June 23, 2026 |
Share on

പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശം: കേന്ദ്രം അന്തിമ വിജ്ഞാപനത്തിലേക്ക്; കേരളവും കര്‍ണാടകവും തര്‍ക്കത്തില്‍

തര്‍ക്കങ്ങളും വിയോജിപ്പുകളും ഏറെക്കുറെ പരിഹരിക്കപ്പെട്ട മൂന്ന് സംസ്ഥാനങ്ങളിലെ പരിസ്ഥിതി ലോല പ്രദേശങ്ങളാകും ആദ്യഘട്ടത്തില്‍ വിജ്ഞാപനം ചെയ്യുക

പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ (ഇഎസ്എ) നിര്‍ണയിക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ആദ്യ കരട് വിജ്ഞാപനം പുറപ്പെടുവിച്ച് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ നടപടി. തര്‍ക്കങ്ങളും വിയോജിപ്പുകളും ഏറെക്കുറെ പരിഹരിക്കപ്പെട്ട മൂന്ന് സംസ്ഥാനങ്ങളിലെ പരിസ്ഥിതി ലോല പ്രദേശങ്ങളാകും ആദ്യഘട്ടത്തില്‍ വിജ്ഞാപനം ചെയ്യുക. പശ്ചിമഘട്ട സംരക്ഷണത്തിനായി എല്ലാ സംസ്ഥാനങ്ങളെയും ഒന്നിച്ച് ഉള്‍പ്പെടുത്തി കരട് വിജ്ഞാപനം ഇറക്കുന്ന മുന്‍പത്തെ രീതിയില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണിത്. അതേസമയം കേരളവും കര്‍ണാടകയും ഇപ്പോഴും ഈ വിഷയത്തില്‍ കേന്ദ്ര തീരുമാനത്തോട് വിയോജിച്ചു നില്‍ക്കുകയാണ്.

മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി 2013-ല്‍ സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍, പശ്ചിമഘട്ടത്തിലെ ആറ് സംസ്ഥാനങ്ങളിലായി 56,000 ചതുരശ്ര കിലോമീറ്ററിലധികം ഭൂമിയാണ് പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ 2014-ല്‍ ഇതിനായുള്ള ആദ്യ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. അതിനുശേഷം സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം അഞ്ച് തവണ ഭേദഗതികള്‍ വരുത്തിയെങ്കിലും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിര്‍ത്തികളെച്ചൊല്ലി സംസ്ഥാന സര്‍ക്കാരുകളുമായുള്ള തര്‍ക്കങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2024-ല്‍ പുറത്തിറക്കിയ ആറാമത്തെ കരട് വിജ്ഞാപനത്തില്‍ ആകെ 56,825.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഇ.എസ്.എ ആയി നിര്‍ദ്ദേശിച്ചിട്ടുള്ളത്. കസ്തൂരിരംഗന്‍ സമിതി ആദ്യം നിര്‍ദ്ദേശിച്ച 60,000 ചതുരശ്ര കിലോമീറ്ററിനേക്കാള്‍ കുറവാണിത്. ജനസാന്ദ്രതയേറിയ കേരളത്തിന്റെ നിരന്തരമായ ആവശ്യപ്രകാരമാണ് പ്രധാനമായും ഈ കുറവുണ്ടായത്.

കേരളത്തിന്റെയും കര്‍ണാടകയുടെയും ആവശ്യങ്ങള്‍

നിലവില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ഇ.എസ്.എ അതിര്‍ത്തികളെക്കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ആറാമത്തെ സംസ്ഥാനമായ തമിഴ്നാടിന് ഈ വിഷയത്തില്‍ വലിയ വിയോജിപ്പുകളില്ല. തമിഴ്നാട്ടില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള 6,914 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതി ലോല പ്രദേശം അയല്‍സംസ്ഥാനങ്ങളായ കേരളത്തെയും കര്‍ണാടകത്തെയും അപേക്ഷിച്ച് കുറവാണ്. എന്നാല്‍ ഇതിന്റെ അന്തിമ രൂപരേഖ ഇനിയും തീര്‍പ്പാകേണ്ടതുണ്ട്. അതേസമയം, കേരളവും കര്‍ണാടകവും ഇപ്പോഴും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണ്. കേരളം തങ്ങളുടെ പരിധിയില്‍ വരുന്ന പരിസ്ഥിതി ലോല പ്രദേശത്തിന്റെ വിസ്തൃതി വീണ്ടും കുറയ്ക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍, കര്‍ണാടക ഈ പ്രക്രിയയെ മുഴുവനായും ചോദ്യം ചെയ്യുകയാണ്.

പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ഇ.എസ്.എ പ്രദേശം (20,668 ചതുരശ്ര കിലോമീറ്റര്‍ അഥവാ 36.3 ശതമാനം) കര്‍ണാടകത്തിലാണ്. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് പൂര്‍ണ്ണമായി നിരസിക്കാന്‍ 2024-ല്‍ കര്‍ണാടക മന്ത്രിസഭ തീരുമാനിച്ചിരുന്നു. എങ്കിലും കേന്ദ്രവുമായി ചര്‍ച്ചകള്‍ തുടരുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ എതിരല്ലെന്ന് കരുതുന്നതായും, അതിനാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് പകരമായി മറ്റൊരു ബദല്‍ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കാന്‍ കര്‍ണാടകത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

മറുഭാഗത്ത്, 2024-ലെ കരട് വിജ്ഞാപനത്തില്‍ കേരളത്തിനായി നിര്‍ദ്ദേശിച്ച 9,993.7 ചതുരശ്ര കിലോമീറ്ററിന് പകരം 8,805 ചതുരശ്ര കിലോമീറ്റര്‍ മാത്രമേ ഇ.എസ്.എ ആയി പ്രഖ്യാപിക്കാവൂ എന്നാണ് കേരളത്തിന്റെ ആവശ്യം. പ്രധാനമായും ഇടുക്കി ജില്ലയിലെയും വയനാട്ടിലെയും ഏതാനും വില്ലേജുകള്‍ ഉള്‍പ്പെടെ 31 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. എന്നാല്‍ കേന്ദ്രത്തിന്റെ വിദഗ്ധ സമിതി ഇത് അംഗീകരിച്ചിട്ടില്ല. ഈ രണ്ട് ജില്ലകളിലും സംരക്ഷണം ആവശ്യമുള്ള അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകള്‍ ഉണ്ടെന്നും, ഈ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും സമിതി വ്യക്തമാക്കി.

തര്‍ക്കങ്ങള്‍ പരിഹരിച്ച് വിജ്ഞാപനവുമായി മുന്നോട്ട് പോകുന്ന സംസ്ഥാനങ്ങളില്‍ ഗുജറാത്ത് മാത്രമാണ് നിലവില്‍ അന്തിമ അനുമതി നല്‍കിയിട്ടുള്ളത്. ഗുജറാത്തിലെ 64 വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന 449-470 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇ.എസ്.എ ആയി പ്രഖ്യാപിച്ചേക്കും. എന്നാല്‍ ഇ.എസ്.എ പരിധിയില്‍ വരുന്ന വന ഇതര മേഖലകളില്‍ ചെറുകിട ധാതുക്കള്‍ ഖനനം ചെയ്യാന്‍ അനുവദിക്കണമെന്നും, നിലവിലുള്ള നിര്‍മ്മാണങ്ങളെയും മറ്റ് പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കരുതെന്നുമുള്ള നിബന്ധനകളോടെയാണ് ഗുജറാത്ത് സമ്മതം മൂളിയത്.

മഹാരാഷ്ട്രയുമായുള്ള ചര്‍ച്ചകളും അവസാന ഘട്ടത്തിലാണ്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ നിന്നുള്ള അന്തിമ വിവരങ്ങള്‍ക്കായി വിദഗ്ധ സമിതി കാത്തിരിക്കുകയാണ്. പശ്ചിമഘട്ടത്തില്‍ രണ്ടാമത്തെ വലിയ ഇ.എസ്.എ പ്രദേശം (ഏകദേശം 17,340 ചതുരശ്ര കിലോമീറ്റര്‍) മഹാരാഷ്ട്രയിലാണ്. എന്നാല്‍ ബാധിക്കപ്പെടുന്ന 2,515 വില്ലേജുകളില്‍ 378 എണ്ണം ഒഴിവാക്കണമെന്ന് മഹാരാഷ്ട്ര ആവശ്യപ്പെട്ടിട്ടുണ്ട്. ഇ.എസ്.എ വിജ്ഞാപനത്തിന് മുന്‍പ് വിഭാവനം ചെയ്ത ഖനന, വ്യാവസായിക പദ്ധതികള്‍ക്കായി ഈ പ്രദേശങ്ങള്‍ ഒഴിവാക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം. ഗോവയാകട്ടെ, തങ്ങളുടെ 108 വില്ലേജുകളുടെ പട്ടികയില്‍ നിന്ന് സത്താരി താലൂക്കിലെ 21 വില്ലേജുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ മറ്റ് ആവശ്യങ്ങളൊന്നും ഗോവ മുന്നോട്ട് വെച്ചിട്ടില്ല.

പശ്ചിമഘട്ട സംരക്ഷണത്തിനായി 2010-ല്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി രൂപീകരിച്ചതോടെയാണ് ഈ പ്രക്രിയയ്ക്ക് തുടക്കമായത്. 2011 ഓഗസ്റ്റില്‍ സമര്‍പ്പിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍, പശ്ചിമഘട്ടത്തിന്റെ ആകെ വിസ്തൃതിയായ 129,037 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെയും പരിസ്ഥിതിയുടെ തല്‍സ്ഥിതിക്ക് അനുസരിച്ച് വിവിധ നിയന്ത്രണങ്ങളോടെ ഇ.എസ്.എ ആക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് 2012 ഓഗസ്റ്റില്‍ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതിക്ക് കേന്ദ്രം ഈ ചുമതല കൈമാറി. മനുഷ്യവാസവും കൃഷിയും തോട്ടങ്ങളുമുള്ള ‘സാംസ്‌കാരിക ഭൂപ്രകൃതികളെ’ ഒഴിവാക്കി, വനപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ‘സ്വാഭാവിക ഭൂപ്രകൃതികളെ’ മാത്രം അടിസ്ഥാനമാക്കിയാണ് കസ്തൂരിരംഗന്‍ സമിതി 60,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇ.എസ്.എ ആയി നിര്‍ദ്ദേശിച്ചത്.

സംസ്ഥാനങ്ങളുടെ ആക്ഷേപങ്ങളും ബദല്‍ നിര്‍ദ്ദേശങ്ങളും പരിശോധിക്കാന്‍ 2022-ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മുന്‍ ഫോറസ്റ്റ് ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാറിന്റെ അധ്യക്ഷതയില്‍ ഒരു വിദഗ്ധ സമിതി രൂപീകരിച്ചു. പ്രൊഫ. രാമന്‍ സുകുമാര്‍), ആര്‍.പി. സിംഗ്, പ്രകാശ് ഗജ്ഭിയെ, രണ്ട് മന്ത്രാലയ ശാസ്ത്രജ്ഞര്‍ എന്നിവരടങ്ങുന്ന ഈ സമിതിയാണ് ഇപ്പോള്‍ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലെ വിജ്ഞാപന നടപടികള്‍ അന്തിമമാക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി വിവിധ ഭൂരേഖകള്‍ പരിശോധിച്ച് വില്ലേജ് വിവരങ്ങളിലെ പിഴവുകളും വിഭജനങ്ങളും പരിഹരിച്ച് കൃത്യത വരുത്താന്‍ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സമഗ്രത നിലനിര്‍ത്താന്‍ പരമാവധി തുടര്‍ച്ചയായ പ്രദേശങ്ങള്‍ നിലനിര്‍ത്തുക എന്നതാണ് സമിതിയുടെ ലക്ഷ്യം.

2024 ജൂലൈ 31-ന് പുറപ്പെടുവിച്ച ആറാമത്തെ കരട് വിജ്ഞാപനത്തിന്റെ കാലാവധിയും, ഈ വിഷയത്തില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുന്ന വിദഗ്ധ സമിതിയുടെ കാലാവധിയും വരാനിരിക്കുന്ന ജൂലൈ മാസത്തോടെ അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമവായത്തിലെത്തിയ സംസ്ഥാനങ്ങളിലെങ്കിലും വിജ്ഞാപനം അന്തിമമാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്.

അന്തിമ വിജ്ഞാപനം വരുന്നതോടെ 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പശ്ചിമഘട്ട മേഖലയ്ക്ക് കൂടുതല്‍ നിയമപരമായ പരിരക്ഷ ലഭിക്കും. പുതിയ ഖനന-ക്വാറി പ്രോജക്ടുകള്‍, തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍, കടുത്ത മലിനീകരണമുണ്ടാക്കുന്ന ചുവപ്പ് വിഭാഗത്തില്‍പ്പെട്ട വ്യവസായങ്ങള്‍, 20,000 ചതുരശ്ര മീറ്ററോ അതില്‍ കൂടുതലോ തറപ്പരപ്പുള്ള പുതിയ കെട്ടിട നിര്‍മ്മാണങ്ങളും വിപുലീകരണങ്ങളും എന്നിവയ്ക്ക് ഈ മേഖലകളില്‍ പൂര്‍ണ്ണ നിരോധനമോ കടുത്ത നിയന്ത്രണമോ ഏര്‍പ്പെടുത്തും. ഭൂമിയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എട്ട് ജൈവവൈവിധ്യ കേന്ദ്രങ്ങളില്‍ ഒന്നായ പശ്ചിമഘട്ടം, നിരവധി അപൂര്‍വ്വ സസ്യ-ജന്തുജാലങ്ങളുടെ ആവാസകേന്ദ്രമായതിനാല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഉപദ്വീപിന്റെ ‘വാട്ടര്‍ ടവര്‍’ എന്നറിയപ്പെടുന്ന പശ്ചിമഘട്ടം മണ്‍സൂണ്‍ വ്യതിയാനങ്ങളെ സ്വാധീനിക്കുന്നതിനൊപ്പം കൃഷ്ണ, ഗോദാവരി, കാവേരി, മാണ്ഡോവി, പെരിയാര്‍, ശരാവതി തുടങ്ങിയ പ്രമുഖ നദികളുടെ ഉത്ഭവകേന്ദ്രം കൂടിയാണ്.

Content Summary; The Centre is set to finalize the Western Ghats Ecologically Sensitive Area (ESA) notification for Gujarat, Maharashtra, and Goa, while talks continue with Kerala and Karnataka over boundary disputes

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×