June 03, 2026 |
Share on

ക്രിസ്തുവിനെ ചുംബനം കൊണ്ട് ഒറ്റിക്കൊടുക്കുന്ന കാസ

എന്താണ് കാസ? അഥവാ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍?

വിവിധ ക്രൈസ്തവ സഭാ വിശ്വാസികളുടെ ഏകീകൃത സംഘടനയാണ് കാസ. സ്ഥാപകനേതാവും കേരള മേധാവിയുമായ കെവിന്‍ പീറ്റര്‍ പറയുന്നത് 2007 ല്‍ ബീജാവാപം ചെയ്ത ക്രിസ്ത്യന്‍ സ്വതന്ത്ര സംഘടനയാണ് കാസ എന്നാണ്. ദേശീയതയില്‍ അധിഷ്ഠിതമായി ദൈവവിശ്വാസം സംരക്ഷിക്കുക എന്നതാണ് സംഘടനയുടെ ടാഗ് ലൈന്‍.what is CASA; cass’s actions are a betrayal of christ 

”സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ചില മതമൗലികവാദികള്‍ ഹര്‍ത്താല്‍ ആചരിച്ചപ്പോള്‍, ഹര്‍ത്താലുമായി ബന്ധപ്പെട്ട് കൊച്ചിന്‍ കാര്‍ണിവല്‍ മാറ്റിവയ്ക്കണം എന്നാവശ്യപ്പെടുകയും, എന്നാല്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ ഇടപെടുകയും, കാര്‍ണിവല്‍ നടക്കുകയും ചെയ്തു. ഈ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ‘മത മൗലിക വാദികളുടെ ഇഷ്യൂസിനെ’ നേരിടാന്‍ കാര്‍ണിവല്‍ പൈതൃക സംരക്ഷണ സമിതി എന്ന് പറഞ്ഞൊരു സമിതിക്ക് രൂപം കൊടുത്തു. പിന്നെയത് കാസയെന്ന് പറയുന്ന പേരിലേക്ക് മാറി. ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ വേറെ വിഷയങ്ങളൊന്നും അവിടെ ഉണ്ടാകാതെ വന്നപ്പോള്‍ ക്രമേണ ആ സംഘടനയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചു.”

2018 ല്‍ ജോസഫ് മാഷിന്റെ കൈവെട്ട് കേസിന് ശേഷം സമുദായത്തിലുള്ളവര്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും, അങ്ങനെ കാസയെ പൊടി തട്ടിയെടുക്കുകയും പിന്നീട് 2019 മുതല്‍ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത് എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങിയെന്നുമാണ് കെവിന്‍ പീറ്റര്‍ തന്നെ പറയുന്നത്. 2016 ല്‍ തന്റെ ഏക മകള്‍ ‘ലൗ ജിഹാദിന്’ ഇരയായി എന്നും അന്ന് താന്‍ നേരിട്ട നിസ്സഹായ അവസ്ഥയില്‍ തന്നെ സഹായിക്കാന്‍ ആരുമില്ലായിരുന്നു എന്നും, അങ്ങനെയാണ് ‘RSS പോലെയൊരു സംഘടന’ ക്രിസ്ത്യാനികള്‍ക്കും വേണം എന്ന നിലപാടിലേക്ക് എത്തിയതെന്നും കെവിന്‍ പീറ്റര്‍ പറയുന്നുണ്ട്.

CASA

മേല്‍പ്പറഞ്ഞ രണ്ട് പാരഗ്രാഫുകളും കെവിന്‍ പീറ്ററുടെ വേര്‍ഷനാണ്. ഇനി ഇതിന്റെ നിജസ്ഥിതി ഒന്ന് നോക്കാം. സദ്ദാം ഹുസൈന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ചില മത മൗലികവാദികള്‍ കൊച്ചിയില്‍ ഹര്‍ത്താല്‍ ആചരിച്ചു എന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ അന്നേ ദിവസം കൊച്ചിയില്‍ മാത്രമായിരുന്നില്ല ഹര്‍ത്താല്‍, ഉച്ചതിരിഞ്ഞ്, സിപിഐഎം, കോണ്‍ഗ്രസ്സ്, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികള്‍ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തിയിരുന്നു. എന്നാല്‍ കാസയുടെ നേതാവ് ഇത് മതമൗലികവാദികള്‍ നടത്തി എന്നാക്കി. ആവര്‍ത്തിച്ച് പറയുന്ന നുണ സത്യമായിത്തീരുന്നു എന്ന, ഹിറ്റ്ലറിന്റെ മന്ത്രിയായിരുന്ന ഗീബല്‍സിന്റെ തന്ത്രങ്ങള്‍ ഇതേ പോലെയുള്ള സംഘടനകളില്‍ നിന്ന് പഠിക്കണം എന്ന് തോന്നുന്നു.

ഇനി രണ്ടാമത്തേത് ലവ് ജിഹാദ് എന്ന ഗുരുതരമായ ആരോപണമാണ്. എന്താണ് ലവ് ജിഹാദ്? മുസ്ലീം ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനായി മുസ്ലീം മതവിശ്വാസികളായ പുരുഷന്മാര്‍ ഹിന്ദു സ്ത്രീകളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്ത് വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നു എന്ന ഗൂഢാലോചനാ സിദ്ധാന്തമാണിത്. ഇതടിമുടി സ്ത്രീവിരുദ്ധം മാത്രമല്ല, മനുഷ്യവിരുദ്ധമായ പ്രസ്താവന കൂടിയാണ്. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍, അവരേത് മതത്തില്‍ പെട്ടവരുമാകട്ടെ, ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കുന്ന ഒരു ഭരണഘടനയാണ് നമുക്കുള്ളത്. പിന്നെ, മതപരിവര്‍ത്തനം നിരോധിച്ചിട്ടുള്ള ഒരു രാജ്യവും അല്ല നമ്മുടേത് എന്ന് ഓര്‍ക്കുക.

2007ല്‍, ഹിന്ദു ജനഗരുതി സമിതി (HJS) എന്ന ഒരു സംഘടന കര്‍ണാടകയിലെ മുസ്ലീം പുരുഷന്മാര്‍ ‘ഹിന്ദു പെണ്‍കുട്ടികളെ കൊണ്ടുപോകുമെന്ന ഭീഷണി’യെ പരാമര്‍ശിക്കാന്‍ ‘ലവ് ജിഹാദ്’ എന്ന പദം ഉപയോഗിക്കാന്‍ തുടങ്ങിയെന്ന് ഔട്ട്‌ലുക്ക് മാസിക പറയുന്നു. 2009-ല്‍ മലയാള പത്രമായ കേരള കൗമുദിയുടെ ഒന്നാം പേജ് ലേഖനത്തിലാണ് ‘റോമിയോ ജിഹാദ്’ എന്ന പദപ്രയോഗം ആദ്യമായി ഉപയോഗിച്ചത്. ലവ് ജിഹാദ് എന്ന് പ്രചരിപ്പിക്കപ്പെട്ട ആദ്യ സംഭവം 2009 ല്‍ കേരളത്തില്‍ നടന്നു. പത്തനംതിട്ട ജില്ലയിലെ ഒരു കോളേജില്‍ എംബിഎ വിദ്യാര്‍ത്ഥിനികളായ രണ്ട് ഹിന്ദു പെണ്‍കുട്ടികള്‍ മുസ്ലീം കാമുകന്മാരോടൊപ്പം ഒളിച്ചോടി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രണ്ട് പെണ്‍കുട്ടികളും തങ്ങളുടെ പങ്കാളികളോടൊപ്പം പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് ജഡ്ജിയെ അറിയിച്ചു. അവരുടെ ഇഷ്ടം അംഗീകരിക്കുന്നതിനുപകരം, കോടതി അവരെ മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് അയച്ചു, സമയമെടുത്ത് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കാന്‍ അവരോട് നിര്‍ദ്ദേശിച്ചു. അടുത്ത തവണ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പങ്കാളികള്‍ക്കൊപ്പമല്ല, മാതാപിതാക്കളോടൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്ന് അവര്‍ പറഞ്ഞു. അതേതുടര്‍ന്ന് ലവ് ജിഹാദ് പ്രസ്ഥാനത്തെക്കുറിച്ച്’ അന്വേഷിക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. അന്നത്തെ കേരള ഡി ജി പി ആയിരുന്ന ജേക്കബ് പുന്നൂസ് വിശദമായ അന്വേഷണം നടത്തി മിശ്രവിവാഹങ്ങളെ ലവ് ജിഹാദിന്റെ തെളിവായി കണക്കാക്കാനാവില്ലെന്നും ലവ് ജിഹാദ് നിലവിലില്ലെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

love jihad

2016 ലെ ഹാദിയ കേസ് ‘ലവ് ജിഹാദ്’ രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യാനിടയാക്കി. 2016 ജനുവരിയില്‍ കേരളത്തിലെ കോട്ടയം, വൈക്കം സ്വദേശിയായ 24 വയസ്സുള്ള ഹോമിയോപ്പതി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ ഹാദിയ ഇസ്ലാം മതം സ്വീകരിക്കാന്‍ ഹിന്ദുമതം ഉപേക്ഷിച്ചു. വീട് വിടേണ്ടി വന്ന ഹാദിയ ഏതാനും മാസങ്ങള്‍ക്ക് ശേഷം, ഷഫിന്‍ ജഹാനെ വിവാഹം കഴിച്ചു. അച്ഛന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി തീര്‍പ്പാക്കുന്നതിനിടെയാണ് അവര്‍ ഷഫിന്‍ ജഹാനെ വിവാഹം കഴിച്ചത്. 2017 മേയില്‍ ഷഫിന്‍ ജഹാനുമായുളള ഹാദിയയുടെ വിവാഹം കേരള ഹൈക്കോടതി റദ്ദാക്കുകയും ഹാദിയയെ അവളുടെ പിതാവ് അശോകനൊപ്പം അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി അയയ്ക്കാന്‍വിചിത്രമായ ഉത്തരവിടുകയും ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ ഷഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഓഗസ്റ്റില്‍ ഹാദിയ – ഷഫിന്‍ ജഹാന്‍ വിവാഹത്തിന്റെ വിഷയം എന്‍ഐഎ അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഹൈക്കോടതിക്കു വിവാഹം റദ്ദാക്കാന്‍ അധികാരമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയും ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും, ഹാദിയയെ മോചിപ്പിക്കുകയും ചെയ്തു. ഈ കേസിന്റെ പശ്ചാത്തലത്തില്‍, സുപ്രീം കോടതി ഉത്തരവിന്മേല്‍ നടന്ന അന്വേഷണത്തില്‍ ലവ് ജിഹാദിന് തെളിവില്ല എന്ന് 2018 ല്‍ എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കി. 2020ല്‍ ലോക്‌സഭയില്‍ ബെന്നി ബെഹന്നാന്‍ എം പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി എന്‍ഐഎ അന്വേഷണം നടത്തിയിരുന്നു എന്നും, കേരളത്തില്‍ ലവ് ജിഹാദ് ഇല്ല എന്ന് അന്നത്തെ ആഭ്യന്തര സഹമന്ത്രി ആയിരുന്ന ജി കിഷന്‍ റെഡ്ഡി മറുപടി നല്‍കി.

ഇവിടെ രാജ്യം ഭരിക്കുന്ന, ഹിന്ദുതീവ്രവാദികളായ സംഘപരിവാറിനാല്‍ നിയന്ത്രിക്കപ്പെടുന്ന ആഭ്യന്തര മന്ത്രി പോലും, ഇല്ലെന്ന് സമ്മതിക്കുന്ന ഒരു നറേറ്റീവ് ആയ ‘ലവ് ജിഹാദ്’ നെതിരെ പോരാടുന്നതാണ് കാസയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. ഇങ്ങനെ ഇരയാക്കപ്പെട്ട ഒരുപാട് പെണ്‍കുട്ടികളെ തങ്ങള്‍ തിരികെ കൊണ്ടു വന്നിട്ടുണ്ടെന്നും ഇവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കാസ പറയുന്നു. മിശ്രവിവാഹം അനുവദിക്കപ്പെട്ട ഒരു സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളാണ് ഇതെന്നോര്‍ക്കണം. എത്ര ഗൂഢമായാണ് ഇതിന്റെ പ്രവര്‍ത്തനം എന്ന് ആലോചിച്ചു നോക്കുക. മുഖ്യധാരയെന്ന് പറയപ്പെടുന്ന മാധ്യമങ്ങളും സംഘ പരിവാറും ഒക്കെക്കൂടി ഇത്രയും വിഷലിപ്തമാക്കി വച്ചിരിക്കുന്ന ഒരു സമൂഹത്തില്‍ ഒരുദാഹരണം പറഞ്ഞാല്‍ നിങ്ങള്‍ക്കിത് മനസ്സിലായേക്കും. ഈ കാസയിലെ ചര്‍ച്ച് എന്ന വാക്ക് മാറ്റി അവിടെ മസ്ജിദ് എന്നാക്കി നോക്കുക. മസ്ജിദ് അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്നൊരു സംഘടന മുസ്ലിങ്ങള്‍ക്കിടയില്‍ ‘ഘര്‍ വാപ്പസി’ ലക്ഷ്യം വച്ച് ഇങ്ങനെ പ്രവര്‍ത്തിച്ചിരുന്നെങ്കിലോ? സംഘടനയും നിരോധിക്കപ്പെടും, മിക്കവാറും UAPA യും രാജ്യദ്രോഹവും ഒക്കെ ചാര്‍ത്തപ്പെടുകയും ചെയ്യും. ഇതൊരു ന്യൂ നോര്‍മല്‍ ആണ്. അതുകൊണ്ടുതന്നെ കാസ നിരോധിക്കപ്പെടാത്തതില്‍ നമുക്കൊരു അത്ഭുതവും തോന്നാതെയാകുന്നു.

കാസ ദേശീയതയില്‍ അധിഷ്ഠിതമായി ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വലതുപക്ഷ പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ശ്രമിക്കുന്നതെന്ന് കാസ സ്ഥാപകരില്‍ ഒരാളും സംസ്ഥാന പ്രസിഡന്റുമായ കെവിന്‍ പീറ്റര്‍ 2025 ല്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. തീവ്ര ദേശീയത, തീവ്ര മതബോധം എന്നിവയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് എന്തുകൊണ്ടും ചേരുന്നതാണ് ബിജെപിയുമായുള്ള ബാന്ധവം. പൗരത്വ ഭേദഗതി നിയമം, ലവ് ജിഹാദ് എന്നീ വിഷയങ്ങളില്‍ മുന്‍പും ബിജെപി യോടൊപ്പം നിന്ന് തങ്ങളുടെ അനുകൂല നിലപാട് തെളിയിച്ചിട്ടുള്ള സംഘടനയാണ് കാസ. തീര്‍ച്ചയായും ജലം അതിന്റെ നാഥനെ കണ്ടെത്തിയിരിക്കുന്നു. പക്ഷെ സംഘടന പറയുന്ന ക്രിസ്ത്യന്‍ സ്‌നേഹം ഒരു കാപട്യം മാത്രമാണെന്ന് സംഘപരിവാര്‍ ബാന്ധവം തെളിയിക്കുന്നു.

1998 ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പിലൂടെ രാജ്യത്ത് ആദ്യമായി 182 സീറ്റ് നേടി സംഘപരിവാറിന്റെ രാഷ്ട്രീയമുഖമായ ബിജെപി നയിക്കുന്ന മുന്നണി, വാജ്‌പേയി പ്രധാനമന്ത്രിയായി മാര്‍ച്ചില്‍ അധികാരത്തില്‍ വന്നു. അതോടെ രാജ്യത്തുടനീളം ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചു. അതേ വര്‍ഷം കേശുഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ ബിജെപി ഭരണത്തിലെത്തിയ ഗുജറാത്തിലായിരുന്നു ഭൂരിഭാഗം ആക്രമണങ്ങളും നടന്നത്. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് 1998 മുതല്‍ 1999 ഫെബ്രുവരി വരെയുള്ള കാലയളവില്‍, രാജ്യത്തുടനീളം ക്രിസ്ത്യാനികള്‍ക്കെതിരെ 116 ആക്രമണ സംഭവങ്ങള്‍ നടന്നതായി ഇന്ത്യന്‍ പാര്‍ലമെന്റ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം 94 സംഭവങ്ങള്‍ നടന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗുജറാത്ത് ഒന്നാമതെത്തി. 1984 സിഖുകാര്‍ക്കെതിരെയും 1992-ലും 1993-ലും രാജ്യവ്യാപകമായി ഇന്ത്യയിലെ മുസ്ലീം സമൂഹത്തിനെതിരെയും നീണ്ട ഹിന്ദുതീവ്രവാദികളുടെ അക്രമം രാജ്യത്ത് അധികാരത്തിലെത്തിയതോടെ ക്രിസ്ത്യാനികള്‍ക്കെതിരെയും വ്യാപകമായി.

graham staines

ഗ്രഹാം സ്റ്റെയിന്‍സും മക്കളും

1999 ജനുവരിയില്‍ ഒഡീഷയില്‍ വച്ച് വാനില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രഹാം സ്റ്റെയിന്‍സിനെയും കുഞ്ഞുങ്ങളെയും ബജ്‌റങ്ക്ദള്‍ പ്രവര്‍ത്തകനായ ധാരാസിങ്ങിന്റെ നേതൃത്വത്തിലെ ഹിന്ദു തീവ്രവാദികള്‍ വാനിന് തീ കൊളുത്തി കൊന്നു. ഇവാഞ്ചലിക്കല്‍ സൊസൈറ്റിയുടെ ഭാഗമായ ‘Mayurbhanj Leprosy Home’ ലൂടെ 1965 മുതല്‍ ഒഡീഷയില്‍ കുഷ്ഠരോഗബാധിതരെ പരിചരിക്കുകയും, ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന സ്റ്റെയിന്‍സും ഭാര്യ ഗ്ലാഡിസും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി എന്നതായിരുന്നു ഹിന്ദു തീവ്രവാദികളുടെ ആരോപണം.ഈ ആസൂത്രിത കൊലപാതകത്തില്‍ ബജറങ്ക് ദളിന്റെ അന്നത്തെ ഒറീസ്സ മേധാവിയായിരുന്ന ഇന്നത്തെ ശുഭ്രവസ്ത്രധാരിയായ, കുടിലില്‍ താമസിക്കുന്ന, സൈക്കിളില്‍ സഞ്ചരിക്കുന്ന ലളിത ജീവിതത്തിനുടമയായ, 2019 ല്‍ കേന്ദ്ര മന്ത്രിയായ ഒഡീഷാ മോഡി എന്നറിയപ്പെട്ടിരുന്ന പ്രതാപ് ചന്ദ്ര സാരംഗിയും പ്രതിയായിരുന്നു.

പിന്നീട് 2008 ഓഗസ്റ്റ് 23 ന് ഒഡീഷയിലെ കാന്ധമാല്‍ ജില്ലയില്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടു. മാവോയിസ്റ്റുകള്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും സംഘപരിവാറിന് അതൊരു ‘സുവര്‍ണ്ണാവസരമായിരുന്നു’. ലക്ഷ്മണാനന്ദയുടെ ശവമഞ്ചവും വഹിച്ചുകൊണ്ടുള്ള യാത്ര പോയ വഴിയിലും, ഒഡീഷയില്‍ ആകെയും പള്ളികള്‍ തകര്‍ക്കപ്പെട്ടു. ക്രിസ്ത്യാനികള്‍ക്ക് സ്ഥാനമില്ല. ക്രിസ്ത്യാനികള്‍ ഹിന്ദുക്കളാകുന്നില്ലെങ്കില്‍ അവര്‍ പോകണം. അവര്‍ എവിടേക്ക് പോയാലും ഞങ്ങള്‍ക്ക് പ്രശ്നമില്ല. അവര്‍ ഒറീസ വിടണം എന്ന് വിഎച്ച്പി നേതാവ് തൊഗാഡിയ പറഞ്ഞു. കലാപത്തില്‍ 600 ഗ്രാമങ്ങളും 5,600 വീടുകളും കൊള്ളയടിക്കപ്പെട്ടു. 54,000 പേര്‍ ഭവനരഹിതരായി, 295 പള്ളികളും ആരാധനാലയങ്ങളും നശിപ്പിക്കപ്പെട്ടു, 13 സ്‌കൂളുകളും കോളേജുകളും അനാഥാലയങ്ങളും തകര്‍ന്നു. ഔദ്യോഗിക മരണസംഖ്യ 39 ആയിരുന്നു, അനൗദ്യോഗികമായി ഈ കണക്ക് 100 ന് മുകളിലാണെന്നു പറയുന്നു. ഒട്ടേറെ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. അക്രമ ഭീഷണിയെ തുടര്‍ന്ന് ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിതരായി.

ഗുജറാത്തിലെ ബില്‍കീസ് ബാനുവിനെപ്പോലെ, കാന്ധമാലില്‍ പരിവാര്‍ തെമ്മാടിക്കൂട്ടം കൂട്ടബലാത്സംഗത്തിനിരയാക്കിയ കന്യാസ്ത്രീയാണ് സിസ്റ്റര്‍ മീന ലളിത ബറുവ. ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിലെ ദിവ്യ ജ്യോതി പാസ്റ്ററല്‍ സെന്ററിലെ സാമൂഹിക പ്രവര്‍ത്തകയായിരുന്നു ബറുവ. 2008 ഓഗസ്റ്റ് 24, അവര്‍ താമസിച്ചിരുന്ന ദിവ്യ ജ്യോതി കേന്ദ്രത്തിന് മുന്നില്‍ അക്രമികള്‍ എത്തി, അവര്‍ പിന്‍വാതിലിലൂടെ മറ്റ് ചിലരോടൊപ്പം കാട്ടിലേക്ക് ഓടിക്കയറി ഒരു ഹിന്ദുവിന്റെ വീട്ടില്‍ രാത്രി തങ്ങാന്‍ അഭയം പ്രാപിച്ചു. പിന്നീട് ജനക്കൂട്ടം ദിവ്യ ജ്യോതി കേന്ദ്രത്തിന് തീയിട്ടു. ആഗസ്റ്റ് 25 ന് ഉച്ചയോട് കൂടി വീടിനടുത്ത് തടിച്ചുകൂടിയ 2000 പേരടങ്ങുന്ന ഒരു ജനക്കൂട്ടം ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിച്ചു പറഞ്ഞു മഴുവടക്കമുള്ള മാരകായുധങ്ങളുമായി വീടാക്രമിച്ചു, അവിടെ അഭയം പ്രാപിച്ച തോമസ് എന്ന പുരോഹിതനെയും പുറത്തിറക്കി മര്‍ദ്ദിച്ചു. സിസ്റ്ററെ മേല്‍വസ്ത്രമില്ലാതെ നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. 2014 മാര്‍ച്ചില്‍ പ്രധാന പ്രതിയായ സന്തോഷ് പട്‌നായിക് എന്ന മിതു ഉള്‍പ്പെടെ മൂന്ന് പേരെ കുറ്റക്കാരാണെന്ന് വിചാരണ കോടതി വിധിക്കുകയും ആറു പേരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കുകയും ചെയ്തു.

attack churches

2014 മുതല്‍ ക്രിസ്ത്യാനികള്‍ക്കെതിരായ മൊത്തം അക്രമ സംഭവങ്ങളുടെ എണ്ണം ക്രമേണ വര്‍ദ്ധിച്ചുവരികയാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പറയുന്നു. 2014-ല്‍ ക്രിസ്ത്യാനികള്‍ക്കെതിരായ 147 അക്രമ സംഭവങ്ങളും, 2015-ല്‍ 177 ഉം, 2016-ല്‍ 208 ഉം, 2017-ല്‍ 240 ഉം, 2018-ല്‍ 292 ഉം, 2019-ല്‍ 328 ഉം, 2020-ല്‍ 279 ഉം, 2021-ല്‍ 505 ഉം, 2022-ല്‍ 599 ഉം, 2023 നവംബറില്‍ 687 ഉം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024 ല്‍ഇത് 740 ലധികമായി ഉയര്‍ന്നു. അങ്ങനെ മോഡി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ ഗണ്യമായി വര്‍ധിച്ചു. ഈ കണക്കുകളനുസരിച്ച് ഇന്ത്യയില്‍ ഒരു ദിവസം ശരാശരി രണ്ട് ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നു എന്ന് യുസിഎഫ് പറയുന്നു.

ഈയൊരു സാഹചര്യത്തില്‍ എങ്ങനെയാണ് ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്ന ഒരു സംഘടനയ്ക്ക് സംഘപരിവാറുമായി കൈ കോര്‍ക്കാനാവുക എന്നതാണ്. അപ്പോള്‍ ഇത് ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയുള്ള ഒന്നല്ല മറിച്ച് മുസ്ലിം വിരോധത്തില്‍ അധിഷ്ഠിതമായി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണെന്ന് പറയേണ്ടി വരും. എന്‍ഡോഗമി (ആചാരമോ നിയമമോ അനുസരിച്ച് ഒരു പ്രത്യേക ഗ്രൂപ്പിനുള്ളില്‍ വിവാഹം) മാത്രം അനുവദിച്ചിരുന്ന ചില ഗോത്രങ്ങള്‍ ഇത് ലംഘിച്ചിരുന്നവരെ ശിക്ഷിച്ചിരുന്നു. ചില സംസ്‌കാരങ്ങളില്‍, ഇത് മരണശിക്ഷ പോലുള്ള അത്യന്തം കഠിനമായ ശിക്ഷകള്‍ക്കും, അതേസമയം മറ്റ് ചില സംസ്‌കാരങ്ങളില്‍ ഇത് ലഘുവായ അപലപനം പോലുള്ള ശിക്ഷകള്‍ക്ക് കാരണമായിരുന്നു. ഇതൊരു ജനാധിപത്യ രാജ്യമായതു കൊണ്ടും, നിയമസംവിധാനങ്ങളെ ഭയമുള്ളത് കൊണ്ടും ആയിരിക്കണം ഇവര്‍ ദുരഭിമാനക്കൊലയിലേക്ക് എത്താത്തത്. പ്രായപൂര്‍ത്തിയായ മകള്‍ അന്യ മതസ്ഥനായ ഒരാളെ വിവാഹം കഴിച്ചു എന്നതില്‍ നിന്നുണ്ടായ പകയില്‍ നിന്ന് സമാന ഗോത്രമനസ്സുള്ളവരെയും ചേര്‍ത്ത് ഉണ്ടാക്കിയെടുത്ത ഒരു ഗൂഢസംഘം മാത്രമാണിത്. അതിന് മറ്റ് പല മേലുടുപ്പുകളും തുന്നിയിടാനുള്ള ശ്രമം അവര്‍ നടത്തുന്നുണ്ടെന്നു മാത്രം.

ഇങ്ങനെയുള്ള വലതുപക്ഷ സംഘടനകള്‍ പലപ്പോഴായി ലോകത്ത് പല ഭാഗത്തും രൂപം കൊണ്ടിട്ടുണ്ട്. 1865 ല്‍ രൂപംകൊണ്ട കു ക്ലക്‌സ് ക്ലാന്‍ അത്തരമൊരു പ്രൊട്ടസ്റ്റന്റ് വലതുപക്ഷ തീവ്രവാദി ഗ്രൂപ്പായിരുന്നു. രണ്ട് നൂറ്റാണ്ടുകളിലായി മൂന്ന് ഘട്ടങ്ങളായി ഇവരുടെ പ്രവര്‍ത്തനം വര്‍ഗീകരിക്കപ്പെട്ടിട്ടുണ്ട്. അംഗങ്ങള്‍ അമേരിക്കക്കാരും, വെള്ളക്കാരും, പ്രൊട്ടസ്റ്റന്റുകാരും ആയിരിക്കണം, കുറഞ്ഞത് 16 വയസ്സ് പ്രായമുണ്ടായിരിക്കണം.1920-കളില്‍, പ്രൊട്ടസ്റ്റന്റുകാരല്ലാത്തവരും, പുതിയ കുടിയേറ്റക്കാരും, കറുത്ത അമേരിക്കക്കാരും ക്ലാന്റെ ശത്രുക്കളായിരുന്നു. 1924-ല്‍ ക്ലാന്‍ അതിന്റെ ഉന്നതിയില്‍ ആയിരുന്നപ്പോള്‍, അതില്‍ 3 ദശലക്ഷം മുതല്‍ 8 ദശലക്ഷം വരെ അംഗങ്ങള്‍ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. അമേരിക്കന്‍ സമൂഹത്തിലേക്ക് അതിന്റെ സ്വാധീനം ആഴത്തില്‍ വ്യാപിച്ചു. സംസ്ഥാന ഗവര്‍ണര്‍മാരും സെനറ്റര്‍മാരും, ജഡ്ജിമാര്‍, ബിസിനസുകാര്‍, പോലീസ് അംഗങ്ങള്‍ എന്നിവരും അംഗങ്ങളായിരുന്നെന്ന് ബിബിസി പറയുന്നു. ബോംബാക്രമണങ്ങള്‍, ചാട്ടവാറടികള്‍, വെടിവയ്പ്പുകള്‍ എന്നിവയുള്‍പ്പെടെ നിരവധി അക്രമ പ്രവര്‍ത്തനങ്ങളില്‍ ക്ലാന്‍ ഉള്‍പ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ച് 1960 കളില്‍ പൗരാവകാശ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെ ചെറുക്കുന്നതിനായി ക്ലാന്‍സ്‌മെന്‍ രഹസ്യമായി ഈ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും നടത്തിയിരുന്നുവെന്ന് എന്‍സൈക്‌ളോപീഡിയ ബ്രിട്ടാനിക്കയും പറയുന്നു.

ഇനി കാസയുടെ തന്നെ വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

2018 ല്‍ ‘ലവ് ജിഹാദ്’ കാമ്പെയ്നിനിടെയാണ് ക്രിസ്ത്യാനികള്‍ക്കായി ആര്‍എസ്എസ് മാതൃകയിലുള്ള ഒരു സംഘടന രൂപീകരിക്കുക എന്ന ആശയം പുനരുജ്ജീവിപ്പിക്കാന്‍ കാരണമായത്. സംസ്ഥാനത്ത് 200-ലധികം ‘ലവ് ജിഹാദ്’ കേസുകളില്‍ ഞങ്ങള്‍ ഇടപെട്ടു, 90 ഓളം പെണ്‍കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞു. ‘ലവ് ജിഹാദ്’ കേസുകള്‍ തിരിച്ചറിയുന്നതിനും പ്രാദേശിക പുരോഹിതന്മാരെ അറിയിക്കുന്നതിനുമായി വെബ്സൈറ്റുകളിലെ (പ്രത്യേക വിവാഹ നിയമപ്രകാരം ദമ്പതികളുടെ വിശദാംശങ്ങള്‍ അടങ്ങിയ നോട്ടീസുകള്‍ രജിസ്‌ട്രേഷന്‍ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു) വിശദാംശങ്ങള്‍ ഞങ്ങള്‍ പരിശോധിക്കുന്നു. അവരുടെ സഹായത്തോടെ, ഞങ്ങള്‍ അവരുടെ കുടുംബങ്ങളെ കാണുകയും പെണ്‍കുട്ടികളെ രക്ഷിക്കുകയും ചെയ്യുന്നു. എന്റെ ധാരണയില്‍, 10 കേസുകളില്‍ 8 എണ്ണത്തിലും പെണ്‍കുട്ടികള്‍ അവരുടെ തീരുമാനത്തില്‍ ഖേദിക്കുന്നു. കൂടാതെ, മാതാപിതാക്കള്‍ പലപ്പോഴും ബഹിഷ്‌കരണവും അപമാനവും നേരിടുന്നു. ഈ പെണ്‍കുട്ടികളെ തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ ‘മിഷന്‍ റീകാല്‍ ടു ക്രൈസ്റ്റ് ലവ്’ ആരംഭിച്ചു. അത്തരം 12 ഓളം പെണ്‍കുട്ടികളെ ഞങ്ങള്‍ തിരികെ കൊണ്ടുവന്നു. ഇതില്‍ രണ്ട് പെണ്‍കുട്ടികളെ അവരുടെ സമുദായത്തിലെ യോഗ്യരായ പുരുഷന്മാരെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഇതെല്ലാം രഹസ്യമായാണ് നടക്കുന്നത്, അത്തരം വിശദാംശങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കില്ല. ഞങ്ങള്‍ക്ക് സഭയുമായി നേരിട്ട് ബന്ധമില്ല, പക്ഷേ പുരോഹിതന്മാര്‍, മുന്‍ പോലീസ്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, മറ്റ് പ്രൊഫഷണലുകള്‍ എന്നിവര്‍ ഞങ്ങളുടെ ഉപദേശക സമിതിയിലുണ്ട്. നിലവില്‍ സ്ഥാപക അംഗങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സംഭാവന ചെയ്യുന്നു. വിദേശത്ത് നിന്ന് ഞങ്ങള്‍ക്ക് ഫണ്ടുകളുടെ വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിനുള്ള ലൈസന്‍സിംഗ് പ്രക്രിയ ഞങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും.

പ്രവാചകന്‍ എന്ന തന്റെ വിഖ്യാത രചനയില്‍ ഖലീല്‍ ജിബ്രാന്‍ പറയുന്നു

‘നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടെ കുട്ടികളല്ല. അവര്‍ ജീവിതത്തിന്റെ സ്വന്തം ആഗ്രഹത്തിന്റെ പുത്രന്മാരും പുത്രിമാരുമാണ്.
അവര്‍ നിങ്ങളിലൂടെയാണ് വരുന്നത്, നിങ്ങളില്‍ നിന്നല്ല,
അവര്‍ നിങ്ങളോടൊപ്പമുണ്ടെങ്കിലും അവര്‍ നിങ്ങളുടേതല്ല.’
നിങ്ങളുടെ സ്‌നേഹം അവര്‍ക്ക് നല്‍കാം, പക്ഷേ നിങ്ങളുടെ ചിന്തകള്‍ നല്‍കരുത്,
കാരണം അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട്.’

ഇവിടെ പ്രായപൂര്‍ത്തിയായ മക്കളെ മറ്റൊരു വ്യക്തിയായി അംഗീകരിക്കാത്ത, അവര്‍ക്ക് സ്വയം നിര്‍ണയാവകാശം ഉണ്ടെന്നുള്ള നിയമപരമായ അവകാശം അംഗീകരിച്ചു കൊടുക്കാത്ത, മക്കളുടെ ഉടമസ്ഥരാണ് തങ്ങളെന്ന് കരുതുന്ന ഒരു വിഭാഗമുണ്ട്. ഒരുപരിധി വരെ ആ അവകാശം ആണ്‍കുട്ടികള്‍ക്ക് ‘അനുവദിച്ച് കിട്ടുമ്പോള്‍’ പെണ്‍കുട്ടിക്ക് അത് പോലും നിഷേധിക്കപ്പെടുന്നു. കാരണം പെണ്‍കുട്ടികള്‍ക്ക് സ്വന്തമായി ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവില്ല എന്ന ബോധ്യമാണ് ഇവരെ നയിക്കുന്നത്. അതുകൊണ്ടാണ് പ്രായപൂര്‍ത്തിയായ മകള്‍ എടുക്കുന്ന തീരുമാനത്തെ അവളുടെ സ്വയം നിര്‍ണയാവകാശമായി പരിഗണിക്കാതിരിക്കുകയും, ആരോ കബളിപ്പിച്ച്, അല്ലെങ്കില്‍ പ്രേരിപ്പിച്ച് എടുക്കുന്ന തീരുമാനം മാത്രമായി അതിനെ കാണുകയും ചെയ്യുന്നത്. ഫലത്തില്‍ ഒരു മതത്തിന് പുറത്തുള്ള വിവാഹങ്ങളെ ഇവര്‍ അപ്രകാരം ചാപ്പയടിക്കുന്നു. അപ്പോള്‍ കാസയൊരു സ്ത്രീവിരുദ്ധ നിലപാടുള്ള ഒരു സംഘടന മാത്രമല്ല, മതങ്ങള്‍ക്കപ്പുറം മനുഷ്യര്‍ തമ്മില്‍, ടാഗോര്‍ ഒക്കെ പറയുന്ന രക്തവും രക്തവും തമ്മില്‍ കലരാനനുവദിക്കാത്ത, മനുഷ്യാവകാശങ്ങള്‍ക്ക് വിരുദ്ധമായ ഒന്നായി മാറുന്നു.

rss

ആര്‍എസ്എസിനെക്കുറിച്ച് പരാമര്‍ശിച്ചെങ്കിലും, അവരെ പോലെ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയില്ല എന്ന ‘ഉദാരമായ’ നിലപാടാണ് കാസയുടേത്. ‘ഒരു വലതുപക്ഷ ദേശീയ പാര്‍ട്ടി രൂപീകരിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. അത്തരമൊരു രാഷ്ട്രീയ ശക്തിയുടെ സ്വീകാര്യത കണ്ടെത്തുന്നതിനായി ഞങ്ങള്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്, കേരളത്തില്‍ അത്തരമൊരു പാര്‍ട്ടിക്ക് ഒരു ഇടമുണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തി,’ എന്നും കാസ മേധാവി കെവിന്‍ പീറ്റര്‍ പറയുന്നു. കേരളത്തില്‍ അത്തരമൊരു സംഘടനയ്ക്ക് ഇപ്പോള്‍ മാത്രമല്ല, എപ്പോഴും സാധ്യതയുണ്ടായിരുന്നു എന്ന് തോന്നുന്നു. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ത്യയിലെമ്പാടും കോണ്‍ഗ്രസ്സിന് അടിപതറിയപ്പോള്‍ സ്വേച്ഛാധിപത്യത്തിന്വോട്ട് കുത്തി കോണ്‍ഗ്രസ്സിനെ ജയിപ്പിച്ച പാരമ്പര്യമുണ്ട് നവോത്ഥാന കേരളത്തിന്. കേരളാ കോണ്‍ഗ്രസ്സിന് വീര്യം പോരാ എന്നാണ് കാസ പറയുന്നത്. അപ്പോള്‍ വീര്യമുള്ള ഒന്നായിരിക്കും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കാസ ആരംഭിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി. മുന്‍പ്മുസ്ലിം ലീഗിന് തീവ്രത പോരെന്നു പറഞ്ഞു രൂപീക്കരിക്കപ്പെട്ട പാര്‍ട്ടികള്‍ എത്തിച്ചേര്‍ന്ന ഇടങ്ങള്‍ മറന്നുപോകരുത്. അവിടെയാണ് കാസയുടെ രാഷ്ട്രീയ ബുദ്ധി. സംഘപരിവാറിനൊപ്പം നിന്ന് ഞങ്ങളെയും ബിജെപിയെയും തൊടാന്‍ ആരുണ്ടെടാ എന്ന് ചോദിക്കുകയാണ് ഏറ്റവും നല്ല അതിജീവനതന്ത്രം എന്ന് കാസ തിരിച്ചറിയുന്നു. ഒരുപടി കൂടി കടന്ന് ബിജെപി പോലും കേരളത്തില്‍ പരസ്യമായി ചെയ്യാന്‍ മടിക്കുന്ന വര്‍ഗ്ഗീയ വിഷം വമിപ്പിക്കുകയും ചെയ്യുന്നു കാസ.

കേരളത്തിലെ പ്രധാന പാര്‍ട്ടികളായ സിപിഐ എമ്മും കോണ്‍ഗ്രസ്സും കാസയോട് അനുകൂലനിലപാട് സ്വീകരിച്ചിട്ടില്ല. ഇല്ലാത്ത ലവ് ജിഹാദില്‍ പിടിച്ചുതൂങ്ങിയാണ് കാസ വര്‍ഗീയത പ്രചരിപ്പിക്കുന്നതെന്ന് എം വി ജയരാജന്‍ പറഞ്ഞിരുന്നു. പിന്നെ ആകെയുള്ള ആശ്രയം ബിജെപിയാണ്. ഇവരെ ഏറ്റവുമധികം സൂക്ഷിക്കേണ്ടത് ക്രിസ്ത്യന്‍ സമൂഹം തന്നെയാണ്. ഹിന്ദുതീവ്രവാദികളുടെ ബൈബിളായ വിചാരധാരയില്‍ ആന്തരിക ഭീഷണിയായി അടയാളപ്പെടുത്തിയിട്ടുള്ള വിഭാഗമാണ് ക്രിസ്ത്യാനികള്‍. തീര്‍ച്ചയായും സംഘപരിവാറിന്റെ ആദ്യ വേട്ടയ്ക്കിരയാകുന്നത് മുസ്ലിങ്ങളാണെന്നുള്ളതിന് തെളിവായി നമുക്ക് മുന്നില്‍ വിഭജനം മുതല്‍ ഗുജറാത്ത് അടക്കമുള്ള കലാപങ്ങളുടെ സാക്ഷ്യങ്ങളുണ്ട്. ഇപ്പോള്‍ സംഘിന്റെ മഴു ക്രിസ്ത്യാനിക്ക് നേരെ നീണ്ടിട്ടുണ്ടെന്ന് മേല്‍ വിവരിച്ച കലാപങ്ങള്‍ തെളിവ് നല്‍കുന്നു. ആ കശാപ്പുശാലയിലേക്കാണ്കാസ അല്‍മായനെ ഒരു പൈപ്ഡ് പൈപ്പറെയെന്ന പോലെ കുഴലൂതി കൊണ്ടു പോകാന്‍ ശ്രമിക്കുന്നത്.ഏതാണ്ട് രണ്ടായിരം വര്‍ഷത്തോളമായി സാംസ്‌കാരികമായ കൊടുക്കല്‍ വാങ്ങലുകളുമായി ഇവിടെ നിലനില്‍ക്കുന്ന ക്രിസ്ത്യന്‍ സമൂഹത്തെ സംഘിന്റെ തൊഴുത്തില്‍ കൊണ്ടുകെട്ടാമെന്നുള്ള മോഹം ഒരു വ്യാമോഹമായിത്തന്നെ അവസാനിക്കും എന്നതാണ് ചരിത്രം നല്‍കുന്ന പാഠം. ‘വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്‍വിന്‍; അവര്‍ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കല്‍ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കള്‍ ആകുന്നു.’ (മത്തായി 7:15) എന്നൊരു വചനമുണ്ട്. കാസയെ ഇതിലും നന്നായി അടയാളപ്പെടുത്താനാവില്ല എന്ന് തോന്നുന്നു.

സൂക്ഷിക്കുക, ഒരു ചുംബനം കൊണ്ടാണ് യൂദാസ് സ്‌കറിയോത്ത തന്റെ ഗുരുവിനെ ഒറ്റികൊടുത്തത്, ദൈവപുത്രന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെണീറ്റു എന്നാണ് വിശ്വാസം, പക്ഷെ നാം സാധാരണ മനുഷ്യര്‍ക്ക്അതസാധ്യമാണെന്നോര്‍ക്കുക.what is CASA; cass’s actions are a betrayal of christ 

Content Summary: what is CASA; cass’s actions are a betrayal of christ

അരുൺ എയ്ഞ്ചല

അരുൺ എയ്ഞ്ചല

മുന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

More Posts

Leave a Reply

Your email address will not be published. Required fields are marked *

×