July 15, 2025 |

‘വഖഫ് ബിൽ മുനമ്പത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല’; സമരം തുടരുമെന്ന് പ്രദേശവാസികൾ

തീരജനതയെ സംരക്ഷിക്കേണ്ടത് കേന്ദ്ര സർക്കാർ

ബിജെപി സർക്കാർ പാസാക്കിയ വഖഫ് ബിൽ മുനമ്പത്തെ പ്രശ്നങ്ങൾ മുഴുവനായും തീർക്കുമെന്ന് കരുതുന്നില്ലെന്നും സമരം അവസാനിപ്പിക്കില്ലെന്നും മുനമ്പം സമരസമിതി കൺവീനർ ജോസഫ് ബെന്നി അഴിമുഖത്തോട് പറഞ്ഞു. റവന്യൂ അവകാശങ്ങൾ സ്ഥാപിച്ച് കിട്ടുന്നത് വരെ സമരം തുടരുമെന്നും ജോസഫ് ബെന്നി കൂട്ടിച്ചേർത്തു.

‘ഞങ്ങളുടെ റവന്യൂ അവകാശങ്ങൾ തിരിച്ച് കിട്ടുന്നത് വരെ ഞങ്ങൾ സമരം തുടരും. നിലവിൽ ഞങ്ങൾ കരമടക്കാനോ രജിസ്ട്രേഷനോ വേണ്ടി പോയി കഴിഞ്ഞാൽ ഞങ്ങൾക്ക് അത് ലഭ്യമാകില്ല. ബിജെപി സർക്കാർ പാർലമെന്റിൽ കൊണ്ടുവന്ന വഖഫ് ബിൽ മുനമ്പത്തെ പ്രശ്നങ്ങൾ മുഴുവനായും തീർക്കുമെന്ന് കരുതിയിട്ടല്ല സമരം ആരംഭിച്ചത്.

2022 ജനുവരി 13 നാണ് ഞങ്ങൾ സമരം ആരംഭിക്കുന്നത്. ശേഷം ഒക്ടോബർ 13ന് ഞങ്ങൾ നിരാഹാര സമരം ആരംഭിച്ചു. ഇങ്ങനെയൊരു ബില്ല് പാസാക്കാൻ വേണ്ടിയല്ല ഞങ്ങളുടെ സമരം. ഈ ബില്ലിലൂടെ സമരക്കാരുടെ പ്രശ്നങ്ങൾ അവസാനിക്കുമെന്നാണ് കേന്ദ്ര മന്ത്രിമാരായ
കിരൺ റിജിജു, നിർമലാസീതാരാമൻ, സുരേഷ് ​ഗോപി എന്നിവർ പറയുന്നത്. എന്നാൽ റവന്യൂ അവകാശങ്ങൾ സ്ഥാപിച്ച് കിട്ടുന്നത് വരെ സമരം ഇങ്ങനെ തന്നെ മുന്നോട്ട് പോകും. അത് ഞങ്ങൾക്ക് ശരിയാക്കി തരേണ്ടത് ബിജെപി സർക്കാരാണ്. ഞങ്ങളെ കേന്ദ്രഭരണ പ്രദേശമാക്കി അവർക്ക് ഏറ്റെടുക്കാമല്ലോ? കേന്ദ്ര സർക്കാരിന് എന്ത് വേണമെങ്കിലും ചെയ്യാൻ കഴിയും.

സെൻട്രൽ പോർട്ടിൽ വീണ്ടും രജിസ്ട്രേഷൻ ചെയ്യണം. അങ്ങനെ ചെയ്യണമെങ്കിൽ 22 അം​ഗങ്ങൾ വഖഫ് ബോർഡിൽ ആവശ്യമാണ്. ഒരു തരത്തിലുള്ള കോടതി വ്യവഹാരങ്ങളും ഇതിൽ പാടില്ല, അങ്ങനെയാണ് ഇതിന് ഒരു പരിഹാരം കാണാൻ കഴിയുക. ലിമിറ്റേഷൻ ആക്ട് പ്രകാരം, 30 വർഷത്തിലേറെയായി ഈ ഭൂമിയിൽ താമസിക്കുന്നവരാണ് ഞങ്ങൾ. അങ്ങനെ നോക്കുമ്പോൾ ഞങ്ങൾക്ക് അവകാശം ലഭിക്കണം’, ജോസഫ് ബെന്നി പറഞ്ഞു.

പാർലമെന്റ് പാസാക്കിയ വഖഫ് ബില്ലിനെ സ്വാ​ഗതം ചെയ്തെങ്കിലും മുനമ്പം നിവാസികളുടെ സമരം ഇപ്പോഴും തുടരുകയാണ്. ബില്ലിന് മുനമ്പം പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാൻ കഴിയില്ലെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. നിലവിൽ വഖഫ് സ്വത്തുക്കൾ ​കൈവശം വെച്ചിരിക്കുന്ന വ്യക്തികൾ സ്വയമേ ഉടമകളാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ബില്ലിന്റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസവും നിലനിൽക്കുന്നുണ്ട്.

വഖഫ് ബില്ലിനോട് അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല മുൻ ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന വി. ദിനകരൻ അഴിമുഖത്തോട് പ്രതികരിച്ചു. മുനമ്പം നിവാസികളുടെ സംരക്ഷണമാണ് ഞങ്ങളുടെ ആവശ്യമെന്നും വി. ദിനകരൻ പറഞ്ഞു.

‘വഖഫ് ബില്ലിൽ പൂർണമായി ഞങ്ങൾ അഭിപ്രായം പറയുന്നില്ല. മുനമ്പം നിവാസികൾക്ക് സ്ഥിരമായി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ലഭിക്കുന്ന തരത്തിൽ നിയമം വരണം. 610 ഓളം കുടുംബങ്ങളാണ് മുനമ്പത്ത് താമസിക്കുന്നത്. അവരെ സംരക്ഷിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. ധീവര ലത്തീൻ കത്തോലിക്ക വിഭാ​ഗക്കാരാണ് അവിടെ കൂടുതലായും താമസിക്കുന്നത്. അവർക്ക് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. കേന്ദ്ര സർക്കാർ നിയമഭേദ​ഗതി വഴി സഹായം ചെയ്യുന്നു, അതിനെ ഞങ്ങൾ അനുകൂലിക്കുന്നു. എന്നാൽ ബില്ലിനെ ഞങ്ങൾ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. ഭരണകൂടവും രാഷ്ട്രീയ നേതാക്കളുമാണ് ബില്ല് അവിടത്തെ ജനങ്ങളെ ബാധിക്കുമോയെന്ന കാര്യത്തിൽ അഭിപ്രായം പറയേണ്ടത്. ഇങ്ങനെയൊരു നിയമഭേദ​ഗതി വന്നാൽ മാത്രമേ വഖഫ് ബോർഡ് നിയമം അനുസരിച്ച് പ്രയോജനപ്പെടുകയുള്ളൂ’, വി. ദിനകരൻ പറഞ്ഞു.

എന്താണ് മുനമ്പത്തെ വഖഫ് പ്രശ്നം ?

1954 ലാണ് വഖഫ് ആക്ട് ആവിഷ്‌കരിച്ചത്. ആക്ട് പ്രകാരം എവിടെയൊക്കെ വഖഫ് ചെയ്ത ഭൂമിയുണ്ടോ അതെല്ലാം രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും, അന്യാധീനപ്പെടുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കില്‍ തിരിച്ച് പിടിക്കണമെന്നും വ്യക്തമാക്കുന്നു. എന്നാല്‍ അന്നൊന്നും മുനമ്പത്തെ ഈ ഭൂമി വഖഫ് രേഖകളിലൊന്നും വന്നിരുന്നില്ല.ഭൂമി ക്രയവിക്രയം നടത്താമെങ്കിലും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊരു ആവശ്യത്തിനും ഫറൂഖ് കോളേജ് മാനേജ്മെന്റ് ഈ ഭൂമി ഉപയോഗിക്കരുതെന്നും, കോളേജിന് ഈ ഭൂമി ആവശ്യമില്ലാതെ വരുന്ന ഘട്ടത്തില്‍ സിദ്ദിഖ് സേട്ടിനോ അദ്ദേഹത്തിന്റെ അവകാശികള്‍ക്കോ തിരികെ നല്‍കണമെന്ന വ്യവസ്ഥയും മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, ഫറൂഖ് കോളേജിന്റെ ഉന്നമനം മാത്രം ലക്ഷ്യംവച്ച കോളേജ് മാനേജ്‌മെന്റ് ഇഷ്ടദാനമായി കിട്ടിയ മുനമ്പത്തെ ഭൂമിയിലേക്ക് പിന്നീട് തിരിഞ്ഞുനോക്കാതെയായി. ഫറൂഖ് കോളേജിന്റെ അഭിഭാഷകരായിരുന്ന അഡ്വ. എംവി പോളും അഡ്വ. മൈക്കിളും ആയിരുന്നു അക്കാലത്ത് ഭൂമി നോക്കി നടത്തിയിരുന്നത്. ഇവര്‍ 1989 മുതല്‍ പലരില്‍ നിന്നും വില വാങ്ങി ഭൂമി മറിച്ചുവില്‍ക്കുകയുമായിരുന്നു.

ഭൂമി കൈമാറ്റം ചെയ്യുന്നതിന് മുമ്പുതന്നെ അവിടെ താമസക്കാരായിരുന്ന ചില കുടുംബങ്ങള്‍ താലൂക്ക് ഓഫീസില്‍ നിന്ന് കുടികിടപ്പ് സര്‍ട്ടിഫിക്കറ്റ് നേടിയിരുന്നു. വൈദ്യുതി, കുടിവെള്ളം തുടങ്ങിയവ ലഭിക്കാന്‍ ആ സര്‍ട്ടിഫിക്കറ്റ് സഹായകമാകും എന്നതിനാലാണ് പ്രദേശവാസികള്‍ അപ്രകാരം ചെയ്തത്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂവിനിയോഗം സംബന്ധിച്ച ചില തര്‍ക്കങ്ങളെ തുടര്‍ന്ന് ഫറൂഖ് കോളേജ് മാനേജ്മെന്റും തദ്ദേശവാസികളും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. ഈ കേസ് കുറേക്കാലം തുടര്‍ന്നു. ഭൂമി ഫറൂഖ് കോളേജിന് ഇഷ്ടദാനം കിട്ടിയതാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് പിന്നീടുള്ള കോടതി ഉത്തരവുകള്‍ പ്രദേശവാസികള്‍ക്ക് പ്രതികൂലമായി.

1975 ല്‍ പ്രദേശവാസികള്‍ കുടിയാന്‍ സംഘം രൂപീകരിക്കുകയും പറവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്തു. ആ കേസ് 12 വര്‍ഷം തുടര്‍ന്നു. 1989 ല്‍ ഫറൂഖ് കോളേജ് മാനേജ്മെന്റിന് കൂടിയ വില നല്‍കി അന്നുണ്ടായിരുന്ന കുടികിടപ്പുകാര്‍, അവരുടെ തലമുറ ഒരു നൂറ്റാണ്ടിലേറെയായി ജീവിച്ചിരുന്ന ഭൂമി വാങ്ങി. സെന്റിന് 250 രൂപ പ്രകാരമാണ് അവര്‍ നല്‍കിയത്. സമീപപ്രദേശങ്ങളില്‍ പലയിടങ്ങളിലും അന്ന് സ്ഥലത്തിന് 100 രൂപയില്‍ താഴെ മാത്രമായിരുന്നു വില. കാലങ്ങളായി അവിടെ ജീവിച്ചുപോന്ന മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ കൂടിയാണ് വലിയ വിലയ്ക്ക് ഭൂമി വാങ്ങാന്‍ നിര്‍ബന്ധിതരായത്. തുടര്‍ന്ന് ഫറൂഖ് കോളേജ് മാനേജിങ് കൗണ്‍സില്‍ സെക്രട്ടറി ഹസന്‍കുട്ടി സാഹിബ് ഒപ്പിട്ട 280 ഓളം ആധാരങ്ങളാണ് 1989 മുതല്‍ 1993 വരെയുള്ള കാലത്ത് രജിസ്റ്റര്‍ ചെയ്തത്.

വഖഫ് സംരക്ഷണ സമിതിയെന്ന കൂട്ടായ്മയാണ് പിന്നീട് ഭൂമി തിരിച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഭൂമി തിരിച്ച്പിടിക്കാനുള്ള നടപടികള്‍ തുടങ്ങണമെന്ന് ഹൈക്കോടതി 2016 ല്‍ സര്‍ക്കാരിന് നിര്‍ദേശവും നല്‍കിയിരുന്നു. മനുഷ്യാവകാശ പ്രശ്നമെന്ന നിലയില്‍ പ്രദേശവാസികള്‍ക്ക് കരം അടയ്ക്കാനുള്ള അനുമതി റവന്യൂ വകുപ്പ് നല്‍കിയെങ്കിലും വഖഫ് സംരക്ഷണ സമിതിക്കാരുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ തീരുമാനത്തിന് കോടതി സ്റ്റേ നല്‍കി. വിവിധ മതവിഭാഗങ്ങളില്‍ പെട്ട 610 കുടുംബങ്ങളാണ് നിലവില്‍ മുനമ്പത്ത് വഖഫ് ഭീഷണി നേരിടുന്നത്.

വഖഫ് ബിൽ മുനമ്പം പ്രശ്നത്തിനോ നിവാസികളുടെ ആശങ്കയ്ക്കോ പരിഹാരമാകില്ലെന്ന് കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം പറഞ്ഞിരുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ബില്ലിലെ സെക്ഷൻ 2A ഒരു മുസ്ലീം സൃഷ്ടിച്ച ട്രസ്റ്റിനോ, സൊസൈറ്റിക്കോ, പൊതു ചാരിറ്റിക്കോ, അത്തരം സ്ഥാപനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന സ്വത്തിനോ മാത്രമേ ബാധകമാകൂവെന്നാണ് വിദ​ഗ്ധർ പറയുന്നത്.

വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും പാസ്സാക്കിയതിന് പിന്നാലെ മുനമ്പത്ത് ആഹ്ലാദ പ്രകടനം അരങ്ങേറിയിരുന്നു. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളികളോടെയുമാണ് സമരക്കാർ ആഹ്ലാദകടനം നടത്തിയത്.

Content Summary: Waqf Bill will not solve the problems of Munambam, munambam people says struggle will continues

Leave a Reply

Your email address will not be published. Required fields are marked *

×