പാനമ കനാലിലെ രണ്ട് തുറമുഖങ്ങളിലെ ഭൂരിഭാഗം ഓഹരികളും യുഎസ് നിക്ഷേപ സ്ഥാപനമായ ബ്ലാക്ക് റോക്ക് ഗ്രൂപ്പിന് വില്‍ക്കാനൊരുങ്ങി ഹോങ്കോംഗ് കമ്പനിയായ സി. കെ ഹച്ചിസണ്‍ ഹോള്‍ഡിങ്ങ്‌സ് ലിമിറ്റഡ്. 23 ബില്ല്യണ്‍ ഡോളറിന്റെ ഇടപാടിലാണ് ഓഹരികള്‍ വില്‍ക്കുന്നത്.
കനാല്‍ ചൈനയുടെ നിയന്ത്രണത്തിലാണെന്നും പ്രധാന കപ്പല്‍ പാതയുടെ നിയന്ത്രണം യുഎസ് ഏറ്റെടുക്കണമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് വില്‍പ്പന. ആഗോള കരാര്‍ അനുസരിച്ച് 2047 വരെ
ബാല്‍ബോവ, ക്രിസ്‌റ്റോബല്‍ തുറമുഖങ്ങള്‍ പ്രവര്‍ത്തിക്കേണ്ട ഹച്ചിസണ്‍ കമ്പനി അവരുടെ 90 ശകമാനം ഓഹരികളും വില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പനാമ സിറ്റി സന്ദര്‍ശനത്തിന് ഒരു മാസത്തിനുശേഷമാണ് തീരുമാനമുണ്ടായിരിക്കുന്നത്. പാനമ പ്രസിഡന്റ് ജോസ് റൗള്‍ മുലിനോയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം, പനാമ കനാലിനു മേലുള്ള ചൈനയുടെ നിയന്ത്രണം അംഗീകരിക്കാനാവില്ലെന്നും യുഎസ് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞിരുന്നു.
അതേസമയം, ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഇത് പൂര്‍ണ്ണമായും വാണിജ്യപരമായ തീരുമാനമാണെന്നും സികെ ഹച്ചിസണ്‍ അറിയിച്ചു. ഹച്ചിസണിന്റെ നേതൃത്വത്തിലാണ് രണ്ട് പതിറ്റാണ്ടിലേറെയായി ബാല്‍ബോവ, ക്രിസ്‌റ്റോബല്‍ തുറമുഖങ്ങള്‍ പ്രവര്‍ത്തിക്കുന്നത.
ബ്ലാക്ക് റോക്ക് ഇന്‍കോര്‍പ്പറേറ്റഡ്, ഗ്ലോബല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പാര്‍ട്ണര്‍മാര്‍, ടെര്‍മിനല്‍ ഇന്‍വെസ്റ്റ്മെന്റ് എന്നിവയുമായി പ്രത്യേകമായി ചര്‍ച്ചകള്‍ നടത്തുമെന്ന് സമ്മതിച്ചതായും കമ്പനി അറിയിച്ചു.
കനാലിലേക്ക് കൂടുതല്‍ വെള്ളം എത്തിക്കുന്നതിനുള്ള അണക്കെട്ട് പദ്ധതിക്ക് പകരമായി ആഴ്ചകള്‍ക്ക് മുന്‍പ് മാര്‍ക്കോ റൂബിയോയുമായുള്ള കരാര്‍ പ്രകാരം യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ പാനമ സമ്മതിച്ചിരുന്നു.
പരിപാലിക്കുന്നതിലും താഴ്ന്ന ജലനിരപ്പ് കൈകാര്യം ചെയ്യുന്നതിലും പാനമ പരാജയപ്പെട്ടുവെന്ന് ലാറ്റിനമേരിക്കയിലെ ട്രംപിന്റെ ദൂതനായ മൗറീസിയോ ക്ലോവര്‍ കരോണ്‍ നേരത്തെ പറഞ്ഞിരുന്നു.
രാജ്യത്തിന്റെ ഹൃദയഭാഗമായ പാനമ കനാലാണ് ട്രംപിന്റെ ലക്ഷ്യമെന്നും ട്രംപിന്റെ സമ്മര്‍ദം കാരണമാണ് തുറമുഖങ്ങള്‍ വില്‍ക്കാനുള്ള കമ്പനിയുടെ തീരുമാനമെന്നും പാനമ നല്‍കുന്ന ഓരോ ഇളവുകളും ട്രംപിന്റെ തീരുമാനത്തിന് വഴങ്ങിക്കൊടുക്കലാണെന്നും പനാമിയന്‍ നയതന്തജ്ഞന്‍ പറഞ്ഞതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
പാനാമ യുഎസ് സമ്മര്‍ദത്തിന് വഴങ്ങുമെന്ന ആശങ്കകള്‍ ശക്തിപ്പെടുത്തുന്നതാണ് പുതിയ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Content Summary: Hong Kong’s CK Hutchison Holdings to sell Panama Canal ports to a US investment firm
CK Hutchison Panama Canal