ഏത് ബില്‍ വരുമ്പോഴും അതില്‍ കുറേ നല്ല കാര്യമുണ്ടാവും. എന്നാല്‍ വഖഫ് ബില്ല് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും ലക്ഷ്യമിടുന്നത് മുസ്ലിം സമുദായത്തിന്റെ സമ്പത്ത് കവരുകയാണ്. ഗുണങ്ങളൊക്കെ എന്തുണ്ടായാലും അതിന്റെ ആത്യന്തിക ലക്ഷ്യം ന്യൂനപക്ഷത്തെ തമസ്‌കരിക്കുകയാണ്. ഈ ബില്ലിന് ശേഷം ചര്‍ച്ചുകളുടെ ഭൂമിയും ലക്ഷ്യമിടുന്നു. ഇതൊന്നും ദേവസ്വം ഭൂമിക്ക് ബാധകമാക്കില്ല. മുസ്ലിം ന്യൂനപക്ഷത്തെ കുറിച്ച് പഠിക്കാന്‍ നിയമിച്ച സച്ചാര്‍ കമ്മീഷന്‍ പറഞ്ഞത് രാജ്യത്തെ വഖഫ് ഭൂമികള്‍ മുസ്ലിം സമുദായത്തിന്റെ ഗുണത്തിന് വേണ്ടി ഉപയോഗപ്പെടുത്തിയാല്‍ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ വലിയൊരളവോളം പരിഹരിക്കാന്‍ കഴിയുമെന്നാണ്. അങ്ങനെ മുസ്ലിംകള്‍ നന്നാവണ്ട എന്നുദ്ദേശിച്ചാണ് വഖഫ് ഭൂമി അട്ടിമറിക്കാനുള്ള ഒരു നിയമം കൊണ്ട് വരുന്നത്. പുതിയ നിയമം ഭരണഘടനയ്ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരാണെന്നതിനാലാണ് മതനിരപേക്ഷ വാദികള്‍ ബില്ലിനെതിരെ രംഗത്ത് വരുന്നത്. വഖഫ് സ്വത്തുക്കള്‍ മുസ്ലിംകളുടെ ദാനഭൂമി ഏകീകരിക്കപ്പെട്ടു കിടക്കുന്നതിനാല്‍ അവ എത്രയാണെന്ന് നിയമപരമായി തന്നെ കണക്കാക്കാന്‍ എളുപ്പമാണ്. അതുകൊണ്ടാണ് വഖഫ് സ്വത്ത് ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണെന്നൊക്കെ പറയാന്‍ കഴിയുന്നത്. ഇന്ത്യയിലെ ക്ഷേത്ര ഭൂമികള്‍ ഓരോന്നുമെടുത്ത് മൊത്തത്തില്‍ കണക്കുകൂട്ടിയാല്‍ ഒരുപക്ഷേ ഏറ്റവും വലിയ സമ്പന്നന്‍ ക്ഷേത്ര ഭൂമിയാണ്. ദേവസ്വം ഭൂമിയുടെ അളവ് ഹിന്ദു ഭരണകാലത്ത് തന്നെ അനിയന്ത്രിതമാണ്. അതില്‍ വലിയൊരു ഭാഗം അന്യാധീനപ്പെട്ട് കിടക്കുക തന്നെയാണ്. ഉദാഹരണത്തിന് ഗുരുവായൂരമ്പലത്തിന് ടിപ്പു സുല്‍ത്താന്‍ എണ്ണൂറോളം ഏക്കര്‍ ദാന ഭൂമി നല്കിയതായി റെക്കോര്‍ഡുകളില്‍ കാണുന്നു. ഈ ഭൂമിയൊക്കെ ഇന്നില്ലല്ലോ? ഓരോ ചര്‍ച്ചിന്റെ കീഴിലുള്ള ഭൂമി കണക്കുകൂട്ടിയാല്‍ സ്വത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലാവില്ല. ഏത് ഭൂമിയാണെങ്കിലും അത് രാജ്യത്തിന്റെയും സമൂഹങ്ങളുടേയും പുരോഗതി ലക്ഷ്യമാക്കണം. അതിന് വേണ്ടിയാണ് ദേവഭൂമിയും മുസ്ലിം ഭൂമിയുമൊക്കെ അതാത് സമുദായങ്ങള്‍ നീക്കിവച്ചത്. അത് അതാത് സമുദായങ്ങള്‍ക്ക് വേണ്ടി യഥാവിധി വിനിയോഗിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാറുകള്‍ക്ക് അവകാശമുണ്ട്.
ആര്‍എസ്എസിന്റെ പ്രഥമ ലക്ഷ്യം വഖഫ് ആക്ട് തന്നെ ഇല്ലാതാക്കലാണ്. അതിന്റെ ആദ്യ പടിയാണ് ഇപ്പോഴത്തെ വഖഫ് നിയമം എന്ന് മനസ്സിലാക്കാവുന്നതേയുള്ളു. ഇതുപോലെ ക്രിസ്തീയരുടെയും, സിക്കുകാരുടേയും, ബുദ്ധ മതക്കാരുടേയും, പാര്‍സികളുടേയുമൊക്കെ ദാന ഭൂമികള്‍ ഇല്ലാതാക്കാനാണ് സര്‍ക്കാറിന്റെ അടുത്ത ഉന്നം. അക്കാര്യമൊന്നും സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കാത്ത സ്ഥിതിക്ക് അതുവച്ച് വഖഫ് ഭേദഗതിയെ വിമര്‍ശിക്കേണ്ട കാര്യമില്ല. എന്നാല്‍ ഗുരുതരമെന്ന് മത നിരപേക്ഷ വാദികള്‍ പറയുന്നത് പുതിയ ബില്ല് നമ്മുടെ ഭരണഘടനയെ ചോദ്യം ചെയ്യുന്നു എന്നത് കൊണ്ടാണ്. അതിന് പ്രത്യക്ഷമായി തന്നെ തെളിവുകളുണ്ട്. ഒന്നാമതായി രേഖാപരമല്ലാത്ത വഖഫ് സ്വത്തുക്കള്‍ എന്താണെന്ന് വ്യക്തമാക്കാനുള്ള അധികാരം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്കുന്നു. വഖഫ് ഭൂമിക്കോ ദേവസ്വം ഭൂമിക്കോ ഒന്നും രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. കാലാകാലങ്ങളിലായി അവിടെ ദര്‍ഗകളോ പള്ളികളോ ശ്മശാന ഭൂമികളോ, ക്ഷേത്രങ്ങളോ ഉണ്ടാവും. എന്നാല്‍ കളക്ടര്‍ അത് വഖഫല്ല എന്ന് പ്രഖ്യാപിക്കുമ്പോള്‍ ആ ഭൂമി പിടിച്ചെടുത്ത് പള്ളിയോ ദര്‍ഗയോ പൊളിച്ച് മാറ്റാന്‍ സര്‍ക്കാറിന് കഴിയും. അപ്പോള്‍ പള്ളി പൊളിക്കാന്‍ ശിവലിംഗമോ മറ്റ് വസ്തുക്കളോ തെളിവായി കൊണ്ടുവരേണ്ട കാര്യമില്ല. അങ്ങനെ മുസ്ലിംകളുടെ മൗലികാവകാശത്തെ ഒറ്റയടിക്ക് ഇല്ലാതാക്കാനാവും.
ഇവിടെ ഓരോ സമുദായത്തിനും ഭൂമികളുണ്ട്. അത് നിയന്ത്രിക്കാനും ഉപയോഗപ്പെടുത്താനുമുള്ള അവകാശം അതാത് സമുദായങ്ങള്‍ക്ക് തന്നെയാണ്. ദേവസ്വം ഭൂമികള്‍ ക്ഷേത്രങ്ങളോ ദേവസ്വം ബോര്‍ഡുകളോ ആണ് നിയന്ത്രിക്കുന്നത്. മറ്റ് സമുദായാംഗങ്ങള്‍ക്ക് അവിടെ ഒരു കാര്യവുമില്ല. എന്നാല്‍ പുതിയ വഖഫ് നിയമ പ്രകാരം വഖഫ് ഭൂമിയുടെ ക്രയവിക്രയത്തില്‍ മറ്റ് സമുദായങ്ങളെ കൂടി നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. രണ്ട് അമുസ്ലിംകള്‍ നിര്‍ബന്ധമായും ബോര്‍ഡിലുണ്ടായിരിക്കണം. കേന്ദ്ര വഖഫ് ബോര്‍ഡിലെ ചെയര്‍മാനോ, എക്‌സ് ഒഫീഷ്യോ അംഗങ്ങളോ മുസ്ലിമായിരിക്കണമെന്ന നിബന്ധന ഭേദഗതിയില്‍ എടുത്ത് കളഞ്ഞു. അങ്ങനെ വരുമ്പോള്‍ ഇനി സര്‍ക്കാര്‍ ഭാഗത്ത് നിന്നും അല്ലാതെയും കൂടുതല്‍ അമുസ്ലിംകള്‍ ബോര്‍ഡുകളില്‍ വന്നേക്കും. ന്യൂനപക്ഷ വകുപ്പ് മന്ത്രിയും കേന്ദ്ര ബോര്‍ഡില്‍ അംഗമായിരിക്കണം. ബി.ജെ.പി ഭരണത്തില്‍ ഒരു മുസ്ലിം മന്ത്രിയെ പ്രതീക്ഷിക്കാത്തതിനാല്‍ മന്ത്രി പ്രതിനിധിയും മുസ്ലിം വിശ്വാസിയാവില്ല. ചുരുക്കത്തില്‍ വഖഫ് ബോര്‍ഡിനെ അപ്രസക്തമാക്കുകയാണ് ചെയ്യുന്നത്. നിലവില്‍ വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് ബോര്‍ഡും തര്‍ക്കങ്ങളുണ്ടെങ്കില്‍ ട്രിബ്യൂണലുകളുമാണ്. അതിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഹൈക്കോടതിയേയോ, സുപ്രീം കോടതിയേയോ സമീപിക്കുകയും ചെയ്യാം. ഈ വ്യവസ്ഥകളൊക്കെ അപ്പാടെ പുതിയ ബില്ല് മാറ്റി മറിക്കുന്നു. ഇവിടെ കോടതികള്‍ക്കായിരുന്നു കൂടുതല്‍ അധികാരം നല്‌കേണ്ടിയിരുന്നത്. വഖഫ് സ്വത്ത് ഉപയോഗപ്പെടുത്താതിരിക്കുകയോ, അന്യാധീനപ്പെട്ട് കിടക്കുകയോ ആണെങ്കില്‍ അത് പിടിച്ചെടുത്ത് സമുദായത്തിലെ ഉത്തരവാദപ്പെട്ട ട്രസ്റ്റുകള്‍ക്ക് നല്കാനുള്ള വ്യവസ്ഥ വച്ചിരുന്നെങ്കില്‍ അത് ഗുണകരമായി തീര്‍ന്നേനെ. ഇനി സര്‍ക്കാര്‍ പിടിച്ചെടുക്കുകയാണെങ്കില്‍ തന്നെ അത് ദാനം ചെയ്തയാളുടെ ഉദ്ദേശ്യ പ്രകാരം സമുദായത്തിന് വേണ്ടി ഉപയോഗിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നുവെങ്കില്‍ അത് സമ്മതിക്കാമായിരുന്നു. പക്ഷേ ഒരു ഭമി സര്‍ക്കാര്‍ പിടിച്ചെടുത്താല്‍ ഇന്നത്തെ പരിതഃസ്ഥിതിയില്‍ വഖഫ് ഭൂമിയാണെങ്കിലും അത് മുസ്ലിം സമുദായത്തിന് വേണ്ടി തന്നെ വിനിയോഗിക്കാന്‍ നിയമമില്ല.
ഇനി വഖഫ് ബോര്‍ഡില്‍ ഹിന്ദു അംഗങ്ങളെ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുമല്ലോ. ഇങ്ങനെ ഒരു വ്യവസ്ഥ ദേവസ്വം നിയമത്തില്‍ വയ്ക്കാന്‍ കഴിയുമോ? ദേവസ്വം ബോര്‍ഡില്‍ മുസ്ലിങ്ങളെ കൂടി ഉള്‍പ്പെടുത്തണം അല്ലെങ്കില്‍ ക്രിസ്ത്യാനികളെയും ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ. ഓരോ ഭൂമിയും ആരെങ്കിലും സംഭാവന ചെയ്യുന്നത് അതാത് സമുദായത്തിന്റെ ഗുണത്തിന് വേണ്ടിയാണെങ്കില്‍ അത് ആ സമുദായത്തിന്റെ ഗുണത്തിന് വേണ്ടി അത് ഉപയോഗിക്കട്ടെ. അങ്ങനെ ചെയ്യുന്നില്ലാ എങ്കില്‍ സര്‍ക്കാറുകള്‍ക്ക് നടപടി എടുക്കാന്‍ അധികാരമുണ്ടാവണം.
ദാന ഭൂമികള്‍ക്ക് രേഖകള്‍ വേണമെന്നാണ് പറയുന്നത്. പുതിയവ അങ്ങനെ തന്നെയാവട്ടെ. എന്നാല്‍ കാലപ്പഴക്കം ചെന്ന ദാന ഭൂമിക്ക് എവിടുന്നാണ് രേഖകള്‍ കൊണ്ടുവരിക? ഇന്നത്തെ നിലപാടനുസരിച്ച് രേഖകള്‍ സൃഷ്ടിച്ചു കൊടുക്കുകയേ നിവൃത്തിയുള്ളൂ. രേഖകള്‍ ഹാജരാക്കുന്നില്ലെങ്കില്‍ ക്ഷേത്രങ്ങളുടെയും മറ്റും കീഴിലുള്ള ഭൂമികള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുമോ? രേഖ ഇല്ല എന്ന് പറഞ്ഞ് ഏതെങ്കിലും ക്ഷേത്രഭൂമി സര്‍ക്കാറിലേക്ക് നീക്കിവയ്ക്കാന്‍ പറ്റുമോ. ഒന്നും പറ്റില്ല. ഒരാള്‍ മുസ്ലിമായി അഞ്ച് വര്‍ഷം തികഞ്ഞാലേ അയാള്‍ക്ക് ഭൂമി വഖഫായി നല്കാന്‍ അവകാശമുള്ളു എന്നാണ് ബില്ലിലെ വ്യവസ്ഥ. അത് തെളിയിക്കാന്‍ ഒരു മാര്‍ഗവുമില്ല. ഒരാളുടെ മതം മാറ്റം വ്യക്തിപരമാണ്. തന്റെ വിശ്വാസം പരസ്യപ്പെടുത്തണമെന്നതിന് ഒരു നിയമവുമില്ല. ഒരാള്‍ മതം മാറിയ ഉടനെ തന്റെ ഭൂമി വഖഫായി നല്കണമെന്ന് ഉദ്ദേശിച്ചാല്‍ അത് പറ്റില്ല എന്ന് പറയാന്‍ ആര്‍ക്കാണ് അധികാരം? അവനവന്റെ ഭൂമി നിയമപ്രകാരം ആര്‍ക്കും എപ്പോഴും കൊടുക്കാം. ദാന ഭൂമിയാണെങ്കില്‍ പറ്റില്ല എന്ന് പറയാനൊക്കില്ല. പ്രതിബന്ധങ്ങളുണ്ടേല്‍ അത് കോടതിയോട് പറയാം. കോടതി തീരുമാനിക്കും. ഒരു പുതിയ വിശ്വാസി തന്റെ ഭൂമി ദാനം ചെയ്യാന്‍ അഞ്ച് കൊല്ലം കാത്തിരിക്കണമെന്ന് പറയുമ്പോള്‍ അദ്ദേഹം അഞ്ച് കൊല്ലം ജീവിക്കുമെന്നതിന് വല്ല ഗ്യാരണ്ടിയുമുണ്ടോ. ഭൂമി വഖഫായി മുസ്ലിംകളല്ലാത്തവര്‍ക്കും ദാനം ചെയ്യാം. നല്ല കാര്യങ്ങള്‍ക്കാണെങ്കില്‍ എപ്പോഴും ഭൂമി ദാനം ചെയ്യാമെന്നത് ഒരു വ്യക്തിയുടെ മൗലികാവകാശമാണ്. അത് ഏത് സമുദായത്തിനും കൊടുക്കാം. വഖഫ് ചെയ്യുന്നയാള്‍ മുസ്ലിമാവണമെന്ന് ഇസ്ലാം നിയമമില്ല. ഒരു സമുദായത്തിന് വേണ്ടി മറ്റ് സമുദായക്കാര്‍ക്കും ഭൂമി ദാനം ചെയ്യാം. ഇവിടെ എത്രയോ പള്ളികളും അവയുടെ സ്വത്തുക്കളും ഹിന്ദുക്കള്‍ ദാനം ചെയ്തതാണ്. അവയൊക്കെ വഖഫ് ഭൂമിയായാണ് കണക്കാക്കിയിരിക്കുന്നത്. ഇനി അങ്ങനെ പറ്റില്ല എന്നാണ് പുതിയ നിയമം പറയുന്നത്.
ന്യൂനപക്ഷങ്ങളെ ഞങ്ങള്‍ സംരക്ഷിക്കുന്നു എന്ന് ബിജെപി അവകാശപ്പെടുന്നു എന്നാല്‍ നിയമനിര്‍മ്മാണ സഭകളിലോ മന്ത്രിസഭകളിലോ കേന്ദ്ര മന്ത്രിസഭയിലോ അല്ലെങ്കില്‍ പ്രധാനപ്പെട്ട ഔദ്യോഗിക തലങ്ങളിലോ ഒന്നും മുസ്ലിംകളെ അടുപ്പിക്കുന്നു പോലുമില്ല. കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചിരുന്ന നിരവധി സ്‌കോളര്‍ഷിപ്പുകള്‍ ഉണ്ടായിരുന്നു. അതൊക്കെ വെട്ടിക്കളഞ്ഞ് ഇപ്പോള്‍ മുസ്ലിങ്ങള്‍ക്ക് വേണ്ടി സ്‌കോളര്‍ഷിപ്പിനത്തില്‍ സംതിങ് മാത്രമാണ് നീക്കി വച്ചിരിക്കുന്നത്. അതും ഇല്ലാതാക്കാന്‍ പോവുകയാണ്.
ചിലര്‍ പറയുന്നത് മുനമ്പം പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ്. ബില്ലിലൂടെ അത് പരിഹരിക്കുന്നതിന് ഒരു മാര്‍ഗവുമില്ല. അവിടെ താമസിക്കുന്നവരെ സംരക്ഷിച്ച് കൊടുക്കാനുള്ള മാര്‍ഗങ്ങളാരായുക എന്നത് തന്നെയാണ് അക്ഷന്തവ്യമായ മാര്‍ഗം. ആ മനുഷ്യരെ പറ്റിക്കുന്നവര്‍ക്കെതിരെ നടപടിയും വേണം. വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള ഭൂമി ബോര്‍ഡറിയാതെ വില്ക്കുകയാണ് ചെയ്തത്. ഭൂമി വാങ്ങിയവര്‍ തങ്ങള്‍പറ്റിക്കപ്പെട്ടുവെന്ന് പിന്നീടാണറിയുന്നത്. സംഗതികളുടെ ഗൗരവം മനസ്സിലാക്കി അവരെ അവിടെ തന്നെ താമസിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. ഒരു ഒത്തുതീര്‍പ്പ് വ്യവസ്ഥയിലൂടെ വേണം അത് സാധിക്കാന്‍. കല്പിച്ചു കൂട്ടി ഭൂമി തട്ടിയെടുത്തവരില്‍ നിന്ന് അത് തിരിച്ചു വാങ്ങുകയും വേണം.waqf bill; central government aim with the muslim community property
Content Summary: waqf bill; central government aim with the muslim community property