July 15, 2025 |

രാജ് ഭവനിൽ കയറരുതെന്ന് പറയാൻ ഗവർണർക്ക് അധികാരമുണ്ടോ?

ഗവർണറുടെ അവകാശങ്ങൾ എന്തെല്ലാം: പി ഡി ടി ആചാരി സംസാരിക്കുന്നു

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളും പരാതികളുമായി കളം നിറഞ്ഞു നില്‍ക്കുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചില പരാമര്‍ശങ്ങളില്‍ പിടിച്ചാണ് ഇത്തവണ ഗവര്‍ണറുടെ പടയൊരുക്കം.

സര്‍ക്കാരിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണം തേടാന്‍, ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രാജ്ഭവനില്‍ എത്താന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇരുവരോടും പോകേണ്ടെന്നാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഇതാണ് ഖാനെ കൂടുതല്‍ പ്രകോപിതനാക്കിയത്. ചീഫ് സെക്രട്ടറിയും ഡിജിപിയും ഇനി രാജ്ഭവനിലേക്ക് വരേണ്ട എന്ന കടുപ്പിച്ചുള്ള തീരുമാനവും ഗവര്‍ണര്‍ എടുത്തിട്ടുണ്ട്.

എന്നാല്‍, ഇങ്ങനെയുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നാണ് ഭരണഘടന വിദഗ്ധര്‍ പറയുന്നത്. രാജ്ഭവന്‍ സര്‍ക്കാര്‍ സ്ഥാപനമാണ്, അവിടെ ആരാണോ അധികാരിയായി ഇരിക്കുന്നത്, അവര്‍ക്ക് അതിന്റെ ഉടമസ്ഥാവകാശമൊന്നുമില്ല, അതുകൊണ്ട് തന്നെ ആരും ഇങ്ങോട്ട് വരേണ്ട എന്നു പറയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമാണ് ഭരഘടനയില്‍ പ്രാഗത്ഭ്യം ഉള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ആര്‍ക്ക് വേണം ഗവര്‍ണര്‍മാരെ?

‘മുഖ്യമന്ത്രിയെ വിളിപ്പിക്കാനും, വിവരങ്ങള്‍ ആവശ്യപ്പെടാനും സംസ്ഥാന ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. എന്നാല്‍, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ വിളിച്ചു വരുത്തി കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. അതിനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല. ഇത്തരത്തില്‍ ചെയ്യുന്നത്, ഒരു സമാന്തര സര്‍ക്കാര്‍ നടത്താന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നതിനു തുല്യമാണ്” ലോക്‌സഭ മുന്‍ സെക്രട്ടറി ജനറലും ഭരണഘടന വിദഗ്ധനുമായ പിഡിടി ആചാരിക്കുള്ള അഭിപ്രായം ഇതാണ്.

‘ ചീഫ് സെക്രട്ടറിയെ വിളിപ്പിക്കുന്നത് എന്തിനാണ്? കുശലം തിരക്കാന്‍ അല്ലല്ലോ, നിര്‍ദേശം കൊടുക്കാന്‍ ആയിരിക്കും. അങ്ങനെ നിര്‍ദേശം കൊടുക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. അതിനുള്ള അധികാരം മുഖ്യമന്ത്രിക്കാണുള്ളത്. അതാണ് ഭരണഘടനപ്രകാരമുള്ള നടപടികള്‍’- പിഡിടി ആചാരി വ്യക്തമാക്കുന്നു.

ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രാജ്ഭവനിലേക്ക് വന്നുപോകരുതെന്ന് ഉത്തരവിടാന്‍ ഗവര്‍ണക്ക് യാതൊരുവിധ അവകാശമോ അധികാരമോ ഇല്ലെന്നും പിഡിടി ആചാരി പറയുന്നു. ‘രാജ്ഭവന്‍ സര്‍ക്കാര്‍ സ്ഥാപനമാണ്, സ്വകാര്യ സ്വത്തല്ല. ഗവര്‍ണര്‍ ആയി വരുന്നവര്‍ക്ക് രാജ്ഭവന്റെ ഉടമസ്ഥാവകാശം ഇല്ല. ചീഫ് സെക്രട്ടറിയോട് ഇങ്ങോട്ട് കയറരുതെന്ന് ഒരിക്കലും ഒരു ഗവര്‍ണര്‍ പറയില്ല. ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്താന്‍ ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ നിയോഗിക്കുകയാണെങ്കില്‍, ചീഫ് സെക്രട്ടറിക്ക് രാജ്ഭവനില്‍ പോയേ പറ്റൂ. ആ സമയത്ത്, ഇങ്ങോട്ട് കയറരുതെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. ലക്‌നൗവിലുള്ള ഗവര്‍ണറുടെ സ്വന്തം വീട്ടിലേക്കാണ് ചീഫ് സെക്രട്ടറി ചെല്ലുന്നതെങ്കില്‍, ഇറങ്ങിപ്പോകാന്‍ പറയാം, രാജ്ഭവനില്‍ അങ്ങനെ പറയാന്‍ പറ്റില്ല’.

സംസ്ഥാന സര്‍ക്കാരിനോട് ഗവര്‍ണക്ക് റിപ്പോര്‍ട്ട് തേടാന്‍ അവകാശമുണ്ട്. അത് മുഖ്യമന്ത്രിയോടാണ് ആവശ്യപ്പെടേണ്ടത്. ഭരണഘടനയുടെ 167 ആം വകുപ്പ് അനുസരിച്ച്, മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ക്ക്, സര്‍ക്കാരിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും വിവരം തരാന്‍ ആവശ്യപ്പെടാം, സംസ്ഥാനത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും. എന്നാല്‍, ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ അധികാരങ്ങള്‍ക്കപ്പുറത്തേക്ക് ഇടപെടലിന് ശ്രമിക്കുകയാണെന്നാണ് പൊതുവേയുള്ള വിമര്‍ശനം.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ ആയുധമാക്കിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നു പറഞ്ഞ മുഖ്യമന്ത്രി, തനിക്ക് നല്‍കിയ കത്തില്‍ സംസ്ഥാനത്ത് ദേശവിരുദ്ധ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി താന്‍ പറഞ്ഞിട്ടില്ല എന്നാണ് പറയുന്നതെന്നും, മുഖ്യമന്ത്രി എന്തോ ഒളിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. മുഖ്യമന്ത്രി നല്‍കിയ കത്ത് പരസ്യമായി വായിക്കുകയും ചെയ്തിരുന്നു ഖാന്‍.

സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണെങ്കില്‍, അത് തടയേണ്ട ഉത്തരവാദിത്തം സംസ്ഥാനത്തിനേക്കാള്‍ കേന്ദ്രത്തിനാണ്. സ്വര്‍ണക്കടത്ത് അടക്കമുള്ള കള്ളക്കടത്തുകള്‍ തടയാനാണ് കസ്റ്റംസിനെ നിയോഗിച്ചിരിക്കുന്നത്. രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം സ്വര്‍ണക്കടത്ത് തടയാനും കുറ്റവാളികളെ പിടികൂടാനും ചുമതല കേന്ദ്ര സര്‍ക്കാരിനാണ്. ഇതിനാവശ്യമായ നിയമങ്ങള്‍ ഉണ്ടാക്കുന്നതും അത് പ്രയോഗിക്കുന്നതും കേന്ദ്ര സര്‍ക്കാരാണ്. കസ്റ്റംസ് ചെയ്യേണ്ട ജോലിയാണ് സ്വര്‍ണക്കടത്തുകാരെ പിടികൂടേണ്ടത്. അങ്ങനെയുള്ളപ്പോള്‍ ഗവര്‍ണര്‍ യഥാര്‍ത്ഥത്തില്‍ റിപ്പോര്‍ട്ട് തേടേണ്ടത് കേന്ദ്ര ധനകാര്യ മന്ത്രിയോടല്ലേ എന്നാണ് പിഡിടി ആചാരി ചോദിക്കുന്നത്. ‘ നിര്‍മല സീതാരാമനോടാണ് റിപ്പോര്‍ട്ട് ചോദിക്കേണ്ടത്. മുഖ്യമന്ത്രിയുടെ പരിധിയില്‍ വരുന്ന കാര്യമല്ലത്. സ്വര്‍ണക്കടത്ത് രാജ്യദ്രോഹമാണെന്നാണ് ഗവര്‍ണര്‍ കരുതുന്നതെങ്കില്‍, ആ രാജ്യദ്രോഹം തടയാന്‍ എന്തു നടപടിയാണ് എടുത്തതെന്ന് മുഖ്യമന്ത്രിയോടല്ല, കേന്ദ്രമന്ത്രിയോടാണ് ചോദിക്കേണ്ടത്’.

എല്ലാം പറഞ്ഞ് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍ സര്‍ക്കാരിനെ ഭയപ്പെടുത്താന്‍ വേണ്ടി ഉയര്‍ത്തിയിരിക്കുന്ന ഭീഷണി. ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ രാഷ്ട്രപതി അത് വായിക്കും. അതിനപ്പുറം ആരിഫ് മുഹമ്മദ് ഖാന്‍ വിചാരിക്കുന്നതുപോലെ കാര്യങ്ങള്‍ അനുകൂലമാകണമെന്നില്ല.

രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുക എന്നത് ഗവര്‍ണര്‍ സ്വാഭാവികമായി ചെയ്യേണ്ട ജോലിയാണ്. ഓരോ ആഴ്ച്ചയിലും, അല്ലെങ്കില്‍ രണ്ടാഴ്ച്ച കൂടുമ്പോള്‍ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ റിപ്പോര്‍ട്ട് കൊടുക്കുന്നതാണ്. എല്ലാ കാര്യങ്ങളും ആ റിപ്പോര്‍ട്ടില്‍ വിശദീകരിക്കും. എന്താണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് ഗവര്‍ണര്‍ ആരോടും പറയില്ല, തികച്ചും കോണ്‍ഫിഡന്‍ഷ്യല്‍ ആണ്. ഈ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തില്‍ എത്തി, അവിടെ നിന്നാണ് രാഷ്ട്രപതി ഭവനിലേക്ക് അയക്കുന്നത്. ഇതൊരു സ്വഭാവിക പ്രക്രിയയും, ഗവര്‍ണര്‍ ചെയ്യേണ്ടതായിട്ടുള്ള ഉത്തരവാദിത്തവുമാണ്. അതിനപ്പുറം, ഞാനിപ്പോള്‍ രാഷ്ട്രപതിക്ക് എഴുതിക്കളയും എന്ന് ഭീഷണിപ്പെടുത്തേണ്ടതില്ല. രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നത് ഭീഷണിയായി പറയേണ്ട കാര്യവുമല്ല’; പിഡിടി ആചാരിയുടെ പ്രതികരണമാണ്.  what are the constitutional powers of a state governor arif mohammad khan clash with kerala government 

Content Summary; what are the constitutional powers of a state governor arif mohammad khan clash with kerala government

Leave a Reply

Your email address will not be published. Required fields are marked *

×