സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ മുതൽ കൃത്യമായ വിവേചനവും അനീതിയും പുറത്തുകൊണ്ടുവന്നിരിക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വിവാദങ്ങളുടെ കൊടുമുടിയിലാണ് മലയാള സിനിമ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇതുവരെ ഉണ്ടായിരിക്കുന്ന സംഭവ വികാസങ്ങൾ പരിശോധിക്കാം.Hema Committee report after effects
കമ്മിറ്റി രൂപീകരണം
2017 ലാണ് മലയാള സിനിമയിലെ നടി അക്രമിക്കപെട്ട സംഭവം ഉണ്ടാകുന്നത്. വലിയ വിവാദമായ സംഭവത്തെ തുടർന്നാണ് മലയാള ചലച്ചിത്ര രംഗത്ത് സ്ത്രീകൾ നേരിടുന്ന സമാനതകളില്ലാത്ത പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ചകൾ ഉയർന്നത്. നിയമപരമായ ചട്ടക്കൂടുകളില്ലാതെ പ്രവർത്തിക്കുന്ന പുരുഷമേധാവിത്വ ഇടമെന്ന നിലയി ചലച്ചിത്രമേഖലയിൽ സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന ചൂഷണങ്ങളെ കുറിച്ച് പഠിക്കാനും അതിനെ അഭിസബോധന ചെയ്യാനും ആവശ്യങ്ങൾ ഉയർന്നു.
ഇതോടെയാണ് സിനിമയെ കൂടുതൽ ലിംഗസൗഹൃദമാക്കുന്നതിന് മാറ്റങ്ങൾ വരുത്താനായി വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) സ്ഥാപിക്കപ്പെട്ടത്. വനിതാ അഭിനേതാക്കൾ, നിർമ്മാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങുന്ന ഡബ്ല്യുസിസി, സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന വിവേചനത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു പാനലിനെ നിയോഗിക്കണമെന്ന് അന്നത്തെ ഇടതുപക്ഷ സർക്കാരിനോട് അഭ്യർത്ഥിച്ചു. 2017 ജൂലൈയിൽ ജസ്റ്റിസ് കെ ഹേമ (റിട്ടയേർഡ്) അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷൻ സർക്കാർ രൂപീകരിച്ചു. ഒരു സിനിമാ വ്യവസായത്തിന്റെ ആന്തരിക പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഇന്ത്യയിൽ ഇത്തരത്തിലുള്ള ഒരു കമ്മീഷൻ രൂപീകരിക്കുന്നത് അത് ആദ്യമായിട്ടായിരുന്നു.
റിപ്പോർട്ട് തയ്യാറാക്കൽ
മലയാള സിനിമ രംഗത്തെ പ്രവർത്തകരോട് സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവർ നേരിടുന്ന ചൂഷണം എന്നീ പ്രശ്നങ്ങൾ പഠിച്ച് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിഷനെ സർക്കാർ ചുമതലപ്പെടുത്തിയത്. തൊഴിൽ അന്തരീക്ഷത്തിന്റെ ഗുണനിലവാരവും അവർ നിത്യേന അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ സ്വഭാവവും അന്വേഷിക്കാൻ, സ്ത്രീ-പുരുഷ അഭിനേതാക്കൾ, നിർമ്മാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെടെ ചലച്ചിത്ര രംഗത്തുനിന്നുള്ള നിരവധി പേരുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ അഭിമുഖം നടത്തി. നിരവധി വനിതാ അഭിനേതാക്കൾ അവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കണമെന്ന വ്യവസ്ഥയിൽ സെറ്റിൽ നേരിടേണ്ടി വന്ന പീഡനത്തിന്റെ ഭീകര കഥകൾ കമ്മീഷനോട് വിവരിച്ചു. ലിംഗാടിസ്ഥാനത്തിലുള്ള വേതന വ്യത്യാസം, സെറ്റിൽ സ്ത്രീകൾക്ക് മതിയായ സൗകര്യങ്ങൾ നൽകാത്ത പ്രശ്നങ്ങൾ, പരാതി പരിഹാരത്തിനുള്ള ശരിയായ ഫോറത്തിന്റെ അഭാവം എന്നിവയും അവർ പരിശോധിച്ചു. ഏതാണ്ട് രണ്ടു വർഷത്തോളം സമയമെടുത്താണ് ഹേമ കമ്മിഷൻ അവരുടെ റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താനുണ്ടായ കാലതാമസം
കമ്മീഷൻ 2019 ഡിസംബർ 31 ന് കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിലെ കണ്ടെത്തലുകൾ സാധൂകരിക്കുന്ന വലിയ രേഖകളും സ്ക്രീൻഷോട്ടുകളും ഓഡിയോ ക്ലിപ്പുകളും സഹിതമാണ് ഇത് സമർപ്പിച്ചത്. റിപ്പോർട്ട് പരസ്യമാക്കിയില്ലെങ്കിലും, അവസരങ്ങൾക്ക് പകരമായി അഭിനേതാക്കളോട് ലൈംഗിക ബന്ധത്തിലേർപ്പെടാൻ അടക്കം ആവശ്യപ്പെടുന്ന ‘കാസ്റ്റിംഗ് കൗച്ച്’ സിനിമാ വ്യവസായത്തിനുള്ളിൽ ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന തരത്തിലുള്ള കണ്ടെത്തലുകൾ കമ്മീഷൻ കണ്ടെത്തി. പുരുഷന്മാരും സ്ത്രീകളുമായ അഭിനേതാക്കളിൽ നിന്നുള്ള സാക്ഷ്യപത്രങ്ങൾ ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന തരത്തിൽ ലഭിച്ചു.
സിനിമാ സെറ്റുകളിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സാന്നിധ്യം വ്യാപകമാണെന്നും കമ്മിഷൻ കണ്ടെത്തി. ഇത്തരം വീഴ്ചകളെല്ലാം അന്വേഷിക്കാൻ ഒരു ട്രൈബ്യൂണൽ രൂപീകരിക്കണമെന്നും, പാനൽ സർക്കാരിനെ ഉപദേശിച്ചു. “ഈ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നതിലൂടെ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങളും ഈ രംഗത്തേക്ക് ചുവടുവെക്കാനുള്ള ധൈര്യവും നൽകാമെന്നും ഒപ്പം നമ്മുടെ സമൂഹത്തെ ലിംഗ സമത്വം എന്ന സ്വപ്നത്തിലേക്ക് അടുപ്പിക്കാൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഈ റിപ്പോർട്ട് സമർപ്പിക്കവെ ഡബ്ല്യുസിസി അഭിപ്രായപ്പെട്ടു.
ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കപ്പെട്ട് നാല് വർഷത്തിലേറെയായി നടപടികളില്ലാതെ തുടർന്നു. ഇക്കാലയളവിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ അതിന്റെ ശുപാർശകൾ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല. കാരണമായി ചൂണ്ടിക്കാണിച്ചത് ലൈംഗികാതിക്രമത്തിന്റെ തെളിവുകൾ ആയിരുന്നു. സ്വകര്യതയെ ബാധിക്കുമെന്നതിനാൽ റിപ്പോർട്ടിലെ മുഴുവൻ ഉള്ളടക്കവും പരസ്യപ്പെടുത്തിയിട്ടില്ലെന്ന് കമ്മീഷൻ സർക്കാരിനോട് സൂചിപ്പിച്ചതായി അറിയുന്നു. എന്നാൽ അത്തരം ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ടിലെ കാതലായ കണ്ടെത്തലുകൾ വെളിപ്പെടുത്താൻ ആവശ്യമുയർന്നിരുന്നു. 1952 ലെ കമ്മീഷൻ ഓഫ് എൻക്വയറി ആക്‌ട് പ്രകാരമല്ല കമ്മീഷനെ നിയമിച്ചതെന്നതിനാൽ, റിപ്പോർട്ട് സംസ്ഥാന നിയമസഭയുടെ മുമ്പാകെ വയ്ക്കേണ്ടതില്ല.
റിപ്പോർട്ട് പുറത്തു വന്നതിന്‌ശേഷം ഉണ്ടായ സംഭവ വികാസങ്ങൾ
നീണ്ട വർഷങ്ങ്ൾക്ക് ശേഷം റിപ്പോർട്ട് പുറത്തുവിടുന്നത് ഓഗസ്റ്റ് 19 നാണ്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ മുതൽ മലയാള സിനിമയെയും, പ്രേക്ഷരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് റിപ്പോർട്ടിലെ വസ്തുതകൾ. 233 പേജുള്ള റിപ്പോർട്ടിലൂടെ സിനിമയ്ക്കുള്ളിലെ അരക്ഷിതാവസ്ഥകളും അനീതികളും വിവേചനങ്ങളുമാണ് പുറത്തുവിട്ടത്. സ്ത്രീകൾക്കെതിരെയുള്ള ചൂഷണം ജൂനിയർ ആർട്ടിസ്റ്റുകൾ അടക്കം നേരിടുന്ന വിവേചനവും റിപ്പോർട്ട് അതിഗൗരവമായാണ് ചൂണ്ടിക്കാണിച്ചത്. മലയാളസിനിമ ഒരു കൂട്ടം പുരുഷന്മാരുടെ ആധിപത്യത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ആർത്തവ ദിനങ്ങൾ സിനിമ സെറ്റുകളിലെ ദുരിതകാലമാണെന്നാണ് വനിത സിനിമപ്രവർത്തകർ ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയത്.
ഈ ദിവസങ്ങളിൽ സാനിറ്ററി പാഡുകൾ മാറ്റാനോ, ഉപയോഗിച്ചത് കളയാനോ ആവശ്യത്തിന് ശുദ്ധജലമോ ലഭിക്കാത്ത സ്ഥിതിയാണ്. മൂത്രമൊഴിക്കാനുള്ള സൗകര്യമില്ലാത്തത് കാരണം പലപ്പോഴും ദാഹിച്ചിട്ടും വെള്ളം കുടിക്കാതിരിക്കുകയാണ് ചെയ്യുന്നത്. ഇക്കാരണത്താൽ പലയാളുകൾക്കും മൂത്രത്തിൽ അണുബാധയും അനുബന്ധ രോഗങ്ങളും പിടിപെടാറാണ് പതിവ്. സിനിമയിൽ വനിതകളുടെ മനുഷ്യാവകാശങ്ങൾക്ക് വില കൽപ്പിക്കാറില്ലെന്ന് കമ്മിറ്റി എടുത്തു പറയുന്നുണ്ട്. സിനിമയിൽ വിലക്കേർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പലപ്പോഴും സ്ത്രീകളെ പരാതി നൽകുന്നതിൽ നിന്ന് പോലും തടഞ്ഞു വയ്ക്കുന്നത്. ജീവന് പോലും ഭീഷണിയുള്ളതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. സിനിമ മേഖലയിലെ പരാതികളിൽ പരിഹാരം കണ്ടെത്തുന്നതിന് ആവശ്യമായ നിയമപരമായ സ്ഥാപനത്തിൻറെ അഭാവവും റിപ്പോർട്ടിൽ ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്.
ഇതുവരെ പുറത്തു വന്ന പരാതികൾ
കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ സിനിമ രംഗത്തെ പ്രമുഖർക്കെതിരെ ആരോപണങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ലൈംഗിക ആക്രമണവും, ആതിക്ഷേപവും ഉൾപ്പെടെ നിരവധി കാര്യങ്ങളാണ് ഇവർ ചൂണ്ടിക്കാണിച്ചത്.നിലവിൽ ആരോപിതർക്കെതിരെ പരാതികൾ നൽകാത്ത സാഹചര്യത്തിൽ കേസ് എടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ. ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കാൻ കഴിയില്ലെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവിയും പറയുന്നത്. ഉന്നത സ്ഥാനങ്ങളിലും രാഷ്ട്രീയം ഉൾപ്പെടെയുള്ള മേഖലകളിൽ സജീവമായ സിനിമ താരങ്ങൾക്കെതിരെ സർക്കാർ സ്വമേധയ കേസ് എടുക്കാൻ മടിക്കുന്ന സാഹചര്യത്തിൽ എങ്ങനെയാണ് പോലീസ് കേസ് എടുക്കാനായി മുന്നോട്ടു വരുന്നതെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് ആരോപണ വിധേയർ ആരൊക്കെ ?
നിലവിൽ മലയാള സിനിമയിലെ പ്രമുഖർക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ആയ സിദ്ധിഖ്, ചിലച്ചിത്ര അക്കദമി ചെയർമാൻ കൂടിയായ സംവിധായകൻ രഞ്ജിത്ത് എന്നിവർക്കെതിരെ നടിമാർ തങ്ങൾക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കൂടുതൽ താരങ്ങൾ ആരോപണ വിധേയരായി. നടന്മാരായ ജയസൂര്യ, മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു സൂരജ് വെഞ്ഞാറമൂട്, ജയൻ ചേർത്തല, അലൻസിയർ, ബാബു രാജ്, അന്തരിച്ച സിനിമ നടൻ മാമുക്കോയ തുടങ്ങിയവരിൽ നിന്ന് മോശം സംസാരങ്ങളും പെരുമാറ്റവും ഉണ്ടായതായി ആരോപിച്ച് ജൂനിയർ ആർട്ടിസ്റ്റുകളും നടികളും രംഗത്തെത്തി.
നിയമനടപടി
നിലവിൽ ആരോപണങ്ങളെ തുടർന്ന് തങ്ങളുടെ ചുമതലകളിൽ നിന്ന് രാജി വച്ചിരിക്കുകയാണ് സിദ്ധിഖും രഞ്ജിത്തും. സംവിധായകൻ രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഉന്നയിച്ചത് ബംഗാളി നടി ശ്രീലേഖ മിത്രയാണ്. ശ്രീലേഖയുടെ പരാതിയിന്മേൽ രഞ്ജിത്തിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറാണ് കേസ് എടുത്തത്. ഇ– മെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റകൃത്യം നടന്ന കടവന്ത്രയിലെ ഫ്ലാറ്റ് നോർത്ത് പൊലീസ് സ്റ്റേഷന്റെ പരിധിയിലായതിനാലാണ് ഇവിടെ കേസ് റജിസ്റ്റർ ചെയ്തത്.
ഇതിനു പുറമെ യുവ നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടൻ സിദ്ധിഖിനെതിരെ കൊച്ചി വൈറ്റില സ്വദേശി പൊലീസിൽ പരാതി നൽകി. സിദ്ധിഖിനെതിരെ പോക്സോ ചുമത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, സംവിധായകൻ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന് പരാതിയിലുണ്ട്. യുവ നടി രേവതി സമ്പത്ത് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകൾ പുറത്തുവന്നത്. Hema Committee report after effects
Content summary; What has happened so far with the Hema Committee report?