‘ആനന്ദ കുമാർ സാറിനെ പോലുള്ളവർ ഇങ്ങനെയൊരു പ്രോജക്ടുമായി വരുമ്പോൾ വിശ്വസിച്ച് പോകില്ലേ, അതാണ് ഇവിടെ സംഭവിച്ചത്. ഞങ്ങളെ വിശ്വസിച്ച് പണം നൽകിയ ജനങ്ങളോട് എന്ത് പറയും. ഇങ്ങനെയൊരു തട്ടിപ്പ് നടത്തി കബളിപ്പിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല’.. പാതി വില തട്ടിപ്പ് കേസിൽ കബളിപ്പിക്കപ്പെട്ട ഒരു സർക്കാർ ഇതര എൻജിഒ അസോസിയേഷൻ അംഗം അഴിമുഖത്തിന് നൽകിയ പ്രതികരണമാണിത്.
ഒന്നും രണ്ടുമല്ല, നാൽപ്പത് ലക്ഷത്തിൽ കൂടുതലാണ് പല എൻജിഒകൾക്കും തട്ടിപ്പിൽ നഷ്ടമായിരിക്കുന്നത്. അവരെ കൂടുതലും കുഴപ്പത്തിലാക്കുന്നത് നഷ്ടപ്പെട്ട തുക അവരുടേതല്ല, മറിച്ച് അവരെ മാത്രം വിശ്വസിച്ച് പണം നൽകിയ സാധാരണക്കാരായ ജനങ്ങളുടേതാണ് എന്നതാണ്. പലരും നാണക്കേട് കാരണം പ്രതികരിക്കാൻ പോലും മടിക്കുന്നു. ചിലർ അവരുടെ കൈയ്യിൽ നിന്നും പണമെടുത്ത് ജനങ്ങളുടെ നഷ്ടം പരിഹരിക്കാൻ ശ്രമിക്കുന്നു. കുറച്ചുപേർ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്ത് നിയമപരമായി പോകാൻ ശ്രമിക്കുന്നത്. എന്നാൽ അവിടെയും തങ്ങൾക്ക് പ്രതീക്ഷയില്ല എന്നാണ് പല എൻജിഒ അംഗങ്ങളുടെയും പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത്.
പാതിവില തട്ടിപ്പ് കേസിൽ ഇനിയും പല യാഥാർത്ഥ്യങ്ങളും പുറത്തുവരാനുണ്ട് എന്നത് വ്യക്തമാണ്. അതേസമയം, ജനങ്ങളുടെ ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ നിൽക്കുന്ന എൻജിഒകളാണ് ഇതിൽ പെട്ട് പോയത്. എൻജിഒ കോൺഫഡറേഷന്റെ ചെയർമാൻ ആനന്ദ കുമാറിനെതിരെ കേസ് നീങ്ങുന്നില്ല എന്നാണ് പല എൻജിഒകളും അഭിപ്രായപ്പെടുന്നത്.
പാവപ്പെട്ടവർക്ക് സഹായമെന്ന നിലയിലാണ് പ്രവർത്തനം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ സമൂഹത്തിലെ പല ഉന്നതരുടെയും സാന്നിധ്യത്തിൽ ആരംഭിച്ച പദ്ധതിയിൽ പഴി കേൾക്കുന്നത് ഞങ്ങളെപ്പോലുള്ള എൻജിഒകളാണെന്നും പലരും ആത്മഹത്യയുടെ വക്കിലാണെന്നും കോഴിക്കോടുള്ള ഓൺട്രപ്രെണർഷിപ്പ് ഡെവലപ്മെന്റ് സൊസൈറ്റി അംഗം ജാനകി അഴിമുഖത്തോട് പറഞ്ഞു.
‘സർക്കാരിന്റെയും സർക്കാർ ഇതര സംഘടനകളുടെയും വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഒരു സൊസൈറ്റിയാണ് ഞങ്ങളുടേത്. നാഷണൽ എൻജിഒ കോൺഫഡറേഷന്റെ കൂട്ടായ്മ രൂപീകരിക്കുന്നു എന്ന് പറഞ്ഞിട്ടാണ് എന്നെ വിളിച്ചത്. ആനന്ദ കുമാറിന്റെ സായ് ഗ്രാമം ഗ്ലോബൽ ട്രസ്റ്റിന്റെ ഭാഗമായാണിതെന്ന് പറഞ്ഞു. അന്ന് കോവിഡിന്റെ കാലമായിരുന്നു. ഓൺലൈൻ ആയിട്ടായിരുന്നു മീറ്റിങ്ങ് നടന്നത്. ആനന്ദ കുമാറിനെ കുറിച്ച് ഞാൻ അന്വേഷിച്ചപ്പോൾ എല്ലാം വളരെ പോസിറ്റീവ് ആയിട്ടാണ് എനിക്ക് തോന്നിയത്. ഇതിലൂടെ മറ്റുള്ളവർക്ക് സഹായം ചെയ്യാൻ കഴിയുമെങ്കിൽ അതൊരു നന്മയല്ലേ എന്നാണ് ചിന്തിച്ചത്. 2022ലാണ് ഇതിലേക്ക് ഞങ്ങൾ അസോസിയേറ്റ് ചെയ്തത്.’
‘അതിന് ശേഷം ഒരു കമ്മ്യൂണിറ്റി ഇനിഷിയേറ്റീവ് പ്രോഗ്രാം പ്രഖ്യാപിക്കുകയും ഞങ്ങളെല്ലാവരും പങ്കെടുക്കുകയും ചെയ്തു. അവിടെ വെച്ചാണ് ആദ്യമായി ആനന്ദ കുമാറിനെ കാണുന്നത്. നാഷണൽ എൻജിഒ കോൺഫഡറേഷന് സിഎസ്ആർ ഫണ്ട് ലഭിക്കുന്നുണ്ടെന്നും അതിന്റെ പ്രവർത്തനങ്ങൾ താഴെ തട്ടിലുള്ളവർക്ക് കൂടി ലഭ്യമാകണമെന്നും പരിപാടിയിൽ അറിയിച്ചു. അതിന് നല്ല പ്രവർത്തന പരിചയമുള്ള എൻജിഒകളുടെ സഹായം വേണമെന്നും ആനന്ദ കുമാർ പറഞ്ഞിരുന്നു. ഈ പ്രഖ്യാപനങ്ങളൊക്കെ നടക്കുന്ന സമയത്ത് റിട്ട. ജസ്റ്റിസ് എ. എൻ രാമചന്ദ്രൻ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ ജനപ്രതിനിധികൾ, മാധ്യമങ്ങൾ തുടങ്ങിയവർ അവിടെയുണ്ടായിരുന്നു.’
‘ഇങ്ങനെയൊരു വേദിയിൽ ഇത്രയും പ്രമുഖരുടെ സാന്നിധ്യത്തിൽ പറയുമ്പോൾ സ്വാഭാവികമായും ഞങ്ങൾ വിശ്വസിച്ച് പോകും. ശേഷം നിരവധി പ്രോഗ്രാമുകളുടെ ഒപ്പം പകുതി വിലക്ക് സാധനങ്ങൾ നൽകുന്ന പരിപാടിയും ഞങ്ങൾ ഇനിഷിയേറ്റ് ചെയ്യാൻ തുടങ്ങി. വളരെ പെട്ടെന്ന് തന്നെ ആവശ്യക്കാർ ഞങ്ങളെ സമീപിക്കാൻ തുടങ്ങി. തുടക്കത്തിൽ അവർ എല്ലാം കൃത്യമായി തന്നെ ചെയ്തു. അങ്ങനെ അവരിലുള്ള വിശ്വാസം ഞങ്ങൾക്ക് വർദ്ധിച്ചു. എന്നാൽ അടുത്ത ഘട്ടമായപ്പോൾ പറഞ്ഞിരുന്ന സാധനങ്ങൾ ലഭിക്കാതെയായി. ആ സമയത്താണ് ഇത്രയും വലിയ തട്ടിപ്പിന്റെ വാർത്ത പുറത്തുവന്നത്. 363 സ്കൂട്ടറുകൾ, 22 ലാപ്ടോപ്പുകൾ, 36 മൊബൈൽ ഫോണുകൾ തുടങ്ങി എന്റെ 421 ഗുണഭോക്താക്കൾ ഇതിൽ പെട്ട് പോയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആനന്ദകുമാർ, അനന്തു കൃഷ്ണൻ, ബോർഡ് അംഗങ്ങൾ തുടങ്ങിയവർക്കെതിരെ നടക്കാവ് പോലീസ് സ്റ്റേഷനിൽ ഞാൻ പരാതി നൽകിയിട്ടുണ്ട്.
സാധാരണക്കാരായ ജനങ്ങൾക്ക് സഹായമാകട്ടെയെന്ന് കരുതിയാണ് പ്രോജക്ടിൽ പങ്കാളികളാക്കിയത്. എന്നാൽ ഇപ്പോൾ ജനങ്ങൾ ഞങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. നിരവധി എൻജിഒ പ്രവർത്തകർ ആത്മഹത്യയുടെ വക്കിലാണ്’, ഓൺട്രപ്രെണർഷിപ്പ് ഡെവലപ്മെന്റ് സൊസൈറ്റി അംഗം ജാനകി അഴിമുഖത്തോട് പറഞ്ഞു.
തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാർ ആണെന്നും എന്നാൽ കേസിൽ നിന്നും ആനന്ദ കുമാറിന്റെ പേര് ബോധപൂർവ്വം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ജനനി എജ്യുക്കേഷൻ കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ജിസ ജോമോൻ അഴിമുഖത്തോട് പറഞ്ഞു.
‘2003ലാണ് ജനനി എജ്യുക്കേഷൻ കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി എന്ന എൻജിഒ, സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തത്. സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു എൻജിഒ ആണിത്. 2022ൽ ആനന്ദ കുമാർ പാലക്കാട് നിരവധി എൻജിഒകളെ വിളിച്ചുചേർത്ത് ഒരു കൂട്ടായ്മ രൂപീകരിക്കുകയായിരുന്നു. എൻജിഒകൾ എല്ലാം ഒരുമിച്ച് നിന്നാൽ സമൂഹത്തിൽ ധാരാളം നന്മകൾ ചെയ്യാനാകുമെന്ന് പ്രഖ്യാപിച്ചാണ് ഞങ്ങളെ ഇതിൽ പങ്കാളിയാക്കിയത്.’
‘ഒരു കൊല്ലം റിലീസാകുന്നത് കോടിക്കണക്കിന് സിഎസ്ആർ ഫണ്ടാണ്. ഫണ്ടിന്റെ ഒരു വിഹിതം ഞങ്ങളെ പോലുള്ള എൻജിഒകൾ വഴിയാണ് സമൂഹത്തിലെത്തുന്നത്. സായ് ഗ്രാമം ധാരാളം പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു സ്ഥാപനമാണ്. അതിന്റെ അനുഭവത്തിൻ്റെ അടിസ്ഥാനത്തിലാണ് മറ്റ് എൻജിഒകളെയും ഇതിൽ പങ്കാളിയാക്കിയത്. ലാപ്ടോപ്പും തയ്യൽ മെഷീനും മാത്രമായിരുന്നില്ല ഇതിന്റെ പ്രവർത്തനങ്ങൾ. എൻജിഒകൾക്ക് വേണ്ട പേപ്പർ വർക്കുകൾ എങ്ങനെ ചെയ്യാം, എങ്ങനെയാണ് വെബ്സൈറ്റുകൾ തയ്യാറാക്കുന്നത് തുടങ്ങിയ പരിശീലനങ്ങളും ഇതിന്റെ ഭാഗമായി നൽകുന്നുണ്ടായിരുന്നു. എവിടെയും ഒരു തരത്തിലുള്ള സംശയവും തോന്നിയില്ല. കൃത്യമായ മാർഗനിർദേശങ്ങൾ ആനന്ദ കുമാർ തന്നെയാണ് നൽകിയത്. അനന്തു കൃഷ്ണനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതും ആനന്ദ കുമാറാണ്.’
‘ഇതിന്റെ മുഖ്യ സൂത്രധാരൻ എന്ന് പറയുന്നത് ആനന്ദ കുമാർ തന്നെയാണ്. എൻജിഒകൾ നൽകുന്ന പരാതികൾ എടുക്കാതിരിക്കുന്ന ഒരു നീക്കമാണ് ഇപ്പോൾ നടക്കുന്നത്. അനന്തു കൃഷ്ണനെതിരെയും ആനന്ദ കുമാറിനെതിരെയുമാണ് എൻജിഒകൾ പരാതി നൽകുന്നത്. അവരുടെ പേരുകൾ ഉൾപ്പെടാതിരിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുകയാണ്. ജനങ്ങൾ പണം നൽകിയത് എൻജിഒകൾ വഴിയാണല്ലോ? അതുകൊണ്ട് തന്നെ അവർ പഴിക്കുന്നതും ഞങ്ങളെയാണ്. ഞങ്ങൾ കേസ് കൊടുക്കുമ്പോൾ, പറ്റിക്കപ്പെട്ട ജനങ്ങൾ സമീപിക്കട്ടെ അപ്പോൾ നോക്കാം തുടങ്ങിയ തരത്തിലുള്ള മറുപടികളാണ് ലഭിക്കുന്നത്. പല എൻജിഒകളുടെയും കേസുകൾ ഫയൽ ചെയ്യുന്നില്ല. പലരുടെയും അക്കൗണ്ടുകൾ ഫ്രീസ് ചെയ്യപ്പെടുകയും അവർ കേസുകളിൽ പ്രതികളാവുകയും ചെയ്യുന്നു. തെറ്റ് ചെയ്തവരുടെ പേരുകൾ പുറത്തുവരികയാണ് വേണ്ടത്’, ജിസ ജോമോൻ അഴിമുഖത്തോട് പറഞ്ഞു.
‘ഇന്ത്യയിൽ ചിലവഴിക്കുന്ന സിഎസ്ആർ ഫണ്ട് ഗ്രാമങ്ങളിലേക്ക് എത്തുന്നില്ല എന്നതാണ് വാസ്തവം. ഒരു വർഷം ഇന്ത്യയിൽ കൈകാര്യം ചെയ്യുന്ന സിഎസ്ആർ ഫണ്ട് എന്ന് പറയുന്നത് ഏകദേശം 26000 കോടിയാണ്. അത് ഗ്രാമങ്ങളിൽ വിനിയോഗിക്കുന്നുണ്ടെങ്കിൽ എന്റെ ഗ്രാമത്തിനും ലഭിക്കേണ്ടതാണ്. അത് എനിക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. അങ്ങനെ നോക്കുകയാണെങ്കിൽ ഇത്രയും കോടികൾ മുക്കുന്ന തിമിംഗലങ്ങൾക്കെതിരെ വന്ന ഒരു പരൽമീനായിട്ടാണ് ഞാൻ അനന്തു കൃഷ്ണനെ കാണുന്നത്, വെൽഫയർ ഫൗണ്ടേഷൻ അംഗം പ്രിൻസി അഴിമുഖത്തോട് പ്രതികരിച്ചു.
തട്ടിച്ച പണം എങ്ങനെ തിരികെ വാങ്ങി ജനങ്ങൾക്ക് നൽകണമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണ് പല എൻജിഒകളും. ജനങ്ങൾക്ക് തങ്ങളിലുള്ള വിശ്വാസത്തെ മുതലെടുത്ത് നടത്തിയ തട്ടിപ്പാണിതെന്ന് എൻജിഒകൾ ആരോപിക്കുന്നു. സമൂഹത്തിലെ ഉന്നതരുടെ പേരുകൾ ഉയർന്ന് വന്നിട്ടും അവരിലേക്ക് അന്വേഷണം പൂർണമായും എത്തിയിട്ടില്ല. തങ്ങൾക്ക് സംഭവിച്ച അബദ്ധം മറച്ചുപിടിക്കാൻ ശ്രമിക്കുമ്പോഴും ഉത്തരവാദിത്തം ഏറ്റെടുക്കുന്ന എൻജിഒകളാണ് സമൂഹത്തിന് മുന്നിൽ പ്രതികളാകുന്നത്.
Content Summary: We are on the verge of suicide, Who is protecting Ananda Kumar? NGOs questioned in half-price scam
half-price scam anandhu krishnan