ക് ഗുണം ചെയ്യുന്നുണ്ടെങ്കിലും, തന്റെ വികാരങ്ങള്‍ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും മുന്‍ നായകന്‍ മനസിലാക്കേണ്ടതുണ്ട്. ടീമിന് ഗുണം ചെയ്യുന്ന രീതിയില്‍ അത് പലപ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നത് വിസ്മരിക്കേണ്ട. ഗ്രൗണ്ടിലെ ഓരോ വിജയവും കോഹ്‌ലി ആസ്വദിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ! അയാള്‍ തന്റെ സന്തോഷവും ആവേശവും ഒരിക്കലും നിയന്ത്രിക്കാറില്ല. അവന്റെ ശബ്ദം ഗ്രൗണ്ടില്‍ മുഴുവന്‍ പടരും, സ്വയം മറന്ന് തുള്ളിച്ചാടും, സഹതാരങ്ങളെ അവന്‍ എടുത്തുയര്‍ത്തും വാരിപ്പുണരും. കളിക്കളത്തിലെ അദ്ദേഹത്തിന്റെ വൈകാരികമായ പ്രതിബദ്ധത പലപ്പോഴും വിജയത്തിനായുള്ള ഇന്ത്യയുടെ കൂട്ടായ പ്രേരണയ്ക്ക് ഊര്‍ജം പകരുന്നതാണ്. അയാളുടെ വിജയദാഹം തന്നെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിരവധി നാഴികകല്ലുകള്‍ പിന്നിടാന്‍ വിരാടിനെ സഹായിച്ചതും.
ഇതിനൊരു മറുവശവുമുണ്ട്. എംസിജെയില്‍ കോണ്‍സ്റ്റാസിനെതിരേ കണ്ടതുപോലുള്ള പ്രകോപനങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കും. കോഹ്ലിയുടെ സ്വഭാവത്തിലെ തീവ്രത അയാളെ പെട്ടെന്ന് നിരാശയിലേക്കും അനിയന്ത്രിതയിലേക്കും നയിച്ചേക്കാം. ഇത് വ്യക്തിപരമായി മാത്രമല്ല, മൊത്തം ടീമിനെയും ബാധിക്കും. കോഹ്‌ലിക്ക് കൈവിട്ടു പോകുന്ന സാഹചര്യങ്ങള്‍ ടീമിന്റെ മോശം പ്രകടനത്തിന് കാരണമാകും. കളിയില്‍ നിന്ന് ശ്രദ്ധ മാറിപ്പോകുന്നത് ഒരിക്കലും നല്ലതല്ലല്ലോ!
ഈ സ്വഭാവം ഇരുതല മൂര്‍ച്ചയുള്ള ആയുധം തന്നെയാണ്. നായകനായിരുന്നപ്പോഴും ഇപ്പോള്‍ ടീമിലെ ഏറ്റവും സീനിയറായ കളിക്കാരനെന്ന നിലയിലും ഈ സ്വഭാവം തന്നെയാണ് പ്രധാന ഘടകം. റെക്കോര്‍ഡുകള്‍ തകര്‍ക്കാനും, ടീമിനെ പ്രചോദിപ്പിക്കാനും, എതിരാളികളെ തകര്‍ക്കാനും കോഹ്‌ലി ഉപയോഗപ്പെടുത്തുന്ന ആയുധം. എന്നാല്‍, ഈ സ്വഭാവം എതിരാളികളെയും വീറുള്ളവരാക്കും. ഒരു മത്സരത്തിന്റെ ചൂടേറിയ നിമിഷങ്ങളില്‍, ആവേശവും വൈകാരിക പ്രതികരണങ്ങളും തമ്മില്‍ തിരിച്ചറിയാനാകാതെ വരും. ഈ കാലങ്ങളിലെല്ലാം ഈ അതിര്‍ത്തി വരകള്‍ കോഹ്‌ലി പലതവണയായി മുറിച്ചു കടന്നിട്ടുണ്ട്. അത് ടീമിന് ഗുണം ചെയ്തിട്ടുമുണ്ട്, പലപ്പോഴും ദോഷവും.
ആരാധകര്‍ അംഗീകരിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നതാണ് വിരാടിന്റെ ആക്രമണോത്സുകത. അയാളിലെ ക്രിക്കറ്ററുടെ കരുത്തായി അവര്‍ കാണുന്നതുമതാണ്. എന്നാല്‍ വിമര്‍ശകര്‍ വിരാടിന്റെ നിരാശയുടെ പ്രതിഫലനമായാണതിനെ കാണുന്നത്. അദ്ദേഹം പലപ്പോഴും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാണിക്കാറില്ലെന്ന് കുറ്റപ്പെടുത്തുന്നു.
തന്റെ അഭിനിവേശം പ്രകടിപ്പിക്കാന്‍ ഫലപ്രദമായൊരു മാര്‍ഗം കണ്ടെത്തേണ്ടത് കോഹ്‌ലിക്ക് അത്യാവശ്യമാണ്. ക്രിക്കറ്റില്‍ ഒരുപാട് ഉയരങ്ങളില്‍ അയാള്‍ എത്തി നില്‍ക്കുകയാണ്. പല നേട്ടങ്ങളും റെക്കേര്‍ഡുകളും അയാള്‍ക്കുണ്ട്. എങ്കിലും വിരാടിന്റെ മുന്നില്‍ ഇപ്പോഴമുള്ള വെല്ലവിളി അയാളുടെ സ്വഭാവം തന്നെയാണ്. കളിയോടുള്ള അഭിനിവേശം, എതിരാളികള്‍ക്ക് ഗുണം ചെയ്യാനും, സ്വന്തം ടീമിന് ദോഷമാകാനും അനുവദിക്കാതെ, തന്റെ രാജ്യത്തിന് അഭിമാനകരമായ ഫലങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടവിധത്തില്‍ പ്രകടമാക്കുകയെന്നതാണ് കോഹ്‌ലി ചെയ്യേണ്ടത്.
അസാധാരണമായ കഴിവുകളും തീവ്രമായ വിജയദാഹവുമാണ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി വിരാട് കോഹ്‌ലിയെ മാറ്റിയിരിക്കുന്നത്. വിവാദങ്ങളും വിമര്‍ശനങ്ങളും മാറ്റി നിര്‍ത്തി പറഞ്ഞാല്‍, വിരാട് സ്വന്തമാക്കിയ നേട്ടങ്ങളും കളിയോടയാള്‍ക്കുള്ള അചഞ്ചലമായ അഭിനിവേശവും വിരാടിനെ ഒരു ക്രിക്കറ്റ് ഇതിഹാസമാക്കുന്നു. ഈ ആക്രമണോത്സുകതയാണ് കോഹ്‌ലിയുടെ ഐഡന്റിറ്റി. അതൊരുതരത്തില്‍ ഇരുതല മൂര്‍ച്ചയുള്ള വാളാണെങ്കിലും, കായിക ലോകം കണ്ട, ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളുടെ നിര്‍വചനം കൂടിയാണത്. Virat Kohli’s Aggression Is a Double-Edged Sword
Content Summary; Virat Kohli’s Aggression Is a Double-Edged Sword