83 വർഷത്തെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ അന്ത്യം; വോയ്സ് ഓഫ് അമേരിക്കയിൽ കൂട്ടപ്പിരിച്ചുവിടൽ തുടർന്ന് ട്രംപ്

മാർച്ച് മുതൽ ഏകദേശം 1,400 പേരെയാണ് ഇതുവരെ പിരിച്ചുവിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്

യുഎസ് സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന അമേരിക്കയിലെ ഔദ്യോ​ഗിക റേഡിയോ ബ്രോഡ്കാസ്റ്റിങ് നെറ്റവർക്കായ വോയ്സ് ഓഫ് അമേരിക്കയിലെയും മാതൃസ്ഥാപനമായ യുഎസ് ഏജൻസി ഫോർ ​ഗ്ലോബൽ മീഡിയയിലെയും 639 ജീവനക്കാരെ പിരിച്ചുവിട്ട് ട്രംപ് ഭരണകൂടം. മാർച്ച് മുതൽ ഏകദേശം 1,400 പേരെയാണ് ഇതുവരെ പിരിച്ചുവിട്ടിരിക്കുന്നതെന്ന് ദി ​ഗാർഡിയൻ പുറത്തുവിട്ട് റിപ്പോർട്ടിൽ പറയുന്നു. യുഎസ്എജിഎമ്മിലെ ട്രംപിന്റെ മുതിർന്ന ഉപദേഷ്ടാവായ കാരി ലേക്കാണ് പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. യുഎസ് ഏജൻസി ഫോർ ​ഗ്ലോബൽ മീഡിയയിൽ നിലവിൽ 250 ജീവനക്കാർ മാത്രമാണുള്ളത്.

ഇസ്രായേലും ഇറാനും തമ്മിലുള്ള സമീപകാല സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനായി ഫാർസി സംസാരിക്കുന്ന റിപ്പോർട്ടർമാരെ അവധിയിൽ നിന്ന് തിരിച്ചുവിളിച്ചതിന് തൊട്ടുപിന്നാലെയാണ് പിരിച്ചുവിടലുകൾ നടന്നത്. എല്ലാ ആഴ്ചകളിലും 360 ദശലക്ഷം ജനങ്ങളിലേക്ക് പല ഭാഷകളിലായി വോയ്സ് ഓഫ് അമേരിക്ക എത്തിയിരുന്നു. എന്നാൽ ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരത്തിലേറിയതിന് പിന്നാലെ ഇക്കഴിഞ്ഞ മാർച്ചിൽ വൈറ്റ് ഹൗസ് വോയ്സ് ഓഫ് അമേരിക്കക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുകയായിരുന്നു. ഇടതുപക്ഷത്തിന്റെ പ്രൊപ്പ​ഗണ്ടയാണ് വിഒഎ എന്ന് പറഞ്ഞ വൈറ്റ് ഹൗസ് ദി വോയ്‌സ് ഓഫ് റാഡിക്കൽ അമേരിക്ക എന്നും വിളിച്ചു. ഔദ്യോഗിക പ്രസ്താവനകൾ ലഭിക്കാതെ ഹമാസ് അംഗങ്ങളെ ഭീകരർ എന്ന് മുദ്രകുത്താൻ വോയ്സ് ഓഫ് അമേരിക്ക വിസമ്മതിച്ചത് യുഎസ് സർക്കാരിനെ ചൊടിപ്പിച്ചിരുന്നു.

ലോകമെമ്പാടുമുള്ള ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും യുഎസ് ആദർശങ്ങൾ ഉയർത്തിപ്പിടിച്ച 83 വർഷത്തെ സ്വതന്ത്ര പത്രപ്രവർത്തനത്തിന്റെ അന്ത്യമാണിതെന്ന് പത്രപ്രവർത്തകരായ പാറ്റ്സി വിദാകുസ്വര, ജെസീക്ക ജെറിയറ്റ്, കേറ്റ് നീപ്പർ എന്നിവർ ഒരു പ്രസ്താവനയിൽ പറഞ്ഞു.

ആ​ഗോളതലത്തിൽ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി അമേരിക്ക ഉപയോ​ഗിച്ച പ്രാഥമിക ഉപകരണമായിരുന്നു യുഎസ് ഏജൻസി ഫോർ ​ഗ്ലോബൽ മീഡിയ. 1942 ൽ നാസി പ്രചാരണത്തിനെതിരെ പോരാടുന്നതിനായാണ് വോയ്സ് ഓഫ് അമേരിക്ക ആരംഭിച്ചത്. അമേരിക്കയിൽ നിന്നുള്ള ശബ്ദങ്ങൾ ഞങ്ങൾ നിങ്ങൾക്ക് കൊണ്ടുവരുന്നു” എന്ന വാക്കുകളോടെയാണ് വോയ്സ് ഓഫ് അമേരിക്കയുടെ ആദ്യ പ്രക്ഷേപണം തുടങ്ങുന്നത്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനിലെ തടവറകളിൽ കഴിയുന്നവർക്ക് പാശ്ചാത്യ വാർത്തകൾ കേൾക്കുന്നതിനായി വിഒഎ ഏറെ ഉപകാരപ്രദമായിരുന്നു. ആ ചരിത്രമാണ് ട്രംപിന്റെ വെട്ടിക്കുറയ്ക്കൽ നടപടികളിലൂടെ ഇല്ലാതാകാൻ പോകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഫെഡറൽ ഏജൻസികളെ ലക്ഷ്യമിട്ടുള്ള ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതോടെയാണ് മാർച്ചിൽ ഏജൻസിയുടെ പിരിച്ചുവിടൽ ആരംഭിച്ചത്. വിഒസി ജീവനക്കാരെ ബ്യൂറോക്രാറ്റുകളെന്ന് വിമർശിച്ച ട്രംപ് തൊഴിലാളികളെ ശമ്പളത്തോടുകൂടിയുള്ള അവധിയിൽ പ്രവേശിപ്പിക്കുകയും പ്രക്ഷേപണങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. വിഒസിയുടെ നടത്തിപ്പിനായി ട്രംപ് തിരഞ്ഞെടുത്ത ലേക്ക്, സ്വതന്ത്രമായ പത്രപ്രവർത്തനത്തിന് പകരം വലതുപക്ഷ ട്രംപ് അനുകൂല നെറ്റ്‌വർക്കായ വൺ അമേരിക്ക ന്യൂസ് നെറ്റ്‌വർക്കിൽ (OANN) നിന്നുള്ള ഉള്ളടക്കം ഉപയോഗിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ് ചെയ്തത്. വോയ്സ് ഓഫ് അമേരിക്കയുടെ തൊഴിലാളികളിൽ ഭൂരിഭാഗവും കരാർ തൊഴിലാളികളാണ്. അതിനാൽ വിഒസ് പ്രവർത്തനരഹിതമായാൽ തൊഴിൽ വിസയിൽ താമസിക്കുന്നവർക്ക് ഉടൻ തന്നെ രാജ്യമുപേക്ഷിക്കേണ്ടി വരും.

Content Summary: Voice of America layoffs; Trump administration almost dismantles Voice of America

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment