April 20, 2025 |
Avatar
Share on

മോദിക്ക് മൂന്ന് കണ്ടകശനിയാകുമോ?

ജി.എല്‍. വര്‍ഗീസ് വാജ്‌പേയി സര്‍ക്കാരിനു 13 ഭാഗ്യമെന്നോ ദോഷമെന്നോ ഒക്കെയായിരുന്നു അന്ന് സംഖ്യാശാസ്ത്രക്കാരുടെ വിലയിരുത്തല്‍. വാജ്‌പേയി സര്‍ക്കാരിനു ശേഷം അധികാരത്തിലെത്തിയ നരേന്ദ്ര മോദിക്കും സര്‍ക്കാരിനും മൂന്നിന്റെ സംഖ്യാദോഷമാണെന്നു പറയാം. മൂന്നിലൊന്നു ഭൂരിപക്ഷത്തിന്റെ തിളക്കത്തില്‍ പാര്‍ലമെന്റില്‍ നിറഞ്ഞിരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും മൂന്നില്‍ ചുറ്റി ചക്രം തിരിയുകയാണ്. അഴിമതിക്കെതിരേയുള്ള വോട്ടു നേടിയവര്‍ തന്നെയാണ് ഇതേ ചക്രത്തില്‍ വട്ടം തിരിഞ്ഞും മലക്കം മറിഞ്ഞും മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുന്നത്. സുഷമ- വസുന്ധര- സ്മൃതി കേന്ദ്ര കൂട്ടുകെട്ട് വസുന്ധര- ശിവരാജ്- രമണ്‍ […]

ജി.എല്‍. വര്‍ഗീസ്

വാജ്‌പേയി സര്‍ക്കാരിനു 13 ഭാഗ്യമെന്നോ ദോഷമെന്നോ ഒക്കെയായിരുന്നു അന്ന് സംഖ്യാശാസ്ത്രക്കാരുടെ വിലയിരുത്തല്‍. വാജ്‌പേയി സര്‍ക്കാരിനു ശേഷം അധികാരത്തിലെത്തിയ നരേന്ദ്ര മോദിക്കും സര്‍ക്കാരിനും മൂന്നിന്റെ സംഖ്യാദോഷമാണെന്നു പറയാം. മൂന്നിലൊന്നു ഭൂരിപക്ഷത്തിന്റെ തിളക്കത്തില്‍ പാര്‍ലമെന്റില്‍ നിറഞ്ഞിരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും മൂന്നില്‍ ചുറ്റി ചക്രം തിരിയുകയാണ്. അഴിമതിക്കെതിരേയുള്ള വോട്ടു നേടിയവര്‍ തന്നെയാണ് ഇതേ ചക്രത്തില്‍ വട്ടം തിരിഞ്ഞും മലക്കം മറിഞ്ഞും മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുന്നത്. സുഷമ- വസുന്ധര- സ്മൃതി കേന്ദ്ര കൂട്ടുകെട്ട് വസുന്ധര- ശിവരാജ്- രമണ്‍ സിംഗ് സംസ്ഥാന അഴിമതി കെട്ടുകളായി മാറിയിരിക്കുകയാണ് ബിജെപിക്കുള്ളില്‍. 

2ജി, കല്‍ക്കരി, എസ് ബാന്‍ഡ് സ്‌പെക്ട്രം തുടങ്ങി 10 വര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാരിനെ നിലംപരിശാക്കിയതില്‍ അന്നത്തെ പ്രതിപക്ഷമായ ബിജെപിക്ക് ആരോപിക്കാന്‍ നിരവധി അഴിമതി ആരോപണങ്ങളുണ്ടായിരുന്നു. മോദി സര്‍ക്കാര്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ വേളയില്‍ അവകാശപ്പെട്ടതും അഴിമതി മുക്തമായ ഭരണമെന്നായിരുന്നു. എന്നാല്‍, അതിനു ശേഷം ഒരു മാസം പിന്നിട്ടതിനിടയില്‍ യുപിഎ സര്‍ക്കാര്‍ 10 വര്‍ഷം കൊണ്ടു നേടിയ ബിരുദം ഈ ഒരു മാസത്തിനിടയില്‍ ബിജെപി സര്‍ക്കാര്‍ നേടിയതിനു തുല്യമായിട്ടു വേണം കണക്കാക്കാന്‍.

ഐപിഎല്‍ എന്ന പണമുണ്ടാക്കല്‍ മെഷീനുണ്ടാക്കി രാജ്യത്തെ ക്രിക്കറ്റ് കളിയെ വിറ്റഴിച്ചതിന്റെ ക്രഡിറ്റുള്ള ലളിത് മോദിക്ക് വഴിവിട്ട് ബ്രിട്ടണില്‍ നിന്നു യാത്ര ഇളവുണ്ടാക്കിയ സംഭവത്തിലാണ് സുഷമ- വസുന്ധര കൂട്ടുകെട്ട് മോദി സര്‍ക്കാരിനു കൊടുത്ത ആദ്യ സെല്‍ഫ്‌ഗോള്‍. ആര്‍എസ്എസും ഹിന്ദു തീവ്ര നേതാക്കളും കൊടുക്കുന്ന ചെറിയ ഗോളുകള്‍ക്കു പുറമേ അന്തപ്പുരത്തില്‍ നിന്നുള്ള സൂപ്പര്‍ കിക്ക്. ഐപിഎല്‍ സാമ്പത്തിക ക്രമക്കേട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്നതിനിടെ രാജ്യം വിട്ട ലളിത് മോദിക്ക് യാത്ര ചെയ്യാന്‍ ബ്രിട്ടണ്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതാണ് കേന്ദ്രമന്ത്രി സുഷമയ്‌ക്കെതിരേ ആരോപണം ഉയര്‍ന്നത്. ഇതിനു പിന്നാലെ ഇതേ ആരോപണത്തില്‍ വസുന്ധരയും ഉള്‍പ്പെട്ടു. ഒപ്പം ലളിത് മോദിയുടെ വഴിവിട്ട ഇടപാടുകളില്‍ സുഷമ-വസുന്ധരയുടെയും കുടുംബാംഗങ്ങളുടെയും ബന്ധങ്ങളും. രാജസ്ഥാനിലെ കൊട്ടാരം കൈമാറിയതു മുതല്‍ ഐപിഎല്‍ ഇടപാടിലെ പണം മകന്റെ വ്യവസായത്തില്‍ നിക്ഷേപിച്ചതും പുറത്തുവന്നിട്ടും സുഷമ-ലളിത്-വസുന്ധര കൂട്ടുകെട്ട് അഴിമതി ആരോപണങ്ങള്‍ പാടെ തള്ളിക്കളഞ്ഞ് ബിജെപി സ്വയമേറ്റു.

ചുവപ്പ് കാര്‍ഡ് കാട്ടേണ്ടിയിരുന്ന നരേന്ദ്ര മോദി മന്‍മോഹന്റെ പാതയിലാണെന്നു സ്വയം തെളിയിച്ചു. മോദിയോളം പോരില്ല ഉപ്പിലിട്ട മോദിയെങ്കിലും ലളിത് മോദി തെളിച്ചു കൊണ്ടു പോയ തേരില്‍ സുഷമ-വസുന്ധര മാത്രമല്ല, ബിജെപിയിലെ ആരൊക്കെയോ ഉണ്ടായിരുന്നു എന്നു വേണം തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ നിന്നു മനസിലാക്കാന്‍. അതുകൊണ്ടാണ് ആരോപണ വിധേയര്‍ രാജിവയ്ക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം കണ്ണടച്ചു തള്ളാന്‍ മോദിയെ പ്രേരിപ്പിച്ചതും.

ഇതില്‍ നിന്നു തലയൂരുന്നതിനു മുമ്പേയാണ് മധ്യപ്രദേശിലെ മരണ കുംഭകോണം ബിജെപിയെ തേര്‍ഡ് അമ്പയറിന്റെ മുന്നില്‍ കൊണ്ടു നിര്‍ത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ ഉദ്യോഗസ്ഥ നിയമനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളജുകളിലെ പ്രവേശനത്തിനുമായി സ്ഥാപിച്ച മധ്യപ്രദേശ് വ്യാവസായിക് പരീക്ഷ മണ്ഡലിലൂടെ വ്യാജമായി പരീക്ഷ നടത്തിയതും നിയമനം നടത്തിയതുമായ സംഭവമായിരുന്നു ഇത്. 2009 മുതല്‍ തുടങ്ങിയ വന്‍ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം പേര്‍ അറസ്റ്റിലായതിനൊപ്പം നാല്പതോളം ആളുകള്‍ വിവിധ രീതിയില്‍ മരിച്ചതോടെയാണ് സംഭവം പുറത്തായത്. നിയമനം ലഭിച്ചവരും പ്രഫഷണല്‍ കോളജുകളില്‍ പ്രവേശനം ലഭിച്ചവരും അഴിമതി പുറത്തുകൊണ്ടുവന്നവരും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരുമൊക്കെയായിരുന്നു മരിച്ചവരില്‍ ഏറെയും. ആത്മഹത്യ, വാഹനാപകടം എന്നിവയായിരുന്നു കൂടുതലും.

ആരുമറിയാതെ തുടര്‍ന്ന മരണ കുംഭകോണത്തില്‍ ആരോപണ വിധേയനായ ഗവര്‍ണര്‍ രാം നരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവിനെ ഗവര്‍ണറുടെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് സംഭവത്തിലെ പിന്നാമ്പുറങ്ങള്‍ മറനീക്കി തുടങ്ങിയത്. ഗവര്‍ണറുടെ പേര് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ഭരണഘടന പദവിയുടെ പരിരക്ഷയുള്ളതിനാല്‍ ഹൈക്കോടതി അത് റദ്ദാക്കി. ഇതിനു പിന്നാലെ അഴിമതി വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകനും അന്വേഷണത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ സംഘത്തിന്റെ ഭാഗമായി സഹകരിച്ച ജബല്‍പൂര്‍ മെഡിക്കല്‍ കോളജ് ഡീനുമെല്ലാം ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞതോടെ മരണ കുംഭകോണം രാജ്യത്ത് പ്രധാന ചര്‍ച്ചയാവുകയായിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ലക്ഷ്മികാന്ത് ശര്‍മയും അഴിമിതിക്കു ചുക്കാന്‍ പിടിച്ച ഖനി രാജാവ് സുധീര്‍ ശര്‍മയുമെല്ലാം അഴിക്കുള്ളിലാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കുടുംബവും മാത്രമല്ല, മധ്യപ്രദേശിലെ ബിജെപി- ആര്‍എസ്എസ് നേതാക്കളില്‍ ഭൂരിപക്ഷം പേരും ആരോപണത്തില്‍ ഉള്‍പ്പെടുന്നു.

സിബിഐ അന്വേഷണമാകാമെന്നു ശിവരാജ് സിംഗ് ചൗഹാന്‍ സമ്മതിച്ചെങ്കിലും ആരോപണങ്ങള്‍ അണമുറിയാതെ ഇളകി മറിഞ്ഞു വീണ്ടുമെത്തുന്നതു ബിജെപിയെ മാത്രമല്ല, ആര്‍എസ്എസിനെ തന്നെ ഉലക്കുന്നുണ്ട്. അഴിമതിക്കു ചുക്കാന്‍ പിടിച്ച ഖനി രാജാവിന്റെ മാസപ്പടി ഡയറി പുറത്തായതും അതു മധ്യപ്രദേശ് സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുകയായിരുന്നുവെന്നുമുള്ള പുതിയ വെളിപ്പെടുത്തലുകള്‍ പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയിരിക്കേ പുറത്തായതില്‍ ബിജെപി മാത്രമല്ല, മോദി സര്‍ക്കാരും മറുപടി പറയാന്‍ വശപ്പെടേണ്ടി വരും. സുഷമ-ലളിത് മോദി- വസുന്ധര കൂട്ടുകെട്ട് ഇടപാടുകള്‍ ചൂണ്ടിക്കാട്ടി പാര്‍ലമെന്റില്‍ ആഞ്ഞടിക്കുന്ന വ്യാപം അഴിമതിയില്‍ വരുന്ന ഓരോ വെളിപ്പെടുത്തലുകളും പ്രതിപക്ഷത്തിനു കിട്ടിയ ബോണസുകളായാണ് കണക്കാക്കുന്നത്. മാസപ്പടി ലിസ്റ്റില്‍ പേരുണ്ടായിരുന്ന കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടതും ഒരു സംഘടിത ആക്രമണത്തിനു ലക്ഷ്യംവച്ചു തന്നെ.

ഇതോടൊപ്പം റേഷന്‍ അഴിമതിയില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗിനെതിരേ ഉയര്‍ന്ന ആരോപണങ്ങളും പാര്‍ലമെന്റില്‍ ഉന്നയിക്കാനും പ്രതിപക്ഷം ലക്ഷ്യമാക്കുന്നുണ്ട്. വിദ്യാഭ്യാസ യോഗ്യതയില്‍ വ്യാജ പ്രസ്താവന നടത്തിയതിനു നിയമ നടപടികള്‍ക്കു വിധേയയാകുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേയുള്ള ആരോപണങ്ങള്‍ക്കും ഇതേ ആരോപണത്തിനു ആം ആദ്മി പാര്‍ട്ടിയുടെ മന്ത്രിയെ കേന്ദ്രത്തിന്റെ പോലീസ് അറസ്റ്റ് ചെയ്തതുമൊക്കെ മോദി സര്‍ക്കാരിന് ശരശയ്യ ഒരുക്കും. 

ബിജെപിയില്‍ തീരുമാനങ്ങളെടുക്കുന്നത് മോദി-അമിത് ഷാ- ജെയ്റ്റ്‌ലി മൂന്നംഗ കൂട്ടുകെട്ടാണെന്ന പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ ഇടയ്ക്കിടയ്ക്ക് തലയുയര്‍ത്തുന്നുണ്ടെങ്കിലും അഴിമതി ആരോപണങ്ങളില്‍ അവരും നിശബ്ദതയിലായതു മാത്രമാണ് പാര്‍ട്ടിക്ക് താത്കാലികാശ്വാസം. എന്നാല്‍, ത്രിമൂര്‍ത്തി ഭരണത്തിലെ അസഹിഷ്ണുത എത്രത്തോളം മറക്കുള്ളില്‍ വെക്കാനാവുമെന്ന ചോദ്യവും ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. എന്തായാലും മൂന്നില്‍ രണ്ടിന്റെ ഭൂരിപക്ഷത്തിലുള്ള അപ്രമാദിത്വം മൂന്നിന്റെ കൂട്ടുകെട്ടുകളില്‍ ചക്രം തിരിഞ്ഞ് തകരുമോയെന്ന ആശങ്കയും ഈ ചര്‍ച്ചകളില്‍ ഉയരുന്നുണ്ട്. മോദിക്ക് മൂന്ന് കണ്ടകശനിയാകുമോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Leave a Reply

Your email address will not be published. Required fields are marked *

×