June 03, 2026 |

ബിജെപിയുടെ വോട്ട് മോഷണം : രാഹുല്‍ ഗാന്ധിയുടെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’

തെരഞ്ഞെടുപ്പ് കമ്മീഷന് ഇനി ഒളിക്കാനാവില്ല

ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ ചുരുക്കം ചില നേതാക്കള്‍ മാത്രം ചെയ്യാന്‍ ധൈര്യപ്പെടുന്ന കാര്യം. രാജ്യമെമ്പാടും പ്രതിധ്വനിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു മാസ്റ്റര്‍ സ്‌ട്രോക്ക്! 2025 ഓഗസ്റ്റ് 7-ന് രാഹുല്‍ ഗാന്ധി നടത്തിയ ചരിത്രപരവും വൈകാരികവുമായ പത്രസമ്മേളനത്തെ അങ്ങനെതന്നെ വേണം വിശേഷിപ്പിക്കാന്‍. പത്രസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി സത്യം വിളിച്ചുപറയുക മാത്രമല്ല ശക്തമായ ഒരു മുന്നറിയിപ്പ് നല്‍കുകയായിരുന്നു. അദ്ദേഹം ഉയര്‍ത്തിയ ശബ്ദം ഒരുപക്ഷേ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തകര്‍ച്ച തടയാനുള്ള അവസാന പോരാട്ടമായിരിക്കാം.

അത് വെറുമൊരു പത്രസമ്മേളനം മാത്രമായിരുന്നില്ല. തെരഞ്ഞെടുപ്പ് കൃത്രിമത്വത്തിനെതിരെയും, സ്ഥാപനങ്ങളുടെ സമഗ്രതയുടെ തകര്‍ച്ചയ്‌ക്കെതിരെയും, സത്യപ്രതിജ്ഞ ചെയ്ത ഭരണഘടനയെ ഭയപ്പെടാത്ത ഭരണകൂടത്തിനെതിരെയും ഉള്ള ശക്തമായ ഒരു കുറ്റപത്രമായിരുന്നു രാഹുല്‍ ഗാന്ധി അവതരിപ്പിച്ചത്.
അദ്ദേഹം 90 മിനിറ്റിലധികം നേരം പത്രസമ്മേളനത്തില്‍ സംസാരിച്ചത് വെറുതെ വാഗ്വാദം നടത്താനോ ഊഹാപോഹങ്ങള്‍ പങ്കുവെക്കാനോ അല്ല, മറിച്ച് കൃത്യമായ കണക്കുകള്‍ അവതരിപ്പിക്കാനാണ്.

മണ്ഡലം തോറും വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തിയതും, തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇരട്ടിപ്പിച്ചതും, ജനാധിപത്യ മാനദണ്ഡങ്ങള്‍ ചവിട്ടിമെതിച്ചതും എങ്ങനെയെന്ന് തെളിവുകള്‍ സഹിതം അദ്ദേഹം വിശദീകരിച്ചു. ബാംഗ്ലൂര്‍ സെന്‍ട്രലിലെ മഹാദേവപുരയില്‍ നടന്നത് ഉദാഹരണമായി അദ്ദേഹം തെളിവ് സഹിതം ചൂണ്ടിക്കാണിച്ചപ്പോള്‍ തത്സമയം അത് കാണുകയായിരുന്ന രാജ്യത്തെ ജനാധിപത്യവിശ്വാസികള്‍ ഒന്നടങ്കം ഞെട്ടുകയായിരുന്നു.
• 11,965 ഇരട്ട വോട്ടര്‍മാര്‍
• 40,009 വ്യാജ വിലാസങ്ങള്‍
• 10,452 വോട്ടര്‍മാര്‍ ഒറ്റമുറി വീടുകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍
• 4,132 വ്യാജ ഫോട്ടോഗ്രാഫുകള്‍
• 33,692 കൃത്രിമമായ ഫോം-6 എന്‍ട്രികള്‍

ഇത് ഒരു മണ്ഡലത്തിന്റെ മാത്രം കണക്കാണ്. വ്യക്തമായ ദൃശ്യങ്ങള്‍, രേഖപ്പെടുത്തിയ ഉദാഹരണങ്ങള്‍, ഗുര്‍കിരത് സിംഗ് പോലുള്ള യഥാര്‍ത്ഥ വ്യക്തികളെ പേരെടുത്തു പറഞ്ഞും, രാഹുല്‍ ഗാന്ധി രാജ്യത്തോട് സത്യം വിളിച്ചു പറഞ്ഞു. സത്യം വിളിച്ചു പറഞ്ഞപ്പോഴെല്ലാം രാഹുല്‍ ഗാന്ധിയെ ഇതിന് മുമ്പ് നിശബ്ദമാക്കാന്‍ ശ്രമിച്ച കാര്യം നാം മറക്കരുത്. ബിജെപി നയിക്കുന്ന സര്‍ക്കാരും അവരുടെ മാധ്യമ, പോലീസ്, ജുഡീഷ്യറി സഖ്യകക്ഷികളും രാഹുല്‍ ഗാന്ധിയെ വ്യവസ്ഥാപിതമായി ലക്ഷ്യം വെച്ചിട്ടുണ്ട്.
• പ്രധാനമന്ത്രിയുടെ വിവാദ വ്യവസായികളുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തതിന് അദ്ദേഹത്തെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കി.
• സാങ്കേതിക കാരണങ്ങളാല്‍ അദ്ദേഹത്തിന്റെ ലോക്സഭാ നാമനിര്‍ദേശം തള്ളി.
• അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തു. ഫോണ്‍ ചോര്‍ത്തി. ഓരോ നീക്കവും നിരീക്ഷിച്ചു.
• ആരും ചോദിക്കാന്‍ ധൈര്യപ്പെടാത്ത ചോദ്യങ്ങള്‍ ഉന്നയിച്ചതിന് അദ്ദേഹത്തെ ജയിലിലടച്ചു.

എന്നിട്ടും, രാഹുല്‍ഗാന്ധി ഒരിക്കലും പിന്‍വാങ്ങിയില്ല. ഭാരത് ജോഡോ യാത്രയിലൂടെയോ, ന്യായ് യാത്രയിലൂടെയോ, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവരോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന്, രാഹുല്‍ ഗാന്ധി ഈ രാഷ്ട്രത്തിന്റെ ആത്മാവ് വീണ്ടെടുക്കാന്‍ പോരാടുകയായിരുന്നു. ഒപ്പം പോരാടിയ മറ്റുള്ള പലരും ഓടിപ്പോയപ്പോഴോ നിശബ്ദരായപ്പോഴോ അദ്ദേഹത്തിന്റെ പോരാട്ടവീര്യം കുറഞ്ഞില്ല.

ഈ പത്രസമ്മേളനവും ഒറ്റപ്പെട്ട ഒരു പ്രവൃത്തിയല്ല. ഇത് സമഗ്രാധിപത്യത്തിനെതിരായുള്ള പ്രതിരോധത്തിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇനി ഒളിക്കാനാവില്ല. അവതരിപ്പിച്ച ഡാറ്റ അന്വേഷിക്കുന്നതിന് പകരം, സത്യം വിളിച്ചു പറയുന്നയാളിന്റെ വായടപ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നത്. സത്യവാങ്മൂലം ആവശ്യപ്പെടുകയും നടപടിക്രമങ്ങളില്‍ കളിക്കുകയും ചെയ്യുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍, വോട്ട് സംരക്ഷിക്കുന്നതിനേക്കാള്‍ കൃത്രിമം കാണിച്ച ശക്തരായവരെ സംരക്ഷിക്കുന്നതിലാണ് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്.

ഫോം-17സി ഡാറ്റ പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചതും, സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതും ഇതേ തെരഞ്ഞെടുപ്പ് കമ്മീഷനാണ്. മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലെ സംശയാസ്പദമായ വോട്ടര്‍ പാറ്റേണുകളെ ന്യായീകരിക്കാന്‍ ശ്രമിച്ചതും ഇവര്‍ തന്നെയാണ്. തെളിവുകള്‍ ഹാജരാക്കുന്നവരെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നു.

രാഹുല്‍ ഗാന്ധിയുടെ ശബ്ദം ഇന്ത്യയുടെ ശബ്ദമാണ്. ആ ശബ്ദം നിശബ്ദരാക്കപ്പെട്ട, വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട, വോട്ടവകാശം തട്ടിയെടുക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകളെ പ്രതിനിധീകരിക്കുന്നു. ഇതിന് നേരെ മൗനം പാലിക്കുന്നവര്‍ ജനാധിപത്യത്തിന്റെ തകര്‍ച്ചയില്‍ പങ്കാളികളാണെന്ന് പറയേണ്ടി വരും.

ഇത് ഒരു നേതാവിനെക്കുറിച്ചുള്ള ഭംഗി വാക്കുകളല്ല. ഭരണഘടനയില്‍ വിശ്വസിക്കുന്ന ഓരോ പൗരനും വേണ്ടിയുള്ള പോരാട്ടത്തെക്കുറിച്ചാണ്. തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യത്തിന്റെ തൂണായി തുടരണമോ, അതോ ഭരണവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ മാത്രം സേവിക്കുന്ന ഒരു നാടകമായി തുടരണമോ എന്നതിനെ കുറിച്ചാണ്.
”ഇപ്പോള്‍ സംസാരിച്ചില്ലെങ്കില്‍, ഇന്ത്യ എന്ന രാജ്യം ഇനി നിലനില്‍ക്കില്ല” എന്ന് രാഹുല്‍ ഗാന്ധി പറയുമ്പോള്‍, അത് നാടകീയമാകുന്നില്ല. ആ വാക്കുകള്‍ പ്രവചനാത്മകമാണ്.

അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധി രാജ്യത്തോട് പറഞ്ഞ സത്യം പ്രചരിപ്പിക്കുക. തെളിവുകള്‍ പങ്കുവെക്കുക. ചര്‍ച്ച ചെയ്യുക. പക്ഷേ, അവഗണിക്കരുത്. കാരണം, ഈ പോര് വോട്ടുകളെ മാത്രം സംബന്ധിച്ചതല്ല. ഇത് ഇന്ത്യയുടെ ഭാവിയെ കുറിച്ചാണ്. ഓര്‍ക്കുക; ഭയപ്പെടുത്തലിന്റെയും കൃത്രിമത്വത്തിന്റെയും കാലത്ത് ആര് സത്യത്തോടൊപ്പം ധീരമായി നിന്നു, ആര് വെറുതെ നോക്കി നിന്നു എന്നത് ചരിത്രം ഓര്‍ത്തുവെക്കും. Vote Theft: Rahul Gandhi’s ‘Master Stroke’

Content Summary: Vote Theft: Rahul Gandhi’s ‘Master Stroke’

മന്‍സൂര്‍ പള്ളൂര്‍

മന്‍സൂര്‍ പള്ളൂര്‍

എ ഐ സി സിയുടെ  ഓവർസീസ് കോൺഗ്രസ്സ് വിഭാഗത്തിൽ മിഡിൽ ഈസ്റ്റ് കൺവീനറാണ് ലേഖകൻ . ആനുകാലിക, വിദേശകാര്യ വിഷയങ്ങളെക്കുറിച്ച് എഴുതാറുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് ? എന്ന പുസ്തകം അന്തർദ്ദേശീയ തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×