July 12, 2025 |

‘വാര്‍ത്തകള്‍ക്കായല്ല, ഡ്യൂട്ടിയാണ് ചെയ്യുന്നത്; മാധ്യമങ്ങളുടെ ആവേശത്തിനും ആഘോഷത്തിനും ഞങ്ങളെ പഴിക്കരുത്’

എക്‌സൈസിന് പറയാനുള്ളത്‌

ലഹരി വേട്ടയിൽ എക്സൈസും പോലീസും പിടിമുറുക്കിയതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. സിനിമ മേഖലയിലെ ലഹരി ഉപയോ​ഗം സംബന്ധിച്ച പ്രശ്നങ്ങൾ ഉയർന്ന് നിൽക്കുന്ന സമയത്താണ് പ്രമുഖ സംവിധായകരടക്കം ലഹരി കേസിൽ അറസ്റ്റിലായത്. അവസാനമായി വന്ന വാർത്ത റാപ്പർ വേടനെ ലഹരി കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തു എന്നതാണ്. സമൂഹമാധ്യമങ്ങളിലടക്കം വേടനെ പിന്തുണച്ചും എതിർത്തും നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തു. എന്നാൽ മാധ്യമങ്ങൾ ഈ വാർത്തകളെ സമീപിക്കുന്ന രീതിയാണ് ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു കാര്യം. എന്തുകൊണ്ടാണ് സിനിമ മേഖലയിലുള്ളവരും കലാ മേഖലയിലുള്ളവരും പ്രതി സ്ഥാനത്ത് വരുമ്പോൾ മാധ്യമങ്ങളാൽ ആക്രമിക്കപ്പെടുന്നത്? അവരെ ആക്രമിക്കാനും അവരുടെ തെറ്റിനെ ആഘോഷിക്കാനും മാധ്യമങ്ങൾക്ക് മുന്നിൽ ആരാണ് എറിഞ്ഞ് കൊടുക്കുന്നത്?

നിയമം അനുസരിച്ച് മാത്രമാണ് ലഹരി കേസുകളിൽ നടപടി സ്വീകരിച്ചിട്ടുള്ളതെന്നും മാധ്യമശ്രദ്ധ ആകർഷിക്കാനല്ല മറിച്ച് തങ്ങളുടെ ജോലിയാണ് ചെയ്യുന്നതെന്നും വിഷയത്തിൽ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അഴിമുഖത്തോട് പ്രതികരിച്ചു. ഇത്തരം വിഷയങ്ങളിൽ മാധ്യമങ്ങളാണ് തിടുക്കം കാണിക്കുന്നതെന്നും എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ കൂട്ടിച്ചേർത്തു.

‘ലഹരി ഉപയോ​ഗത്തെ ചെറുക്കുന്നതും അത് ഉപയോ​ഗിക്കുന്നവരെ പിടികൂടുന്നതുമെല്ലാം ഞങ്ങളുടെ ജോലിയാണ്. അതുകൊണ്ടാണ് വിവരം ലഭിക്കുന്ന അവസരത്തിൽ തന്നെ ഉറക്കമൊഴിച്ചിരുന്ന് അവരെ പിടികൂടാനായി പോകുന്നത്. ഞങ്ങൾ പിടികൂടിയവർ സമൂഹത്തിൽ വളരെയധികം സ്വാധീനമുള്ളവരും അറിയപ്പെടുന്നവരുമാണ്. അവരെയാണ് ലഹരി ഉപയോ​ഗത്തിൽ പിടിക്കുന്നത്. ഈ ഓപ്പറേഷൻ ഒന്ന് പാളിപ്പോയാൽ പോലീസിന്റെയും എക്സൈസിന്റെയും അവസ്ഥ എന്താകുമെന്ന് ആലോചിച്ചിട്ടുണ്ടോ? വളരെ റിസ്ക് എടുത്താണ് അത് ഞങ്ങൾ ചെയ്യുന്നത്. ബാക്കിയുള്ള ജോലികൾ മാറ്റിവെച്ചിട്ടാണ് ഇതിന് പിന്നാലെ പോകുന്നത്. ഇതിൽ നിന്നും ഞങ്ങൾക്ക് എന്ത് ​ഗുണമാണ് ലഭിക്കുക?

സമൂഹമാധ്യമങ്ങളിൽ ഞങ്ങളുടെ ജോലിയെ കുറ്റപ്പെടുത്തിയും വിമർശിച്ചുകൊണ്ടും പോസ്റ്റുകളും കമന്റുകളും കാണുമ്പോൾ വിഷമം തോന്നാറുണ്ട്. എന്നാൽ ഇപ്പോൾ അതെല്ലാം ശീലമായി മാറി. ഏത് കാര്യം ചെയ്താലും അതിന് നിയമപരമായി പാലിക്കേണ്ട കുറേ നടപടി ക്രമങ്ങളുണ്ട്. ഒരാൾ ലഹരി ഉപയോ​ഗത്തിൽ അറസ്റ്റിലായി കഴിഞ്ഞാൽ അയാളെ കോടതിയിൽ ഹാജരാക്കുക, സാമ്പിൾ ശേഖരിക്കുക, ഇതുമായി ബന്ധപ്പെട്ടവരെ പിടികൂടുക, നോട്ടീസ് നൽകുക ഇതെല്ലാം പാലിക്കേണ്ട നിയമങ്ങളാണ്. ഒരാളെ വെറുതെ പോയി പിടികൂടി ചോദ്യം ചെയ്യാൻ ഞങ്ങൾക്ക് കഴിയില്ല.

മാധ്യമങ്ങൾ ഇതിനോട് പ്രതികരിക്കുന്ന രീതി തന്നെ വ്യത്യസ്തമാണ്. അവർ ചിലപ്പോൾ നിയമവശങ്ങളെക്കുറിച്ച് ഓർക്കുന്നത് പോലുമില്ല എന്ന് തോന്നാറുണ്ട്. എല്ലാത്തിനും തിടുക്കം കാണിക്കുന്ന രീതിയിലാണ് അവർ പെരുമാറുന്നത്. ലഹരി ഉപയോ​ഗിച്ചുവെന്ന വിവരം കിട്ടിയാൽ അയാളെ എപ്പോഴാണ് പിടികൂടി ശിക്ഷിക്കുന്നത് എന്നാണ് അവർ ചോദിക്കുന്നത്. നമുക്ക് ഇതെല്ലാം നിയമത്തിന്റെ ഉള്ളിൽ നിന്നുകൊണ്ടല്ലേ ചെയ്യാൻ കഴിയുകയുള്ളൂ.

കഞ്ചാവ് ആണ് കൈവശം വെച്ചിരിക്കുന്നതായി പിടിച്ചതെങ്കിൽ ഒരു കിലോ വരെ ജാമ്യം ലഭിക്കുന്ന കേസാണ്. 20 കിലോ വരെയാണ് മീഡിയം ക്വാണ്ടിറ്റി കേസുകൾ വരുന്നത്. മീഡിയം ക്വാണ്ടിറ്റിയാണെങ്കിൽ പത്ത് വർഷം രൂപ തടവും ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. 20 കിലോയിൽ കൂടുതലുണ്ടെങ്കിൽ അത് കൊമേഷ്യൽ ക്വാണ്ടിറ്റി കേസാണ്. അതിൽ 20 വർഷം വരെ തടവും രണ്ട് ലക്ഷത്തിൽ കൂടുതൽ പിഴയുമാണ് അടയ്ക്കേണ്ടത്. ഇങ്ങനെയുള്ള കണക്കുകൾ എല്ലാ ലഹരി വസ്തുക്കൾക്കും സർക്കാർ പറയുന്നുണ്ട്. പിടിക്കപ്പെട്ടവരിൽ നിന്നും കൂടുതലും കണ്ടെടുത്തത് ഹൈബ്രിഡ് കഞ്ചാവാണ്. ഇന്ത്യയിൽ അത് കൃഷി ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ അതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്തണം.

ഇതിന്റെ പിടിയിൽ നിന്നും രക്ഷപ്പെടണമെന്ന് അവർക്ക് തോന്നിയിട്ട് മാത്രമാണ് കാര്യമുള്ളത്. അവർ ആവശ്യപ്പെടുകയാണെങ്കിൽ ഡീ അഡിക്ഷൻ സെന്ററുകളിൽ താമസിപ്പിച്ച് ചികിത്സ നൽകാൻ എക്സൈസ് ഒരുക്കമാണ്. അങ്ങനെയാണെങ്കിൽ ചികിത്സ പൂർത്തിയാക്കി കോടതിയിൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം കേസിൽ നിന്ന് അവരെ ഒഴിവാക്കുന്നതാണ്.

മാധ്യമങ്ങളെ ഈ വിവരം അറിയിച്ച് അവർക്ക് ഒരു ദിവസം മുഴുവൻ ആഘോഷിക്കാനുള്ള വകയുണ്ടാക്കി കൊടുക്കണമെന്ന് ഞങ്ങൾ ഒരിക്കലും ആ​ഗ്രഹിക്കുന്നില്ല. ഒരാൾ എങ്ങനെയെങ്കിലും വിവരം അറിഞ്ഞ് അത് മറ്റുള്ളവരുമായി പങ്കുവെച്ചാണ് ഇത് എല്ലാ മാധ്യമങ്ങളിലും എത്തുന്നത്. ഞങ്ങൾ അടുത്തിടെ അറസ്റ്റ് ചെയ്ത സംവിധായകൻ അഞ്ചോളം ഹിറ്റ് സിനിമകൾ ചെയ്ത വ്യക്തിയാണ്. സമൂഹത്തിൽ അദ്ദേഹത്തിനുണ്ടാക്കാൻ കഴിയുന്ന സ്വാധീനം വളരെ വലുതാണ്. എന്നാൽ അതുകൊണ്ട് ഒരാൾ ചെയ്യുന്ന തെറ്റ് അങ്ങനെയല്ലാതെയാകുന്നില്ല’, എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അഴിമുഖത്തോട് പറഞ്ഞു.

ലഹരി ഉപയോ​ഗിക്കുന്നവർ ഇരകൾ കൂടിയാണെന്നും അവരെ ശിക്ഷിക്കാനല്ല മറിച്ച് രക്ഷിക്കാനാണ് എക്സൈസ് എപ്പോഴും ശ്രമിക്കുന്നതെന്നും മറ്റൊരു എക്സൈസ് ഉദ്യോ​ഗസ്ഥൻ അഴിമുഖത്തോട് പ്രതികരിച്ചു.

‘പോലീസായാലും എക്സൈസ് ആയാലും യഥാർത്ഥത്തിൽ ഈ പ്രശ്നങ്ങൾക്ക് മുൻപ് തന്നെ വലിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉയർന്ന അളവിലുള്ള ലഹരി വസ്തുക്കൾ പലരിൽ നിന്നും പിടിച്ചെടുത്തിരുന്നു. എന്നാൽ അന്നൊന്നും ഇത്തരത്തിലുള്ള വാർത്താപ്രാധാന്യം ലഭിച്ചിരുന്നില്ല. മറിച്ച് ​6 ​ഗ്രാമിന്റെയും ഒന്നര ​ഗ്രാമിന്റെയും കേസാണ് മാധ്യമങ്ങൾ വലിയ വാർത്തയാക്കിയത്. ആലപ്പുഴയിൽ തന്നെ മൂന്ന് കിലോയിലധികം ഹൈബ്രിഡ് കഞ്ചാവുമായി ഒരു യുവതി പിടിക്കപ്പെട്ടിരുന്നു. എന്നാൽ അതിൽ മാധ്യമങ്ങൾ വാർത്ത കണ്ടെത്തിയത് ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരുടെ പേര് ഉയർന്നുവന്നപ്പോഴാണ്. ജനങ്ങൾക്ക് താൽപര്യമുള്ള വാർത്ത നൽകാനാണ് മാധ്യമങ്ങളും ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ അവർ അറിയുന്നതും ഈ കേസുകളാണ്.

നമുക്ക് ഇത് ഉപയോ​ഗിക്കുന്നവരെക്കുറിച്ച് വിവരം കിട്ടിയാൽ കൃത്യമായ അന്വേഷണം നടത്തിയതിന് ശേഷം മാത്രമേ റെയ്ഡ് നടത്താൻ പോവുകയുള്ളൂ. കാരണം, അവിടെ നിന്നും ഒന്നും കണ്ടെത്തിയില്ലെങ്കിൽ എക്സൈസിന് അത് വിമർശനമാണ്. അവസാനമായി വന്നത് വേടൻ എന്ന യുവാവിനെ പിടിച്ച കേസാണ്. ദളിത് സമൂഹത്തിൽ നിന്നുള്ള സമൂഹത്തിലെ അനീതികൾ വരികളിലൂടെ ചോദ്യം ചെയ്യുന്ന ​ഗായകനാണ് അദ്ദേഹം. ഒരിക്കലും സമൂഹം ഉറ്റുനോക്കുന്നവരെ മാത്രം തിരഞ്ഞുപിടിക്കുകയല്ല ഞങ്ങൾ ചെയ്യുന്നത്. ഈ വിവരം മാധ്യമങ്ങൾക്ക് എത്തിച്ച് നൽകുകയും ചെയ്യുന്നില്ല. ഇത്തരം കേസുകൾ വരുമ്പോൾ മാധ്യമങ്ങൾ അത് ആഘോഷിക്കുകയും മറ്റുള്ള വാർത്തകൾ ഇതിന് താഴെയാവുകയും ചെയ്യുന്നു. അതാണ് സംഭവിക്കുന്നത്. മിക്ക കേസുകളിലും ലഹരി ഉപയോ​ഗിക്കുന്നവർ ഇരകൾ കൂടിയാവുകയാണ്. അവരെ ശിക്ഷിക്കാനല്ല മറിച്ച് രക്ഷിക്കാനാണ് ഞങ്ങൾ എപ്പോഴും ശ്രമിക്കുന്നത്.

അവർക്ക് താൽപര്യമുണ്ടെങ്കിൽ അവരെ ഇതിൽ നിന്നും മുക്തരാക്കുകയാണ് ഞങ്ങൾ ചെയ്യുന്നതെന്നും എന്നാൽ ഇത് കച്ചവടമാക്കുന്നവർക്കും ലഹരി മാഫിയകൾക്കും തക്കതായ ശിക്ഷ വാങ്ങി നൽകാൻ തന്നെയാണ് ശ്രമിക്കുകയെന്നും’ എക്സൈസ് ഉദ്യോ​ഗസ്ഥൻ അഴിമുഖത്തോട് പറഞ്ഞു.

സിനിമ മേഖലയിലുള്ളവർ മാത്രമാണ് ലഹരി ഉപയോ​ഗിക്കുന്നതെന്ന് വാദം തെറ്റാണെന്ന് നാർക്കോട്ടിക്സ് അസിസ്റ്റന്റ് കമ്മീഷണർ അഴിമുഖത്തോട് പറഞ്ഞു. ജനങ്ങൾക്ക് വേണ്ടത് മാത്രം മാധ്യമങ്ങൾ നൽകുന്നുവെന്നും അത് തെറ്റായ രീതിയാണെന്നും നാർക്കോട്ടിക്സ് അസിസ്റ്റന്റ് കമ്മീഷണർ കൂട്ടിച്ചേർത്തു.

സിനിമ മേഖലയിലുള്ളവർ മാത്രമാണ് ലഹരി ഉപയോ​ഗിക്കുന്നത് എന്ന വ്യാഖ്യാനം തെറ്റാണ്. നിരവധി കുട്ടികൾ, അധ്യാപകർ, മറ്റ് തൊഴിലുകൾ ചെയ്യുന്നവർ തുടങ്ങിയവർ ഞങ്ങളുടെ അന്വേഷണത്തിൽ പിടിയിലായിട്ടുണ്ട്. ലഹരിയുടെ ഉപയോ​ഗം വളരെ വ്യാപകമായി നടക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. അൻപത് വയസിന് മുകളിലുള്ളവർ ലഹരി ഉപയോ​ഗിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടാറില്ല. യുവാക്കളും കുട്ടികളുമാണ് പിടിക്കപ്പെടുന്നവരിലേറെയും. അതിൽ പെൺകുട്ടികളും ഉൾപ്പെടുന്നുണ്ട്.

മാധ്യമങ്ങൾക്ക് വേണ്ടത് വാർത്താപ്രാധാന്യമുള്ള വിഷയങ്ങളാണ്. അവർ എന്നും അതിന് പിന്നാലെയാണ്. പട്ടി മനുഷ്യനെ കടിച്ചാലല്ല, മറിച്ച് ഒരു മനുഷ്യൻ പട്ടിയെ കടിച്ചാലാണ് വാർത്ത എന്നാണല്ലോ. ആരെയും നമുക്ക് ഇതിൽ കുറ്റം പറയാനാകില്ല. മാധ്യമങ്ങൾ അവർക്ക് ആവശ്യമുള്ളത് വാർത്തയാക്കുന്നു. ജനങ്ങൾ അവർക്ക് വേണ്ടത് കാണുന്നു, നാർക്കോട്ടിക്സ് അസിസ്റ്റന്റ് കമ്മീഷണർ അഴിമുഖത്തോട് പറഞ്ഞു.

ലഹരി എന്നത് സമൂഹത്തിലെ വിപത്ത് തന്നെയാണ്. എന്നാൽ ചില പേരുകൾ മാത്രം ഉയർന്നുവരുമ്പോൾ അതിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന മാധ്യമരീതി തെറ്റാണെന്നാണ് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

Content Summary: ‘We’re Just Doing Our Duty, Not Seeking Headlines’, Excise Department Responds in Celebrity Drug Cases

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×