April 20, 2025 |

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ: അറിയേണ്ടതെല്ലാം

കുട്ടിയുടെ ശാരീരികവും മാനസികവുമായ വളർച്ചയെ തടയുകയോ മോശമാക്കുകയോ ചെയ്യുന്ന ഏതൊരു പ്രവർത്തിയും ചൈൽഡ് അബ്യൂസ് എന്ന് പറയാം

തൊടുപുഴയില്‍ ഒരു കുട്ടിക്ക് നേരെ നടന്ന അതിക്രമത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും കാണുമ്പോ ശരിക്കും പേടി തോന്നുന്നുണ്ടായിരിക്കും, അല്ലേ? അതിദാരുണമായ ഈ സംഭവത്തില്‍ വ്യസനം തോന്നാത്തവര്‍ ഉണ്ടാവില്ല.what causes child abuses?

കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍ അത്ര അസാധാരണമായ ഒരു സംഭവമല്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഏകദേശം 21 ശതമാനം കുട്ടികള്‍ക്ക് കടുത്ത രീതിയിലുള്ള ശാരീരിക ശിക്ഷകളും, 75 ശതമാനം കുട്ടികള്‍ക്ക് മറ്റ് സാധാരണ ശാരീരിക ശിക്ഷകളും ലഭിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടനയും വിവിധ രാജ്യങ്ങളും കുട്ടികളോടുള്ള അതിക്രമം തടയുന്നതിന് പല തരത്തിലുള്ള നിയമനിര്‍മ്മാണങ്ങളും മറ്റു പ്രതിരോധമാര്‍ഗങ്ങളും സ്വീകരിച്ചുവരുന്നു. എന്നിരുന്നാലും കുട്ടികളോടുള്ള അതിക്രമം ഇന്നും നിലനില്‍ക്കുന്നു എന്നതാണ് സത്യം.

എന്താണ് കുട്ടികളോടുള്ള അതിക്രമം അഥവാ ചൈല്‍ഡ് അബ്യൂസ് ?

ഒരു കുട്ടിയെ പരിപാലിക്കേണ്ട ഉത്തരവാദിത്തം ഉള്ളവര്‍ ആ കുട്ടിയെ ശാരീരികമോ മാനസികമോ ലൈംഗികമോ ആയി ദുരുപയോഗം ചെയ്യുക, ഉപദ്രവിക്കുക, ഒരു കുട്ടിക്ക് ആ പ്രായത്തില്‍ ആവശ്യമായ ശാരീരികവും മാനസികവുമായ പിന്തുണ നല്‍കാതിരിക്കുക, അപ്രകാരം കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഭീഷണി ഉണ്ടാകുന്ന അവസ്ഥയാണ് ചൈല്‍ഡ് അബ്യൂസ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ കുട്ടിയുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ തടയുകയോ മോശമാക്കുകയോ ചെയ്യുന്ന ഏതൊരു പ്രവര്‍ത്തിയും ചൈല്‍ഡ് അബ്യൂസ് എന്ന് പറയാം.

കുട്ടികളോടുള്ള അതിക്രമം പലതരത്തിലുണ്ട്

1. ശാരീരിക അതിക്രമം-

ശാരീരികമായി പീഡിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ മനപ്പൂര്‍വ്വം മനപ്പൂര്‍വം കുട്ടിയെ ഉപദ്രവിച്ച് ശാരീരികമായ പരിക്കുകള്‍ ഏല്‍പ്പിക്കുന്നു. അടിക്കുക, ശരീരത്തിലെ മുറിവുകള്‍ ഉണ്ടാക്കുക, പൊള്ളിക്കുക, ശ്വാസം മുട്ടിക്കുക, കടിക്കുക, വെള്ളത്തില്‍ മുക്കുക, കുട്ടികളെ അതിശക്തമായി കുലുക്കുക ഇവയൊക്കെ പലതരത്തിലുള്ള ശാരീരിക അതിക്രമങ്ങളാണ്. പണ്ട് ഇത്തരത്തിലുള്ള ശാരീരിക അതിക്രമങ്ങളെ വിളിച്ചിരുന്ന പേരാണ് Battered baby syndrome. Child abuse syndrome, Caffey’s syndrome, Maltreatment syndrome എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

ഫ്രഞ്ച് ഡോക്ടര്‍ അംബ്രോസ് അഗസ്റ്റ് താര്‍ദ്യൂ ആണ് ആദ്യമായി ഇതിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്,1860 കളില്‍. അപകടങ്ങളൊന്നും പറ്റാത്ത ഒരു കുട്ടിയുടെ ശരീരത്തില്‍ കൈകാലുകളിലെ എല്ലുകള്‍ക്ക് പല ഒടിവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അമേരിക്കയിലെ കുട്ടികളുടെ സ്‌പെഷലിസ്റ്റ് ആയിരുന്ന ജോണ്‍ കാഫേ 1946 ല്‍ ബാറ്റേഡ് ബേബി സിന്‍ഡ്രോം ഡയഗ്‌നോസ് ചെയ്തു. കുട്ടികളുടെ ശരീരത്തില്‍ പല സമയത്തുണ്ടായ പരിക്കുകള്‍ ഉണ്ടാവുക എന്നതാണ് പൊതുവായ ലക്ഷണം. പലപ്പോഴും എല്ലുകള്‍ക്ക് ഒടിവുകളും ഉണ്ടാവാം.

2. മാനസികമായ അതിക്രമങ്ങള്‍ –

കുട്ടികളുടെ പൂര്‍ണമായ വളര്‍ച്ചയ്ക്ക് മാതാപിതാക്കളുടെ സ്‌നേഹവും കരുതലും ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ആവശ്യമായ കരുതലോ പിന്തുണയോ നല്‍കാതിരിക്കുകയും കൂടെ കൂടെ കുട്ടിയെ കുറ്റപ്പെടുത്തുക, കളിയാക്കുക, വേര്‍തിരിച്ചു കാണുക, ചെറുതാക്കി കാണിക്കുക തുടങ്ങിയ ചെയ്തികളിലേര്‍പ്പെടുകയും ചെയ്യുക എന്നതാണ് ഇവിടെ സംഭവിക്കുന്നത്. ഇത് കുട്ടിയുടെ മാനസികമായ വളര്‍ച്ചയെ തകരാറില്‍ ആക്കും.

3. ലൈംഗിക അതിക്രമങ്ങള്‍ –

തന്റെ ലൈംഗിക സംതൃപ്തിക്ക് വേണ്ടി മാതാപിതാക്കളോ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു നടത്തുന്നവരോ ചെയ്യുന്ന അതിക്രമങ്ങള്‍ ആണ് ഇവ. കുട്ടികളുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുക, അനുവാദമില്ലാതെ കുട്ടികളെ തൊടുക, ലൈംഗികമായ ചേഷ്ടകള്‍ കാണിക്കുക, നീല ചിത്രങ്ങളും മറ്റും നിര്‍ബന്ധിച്ച് കാണിക്കുക, ലൈംഗികമായി ദുരുപയോഗം ചെയ്യുക, ഇവയൊക്കെ ലൈംഗിക അതിക്രമങ്ങള്‍ ആണ്.

4. ആവശ്യമായ കരുതല്‍ നല്‍കാതിരിക്കുക (Neglect)

ശാരീരികമോ മാനസികമോ ആയി ആക്രമിക്കുന്നത് മാത്രമല്ല കുട്ടിക്ക് ആവശ്യമായ കരുതല്‍ നല്‍കാതിരിക്കുന്നതും കുട്ടികളോടുള്ള അതിക്രമം ആണ്. കുട്ടിക്ക് ആവശ്യമായ ഭക്ഷണം, ആവശ്യമായ വസ്ത്രം ആവശ്യമായ ആരോഗ്യപരിരക്ഷ ഇവയൊക്കെ നല്‍കാതിരിക്കുന്നതും, സുരക്ഷിതമായി താമസിക്കുന്നതിനും നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനും ഉള്ള അവസരങ്ങള്‍ നിഷേധിക്കുന്നതും കുട്ടികളോടുള്ള അതിക്രമം ആണ്.

എന്താണ് കുട്ടികളോടുള്ള അതിക്രമത്തിന് കാരണം?

കാരണങ്ങളെ പൊതുവേ മൂന്നായി തിരിക്കാം

1. സാമൂഹികമായ കാരണങ്ങള്‍
2. മാതാപിതാക്കളുമായി ബന്ധപ്പെട്ട കാരണങ്ങള്‍
3. കുട്ടിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍

1. സാമൂഹികമായ കാരണങ്ങള്‍

ദാരിദ്ര്യം, തൊഴിലില്ലായ്മ, സാമൂഹിക പരിരക്ഷയുടെ കുറവ്, നിയമ സംവിധാനങ്ങളുടെ പോരായ്മ, കുറ്റകൃത്യങ്ങള്‍ കൂടുന്നത് ഇവയൊക്കെ കുട്ടികളോടുള്ള അതിക്രമം കൂടുന്നതിന് കാരണമാകാം.

2. മാതാപിതാക്കളുമായി ബന്ധപ്പെട്ട കാരണങ്ങള്‍

a. ശാരീരിക അതിക്രമം ഏല്‍ക്കേണ്ടിവരുന്ന മാതാപിതാക്കള്‍.

b. ഒറ്റയ്ക്ക് കുട്ടിയുടെ കാര്യം നോക്കേണ്ടി വരുന്ന രക്ഷകര്‍ത്താക്കള്‍.

c. തൊഴിലില്ലായ്മ, സാമ്പത്തികമായ പിന്നോക്കാവസ്ഥ.

d. വ്യക്തിത്വ വൈകല്യങ്ങള്‍, മദ്യം-മയക്കുമരുന്ന് ഇവയുടെ ഉപയോഗം.

e. വൈകാരികമായ വളര്‍ച്ച കുറവ്.

f. ചെറിയ പ്രായത്തില്‍ തന്നെ രക്ഷകര്‍ത്താക്കള്‍ ആവുന്നവര്‍.

g. കുട്ടികളെ വളര്‍ത്താനുള്ള അറിവുകള്‍ ഇല്ലാത്തത്.

h. പ്ലാന്‍ ചെയ്യാതെ ഉണ്ടാവുന്ന കുട്ടികള്‍.

i. അടുത്തടുത്തായി കുട്ടികള്‍ ഉണ്ടാവുന്നത്.

j. കുടുംബത്തിലെ മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, അടിപിടികള്‍.

k. സാമൂഹികമായ പിന്തുണ ഇല്ലാത്ത മാതാപിതാക്കള്‍.

l. മാനസികമായ പ്രശ്‌നങ്ങള്‍ നേരിടുന്ന മാതാപിതാക്കള്‍.

m. വിവാഹ ബന്ധം പിരിയുമ്പോള്‍ താല്‍പര്യമില്ലാതെ കുട്ടികളെ വളര്‍ത്തേണ്ട വരുന്ന അവസ്ഥ.

n. ആന്റി സോഷ്യല്‍ പേഴ്‌സണാലിറ്റി ഉള്ള മാതാപിതാക്കള്‍.

3. കുട്ടിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍

a. മാസം തികയാതെ ഉണ്ടാകുന്ന കുട്ടികള്‍.

b. കൂടെക്കൂടെ അസുഖങ്ങളുണ്ടാകുന്ന കുട്ടികള്‍.

c. ഭിന്നശേഷിക്കാരായ കുട്ടികള്‍.

child

കുട്ടികളോടുള്ള അതിക്രമങ്ങളുടെ പരിണതഫലങ്ങള്‍ എന്തൊക്കെയാണ്?

ശാരീരികമായ പരിണിതഫലങ്ങള്‍:

ശരീരത്തിലെ പരിക്കുകള്‍ക്ക് ഒക്കെ പല സമയത്തായുണ്ടത് ആയിരിക്കും എന്നുള്ളതാണ് പ്രധാനം.

അടിക്കുന്നത് കൊണ്ടോ ചവിട്ടുന്നത് കൊണ്ടോ കുട്ടിയെ എടുത്തു എറിയുന്നത് കൊണ്ടോ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടാവാം. വടി കൊണ്ടോ ബെല്‍റ്റ് കൊണ്ടോ ഒക്കെ അടിക്കാന്‍ സാധ്യതയുണ്ട്. ചിത്രശലഭങ്ങളുടെ ആകൃതിയിലുള്ള ചെറിയ ചതവുകള്‍ ഉണ്ടെങ്കില്‍ നഖംകൊണ്ട് നുള്ളിയതാവാന്‍ സാധ്യതയുണ്ട്. പലപ്പോഴും അബ്യൂസിന് ഇരയാകുന്ന കുട്ടികളുടെ വായ്ക്കുള്ളില്‍ ചതവുകളും പരിക്കുകളും കാണാന്‍ സാധിക്കും. അമിതമായി കരയുമ്പോള്‍ വാപൊത്തി പിടിക്കുന്നത് കൊണ്ടും മുഖത്ത് മര്‍ദ്ദിക്കുന്നതുകൊണ്ടും പരിക്കുകള്‍ ഉണ്ടാവാം. മുടി വലിച്ചു പറിക്കുന്നതും അസാധാരണമല്ല.

മുഖത്ത് മര്‍ദിക്കുന്നത് കൊണ്ട് കണ്ണില്‍ ഹെമറേജ് ഉണ്ടാവാന്‍ സാധ്യതയുണ്ട്. കണ്ണുകള്‍ കറുത്ത് ഇരുണ്ട് കാണപ്പെടാം. റെറ്റിന, ലെന്‍സ് തുടങ്ങിയ അവയവങ്ങള്‍ക്കുണ്ടാകുന്ന പരിക്കുകള്‍ മൂലം കാഴ്ച ശക്തി നഷ്ടപ്പെടാനും സാധ്യതയുണ്ട്.

ആന്തരാവയവങ്ങളിലും പരിക്കുകള്‍ ഉണ്ടാവാം. ശക്തമായി ശരീരം കുലുക്കിയാല്‍ മസ്തിഷ്‌കത്തില്‍ Subdural hematoma ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനെ Infantile whiplash syndrome അഥവാ Shaken baby syndrome എന്നു പറയുന്നു.

വയറിനും നെഞ്ചിനും ഒക്കെ പരിക്കുകള്‍ പറ്റാന്‍ സാധ്യതയുണ്ട്. പൊള്ളലും ചതവുകളും ഉണ്ടാവുക, ശാരീരിക വൈകല്യങ്ങള്‍ ഉണ്ടാവുക, ഒടിവുകള്‍ ഉണ്ടാവുക തുടങ്ങിയവ പ്രധാന ലക്ഷണങ്ങളാണ്. എല്ലാ രീതിയിലുള്ള പരിക്കുകളും ഒരു കുട്ടിയില്‍ തന്നെ കാണണം എന്നില്ല. എങ്കിലും പലപ്രായത്തിലുള്ള പലതരം പരിക്കുകള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. യഥാസമയം ചികിത്സ നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറായിട്ടില്ല എങ്കിലും ശ്രദ്ധിക്കണം. എങ്ങനെ പരിക്കുപറ്റി എന്ന് അന്വേഷിക്കുമ്പോള്‍ നല്‍കുന്ന മറുപടിയില്‍ നിന്നും ഒരു ഡോക്ടര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. പരിക്കുപറ്റിയ രീതിയെക്കുറിച്ച് പീഡിപ്പിച്ചവര്‍ പറയുന്നത് പരിക്കുകളുമായി യോജിക്കാതെ വരും. ഇത് മനസ്സിലാക്കാന്‍ ഒരു ഡോക്ടര്‍ക്കോ പൊലീസ് ഉദ്യോഗസ്ഥനോ വലിയ ബുദ്ധിമുട്ടുണ്ടാകില്ല.

ലൈംഗികവും പ്രത്യുല്‍പാദനപരവുമായ പരിണതഫലങ്ങള്‍:

ലൈംഗിക അവയവങ്ങള്‍ക്ക് ഉണ്ടാകുന്ന പരിക്ക്, ലൈംഗിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുക, ലൈംഗികബന്ധം വഴി പകരുന്ന അണുബാധകള്‍ ഉണ്ടാവുക (HIV, Hepatitis), ലൈംഗിക അതിക്രമത്തിന്റെ ഫലമായി ഗര്‍ഭിണിയാവുക തുടങ്ങിയ ദുഷ്‌കരമായ പ്രശ്‌നങ്ങള്‍ കുട്ടിക്ക് ഉണ്ടാകാം

മാനസികമായ പരിണതഫലങ്ങള്‍:

ആത്മവിശ്വാസം കുറയുക, സ്വയം നിന്ദ തോന്നുക സ്വഭാവ വൈകല്യങ്ങള്‍ ഉണ്ടാകുക. വിഷാദം, ഉത്കണ്ഠ, PTSD തുടങ്ങിയ രോഗാവസ്ഥകള്‍ ഉണ്ടാകുക. മാനസികവും, ബൗദ്ധികവുമായ വളര്‍ച്ച പിന്നോട്ട് ആവുക, ആത്മഹത്യാപ്രവണത കൂടുക. സ്‌കൂളില്‍ പോകാന്‍ മടി കാണിക്കുക, സ്‌കൂളിലെ പ്രകടനം മോശമാവുക.

മുകളില്‍ വിവരിച്ച രീതിയിലുള്ള ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അറിയാവുന്ന കുട്ടികളില്‍ കാണപ്പെട്ടാല്‍ നിയമപരമായ സഹായവും വൈദ്യസഹായവും തേടുക. സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് ഇക്കാര്യത്തില്‍ കുട്ടികളെ വളരെയധികം സഹായിക്കാന്‍ സാധിക്കും. അതുപോലെതന്നെ കൂട്ടുകാര്‍ വഴി അറിയുകയാണെങ്കില്‍ വൈദ്യ സഹായം തേടാനും നിയമപരമായ സഹായം തേടാനും കുട്ടികളെ സഹായിക്കേണ്ടത് ഏതൊരു പൗരന്റെയും കടമയായി തന്നെ കാണണം.

child 2

കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയാന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഏതുസമയത്തും ബന്ധപ്പെടാവുന്നതാണ്. വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തിക്കുന്നത്. 1098 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ആണ് വിളിക്കേണ്ടത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വരികയും വിവരങ്ങള്‍ അന്വേഷിക്കുകയും ആവശ്യമായ വൈദ്യസഹായവും നിയമസഹായവും ലഭ്യമാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും.

കുട്ടി സുരക്ഷിതനായിരിക്കുക, വിവേചനത്തിനടിപ്പെടാതിരിക്കുക, കുട്ടിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ബാലാവകാശങ്ങളുടെ ചുരുക്കം. Protection, Provision, Participation എന്നീ മൂന്ന് P-കള്‍ ഉറപ്പ് വരുത്തന്നതിലൂടെയേ ഇത് സാധ്യമാവൂ. എല്ലാ വിധ ക്രൂരതകളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും അവഗണനയില്‍ നിന്നുമുളള സംരക്ഷണമാണ് Protection കൊണ്ടുദ്ദേശിക്കുന്നത്. ആരോഗ്യരക്ഷ, പോഷകാഹാരം, കുടുംബത്തിന്റെയും വീടിന്റെയും തണല്‍ ഒക്കെ ഉറപ്പാക്കലാണ് Provision. അവരെ ബാധിക്കുന്ന കാര്യങ്ങളില്‍ ഉള്‍പ്പെടാനും അഭിപ്രായങ്ങള്‍ പറയുവാനുമുള്ള സ്വാതന്ത്ര്യമാണ് Participation. ഈ അവകാശങ്ങള്‍ നിഷേധിക്കുവാനുള്ള അവകാശം ഒട്ടു മിക്ക പരിഷ്‌കൃത സമൂഹങ്ങളും മാതാപിതാക്കള്‍ക്ക് പോലും നല്‍കുന്നില്ല.

കുട്ടികളോടുള്ള അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് ബഹുഭൂരിപക്ഷം രാജ്യങ്ങളിലും നല്‍കുന്നത്. കുട്ടികളുടെ രക്ഷകര്‍തൃത്വം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഏജന്‍സികള്‍ ഏറ്റെടുക്കും. അതോടൊപ്പം കുട്ടികളോട് അതിക്രമം കാണിക്കുന്ന മാതാപിതാക്കള്‍ക്ക് ജയില്‍ ശിക്ഷയും ലഭിക്കും. പിന്നീട് കുട്ടികളെ കാണാനുള്ള അനുവാദം ലഭിക്കാന്‍ തന്നെ പ്രയാസപ്പെടും. കുട്ടികളെ ശരിയായ രീതിയില്‍ വളര്‍ത്തേണ്ടത് ഒരു സാമൂഹിക ഉത്തരവാദിത്തമായാണ് പരിഷ്‌കൃത സമൂഹം വിവക്ഷിക്കുന്നത്. കുട്ടികളെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ കുട്ടികളുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുന്നത് നിയമപരമായി ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്.

കുഞ്ഞുങ്ങള്‍ രാജ്യത്തിന്റെ സമ്പത്താണ്

ആ കുരുന്നിന്റെ ദുരനുഭവത്തില്‍ വ്യസനം തോന്നിയവര്‍ ഇനി ഇതുപോലൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗരൂകരായിരിക്കണം. അത് നമ്മുടെ കടമയാണ്.what causes child abuses?

ഇന്‍ഫോക്ലിനിക് ഫേസ്ബുക്ക് കൂട്ടായ്മയ്ക്ക് വേണ്ടി ഡോ. ജിതിന്‍. ടി. ജോസഫ്, ഡോ.അഞ്ചിത്ത് ഉണ്ണി, ഡോ. ജിനേഷ് പി.എസ് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് അഴിമുഖം റീപബ്ലിഷ് ചെയ്യുന്നു.

Content Summary: what causes child abuses?

Leave a Reply

Your email address will not be published. Required fields are marked *

×