February 14, 2025 |
Share on

ഇവിടെ ഒരു ഗ്രാമം ഉണ്ടായിരുന്നു; ദുരന്തത്തിന്റെ അവശേഷിപ്പായി ജീവിക്കുന്ന കുറെ മനുഷ്യർ

എത്ര മനോഹരമായിരുന്നു മേപ്പാടിയും മുണ്ടക്കൈയും

കേരളം കണ്ട ഏറ്റവും വലിയ ദുരന്തം സംഭവിച്ചിട്ട് ഇന്നേക്ക് ഒരു മാസം തികയുകയാണ്. കേരളത്തിന്റെ ഉള്ളുലച്ച വാർത്തയാണ് ജൂലൈ 30 ന് രാവിലെ മലയാളികളെ തേടിയെത്തിയത്. ഉറ്റവരെയും ഉടയവരെയും ആയുസിന്റെ സമ്പാദ്യവും ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടി രക്ഷപെട്ടതാണ് പലരും. അതിജീവനത്തിന്റെ പാതയിലാണ് വയനാട് ഇന്ന്. കഴിഞ്ഞ മൂന്ന് ദിവസമായി നിർത്താതെ പെയ്യുന്ന മഴ വയനാട്ടുകാരെ കൊണ്ട് പോകുന്നത് മറക്കാൻ ശ്രമിക്കുന്ന ആ രാത്രിയിലാണ്. വയനാട്ടിലെ ഉരുൾ പൊട്ടൽ വാർത്തകൾ അത്രമേൽ ഹൃദയ ഭേദകമായിരുന്നു. ഉരുൾ പൊട്ടലിന് മുമ്പ് സുന്ദരമായ പ്രകൃതിയാൽ ചുറ്റപ്പെട്ട മേപ്പാടിയും മുണ്ടക്കൈയും ഉണ്ടായിരുന്നു. സാധാരണക്കാരായ മനുഷ്യർ അവരുടെ സന്തോഷങ്ങളും സന്താപങ്ങളും പങ്ക് വച്ച് കഴിഞ്ഞ ഇടം. എന്നാൽ ഇന്ന് അവിടെ അവശേഷിക്കുന്നത് മൺകൂനകളും അതിനടിയിൽ പുതഞ്ഞ് കിടക്കുന്ന കുറെ മനുഷ്യരും മാത്രമാണ്. കാലമെത്ര കഴിഞ്ഞാലും മായ്ക്കാൻ സാധിക്കാത്ത മുറിവാണ് വായനാട്ടിലുള്ള ഓരോരുത്തർക്കും കഴിഞ്ഞ ജൂലൈ 30 സമ്മാനിച്ചത് എന്ന് പറയുകയാണ് പഴശ്ശിരാജ കോളേജിലെ അധ്യാപകനും വയനാട് പുൽപള്ളി നിവാസിയുമായ ജിബിൻ വർഗീസ്. wayanad meppadi landslide

ആളും ആരവവും ഒഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ് നിലവിൽ വയനാട്ടിലെ അവസ്ഥ. മാധ്യമങ്ങളും  മറ്റ് പലരും ഈ വിഷയം മറന്ന് കളഞ്ഞത് പോലാണ്. പക്ഷെ, ഇവിടുള്ളവർക്ക് എളുപ്പം മറക്കാൻ കഴിയുന്ന ഒന്നല്ല ആ ദിവസം. ദുരിതാശ്വാസ ക്യാമ്പുകൾ പലതും നിർത്തിയെങ്കിലും, ഇനിയെന്ത് എന്ന ചോദ്യം ഓരോ മനുഷ്യരുടെയും മുന്നിൽ ഉത്തരം കിട്ടാത്ത സമസ്യയായി അവശേഷിക്കുന്നുണ്ട് ഇപ്പോഴും. ഡി എൻ എ ടെസ്റ്റ് വഴി മൃതദേഹങ്ങൾ 33 തിരിച്ചറിഞ്ഞത് രണ്ട് ദിവസം മുൻപാണ്. സംസ്കാര ചടങ്ങുകൾ ഇപ്പോഴും നടക്കുന്നുണ്ട്. സഹായങ്ങൾ ഒരുവഴിക്ക് നടക്കുന്നുണ്ടെങ്കിലും പഴയ ആവേശം ആരിലും ഇല്ല. ക്യാമ്പുകളിൽ നിന്ന് പലരും വാടക വീടുകളിലേക്ക് മാറി താമസിക്കാൻ ആണ് ശ്രമിക്കുന്നത്, പക്ഷെ ഇത്രയധികം ആളുകൾക്ക് വീടുകൾ ലഭിക്കാനുള്ള ബുദ്ധിമുട്ടുണ്ട്.

55 ലധികം കുടുംബങ്ങൾ പൂർണമായും അപ്രത്യക്ഷമായ അവസ്ഥയിലാണ്. സർക്കാരിന്റെ കണക്കിൽ 109 മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനുണ്ട്. തെരച്ചിലുകൾ ഔദ്യോഗികമായി നിർത്തി, ഇനിയെന്ത് എന്ന ചോദ്യം മാത്രമാണ് പലരുടെയും മുന്നിൽ അവശേഷിക്കുന്നത്. ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണ്, ഇതിന് തന്നെയാണ് നാം മുൻതൂക്കം നൽകേണ്ടതും. ശ്രീകൃഷ്‌ണ ജയന്തി, മറ്റ് ആഘോഷങ്ങൾ തുടങ്ങിയവ പലതും നടക്കുന്നുണ്ടെങ്കിലും പലർക്കും ഒരു തരം മരവിപ്പാണ്. പക്ഷെ കഴിഞ്ഞ മൂന്ന് ദിവസമായി വായനാടുള്ളവരെ സംബന്ധിച്ചിടത്തോളം ഓരോ നിമിഷവും ഭീതിയുടേതായിരുന്നു. യെല്ലോ അലെർടാണ് പ്രഖ്യാപിച്ചിരിക്കുന്നത് എങ്കിലും മഴ ഇപ്പോൾ ഇവിടുത്തുകാർക്ക് പേടിസ്വപ്നമാണ്. നിർത്താതെ മഴ പെയ്യുമ്പോൾ മറ്റൊരു ദുരന്തത്തതിന് കൂടി സാക്ഷ്യം വഹിക്കേണ്ടി വരുമോ എന്ന ആധിയാണ് ഓരോരുത്തരുടെയും ഉള്ളിൽ.

പഴയതു പോലെ ആകില്ലെങ്കിലും മെച്ചപ്പെട്ട ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരണം എന്ന ലക്ഷ്യം മാത്രമാണ് എല്ലാവരുടെയും ഉള്ളിൽ ഉണ്ടാകേണ്ടത്. നിശ്ചലമായ ജീവിതമാണ് പലരുടെയും മുന്നിൽ ഇന്ന് അവശേഷിക്കുന്നത്, ഇതിനു ഒരു മാറ്റം ആവശ്യമാണ്. ശരീരത്തിന്റെ മുറിവുകൾ കരിഞ്ഞു ഇനി ഉണങ്ങാനുള്ളത് മനസിനേറ്റ മുറിവാണ് അതിനു പക്ഷെ ആഴ്ചകളും മാസങ്ങളും പോരാതെ വരും. അതിജീവിതരുടെ മാനസികാരോഗ്യം കണക്കിലെടുത്ത് 130 ഓളം കൗൺസിലേഴ്‌സിനെ ജില്ലാ പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്.

കഴിഞ്ഞു പോയ ദുരന്തത്തിന്റെ അവശേഷിപ്പായി ഇന്നും മേപ്പാടിയും ചൂരൽ മലയും ഉരുൾ പൊട്ടി ഒലിച്ച് കിടക്കുന്നുണ്ട്. പല റോഡുകളും സഞ്ചാര യോഗ്യമായി വരുന്നതേയുള്ളു. ഇവിടെ ഒരു ഗ്രാമം ഉണ്ടായിരുന്നു എന്നതിന്റെ അവശേഷിപ്പ് പോലെ ഇന്ന് ആ പ്രദേശം ഒന്നാകെ ഒറ്റപ്പെട്ട് കിടക്കുന്ന അവസ്ഥയിലാണ്. ദുരന്തം സംഭവിച്ച് ഇക്കാലയളവിൽ ഒരാഴ്ച മാത്രമാണ് മഴ ഒഴിഞ്ഞ് നിന്നത്, ബാക്കി ദിവസങ്ങളെല്ലാം ഇവിടുള്ളവരുടെ മനസ് പോലെ കാറും കോളും നിറഞ്ഞതായിരുന്നു. അവിടെ നിന്ന് രക്ഷപെട്ട ആർക്കും സ്വപനങ്ങളെ തകർത്ത ഇടത്തിലേക്ക് ഇനി തിരിച്ച് പോകണ്ട എന്നാണ്. ” ആ നരകത്തിലേക്ക് ഇനി ഞങ്ങളില്ല ” എന്നാണ് അവർ പറയുന്നത്.

ദുരന്തം നേരിട്ട് ബാധിക്കാതെ ജീവിതം വഴിമുട്ടി പോയവർ കൂടിയുണ്ട് വയനാട്ടിൽ. ഉരുൾ പൊട്ടൽ മൂലം വയനാട്ടിലെ വിനോദ സഞ്ചാര മേഖല ഒന്നാകെ കൂപ്പ് കുത്തിയ അവസ്ഥയിലാണ്. റിസോർട്ടുകളെയും, സഞ്ചാരികൾ എത്തുന്ന സ്ഥലലങ്ങളിലും മറ്റും ചെറുകടകൾ നടത്തി ഉപജീവനം മുന്നോട്ട് കൊണ്ട് പോകുന്നവർ ഇന്ന് ദാരിദ്ര്യത്തിന്റെ വക്കിലാണുള്ളത്. വയനാട് ഇനി തിരികെ വരണമെങ്കിൽ കേരളവും സർക്കാരും ഒന്നിച്ച് കൈകോർത്താൽ മാത്രമേ നടക്കു. ആയിരക്കണക്കിന് ആളുകളാണ് വയനാട്ടിൽ വിനോദ സഞ്ചാര മേഖലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നത്.

ചർച്ചകൾ വരുമ്പോൾ മാത്രം വയനാടിനെ കുറിച്ച് എല്ലാവരും സംസാരിക്കുമെങ്കിലും പിന്നീട് മറന്ന് കളയുന്നതാണ് പതിവ്. അത് വലിയൊരു മഹാമാരിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരോട് കാണിക്കാതിരിക്കണം എന്ന് മാത്രമേ എനിക്ക് പറയാനുള്ളു.

content summary;  wayanad meppadi landslide wipedout villages one month july 30

×