June 03, 2026 |

അന്റാര്‍ട്ടിക്ക ഉണ്ടായപ്പോള്‍ എന്താണ് സംഭവിച്ചത്?

മറ്റേത് ഭൂഖണ്ഡനഷ്ടത്തേക്കാള്‍ ഭീകരമായിരിക്കും അന്റാര്‍ട്ടിക്കയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍

ഇതെന്തു ചോദ്യമാണെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടാവും. എന്നാല്‍ അങ്ങനെയല്ല. ഈ ഭൂമിയില്‍ ഒരു പാട് ചലനങ്ങളും വ്യത്യാസങ്ങളും ഉണ്ടാക്കിയ ഒരു സംഭവമായിരുന്നു അന്റാര്‍ട്ടിക്കയുടെ സൃഷ്ടി. വിശദമായി പറയാം.

18 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്നത്തെ തെക്കേ അമേരിക്ക, ആഫ്രിക്ക, അന്റാര്‍ട്ടിക്ക, ഇന്ത്യ, ഓസ്ട്രേലിയ, അറേബ്യ എന്നിവയെല്ലാം ഒരുമിച്ച് ഒരൊറ്റ മഹാഭൂഖണ്ഡമായിരുന്നു. അതിന്റെ പേരാകട്ടെ ഗോണ്ട്വാന ലാന്റ് എന്നും. ഇന്ത്യയിലെ ഗോണ്ടുകളുടെ സ്ഥലമായ ഗോണ്ട്വാനയില്‍ നിന്ന് എദുവാര്‍ദ് സുയേസ് എന്ന ഓസ്ട്രിയന്‍ ശാസ്ത്രജ്ഞന്‍ ചാര്‍ത്തിക്കൊടുത്ത പേര്. അന്ന് ഇന്നത്തെ അന്റാര്‍ട്ടിക്കയുടേതായിരുന്ന ഭൂഭാഗം, ആഫ്രിക്കയുടേയും ഇന്ത്യയുടേയും ഓസ്‌ട്രേലിയയുടേയും ഇടയിലായിരുന്നു. ഏതാണ്ടൊരു ഉഷ്ണമേഖലാ കാലാവസ്ഥയെന്നു പറയാം. അതിനനുസരിച്ച്‌ നിറയെ സസ്യജാലങ്ങളും മൃഗങ്ങളും. എങ്കിലും അവ ഇന്നുകാണുന്നവ പോലൊന്നുമല്ല. സസ്യങ്ങളില്‍ പ്രധാനമായും ഗ്ലോസോപ്‌റ്റെറിസ് എന്ന പന്നല്‍ച്ചെടി, സ്തൂപികാഗ്ര വൃക്ഷങ്ങള്‍, പിന്നെ ഈന്തുകളും. മൃഗങ്ങളില്‍ പ്രധാനം ഡൈനസോറുകള്‍ തന്നെ. ക്രയൊലൊഫോസോറസ്, സൗരോപ്പോഡുകള്‍ എന്നിവയ്ക്കായിരുന്നു അധീശത്വം. അന്ന് പക്ഷികള്‍ പരിണമിച്ചെത്തിയിട്ടില്ല. എങ്കിലും ഒര്‍നിത്തീഷ്യന്‍ എന്നയിനം പറക്കുന്ന ഡൈനസോര്‍ ഉണ്ട്. അവിടത്തെ നദികളിലും തടാകങ്ങളിലും വേണ്ടുവോളം മത്സ്യങ്ങളും, ഉഭയജീവികളും, പിന്നെ ഷഡ്പദങ്ങളും ധാരാളം.

പിന്നീട്, ഭൂപാളികളുടെ ചലനത്തെത്തുടര്‍ന്ന് ഗോണ്ട്വാന ചിതറിമാറാന്‍ തുടങ്ങി. നാലു കോടി വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ തെക്കനമേരിക്കയും ആഫ്രിക്കയും പൂര്‍ണ്ണമായും പിരിഞ്ഞു. ഇടയില്‍ തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രം വന്നു. പിന്നെ ഇന്ത്യയും ഓസ്‌ട്രേലിയയും വിട്ടുമാറി.

What happened when Antarctica was formed?

അതിനിടയിലായിരുന്നു 6.6 കോടി വര്‍ഷങ്ങള്‍ക്കുമുമ്പത്തെ മഹാവംശനാശം. ഡൈനസോറുകളടക്കം ഭൂമിയുടെ മുക്കാല്‍ പങ്ക് സ്പീഷീസുകളും ഇല്ലാതായി. തുടര്‍ന്ന് സസ്തനികളുടെ വൈവിധ്യപരിണാമവും പക്ഷികളുടെ വരവും.

അടുത്ത ഊഴം അന്റാര്‍ട്ടിക്കയെന്ന ഭൂഭാഗത്തിന്റേതായിരുന്നു. ആദ്യമത് തെക്കോട്ടു നീങ്ങി. അതാകട്ടെ, തെക്കനമേരിക്കയുമായി കരബന്ധം സൂക്ഷിച്ചുകൊണ്ടും. പിന്നീട്, കൂടുതല്‍ തെക്കോട്ടകന്നപ്പോള്‍ തെക്കനമേരിക്കയ്ക്കും അന്റാര്‍ട്ടിക്കയ്ക്കുമിടയില്‍ ഡ്രേക്ക് കടലിടുക്ക് രൂപപ്പെട്ടു. 3.4 കോടി വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു അത്. ഉഷ്ണമേഖലയില്‍ നിന്നുള്ള മാറ്റം അന്റാര്‍ട്ടിക്കയെ തണുപ്പിലേക്കാണ് തള്ളിവിട്ടത്. ഇതിനിടയില്‍ ചില മൃഗങ്ങള്‍ മറ്റു ഭൂഖണ്ഡങ്ങളിലേക്കു കുടിയേറുകയും ചെയ്തു. പ്രധാനമായും തെക്കനമേരിക്കയിലേക്കും ഓസ്‌ട്രേലിയയിലേക്കും. തെക്കനമേരിക്കയിലെ നോതോഫാഗസ് കാടുകളില്‍ ഗോണ്ട്വാനയുടെ ശിഷ്ടമുദ്രകള്‍ കാണാവുന്നതാണ്. ആദ്യകാല പക്ഷികളായ എമു, റിയ എന്നിവയും കരബന്ധം മുറിയുന്നതിനുമുമ്പെ അന്റാര്‍ട്ടിക്കയില്‍ നിന്നു പുറപ്പെട്ടുപോയതാണെന്നു പറയുന്നുണ്ട്.

ഇന്ത്യ, ഓസ്‌ട്രേലിയ, എന്നിവ വിട്ടുമാറുകയും തെക്കനമേരിക്കയില്‍ നിന്നു പൂര്‍ണ്ണമായും വിടുതലാവുകയും ചെയ്തതോടെ അന്റാര്‍ട്ടിക്കയ്ക്ക് ചുറ്റും സമുദ്രമായി. അന്റാര്‍ട്ടിക്ക വീണ്ടും തെക്കോട്ടു നീങ്ങിയത് ഇന്ത്യാസമുദ്രത്തിന്റേയും തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റേയും വീതികൂട്ടി. അവ ബൃഹദ്‌സമുദ്രങ്ങളായി. അതോടെ ശക്തമായ ശീതക്കാറ്റ് തടസ്സങ്ങളില്ലാതെ ദക്ഷിണാര്‍ദ്ധഗോളത്തില്‍ വീശിയടിച്ചു തുടങ്ങി. ഈയവസരത്തിലാണ് പടിഞ്ഞാറന്‍ കാറ്റുകളുടെ രംഗപ്രവേശം. ഡ്രേക്ക് വിടവ് വലുതായതോടെ അന്റാര്‍ട്ടിക്കയ്ക്കു ചുറ്റും ശക്തിയേറിയ ഭൂഖണ്ഡപരിതപ്രവാഹം രൂപപ്പെട്ടു. 40° അക്ഷാശത്തില്‍ സംഭവിക്കുന്നതിനാല്‍ ഇന്നതിലൂടെ പായുന്ന കാറ്റിനെ ‘അലറുന്ന നാല്പതുകള്‍’ എന്നു വിളിക്കാറുണ്ട്. വടക്കുനിന്ന് ചൂടുകാറ്റ് അതോടെ അന്റാര്‍ട്ടിക്കയില്‍ എത്താതായി. തീവ്രശൈത്യത്തിലേക്കുള്ള പോക്കിനെ അതു ത്വരിതപ്പെടുത്തുകയും ചെയ്തു. അന്റാര്‍ട്ടിക്ക അപ്പോഴേക്കും ഉത്തരധ്രുവത്തിലെത്തിയിരുന്നു. കൊടുംതണുപ്പ് എങ്ങും പടര്‍ന്നു. അന്റാര്‍ട്ടിക്കയൊരു ഹിമഭവനമായി മാറി. ഹിമാനികളുടെ ആവിര്‍ഭാവവും അങ്ങനെയായിരുന്നു. ഹിമപാളികള്‍ കൂടുതല്‍ സൂര്യപ്രകാശത്തെ മുകളിലേക്കു പ്രതിഫലിപ്പിച്ചതോടെ ശീതീകരണത്തിന്റെ വേഗതയും വര്‍ദ്ധിച്ചു. കാടുകള്‍ ഇല്ലാതായി. പതുക്കെ പായലുകളും ചെറുചെടികളും മാത്രമായി. അതും അധികം നിലനിന്നില്ല. അന്റാര്‍ട്ടിക്കയെ ഹിമപ്പുതപ്പ് മൂടിത്തുടങ്ങിയിരുന്നു. അപ്പോഴേക്കും എല്ലാത്തരം ജീവികളും ചത്തൊടുങ്ങി. വലിയൊരു വംശനാശമായിരുന്നു അത്. കൊടുംതണുപ്പിനെ അതിജീവിക്കാനാവുന്ന സയനോബാക്ടീരിയകള്‍ എന്ന സൂക്ഷ്മജീവികള്‍ മാത്രം ബാക്കിയാവുകയും ചെയ്തു.

What happened when Antarctica was formed?

പക്ഷെ ഇതിനൊപ്പം മറ്റൊന്നുകൂടി സംഭവിച്ചു. അന്റാര്‍ട്ടിക്കയ്ക്കു ചുറ്റുമുള്ള സമുദ്രത്തില്‍ പോഷകങ്ങളുടെ ഒരു തള്ളിക്കയറ്റം! സമുദ്രസൂക്ഷ്മജീവികളായ പ്ലാങ്ടണുകളും, അതിനെ ആശ്രയിക്കുന്ന ക്രില്ലുകളും നിറഞ്ഞു തെക്കന്‍ സമുദ്രത്തിലെങ്ങും. 50,00,00,00,00,00,000 ക്രില്‍ ജീവികളാണ് ഇന്ന് അന്റാര്‍ട്ടിക്കയ്ക്കു ചുറ്റുമുള്ളത്. അതാകട്ടെ പുതിയൊരു ഭക്ഷ്യശൃംഖലയുടെ സൃഷ്ടിയിലേക്കും നയിച്ചു. മത്സ്യങ്ങള്‍, പെന്‍ഗ്വിനുകള്‍, ആല്‍ബട്രോസ് പോലുള്ള കടല്‍പ്പക്ഷികള്‍, സീലുകള്‍, തിമിംഗലങ്ങള്‍ തുടങ്ങിയ കടല്‍സസ്തനികള്‍ എന്നിവയൊക്കെ ചേര്‍ന്നതായിരുന്നു അത്. കടല്‍വെള്ളത്തിലാകട്ടെ ഓക്‌സിജന്റെ സാന്നിദ്ധ്യം വളരെ കൂടുതലും. അതിനാല്‍ അന്റാര്‍ട്ടിക് ഹിമമത്സ്യത്തിന് ഹിമോഗ്ലോബിന്‍ തന്നെ ആവശ്യമില്ലാതായി. ഹിമോഗ്ലോബിന്‍ ഇല്ലാത്ത ഏകജീവിയായി ഈ ഹിമമത്സ്യം പരിണമിക്കുകയും ചെയ്തു. പക്ഷികളില്‍ തന്നെ അതിവിചിത്രമായ പരിണാമങ്ങള്‍ ഇവിടെ സംഭവിച്ചു. പറക്കല്‍ വെടിഞ്ഞ്, ബ്ലബ്ബര്‍ എന്ന കൊഴുപ്പു നിറഞ്ഞ ഒഴുക്കിനൊപ്പം അനായാസേന പോകാനാവുന്ന, അതേസമയം കട്ടിത്തൂവലുകളുള്ള ശരീരത്തോടെ മികച്ച നീന്തല്‍ക്കാരായി മാറിയ പെന്‍ഗ്വിനുകള്‍ തന്നെ ഏറ്റവും മികച്ച ഉദാഹരണം. തെക്കന്‍ സമുദ്രത്തിലെ പോഷകങ്ങള്‍ തേടി ഉത്തരദിക്കുകളില്‍ നിന്നു പോലും ജീവികളെത്തി. ആയിരക്കണക്കിനു നാഴികകള്‍ സഞ്ചരിക്കുന്ന ആര്‍ക്ടിക് ടേണ്‍ പോലുള്ള പക്ഷികളും ചിലയിനം തിമിംഗലങ്ങളും അതില്‍പ്പെടും.

അന്റാര്‍ട്ടിക്കയ്ക്ക് സംഭവിച്ച ശീതീകരണം നമ്മുടെ ഭൂമിയെ മൊത്തത്തില്‍ ബാധിച്ചു എന്നും പറയണം. അന്തരീക്ഷോഷ്മാവ് എല്ലായിടത്തും കുറഞ്ഞു തുടങ്ങി. വനങ്ങളെ അതു കാര്യമായി ബാധിച്ചു. വന്മരങ്ങള്‍ക്ക് ആ കാലാവസ്ഥയില്‍ അതിജീവനം എളുപ്പമായിരുന്നില്ല. അങ്ങനെയാണ് പുല്ലുകള്‍ മേല്‍ക്കൈ നേടിത്തുടങ്ങിയത്. ആഫ്രിക്കയിലെ സാവന്ന പുല്‍മേടുകളും തെക്കനമേരിക്കയിലെ പാമ്പാസ് പുല്‍മേടുകളും അതിന്റെ സൃഷ്ടിയായിരുന്നു. പുല്‍മേടുകളെ ആശ്രയിക്കുന്ന പുതിയ ജീവജാലങ്ങളും പ്രത്യക്ഷപ്പെട്ടു. സസ്തനികള്‍, പക്ഷികള്‍, പൂച്ചെടികള്‍ എന്നിവയുടെ വൈവിധ്യങ്ങളിലേക്കു പരിണാമം സംഭവിക്കുന്നത് അതിനെത്തുടര്‍ന്നാണ്.

What happened when Antarctica was formed?

തെക്കനമേരിക്കയുടെ തെക്കുഭാഗമായ പാറ്റഗോണിയ വരണ്ടുണങ്ങിയതും ഓസ്‌ട്രേലിയയുടെ ഉള്‍ഭാഗം മരുഭൂമിസമാനമായതിനും അന്റാര്‍ട്ടിക്കയുടെ രൂപീകരണം കാരണമായി. തീര്‍ത്തും ഒറ്റപ്പെട്ട ഭൂഖണ്ഡങ്ങളായി മാറിയ തെക്കനമേരിക്കയിലും ഓസ്‌ട്രേലിയയിലും മറ്റെവിടെയുമില്ലാത്ത ദിശകളിലേക്കു പരിണാമം നീങ്ങി. അങ്ങനെയാണ് ആര്‍മഡില്ലോ, കംഗാരു തുടങ്ങിയ സഞ്ചിമൃഗങ്ങള്‍ ഇവിടങ്ങളില്‍ ഉണ്ടാവുന്നത്.

30 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് പാനമയെന്ന കരയിടുക്കിലൂടെ വടക്കനമേരിക്കയുമായി ഒരു ഭൂസന്ധിയുണ്ടാവുന്നതുവരെ തെക്കനമേരിക്കയില്‍ ആ ജൈവിക ഒറ്റപ്പെടല്‍ തുടര്‍ന്നു. പിന്നെയാണ് അവിടത്തെ കരജീവികളുടെ വടക്കേ അമേരിക്കയിലേക്കുള്ള അന്തര്‍ഭൂഖണ്ഡസഞ്ചാരമൊക്കെ ഉണ്ടായത്. പക്ഷെ, ഓസ്‌ട്രേലിയയില്‍ അത്തരമൊന്ന് സംഭവിച്ചതുമില്ല. അതേസമയം ആഫ്രിക്കയില്‍ വന്ന ഭൂവ്യതിയാനങ്ങളാവണം ഒടുവില്‍ ആള്‍ക്കുരങ്ങന്മാരുടെ മനുഷ്യരിലേക്കുള്ള പരിണാമത്തിലേക്കു നയിച്ചത്. എന്നാല്‍, നേരത്തെ പറഞ്ഞതുപോലെ അന്റാര്‍ട്ടിക്ക ഏതാണ്ട് സമ്പൂര്‍ണ്ണമായ വംശനാശത്തിലേക്കു നീങ്ങി.

What happened when Antarctica was formed?

അന്റാര്‍ട്ടിക്ക എന്ന ഭൂഖണ്ഡം ഒറ്റപ്പെട്ട്, തണുത്തുറഞ്ഞുപോയെങ്കിലും ആ വേര്‍പെടല്‍ മൂലം നമ്മുടെ ഭൂമിക്കു സംഭവിച്ച വ്യതിയാനങ്ങള്‍ സമാനതകളില്ലാത്തതായിരുന്നു. ഇന്നു ഭൂമിയിലെ പ്രധാന ജീവവംശങ്ങളായ പക്ഷികളുടെയും സസ്തനികളുടേയും, അതിലുള്‍പ്പെടുന്ന മനുഷ്യരുടേയും പരിണാമവികാസങ്ങള്‍ക്ക് നാന്ദിയായതും ആ ഭൂഖണ്ഡരൂപീകരണം തന്നെ. സ്വയം തണുത്തുറഞ്ഞ്, ഏതാണ്ട് ജീവനറ്റു പോയെങ്കിലും ഭൂഗോളത്തിലെ ജൈവവൈവിധ്യത്തിന് ഒരു പരിധിവരെ അന്റാര്‍ട്ടിക്ക കാരണമായി എന്നിടത്താണ് അതിന്റെ പ്രാധാന്യം.

ഇന്ന് ലോകത്തിലെ 70 ശതമാനത്തോളം ശുദ്ധജലം അന്റാര്‍ട്ടിക്കയിലെ ഹിമപാളികളിലാണ്. ഉരുകിക്കൊണ്ടിരിക്കുന്ന ഹിമപാളികള്‍ വര്‍ഷത്തില്‍ 0.4 മി.മീ വെച്ച് ആ നിരപ്പ് ഉയര്‍ത്തുന്നുണ്ട്. മുഴുവനുരുകിയാലാകട്ടെ സമുദ്രനിരപ്പ് 60 മീറ്റര്‍ വരെയും ഉയരാം. ഭൗമാന്തരീക്ഷോമഷ്മാവിനെ നിലനിര്‍ത്തുന്നതിലും അന്റാര്‍ട്ടിക്കയ്ക്കു പങ്കുണ്ട്. ലോകത്തിലെ 40% കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ പിടിച്ചെടുക്കുന്നതിലും അന്റാര്‍ട്ടിക്കയ്ക്കു ചുറ്റുമുള്ള തെക്കന്‍ സമുദ്രം നിര്‍ണ്ണായകമാണ്. അവിടെയുള്ള പ്ലാങ്ടണുകളേയും ക്രില്ലുകളുടേയും ബാഹുല്യം ലോക ജൈവസന്തുലിതാവസ്ഥയെ നിലനിര്‍ത്തുന്നതില്‍ സുപ്രധാനവുമാണ്. അന്റാര്‍ട്ടിക്കയുടെ സംരക്ഷണം എത്ര പ്രധാനമാണെന്നതും അതില്‍ നിന്നു തെളിയുന്നു. മറ്റേത് ഭൂഖണ്ഡനഷ്ടത്തേക്കാള്‍ ഭീകരമായിരിക്കും അന്റാര്‍ട്ടിക്കയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍.  What happened when Antarctica was formed?

Content Summary; What happened when Antarctica was formed?

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി , അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ൽ യൂറോളജിസ്റ്റ്. പ്രശസ്ത എഴുത്തുകാരനും ക്വിസ് മാസ്റ്ററും യാത്രികനും. മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്.

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×