സമാധാന പദ്ധതിയുമായി സെലെന്‍സ്‌കി

ട്രംപിന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് സെലെന്‍സ്‌കി പറഞ്ഞതായും വാര്‍ത്തകള്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് സാധ്യമായൊരു സമാധാന പദ്ധതി മുന്നോട്ടുവച്ച് വോളോഡിമര്‍ സെലെന്‍സ്‌കി. അമേരിക്കയുമായി സന്ധി ചെയ്യാന്‍ തയ്യാറായിക്കൊണ്ടാണ് യുക്രെയ്ന്‍ പ്രസിഡന്റ് പുതിയ നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡൊണാള്‍ഡ് ട്രംപിന്റെ ‘ശക്തമായ നേതൃത്വത്തിന്’ കീഴില്‍ പ്രവര്‍ത്തിക്കാനും തന്റെ രാജ്യത്തിന്റെ ധാതുസമ്പത്ത് യുഎസിന് ലഭ്യമാക്കുന്ന ഒരു കരാറില്‍ ഒപ്പുവെക്കാനും തയ്യാറാണെന്ന് സെലെന്‍സ്‌കി പ്രഖ്യാപിച്ചതായാണ് വാര്‍ത്തകള്‍. എന്നാല്‍ ട്രംപിനെ അംഗീകരിക്കാന്‍ സെലെന്‍സ്‌കി തയ്യാറായി എന്ന വാര്‍ത്തകള്‍ കീവ് സ്ഥിരീകരിച്ചിട്ടില്ല. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സെലെന്‍സ്‌കി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടുന്നുണ്ട്. അതേസമയം ട്രംപിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത അദ്ദേഹം സൂചിപ്പിച്ചിട്ടില്ലെന്നാണ് മറ്റു ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വൈറ്റ് ഹൗസ് ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ യുക്രെയ്‌നുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തിയിരുന്നു. ഇതോടെയാണ് ട്രംപിനോട് സമരസപ്പെടാന്‍ സെലെന്‍സ്‌കി തയ്യാറായിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. വാഷിംഗ്ടണുമായുള്ള ബന്ധം എത്രയും വേഗം പുനസ്ഥാപിക്കുകയെന്നതാണ് യുക്രെയ്ന്‍സ് പ്രസിഡന്റിന്റെ ലക്ഷ്യം. എത്രയും വേഗം അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താന്‍ തയ്യാറാണെന്നും സെലെന്‍സ്‌കി അറിയിച്ചിട്ടുണ്ട്. ‘ സമാധാനത്തിനായുള്ള യുക്രെയ്‌ന്റെ പ്രതിബദ്ധത ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നു’ സെലെന്‍സ്‌കി എക്‌സില്‍ കുറിച്ചിട്ടുണ്ട്.

വളരെ അപ്രതീക്ഷിതമായൊരു നീക്കത്തില്‍, യുക്രെയ്നും യുഎസും നിര്‍ണായക ധാതുക്കളുടെ കാര്യത്തില്‍ ഒരു കരാറില്‍ ഒപ്പുവെക്കുന്നതിനടുത്തെത്തിയിരിക്കുന്നു, ഇത് സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയേക്കാമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍പ് സഹായിച്ചതിന്റെ കടം തിരിച്ചടയ്ക്കാനാണ് ട്രംപ് സെലെന്‍സ്‌കിയോട് ആവശ്യപ്പെട്ടിരുന്നത്. തങ്ങള്‍ ചെയ്ത സൈനിക സഹായത്തിന്റെ പണം തിരികെ വേണമെന്ന അമേരിക്കയുടെ ആവശ്യം യുക്രെയ്‌നെ ആശങ്കപ്പെടുത്തിയിരുന്നു. പത്തു തലമുറയോളം കടക്കെണിയിലാക്കുന്ന നീക്കമാണ് യുഎസ്സിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നായിരുന്നു രാജ്യത്തിന്റെ ഭയം പങ്കുവച്ച് സെലെന്‍സ്‌കി പറഞ്ഞത്. ട്രംപിന്റെ ഈ തന്ത്രമായിരുന്നു അപൂര്‍വ ധാതുക്കളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി സെലെന്‍സ്‌കിയെ വാഷിംഗ്ടണില്‍ എത്തിച്ചത്. എന്നാല്‍ റഷ്യന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കങ്ങള്‍, ചര്‍ച്ച പരാജയപ്പെട്ടു. പിന്നാലെയാണ് യുക്രെയ്‌ന്റെ സൈനിക സഹായത്തിന് ഇനി അമേരിക്ക ഉണ്ടാകില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇത്തരമൊരു തീരുമാനത്തില്‍ അമേരിക്ക നിന്നാല്‍ അത് തങ്ങള്‍ക്ക് വലിയ അപകടമാണെന്ന് തിരിച്ചറിഞ്ഞാണ് അമേരിക്കന്‍ സഹായം നിലനിര്‍ത്താന്‍ ട്രംപിന്റെ ആവശ്യങ്ങള്‍ക്ക് സെലെന്‍സ്‌കി വഴങ്ങിയിരിക്കുന്നത്.

യുഎസ് സഹായം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെക്കുറിച്ച് നാറ്റോ സഖ്യകക്ഷികളെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. അമേരിക്കയുടെ തീരുമാനം പുറത്തുവന്നതോടെ, പരിഭ്രാന്തരായ യൂറോപ്യന്‍ നേതാക്കള്‍ ചൊവ്വാഴ്ച കീവിനുള്ള പിന്തുണ വീണ്ടും ഉറപ്പിച്ചിരുന്നു. ട്രംപിന്റെ തീരുമാനം യുഎസും യുക്രെയ്‌നും തമ്മിലുള്ള ഭിന്നത കൂടുതല്‍ വഷളാകാന്‍ സാധ്യതയുള്ളതാണ്. ട്രംപും സെലന്‍സ്‌കിയും തമ്മിലുള്ള ഭിന്നതയില്‍ ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുന്നത് റഷ്യന്‍ പ്രഡിഡന്റ് വ്ളോഡിമിര്‍ പുടിനാണ്. ട്രംപും സെലെന്‍സ്‌കിയും തമ്മിലുള്ള തര്‍ക്കം നീണ്ടുപോയാല്‍ യുക്രെയ്ന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനും ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനും പുടിനെ സഹായിക്കും.

യുക്രെയ്നിനുള്ള ചില ആയുധ വിതരണങ്ങള്‍ യുഎസ് മുമ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു നീക്കം ആദ്യമായിട്ടായിരുന്നു. ട്രംപിന്റെ വെടിനിര്‍ത്തല്‍ നിബന്ധനകള്‍ സെലന്‍സ്‌കി അംഗീകരിച്ചില്ലെങ്കില്‍ യുദ്ധത്തില്‍ വലിയ നഷ്ടങ്ങള്‍ യുക്രെയ്ന് നേരിടേണ്ടിവരുമെന്നുള്ള യുഎസിന്റെ അന്ത്യശാസനം കൂടിയാണ് സൈനിക സഹായങ്ങള്‍ തടഞ്ഞുകൊണ്ടുള്ള നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  Volodymyr Zelenskyy has proposed a possible peace plan to end the war

Content Summary; Volodymyr Zelenskyy has proposed a possible peace plan to end the war

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment