ഓരോ മണിക്കൂറിലും അപ്‌ഡേറ്റ് ചെയ്യുന്ന കാലാവസ്ഥാ പ്രവചനങ്ങൾ ഇപ്പോൾ ഗ്രാമപഞ്ചായത്തുകളുടെ തലത്തിൽ ആരംഭിച്ചിരിക്കുന്നു. ഓരോ മണിക്കൂറിലും അപ്ഡേറ്റ് ചെയ്യുമന്ന കാലാവസ്ഥ പ്രവചനമാണ് പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുക. രാജ്യത്തുടനീളമുള്ള പഞ്ചായത്തുകളിലാണ് ആദ്യം പദ്ധതി പ്രാബല്യത്തിൽ കൊണ്ടു വന്നിരിക്കുന്നത്.
ഒക്‌ടോബർ 24 വ്യാഴാഴ്ച വൈകുന്നേരം പഞ്ചായത്തി രാജ് മന്ത്രി രാജീവ് രഞ്ജൻ സിംഗും ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ഭൗമ ശാസ്ത്ര മന്ത്രാലയത്തിൻ്റെ സഹമന്ത്രി (സ്വതന്ത്ര ചുമതലയുള്ള) ഡോ. ജിതേന്ദ്ര സിംഗും ചേർന്ന് ഈ സംരംഭം ഔദ്യോഗികമായി ആരംഭിച്ചു.
എന്താണ് ഈ പദ്ധതി?
ഗ്രാമപഞ്ചായത്ത്-തല കാലാവസ്ഥാ പ്രവചനം എന്ന പദ്ധതി, പഞ്ചായത്തിരാജ് മന്ത്രാലയം, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി), ഭൗമശാസ്ത്ര മന്ത്രാലയം എന്നിവയുടെ സംയുക്ത പരിപാടിയാണ്.
പഞ്ചായത്തി രാജ് മന്ത്രാലയത്തിൻ്റെ അഭിപ്രായത്തിൽ, “ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും താഴെത്തട്ടിൽ ദുരന്തനിവാരണ തയ്യാറെടുപ്പുകൾ വർദ്ധിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു, ഇത് രാജ്യത്തുടനീളമുള്ള കർഷകർക്കും ഗ്രാമീണർക്കും പ്രയോജനപ്പെടുന്നതാണ്,
താഴെത്തട്ടിലുള്ള ഭരണം ശക്തിപ്പെടുത്തുകയും സുസ്ഥിരമായ കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാകും, ഗ്രാമീണ ജനതയെ കൂടുതൽ കാലാവസ്ഥാ-പ്രതിരോധശേഷിയുള്ളവരും പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാൻ കൂടുതൽ സജ്ജരാക്കുകയും ചെയ്യും”, മന്ത്രാലയം പറഞ്ഞു.
പദ്ധതിയുടെ സേവനങ്ങൾ എങ്ങനെ ലഭ്യമാക്കാം?
ഇ-ഗ്രാംസ്വരാജ്, ഗ്രാം മൺചിത്ര എന്നീ പോർട്ടലുകളിലും മേരി പഞ്ചായത്ത് ആപ്പിലും മണിക്കൂറിലെ കാലാവസ്ഥാ പ്രവചനങ്ങൾ ലഭ്യമാകും. ഇ-ഗ്രാമസ്വരാജ് ഇപ്പോൾ പ്രവർത്തനക്ഷമമാണ്.
ഉപയോക്താക്കൾക്ക് ഗ്രാമപഞ്ചായത്ത് തലത്തിൽ നിലവിലെ താപനില, കാറ്റിൻ്റെ വേഗത, മഴ, ആപേക്ഷിക ആർദ്രത എന്നിവയെക്കുറിച്ചുള്ള ഡാറ്റകൾ കാണാൻ കഴിയും; കുറഞ്ഞതും കൂടിയതുമായ താപനില, മഴ, കാറ്റിൻ്റെ ദിശ, കാറ്റിൻ്റെ വേഗത എന്നിവയുടെ അഞ്ച് ദിവസത്തെ പ്രവചനങ്ങളും മൊത്തത്തിലുള്ള കാലാവസ്ഥാ പ്രവചനമാണ് കാണാനാവുക.
പൊതുജനങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടും
ഏറ്റവും എളുപ്പത്തിൽ, വിതയ്ക്കൽ, ജലസേചനം, വിളവെടുപ്പ് തുടങ്ങിയവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ ഈ വിവരങ്ങൾ കർഷകരെ സഹായിക്കും.
കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്ന സാഹചര്യത്തിലുള്ള സൂക്ഷ്മ പ്രവചനങ്ങളുടെ പ്രാധാന്യം പഞ്ചായത്തിരാജ് മന്ത്രാലയം അടിവരയിട്ട് പറയുന്നു.
“കാലാവസ്ഥാ രീതികൾ പ്രവചനാതീതമായി മാറുന്നതിനാൽ, ഗ്രാമപഞ്ചായത്ത് തലത്തിൽ കാലാവസ്ഥാ പ്രവചനം അവതരിപ്പിക്കുന്നത് കാർഷിക ഉപജീവനമാർഗ്ഗം സംരക്ഷിക്കുന്നതിനും പ്രകൃതിദുരന്തങ്ങൾക്കെതിരെ ഗ്രാമീണ തയ്യാറെടുപ്പുകൾ വർദ്ധിപ്പിക്കുന്നതിനുമുള്ള നിർണായക ഉപകരണമായി വർത്തിക്കും,” മന്ത്രാലയം പറഞ്ഞു.
“ഗ്രാമപഞ്ചായത്തുകൾക്ക് താപനില, മഴ, കാറ്റിൻ്റെ വേഗത എന്നിവയെക്കുറിച്ചുള്ള ദൈനംദിന അപ്‌ഡേറ്റുകൾ ലഭിക്കും, വിതയ്ക്കൽ, ജലസേചനം, വിളവെടുപ്പ് പ്രവർത്തനങ്ങൾ എന്നിവ പോലുള്ള കാർഷിക മേഖലയിലെ നിർണായക തീരുമാനങ്ങൾ എടുക്കാൻ കർഷകരെ സഹായിക്കുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
എന്തുകൊണ്ടാണ് പ്രാദേശിക കാലാവസ്ഥാ പ്രവചനം പ്രധാനമാകുന്നത്?
കാലാവസ്ഥാ പ്രവചനത്തിൽ കാര്യമായ പുരോഗതി കൈവരിച്ചെങ്കിലും, പ്രവചന ശാസ്ത്രത്തിന് പ്രകടമായ അനിശ്ചിതത്വങ്ങളുണ്ട്.
ഇപ്പോഴത്തെ പ്രവചനങ്ങൾ പ്രാദേശിക തലങ്ങളിൽ കൃത്യമായി പ്രവർത്തിക്കുന്നില്ല. കാലാവസ്ഥാ പ്രവചനം കൃത്യമാകാനും ആളുകൾക്ക് ഉപകാരപ്പെടുന്നതിനും വേണ്ടിയാണ് ഇത്തരമൊരു തീരുമാനം.
ഇന്ത്യൻ മൺസൂൺ, ബംഗാൾ ഉൾക്കടലിൽ വികസിക്കുന്ന ചുഴലിക്കാറ്റ്, അല്ലെങ്കിൽ നിരവധി സംസ്ഥാനങ്ങളെ ബാധിക്കാവുന്ന താപ തരംഗങ്ങൾ എന്നിങ്ങനെയുള്ള വലിയ ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വലിയ പ്രശ്നങ്ങൾ പ്രവചിക്കാൻ സാധാരണയായി എളുപ്പമാണ്. എന്നാൽ പെട്ടെന്നുള്ള, പ്രാദേശിക സംഭവങ്ങൾ (ഒരു മേഘവിസ്ഫോടനം പോലെയുള്ളവ) പ്രവചിക്കാൻ കൂടുതൽ ബുദ്ധിമുട്ടാണ്.
പ്രാദേശിക കാലാവസ്ഥാ പ്രവചനങ്ങൾ കർഷകരുടെ ചെറിയ സമൂഹങ്ങളെപ്പോലും കൂടുതൽ ആത്മവിശ്വാസത്തോടെ അവരുടെ സാമ്പത്തിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ സഹായിക്കും. രാജ്യത്തുടനീളം 2.55 ലക്ഷം ഗ്രാമ പഞ്ചായത്തുകളാണ് ഇന്ത്യയിലുള്ളത്.
പഞ്ചായത്തീരാജ് മന്ത്രാലയം നൽകുന്ന ഗ്രാമപഞ്ചായത്ത് അതിർത്തി ഡാറ്റയെ അടിസ്ഥാനമാക്കി പ്രാദേശികവൽക്കരിച്ച കാലാവസ്ഥാ പ്രവചന സംവിധാനം ഐഎംഡി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഇന്ത്യയുടെ പ്രാദേശിക കാലാവസ്ഥാ പ്രവചന ശേഷി എത്രത്തോളം കൃത്യമാണ്?
നിലവിൽ ജില്ല, ബ്ലോക്ക് തലങ്ങളിൽ കാലാവസ്ഥാ പ്രവചനം ലഭ്യമാണ്. വർഷങ്ങളായി, കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങൾ കൂടുതൽ ഇടുങ്ങിയതായി കാണപ്പെടുന്നു. ഇതിന് നിലവിൽ 12 കി.മീ x 12 കി.മീ പ്രദേശത്ത് കാലാവസ്ഥാ പ്രവചനങ്ങൾ നടത്താനുള്ള കഴിവുണ്ട്, കൂടാതെ 1 കി.മീ x 1 കി.മീ പ്രദേശങ്ങളിൽ ഹൈപ്പർ-ലോക്കൽ പ്രവചനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെ 3 കി.മീ x 3 കി.മീ ഗ്രിഡുകൾക്കായി പരീക്ഷണാത്മക പ്രവചനങ്ങൾ പരീക്ഷിക്കുകയാണ് ഇപ്പോൾ
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിൽ പ്രാദേശിക പ്രവചനങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
പഞ്ചായത്ത് രാജ് മന്ത്രാലയം “ഗ്രാമപഞ്ചായത്ത് തലത്തിൽ കാലാവസ്ഥാ പ്രവചനങ്ങൾ” എന്ന വിഷയത്തിൽ പരിശീലന ശിൽപശാല സംഘടിപ്പിക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സംസ്ഥാന പഞ്ചായത്തീരാജ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 200-ലധികം പേർ ശിൽപ്പശാലയിൽ പങ്കെടുക്കും.
താഴേത്തട്ടിൽ കാലാവസ്ഥാ പ്രവചന ഉപകരണങ്ങളും അതിന്റെ ഫലങ്ങളും ഗുണപ്രദമായി വിനിയോഗിക്കുന്നതിനുള്ള അറിവും നൈപുണ്യവും നേടുന്നതിന് പഞ്ചായത്ത് പ്രതിനിധികളെയും പ്രവർത്തകരെയും സജ്ജരാക്കുന്നതിനും അതുവഴി അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനും അവരുടെ കമ്മ്യൂണിറ്റികളിൽ കാലാവസ്ഥാ പ്രതിരോധം വർധിപ്പിക്കുന്നതിനും ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുമെന്നാണ് പഞ്ചായത്തിരാജ് മന്ത്രാലയം വ്യക്തമാക്കുന്നത്.
content summary; weather forecasts at panchayat level, what will be known