ഇനിയൊരു മടങ്ങിവരവില്ല… വേലിക്കകത്ത് വീടിനോട് വിടചൊല്ലി വിഎസ്

കണ്ണീര്‍പൂക്കളുമായാണ് ജനം എതിരേറ്റത്

വികാരസാന്ദ്രമായ യാത്രയയപ്പായിരുന്നു വിഎസ് അച്യുതാനന്ദന് വേലിക്കകത്ത് വീട്‌ നല്‍കിയത്. അവസാന നോക്ക് കാണാനായി പെരുമഴയെ അവഗണിച്ചും പതിനാിയിരങ്ങളാണ് ഒഴുകിയെത്തിയത്. ഉച്ചത്തില്‍ തൊണ്ടപൊട്ടുമാറ് മുദ്രാവാക്യം വിളിച്ചും, ഇനി ആരുണ്ട് ഞങ്ങള്‍ക്കെന്നും ചോദിച്ച് അലമുറയിട്ടാണ് ജനക്കൂട്ടം സമരസഖാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. വികാരനിർഭര നിമിഷങ്ങൾക്കാണ് വേലിക്കകത്ത് വീട് സാക്ഷ്യം വഹിച്ചത്. സ്വന്തം വീട്ടിലെ ഒരംഗത്തെ നഷ്ടമായ വേദനയോടെയാണ് ഓരോരുത്തരും വേലിക്കകത്ത് വീട്ടിലേക്ക് എത്തിയത്.

ഇടതു മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും സിപിഐഎം സംസ്ഥാന നേതൃത്വവും വിഎസിന്റെ വേലിക്കകത്ത് വീട്ടില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ എത്തേണ്ടിയിരുന്ന വിലാപയാത്രയാണ് ഇന്ന് 12.15 ഓടെ പിറന്ന മണ്ണില്‍ എത്തിയത്. പുന്നപ്ര- വയലാര്‍ സമരത്തിന്റെ ഇരമ്പിയാര്‍ന്ന ഓര്‍മകളുടെ അവശേഷിപ്പായിരുന്നു വേലിക്കകത്ത് വീടിന് സമീപം കൂടിയ ജനക്കൂട്ടം. ജനങ്ങളുടെ സ്‌നേഹച്ചൂടില വെയിലും മഴയും തോറ്റ് മാറി. അവസാന യാത്രയ്‌ക്കൊരുങ്ങി വിഎസ് ആലപ്പുഴയിലെ മണ്ണില്‍ എത്തിയതോടെ ഇന്നോളം കാണാത്ത ജനസഞ്ചയത്തിനാണ് വിപ്ലവ മണ്ണ് സാക്ഷിയാകുന്നത്.

പിറന്ന മണ്ണില്‍ അവസാന യാത്രയ്ക്കായി വീണ്ടും എത്തിയപ്പോള്‍ കണ്ണീര്‍പൂക്കളുമായാണ് ജനം എതിരേറ്റത്. എവിടെയും സങ്കടം നിറഞ്ഞ മുഖങ്ങള്‍ മാത്രം. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പടുത്തുയര്‍ത്താന്‍ അഹോരാത്രം പ്രയത്‌നിച്ച വിപ്ലവനായകനെ വേലിക്കകത്ത് വീടും ജനിച്ച നാടും അഭിമാനത്തോടെയാണ് യാത്രയാക്കുന്നത്. കണ്ണേ കരളേ വിഎസ്സേ…, ഇല്ലാ ഇല്ലാ മരിക്കുന്നില്ല…, ജീവിക്കുന്നു ഞങ്ങളിലൂടെ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ വിഎസിന് യാത്രമൊഴി നല്‍കുന്നത്.

വീട്ടില്‍ നിന്ന് ആലപ്പുഴ ജില്ല കമ്മിറ്റി ഓഫീസിലേക്കാണ് ഇനി കൊണ്ടുപോകുക. അരമണിക്കൂറാണ് അവിടെ അന്തിമോപചാരത്തിന് സമയം നിശ്ചയിച്ചിട്ടുള്ളത്. തുടര്‍ന്ന് ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വൈകിട്ട് വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടക്കും. VS bids farewell to velikkakath house

Content Summary: VS bids farewell to velikkakath house

This post was last modified on July 23, 2025 4:17 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment