February 19, 2025 |
Share on

‘കുടിയേറ്റക്കാരോടും എല്‍ജിബിടി സമൂഹത്തോടും കരുണ കാണിക്കൂ’

ട്രംപിനോട് അഭ്യര്‍ത്ഥനയുമായി ബിഷപ്പ്

പുതിയ രാഷ്ട്രീയ നയങ്ങള്‍ മൂലം മുറിവേറ്റവരോട്, പ്രത്യേകിച്ച്, കുടിയേറ്റ, ലൈംഗിക ന്യൂനപക്ഷങ്ങളോട് കരുണ കാണിക്കണം എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രോപിനോട് അഭ്യര്‍ത്ഥിച്ച് വാഷിംഗ്ടണ്‍ എപ്പിസ്‌കോപ്പല്‍ ബിഷപ്പ്. പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിനോട് അനുബന്ധിച്ച്, വാഷിംഗ്ടണിലെ നാഷണല്‍ കത്തീഡ്രലില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങില്‍ വച്ചായിരുന്നു വനിത ബിഷപ്പായ റൈറ്റ് റവ. മരിയന്‍ ബുഡ്‌ഡേയുടെ അഭ്യര്‍ത്ഥന. തന്റെ പ്രഭാഷണത്തില്‍ വളരെ വികാരാധീനമായ ഒരു അപേക്ഷയാണ് ബിഷപ്പ് നടത്തിയത്.കുടിയേറ്റക്കാരോടും എല്‍ജിബിടി സമൂഹത്തോടും കരുണ കാണിക്കണം എന്നായിരുന്നു അപേക്ഷ. ബിഷപ്പിന്റെ പ്രസംഗ് കേട്ട് സദസ്സിന്റെ മുന്‍ നിരയില്‍ തന്നെ ട്രംപ് ഇരിക്കുന്നുണ്ടായിരുന്നു. വളരെ ഗൗരവും നിറഞ്ഞ മുഖഭാവത്തോടെയായിരുന്നു ബിഷപ്പിന്റെ അഭ്യര്‍ത്ഥനകള്‍ പ്രസിഡന്റ് കേട്ടിരുന്നത്. ഭാര്യ മെലാനിയ ട്രംപും, വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ഒപ്പമുണ്ടായിരുന്നു. പിന്നീട് ഇക്കാര്യത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ഇത് ”അത്ര ആവേശം തോന്നുന്നില്ല” എന്നായിരുന്നു ട്രംപിന്റെ മറുപടി. പ്രാര്‍ത്ഥന ചടങ്ങ് അത്ര നന്നായതായി തനിക്ക് തോന്നിയില്ലെന്നും, അത് മെച്ചപ്പെടുത്താമായിരുന്നുവെന്നുമായിരുന്നു ട്രംപ് തന്റെ അനിഷ്ടം പ്രകടമാക്കി പ്രതികരിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങിനോ മുന്നോടിയായി നടക്കുന്ന, ഒരു പരമ്പരാഗത പ്രാര്‍ത്ഥന ചടങ്ങാണ് വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രലില്‍ നടക്കുന്നത്. റിപ്പബ്ലിക്കന്‍ ആയാലും ഡെമോക്രാറ്റുകളായാലും ഈ പ്രാര്‍ത്ഥന ചടങ്ങ് നടത്താറുണ്ട്. വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ളവരും ചടങ്ങില്‍ പങ്കുചേരുന്നത് ഒരു ആചാരമാണ്. പുതിയ ഭരണാധികാരികളെ ആശിര്‍വദിക്കാനും അവരുടെ ഭരണകാലം സുഗമമായി മുന്നോട്ടു പോകുന്നതിനും ആശിര്‍വാദം ചെയ്യുകയെന്നതാണ് ഈ ചടങ്ങുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും, ബിഷപ്പ് ബുഡ്‌ഡേയുടെ അഭ്യര്‍ത്ഥനയിലൂടെ ഇതാദ്യമായി, പ്രാര്‍ത്ഥന ചടങ്ങിനൊരു രാഷ്ട്രീയ മാനം കൈവരുകയും ചെയ്തു.

‘അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍’ ഒരു കൊലയാളിയുടെ വെടിയുണ്ടയില്‍ നിന്ന് ദൈവം എന്നെ രക്ഷിച്ചുവെന്ന് പ്രസംഗത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ഈക്കാര്യം ചൂണ്ടിക്കാട്ടി, ”സ്‌നേഹമുള്ള ഒരു ദൈവത്തിന്റെ കരുതലിന്റെ കൈ നിങ്ങള്‍ക്ക് അനുഭവപ്പെട്ടു,” എന്നു പറഞ്ഞു തുടങ്ങിയ ബിഷപ്പ്, പിന്നീടാണ് തന്റെ രാഷ്ട്രീയാഭ്യര്‍ത്ഥന പുതിയ പ്രസിഡന്റിന് മുന്നില്‍ വച്ചത്. ‘ദൈവത്തിന്റെ നാമത്തില്‍, നമ്മുടെ രാജ്യത്ത് ഇപ്പോള്‍ ഭയന്നിരിക്കുന്ന ആളുകളോട് കരുണ കാണിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു’ എന്ന് അവര്‍ ട്രംപിനോട് നേരിട്ട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

പ്രസിഡന്റിന്റെ ഓഫിസിലെ, തന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ അമേരിക്കന്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് ബൈഡന്‍ കാലത്ത് നല്‍കിയിരുന്ന സംരക്ഷണം പിന്‍വലിക്കുകയും, കുടിയേറ്റക്കാരുടെ കൂട്ട നാടുകടത്തല്‍ ഉറപ്പാക്കുകയും ചെയ്ത എക്സിക്യൂട്ടീവ് ഓര്‍ഡറുകള്‍ ഒപ്പിട്ട പുതിയ പ്രസിഡന്റിനെതിരേ ഉയര്‍ന്ന പരസ്യ വിമര്‍ശനമായിരുന്നു ബിഷപ്പ് ബുഡ്‌ഡേയുടെ പ്രഭാഷണം.

ട്രംപ് ഒപ്പുവച്ച ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍, ഫെഡറല്‍ ഗവണ്‍മെന്റിനോട് ‘രണ്ട് ലിംഗക്കാരെ- ആണും പെണ്ണും- മാത്രം അംഗീകരിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കുടിയേറ്റ നയങ്ങളില്‍, ജന്മാവകാശ പൗരത്വം ഇല്ലാതാക്കാനും സൈന്യത്തെ തെക്കന്‍ അതിര്‍ത്തിയിലേക്ക് അയയ്ക്കാനും യുഎസിലേക്കുള്ള അഭയാര്‍ത്ഥി പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുമുള്ളതായിരുന്നു മറ്റൊന്ന്.

റിപ്പബ്ലിക്കന്മാരുടെയും ഡെമോക്രാറ്റുകളുടെയും, ഇതൊന്നുമല്ലാത്ത സ്വതന്ത്രന്മാരുടെയുമെല്ലാം കുടുംബങ്ങളില്‍ സ്വവര്‍ഗാനുരാഗികളും, ട്രാന്‍സ്‌ജെന്‍ഡര്‍, ഗേ, ലെസ്ബിയന്‍ കുട്ടികളുമൊക്കെ കാണും, അവരുടെയെല്ലാം ജീവിതത്തിന് ഭീഷണിയാണ് പുതിയ ഉത്തരവെന്നും, അവരോടെല്ലാം പുതിയ ഭരണകൂടം അനുകമ്പ കാണിക്കണമെന്നുമാണ് ബിഷപ്പ് അപേക്ഷിക്കുന്നത്.

നമുക്കായി വിളകള്‍ പരിപാലിക്കുന്നവരും, ആശുപത്രികളില്‍ നൈറ്റ് ഷിഫ്റ്റ് ചെയ്യുന്നവരുമൊക്കെയായവര്‍, അവര്‍ ഇവിടുത്തെ പൗരന്മാരായിരിക്കില്ല, ശരിയായ രേഖകള്‍ ഉണ്ടായിരിക്കില്ല,- കുടിയേറ്റക്കാരെ പരാമര്‍ശിച്ച് ബിഷപ്പ് പറഞ്ഞിങ്ങനെയാണ്. അവരില്‍ ഭൂരിപക്ഷവും നല്ലവരാണ്, അവരെ ക്രിമിനലുകളായി കാണരുത്. അവര്‍ നികുതി അടയ്ക്കുന്നവരാണ്, അവര്‍ നമ്മുടെ നല്ല അയല്‍ക്കാരാണ്. ഇവിടെയുള്ള പള്ളികളിലും, മോസ്‌ക്കുകളിലും, ഗുരുദ്വാരകളിലും, സിനഗോഗുകളിലും അമ്പലങ്ങളിലും നല്ല വിശ്വാസികളായി നമുക്ക് അവരെ കാണാം. അപരിചിതരോട് കരുണ കാണിക്കണെന്നാണ് ദൈവം നമ്മളെ പഠിപ്പിച്ചിരിക്കുന്നത്. കാരണം, ഈ നാട്ടില്‍ നമ്മളും ഒരിക്കല്‍ അപരിചിതരായിരുന്നു’ ബിഷപ്പ് ബുഡ്‌ഡേ ട്രംപിനെ ഓര്‍മിപ്പിച്ചുകൊണ്ട് പറഞ്ഞു.

ബിഷപ്പ് ബുഡ്‌ഡേ, ട്രംപുമായി ഇടയുന്നത് ഇതാദ്യമായല്ല. ട്രംപിന്റെ ഒന്നാം ടേമിലും ബിഷപ്പ് പ്രസിഡന്റിനെ വിമര്‍ശിച്ചിട്ടുണ്ട്. ജോര്‍ഡ് ഫ്‌ളോയിഡിന്റെ വംശീയ കൊലപാതകത്തെത്തുടര്‍ന്ന് വാഷിംഗ്ടണിലെ സെന്റ്. ജോര്‍ഡ് എപ്പിസ്‌കോപ്പല്‍ പള്ളിക്കു മുമ്പില്‍ നടന്ന സമാധാനപരമായ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെ പള്ളിയുടെ മുന്നില്‍ എത്തിയ ട്രംപ് കൈയില്‍ ബൈബിള്‍ ഉയര്‍ത്തി പിടിച്ചു നിന്നത് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ചരിത്രപ്രധാനമായൊരു പള്ളിക്കു മുന്നില്‍ വന്നു നിന്നും രാഷ്ട്രീയം കളിച്ച ട്രംപിനെ ബിഷപ്പ് ബുഡ്‌ഡേ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇപ്പോഴത്തെ സംഭവത്തില്‍ ബിഷപ്പ് മരിയന്‍ ബുഡ്‌ഡേയ്‌ക്കെതിരേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ വലിയ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.  Washington bishop pleads with Donald Trump to show mercy to Immigrants and LGBT community

Content Summary; Washington bishop pleads with Donald Trump to show mercy to Immigrants and LGBT community

×