ലോകത്തിന് മുന്നില്‍ ചരക്കുനീക്കത്തിന്റെ പറുദീസമായി മാറാന്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ് വിഴിഞ്ഞം തുറമുഖം. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ ചരക്കുമായി കേരള തീരത്തിലേക്ക് വന്നുതുടങ്ങും. ഇങ്ങനെയൊരു തുറമുഖം വരുമോയെന്നും വന്നല് എന്താണ് ഗുണമെന്നുമൊക്കെ ചോദിച്ചവരും ഏറെയാണ്. അവര്‍ക്ക് മുന്നിലാണ് പ്രതീക്ഷയുടെ കണ്ടെയ്നര്‍ തുറക്കപ്പെട്ടിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖം വിഴിഞ്ഞത്ത് യാഥാര്‍ത്ഥ്യമായതോടെ അവകാശവാദവും മുറുകുകയാണ്.
കോണ്‍ഗ്രസ് നേതാക്കള്‍ വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ഉമ്മന്‍ചാണ്ടിക്ക് നല്കുമ്പോള് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ പത്മജ വേണുഗോപാലാകട്ടെ കരുണാകരന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇട്ടാണ് വിഴിഞ്ഞത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. വാദപ്രതിവാദങ്ങള്‍ മുറുകുമ്പോഴും ഏവരും അറിയേണ്ട ആളാണ് മുന്‍ മന്ത്രിയായിരുന്ന ടിഎ മജീദ്.
തിരുകൊച്ചി നിയമസഭയിലും കേരള നിയമസഭയുടെ ഒന്നും മൂന്നും നാലും അഞ്ചും ടേമില്‍ വര്‍ക്കലയില്‍ നിന്നുമുള്ള ഇടതുപക്ഷ എംഎല്‍എ ആയിരുന്നു ടിഎ മജീദ്. ആദ്യ ഇഎംഎസ് മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി കൂടിയായിരുന്നു. അന്ന് തുറമുഖ വകുപ്പ് പൊതുമരാമത്തിന് കീഴിലായിരുന്നു.
1957 മെയ് ആറിലെ നിയമസഭാ ചോദ്യോത്തര വേളയില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പൊതുമരാമത്ത് മന്ത്രി ആയിരുന്ന ടിഎ മജീദിനോട്, എം സദാശിവന് എംഎല്‍എ ചോദിക്കുകയുണ്ടായി ‘വിഴിഞ്ഞം ഹാര്‍ബര്‍ പണിയുന്നതിനായി സര്‍ക്കാര്‍ എന്തെങ്കിലും നപടി സ്വീകരിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ എന്താണെന്ന്’
വിഴിഞ്ഞം ഹാര്‍ബര്‍ പണിയുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ ആരംഭിക്കുകയും അതിലേക്ക് 1,20,000 രൂപയുടെ എസ്റ്റിമേറ്റ് അനുവദിക്കുകയും ചെയ്തിരുന്നു എന്നായിരുന്നു മന്ത്രി മറുപടി നല്‍കിയത്.
മന്ത്രിയായിരിക്കെ ടിഎ മജീദ് ആയിരുന്നു ആദ്യമായി വിഴിഞ്ഞത്തെ കുറിച്ച് പഠിക്കാനായി ഒരു അന്വേഷണ സംഘത്തെ നിയമിച്ചത്. 1958 ല്‍ വിഴിഞ്ഞത് ഹാര്‍ബര്‍ നിര്‍മാണത്തിനായുള്ള ലാന്റ് സര്‍വേയും പൂര്‍ത്തിയായിരുന്നു. മറൈന്‍ സര്‍വെ നടന്നുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു നെഹ്റു ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിടുന്നത്. ടിഎ മജീദ് നിയോഗിച്ച പഠന സമിതിയുടെ അടിസ്ഥാനത്തിലാണ് 1961 സെപ്തംബറില്‍ കേന്ദ്ര മന്ത്രിയായ എസ്കെ പട്ടേല്‍ വിഴിഞ്ഞത്ത് ഹാര്‍ബര്‍ നിര്‍മാണത്തിന് തറക്കല്ലിടുന്നത്. ഇതായിരുന്നു വിഴിഞ്ഞത്ത് സ്ഥാപിക്കപ്പെട്ട ആദ്യ കല്ല്. 1962 ലായിരുന്നു വിഴിഞ്ഞത്ത് ഹാര്‍ബര്‍ നിര്‍മാണം ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകാന്‍ 17 വര്‍ഷം വേണ്ടിവന്നു.
യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെ ആണെന്നിരിക്കെയാണ് യുവ നേതാക്കളും ബിജെപിയും സ്വന്തം അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് വാരിക്കൂട്ടാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് മറുകണ്ടം ചാടിയ പത്മജ കരുണാകരന്റെ ഫോട്ടോ വിഴിഞ്ഞത്തോട് ചേര്‍ത്തുവച്ചത് പുനപരിശോധന നടത്തേണ്ടത് കൂടിയാണ്. 1991 ല്‍ കെ കരുണാകരന് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് തുറമുഖ മന്ത്രിയായിരുന്ന എംവി രാഘവന് വിഴിഞ്ഞം തുറമുഖ സാധ്യതകളെ കുറിച്ച് പഠനം നടത്താന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ലക്ഷ്യത്തിലെത്തിയിരുന്നുമില്ല.
2006 ല്‍ വി.എസ് സര്‍ക്കാര്‍ വിഴിഞ്ഞത്തിനായി കൂടുതല്‍ താല്പര്യം കാട്ടി. സ്ഥലമേറ്റെടുക്കലടക്കമുള്ള അടിസ്ഥാന വികസനത്തിന് നടപടികള്‍ തുടങ്ങി. 2015 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് തുറമുഖ നിര്‍മാണത്തിനായി അദാനി ഗ്രൂപ്പുമായി കരാറിലെത്തിയത്. പിന്നീട് 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് തുറമുഖ നിര്‍മാണത്തിന്റെ പ്രധാന പണികള്‍ ആരംഭിച്ചത്. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ പാരിസ്ഥിതിക അനുമതി ഇതിനകം ലഭിച്ചിട്ടുണ്ട്. രണ്ടാംഘട്ട നിര്‍മാണം മേയില്‍ ആരംഭിക്കും. vizhinjam port; ta majeed who no malayli shoul forget
Content Summary: vizhinjam port; ta majeed who no malayli shoul forget