ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലേയ്ക്ക്, ലോകകപ്പിന്റെ പരാജയത്തിന്റെ മധുര പ്രതികാരം കൂടി നിര്‍വ്വഹിച്ചുകൊണ്ട്, ഇന്ത്യയെ കൈപിടിച്ച് കടത്തിയ വിരാട് കോഹ്‌ലിയുടെ 84 റണ്‍സുകളില്‍ 64-ഉം വിക്കറ്റുകള്‍ക്കിടയിലോടി സ്വന്തമാക്കിയതായിരുന്നു. 56 സിംഗിള്‍സ്, നാല് ഡബിള്‍സ്. രോഹിത് ശര്‍മ്മ, ശ്രേയസ്, അക്സര്‍ പട്ടേല്‍, കെ.എല്‍.രാഹുല്‍ എന്നിവര്‍ക്കെല്ലാം കോഹ്‌ലി സ്ട്രൈക്ക് റോട്ടേറ്റ് ചെയ്തുകൊണ്ടിരുന്നു. ഫോറുകളും സിക്സറുകളും കൊണ്ടല്ല, എല്ലാ ഓവറുകളിലും റിക്വയേര്‍ഡ് റണ്‍റേറ്റ് പൂരിപ്പിച്ച് അനായാസം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ച് കൊണ്ടാണ്, ഓസ്ട്രേലിയയുടെ മനോവീര്യത്തെയാണ് കോഹ്‌ലി കെടുത്തിയത്.
മാരകമായ സ്‌ട്രൈക്കുകള്‍ ഇന്ത്യ നടത്തുമെന്ന കണക്ക് കൂട്ടിയ ഓസ്ട്രേലിയ ആ സ്ട്രൈക്കുകള്‍ക്കിടയില്‍ വിക്കറ്റ് നഷ്ടം സംഭവിക്കുമെന്നായായിരുന്നു ലക്ഷ്യം വച്ചത്. 268 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ നേടാതിരിക്കാന്‍ ആദ്യത്തെ നാലോ അഞ്ചോ വിക്കറ്റുകള്‍ പെട്ടന്ന് നേടുക എന്നതായിരുന്നു അവരുടെ പ്ലാന്‍. ഒരു സിക്സറും മൂന്ന് ഫോറുമടിച്ച് തുടക്കത്തില്‍ ഞെട്ടിച്ച ശേഷം വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ രോഹിത് ശര്‍മ്മയും പെട്ടന്ന് മടങ്ങിയ ലോക നമ്പര്‍ വണ്‍ ഗുഭ്മാന്‍ ഗില്ലും അവര്‍ക്ക് പ്രതീക്ഷയും നല്‍കി. തുടര്‍ന്ന്, പക്ഷേ ശ്രേയസ് അയ്യരോടൊപ്പം കോഹ്‌ലി ക്ഷമയോടെ, വണ്‍ഡേ ക്രിക്കറ്റിന്റെ മുഴുവന്‍ സൗന്ദര്യത്തേയും തന്റെ ബാറ്റിലേയ്ക്ക് ആവാഹിച്ച് കളിക്കാനാരംഭിച്ചു. വിരാടും ശ്രേയസും ചേര്‍ന്നെടുത്ത 91 റണ്‍സുകളാണ് ഓസ്ട്രേലിയയുടെ സ്ഥിരം ആത്മവിശ്വാസത്തിന്റെ കടയ്ക്കല്‍ പതിച്ചത്. നാലേ നാല് ഫോറുകള്‍ മാത്രമേ കോഹ്‌ലിയുടെ 84 റണ്‍സിന്റെ ഇന്നിംഗ്സില്‍ ഉണ്ടായിരുന്നുവെങ്കിലും സ്‌ട്രൈക് റേറ്റ് 85.71 ആയിരുന്നു.
പതിനേഴ് വര്‍ഷങ്ങളായി കോഹ്‌ലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തിയിട്ട്. വയസ് 36. ഒരു ക്രിക്കറ്ററെ, ബാറ്ററെ സംബന്ധിച്ച് തന്റെ കരിയറിന്റെ അവസാന കാലത്തേയ്ക്ക് കടന്നു. കോഹ്‌ലിയുടെ റിട്ടയര്‍മെന്റിനെ കുറിച്ച് ചര്‍ച്ചകളുയരുന്നുണ്ട്. അപ്പോഴാണ് തന്റെ ഓട്ടത്തിന്റെ വേഗത കൊണ്ട് കോഹ്‌ലി അത്ഭുതപ്പെടുത്തത്. ഉസൈന്‍ ബോള്‍ട്ടിന്റെ വേഗതയുമായി താരതമ്യപ്പെടുത്തിയാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ കോഹ്‌ലിയുടെ ഓട്ടത്തെ ചര്‍ച്ച നടക്കുന്നത്. പലരും തങ്ങളുടെ കരിയറിന്റെ ചില ഘട്ടങ്ങളില്‍ ഈ വേഗതയും സ്റ്റാമിനയും പ്രകടിപ്പിക്കുമെങ്കിലും അത് നീണ്ട് നില്‍ക്കാറില്ല. എന്നാല്‍ കോഹ്‌ലിയുടെ കാര്യം വിഭിന്നമാണ്.
2023-ല്‍ ക്രിക് ഇന്‍ഫോ നടത്തിയ പഠനപ്രകാരം തന്റെ 15 വര്‍ഷത്തെ കരിയറില്‍ ഇരുവിക്കറ്റുകള്‍ക്കിമിടയില്‍ വിരാട് കോഹ്‌ലി ഓടിയിട്ടുള്ളത് 277 കിലോമീറ്ററാണ്. തന്റെ സഹ ബാറ്റര്‍മാര്‍ക്ക് റണ്‍ എടുക്കാന്‍ നോണ്‍ സ്ട്രൈക്കര്‍ എന്ന നിലയില്‍ ഓടിയിട്ടുള്ളത് കൂട്ടിയാല്‍ 510 കിലോമീറ്റര്‍ വരും. സ്വന്തം റണ്ണിനായി 276.57 കിലോമീറ്റര്‍ ഓടി 13,748 റണ്‍സ് കരസ്ഥമാക്കാനും പാര്‍ട്ണനര്‍ക്ക് വേണ്ടി നോണ്‍ സ്ട്രൈക്കര്‍ എന്ന നിലയില്‍ 233.48 കിലോമീറ്റര്‍ ഓടി 11,606 റണ്‍സ് നേടിക്കൊടുക്കാനും കഴിഞ്ഞു. 2023-ലെ ഐ.സി.സി വേള്‍ഡ് കപ്പിന് മുന്നേയുളള കണക്കാണിത്. ആ ലോകകപ്പില്‍ മാത്രം വിരാട് കോഹ്‌ലി അടിച്ചെടുത്തത് 765 റണ്‍സാണ്. ഒരു വണ്‍ഡേ സീരീസില്‍ ഇന്ന് വരെ ഒരു കളിക്കാരന്‍ നേടിയിട്ടുള്ള ഏറ്റവും കൂടിയ റണ്‍സ്.
കഴിഞ്ഞ ദിവസത്തെ കോഹ്‌ലിയുടെ കളി വിശകലനം ചെയ്തുകൊണ്ട് ഒരു ക്രിക്കറ്റ് ലേഖകന്‍ പറഞ്ഞത് വണ്‍ ഡേകളില്‍ ചേസിംഗ് നടത്തുമ്പോള്‍ ചെസില്‍ കരുനീക്കങ്ങള്‍ നടത്തുന്നത് പോലെയാണ് അദ്ദേഹം കളിക്കുന്നത് എന്നാണ്. എം.എസ് ധോണിയും മൈക്കേല്‍ ബേവനുമാണ് അങ്ങനെ കണക്ക് കൂട്ടികളിച്ചിരുന്നത് എന്ന് നിരീക്ഷിക്കുന്ന ലേഖകന്‍ അവരേക്കാള്‍ മികച്ച ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പദ്ധതിയിടുന്നത് പോലെയാണ് കോഹ്‌ലി നീക്കങ്ങള്‍ നടത്തുന്നത് എന്ന് നിരീക്ഷിക്കുന്നു. കൃത്യമായ പ്ലാനിങ്, കരുതലോടെയുള്ള ആരംഭം, വളരെ കണക്ക് കൂട്ടിയുള്ള മൈന്‍ഡ് ഗെയിം തന്ത്രം, പിഴയില്ലാത്ത എന്‍ഡ് ഗെയിം-ശരിക്കും ഒരു ഗ്രാന്‍ഡ് മാസ്റ്റര്‍ ചെസ് കളിക്കുന്നത് പോലെ. ഓസ്ട്രേല്യയുടെ മുന്‍ ക്യാപ്റ്റനും ഇതേ നീക്ഷണമാണ് നടത്തിയത്. ”ഒരിക്കല്‍ കൂടി കോഹ്‌ലി എല്ലാം കൃത്യമായി കണക്കുകൂട്ടി. തന്നെ സ്വന്തം ടീമിന് എന്താണോ ആവശ്യം, അതു മനസിലാക്കി കളിക്കുക എന്നതാണ് ഒരു ലോകോത്തര കളിക്കാരന്‍ ചെയ്യുക, പാകിസ്താനെതിരെയുള്ള മത്സരത്തിലെ സെഞ്ച്വറിയും കോഹ്‌ലി ഇതേ പോലെ കണക്കാക്കി അടിക്കുന്നത് നാം കണ്ടു.”-ക്ലാര്‍ക്ക് പറഞ്ഞു.
എങ്ങനെയാണ് ഇത് കോഹ്‌ലിക്ക് സാധിക്കുന്നത്? ലോക ടെന്നീസ് ഇതിഹാസം ജോക്കോവിച്ച് മുതല്‍ ലോകത്തെമ്പാടുമുള്ള സ്പോര്‍ട്സ് ഇതിഹാസങ്ങള്‍ പുകഴത്തുന്ന ശാരീരിക മികവ് 36-ാം വയസിലും പുലര്‍ത്താനാകുന്നു എന്നതാണ് പ്രധാനം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൂടി കാണിയായുള്ള, ലോകകപ്പിലെ ന്യൂസിലന്‍ഡുമായുള്ള സെമി ഫൈനലിലാണ്, 50 -ാം ഏകദിന സെഞ്ചുറി എന്ന റിക്കാര്‍ഡില്‍ കോഹ്‌ലി എത്തുന്നത്. 35-ാം വയസില്‍. തൊണ്ണൂറുകളിലെത്തിയപ്പോള്‍ ആദ്യമായി കോഹ്‌ലി അല്‍പം പരിഭ്രാന്തനായ പോലെ കാണപ്പെട്ടു. വലിയൊരു നേട്ടത്തിന്റെ വ്യാപ്തി ചിലപ്പോള്‍ അദ്ദേഹത്തെ ഒന്ന് പിടിച്ച് കുലുക്കിയിരിക്കും. ഒരു സിംഗിള്‍ ഓടുന്നതിനിടയില്‍ കാലിന്റെ മസില്‍ വലിഞ്ഞത് പോലെ തോന്നി. പെട്ടന്ന് സഹായിക്കാന്‍ ന്യൂസിലന്‍ഡ് കളിക്കാരും ഓടി കൂടി. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം നിശബ്ദമായി, ആരോഗ്യ പാലനത്തില്‍ അതീവ ശ്രദ്ധപുലര്‍ത്തുന്ന, ഫിറ്റ്നസ് ഫ്രീക്കായ സൂപ്പര്‍ സ്റ്റാറിന് പരിക്ക് പറ്റുകയോ? പക്ഷേ ഒന്നും സംഭവിച്ചില്ല. കുറച്ച് നേരത്തിനുള്ളില്‍ എല്ലാം ശാന്തമായി. തന്റെ 50-ാം സെഞ്ചുറി പൂര്‍ത്തിയാക്കി, 117 റണ്‍സില്‍ കോലി എത്തി. ഇതിന് ശേഷമായിരുന്നു. കോഹ്‌ലിയുടെ മഹത്തായ നേട്ടത്തെ ജോക്കോവിച്ചടക്കം സകലരും പുകഴ്ത്തി. ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കേല്‍ വോഗന്‍ എഴുതി: ”വൈറ്റ് ബാള്‍ ക്രിക്കറ്റില്‍ നല്ല ആരോഗ്യാവസ്ഥയില്‍, ശരീരമുണ്ടായിരിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. വിക്കറ്റിനിടയിലെ ഓട്ടം, ഔട്ട് ഫീല്‍ഡില്‍ ചുറുചുറുക്കോടെയുണ്ടാവുക എന്നിവ അതീവ പ്രധാന്യമുള്ള കാര്യങ്ങളാണ്. അതിനേറ്റവും വലിയ ഉദാഹരണം വിരാട് കോഹ്‌ലിയാണ്. നാലു മണിക്കൂര്‍ ഫീല്‍ഡില്‍ ചുറുചുറുക്കോടെ ഓടി നടക്കുക, പിന്നെ 3-4 മണിക്കൂര്‍ ബാറ്റ് ചെയ്യുക തന്റെ മാസ്റ്റര്‍മൈന്‍ഡ് തന്ത്രങ്ങളിലൂടെ ചേസിങ് നടത്തുക, അതാണ് കോഹ്‌ലി’.
കളി തുടങ്ങുന്ന കാലത്ത് നിന്ന് 12 കിലോ കുറച്ച കോഹ്‌ലി കൃത്യമായ ഭക്ഷണവും ആരോഗ്യക്രമവും സൂക്ഷിച്ചാണ് ഈ ശാരീരികക്ഷമത നിലനിര്‍ത്തുന്നത്. രുചികളില്‍ നിന്ന് താന്‍ എന്നോ പിന്മാറിയെന്ന് കോഹ്‌ലി പറയുന്നു. വെളത്തിലും ആവിയിലും പുഴുങ്ങിയ ഭക്ഷണം മാത്രമാണ് എത്രയോ കാലമായി കഴിക്കുന്നത്, കുരുമുളകും നാരങ്ങയും ഉപ്പും മാത്രമേ ചേര്‍ക്കൂ. മസാലകള്‍ ചേര്‍ത്തതോ കറി രൂപത്തിലുള്ളതോ കഴിക്കില്ല. വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍ എന്നിവയില്‍ ശ്രദ്ധിക്കുക, ധാരാളം വെള്ളം കുടിക്കുക ഇതാണ് അടിസ്ഥാനപരമായി ചെയ്യുന്നത്- തന്റെ 36-ാം പിറന്നാള്‍ ഘട്ടത്തില്‍ കോഹ്‌ലി പറഞ്ഞു. Kohli’s runs scored between wickets
Content Summary; Virat Kohli’s runs scored between wickets