‘വോട്ട് കൊള്ള’ വിഷയത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷ എംപിമാരെ അറസ്റ്റ് ചെയ്തുനീക്കി ഡൽഹി പോലീസ്. പോലീസ് തടഞ്ഞതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കുള്ള പ്രതിപക്ഷ എംപിമാരുടെ മാർച്ചിൽ നടക്കുന്നത് നാടകീയ രംഗങ്ങളാണ്. രാഹുൽ ഗാന്ധി നയിച്ച മാർച്ച് ഡൽഹി പോലീസ് ട്രാൻസ്പോർട്ട് ഭവന് മുന്നിൽവെച്ച് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു.
പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും എംപിമാർ തയ്യാറായില്ല. തുടർന്ന് രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരടക്കമുള്ള നേതാക്കൾ പോലീസുമായി സംസാരിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ ‘ഇന്ത്യ’ സഖ്യത്തിലെ എംപിമാരും പങ്കെടുത്തു.
പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞതിനെ തുടർന്ന് എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രാദേശിക ഭാഷകളിലുള്ള പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ എത്തിയത്. 25 പ്രതിപക്ഷ പാർട്ടികളിൽനിന്നായി 300 എംപിമാരാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് മാർച്ച് നടത്തുന്നത്.
മാർച്ചിൽ തൃണമൂൺ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് ദേഹാസ്ഥ്വാസ്ഥ്യം അനുഭവപ്പെട്ടു. എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയിലാണ് മഹുവയ്ക്ക് ദേഹാസ്ഥ്വാസ്ഥ്യമുണ്ടായത്. മറ്റൊരു വനിത എംപിയും കുഴഞ്ഞുവീണു. അടിയന്തര വൈദ്യസഹായം നൽകാനുള്ള നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ആരോപണം ഉണ്ട്. കുഴഞ്ഞുവീണ എംപിയെ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെയും ബിഹാറിലെ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷനിലെയും (എസ്ഐആർ) വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെയായിരുന്നു പ്രതിഷേധം. രാവിലെ 11:30-ന് പാർലമെന്റിന്റെ മകർദ്വാറിൽ നിന്ന് ആരംഭിച്ച മാർച്ചിൽ കോൺഗ്രസ്, സമാജ്‍വാദി പാർട്ടി, ടിഎംസി, ഡിഎംകെ, എഎപി, ആർജെഡി, എൻസിപി (എസ്പി), ശിവസേന (ഉദ്ധവ് വിഭാഗം), നാഷണൽ കോൺഫറൻസ് തുടങ്ങിയ പാർട്ടികൾ പങ്കെടുത്തു.
കഴിഞ്ഞ മാസം ‘ഇന്ത്യ’ സഖ്യത്തിൽ നിന്ന് പുറത്തുപോയ ആം ആദ്മി പാർട്ടിയുടെ 12 എംപിമാരെ ഉൾപ്പെടുത്തുന്നതിനായി ‘ഇന്ത്യ’ സഖ്യത്തിന്റെ ബാനറില്ലാതെയാണ് മാർച്ച് നടത്തിയത്.
വോട്ട് ക്രമക്കേട് സംബന്ധിച്ച അടിയന്തര പ്രമേയത്തിനുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസ് നേരത്തെ തള്ളിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ സഭ ബഹിഷ്കരിച്ചിരുന്നു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എംപിമാർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്ക് 2 മണിവരെ നിർത്തിവെച്ചു.
അതേസമയം, വോട്ടർപട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് പരാതി നൽകിയവരുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തും. കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ ആവശ്യം അംഗീകരിച്ചാണ് കൂടിക്കാഴ്ചയ്ക്ക് കമ്മിഷൻ അനുമതി നൽകിയത്. 30 പേരാണ് ചർച്ചയിൽ പങ്കെടുക്കുക. അതേസമയം, ചർച്ചയുടെ അജൻഡ കമ്മിഷൻ പുറത്തുവിട്ടിട്ടില്ല. ഉച്ചയ്ക്ക് 12 മണിക്ക് കമ്മീഷൻ ഓഫീസിലെത്താൻ പരാതിക്കാർക്ക് നിർദേശം നൽകിയിരുന്നു.
വോട്ട് അട്ടിമറി ആരോപണങ്ങൾ ഉന്നയിച്ച് എൻഡിഎ സർക്കാരിനെതിരെ രാജ്യവ്യാപകമായ പ്രചാരണത്തിന് കോൺഗ്രസ് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ‘votechori.in’ എന്ന വെബ്സൈറ്റും 9650003420 എന്ന നമ്പറും കോൺഗ്രസ് പുറത്തിറക്കി.
‘ഒരു വ്യക്തി, ഒരു വോട്ട്’ എന്ന ജനാധിപത്യ തത്വത്തിന് നേരെയുള്ള ആക്രമണമാണ് നടക്കുന്നതെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. സുതാര്യമായ വോട്ടർപട്ടിക സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
content summary: Votechori opposition protested in Parliament
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.