ജീവിതത്തില്‍ എനിക്ക് ഒരിക്കലും പിടി കിട്ടാത്ത ഒരു വികാരം പ്രണയമാണ്. എന്താണ് പ്രണയം? കൗമാരത്തിന്റെ തുടക്കത്തില്‍, ആദ്യത്തെ ലവ് ലെറ്റര്‍ കിട്ടിയപ്പോള്‍ കുളിരൊക്കെ വന്നിരുന്നു, സത്യായിട്ടും. മുഖത്ത് രണ്ടു മറുക് ഉള്ളതിന്റെ കോംപ്ലക്‌സ് ഒക്കെ മാറ്റിത്തന്നത് ആ സാമ്പ്രദായിക സുന്ദരനാണ്. അതും വിടര്‍ന്ന കണ്ണുകളുള്ള ‘പാര്‍വതി’ ലുക്ക് ഉള്ള സിന്ദുമാര്‍ക്കും ബിന്ദുമാര്‍ക്കും മാത്രം മാര്‍ക്കറ്റ് ഉണ്ടായിരുന്ന ആ കാലത്ത്! മഞ്ചന്ത ബൊഗൈന്‍വില്ല മതില് മറച്ച വീടിന്റെ മുറ്റത്തു നില്‍കുമ്പോള്‍, റോഡിലൂടെ ചില വൈകുന്നേരങ്ങളില്‍ സൈക്കിള്‍ മണിയടിച്ചു. സ്‌കൂട്ടര്‍ ഹോണടിച്ചു. ബൈക്കില്‍ ആരും പിന്തുടണര്‍ന്നില്ല. അന്ന് അത് ഫാഷന്‍ ആയിരുന്നു. അതിന്റെ നിരാശ ഉണ്ട്. ‘എന്നെന്നും കണ്ണേട്ടന്റെ’ (ഇത്തരം ടൈറ്റിലുകള്‍ തന്നെ എത്ര ടോക്‌സിക് ആണെന്ന് പിന്നീടാണ് മനസിലായതു), ‘നഖക്ഷതങ്ങള്‍’ ഒക്കെ ലോല മൃദുലമായ പ്രണയതന്ത്രികള്‍ മീട്ടുന്ന സമയമാണ്. പഞ്ചായത്ത് ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ എടുക്കാന്‍ വീക്കെന്‍ഡിലും, വേനലവധിക്കും പോയിരുന്ന സമയത്തു, കുറച്ചു മുതിര്‍ന്ന ചേട്ടന്മാര്‍ക്കൊക്കെ, എന്നെ ഇഷ്ടപ്പെട്ടിരുന്നു എന്ന് എനിക്ക് വെര്‍തെ തോന്നിയിരുന്നു. വായിച്ചു തള്ളുന്ന നോവലുകളില്‍ നിന്ന് കഥാപാത്രങ്ങള്‍ ഇറങ്ങി വരുന്ന സമയമാണ്. വിവരിക്കപ്പെട്ട ഭാവങ്ങളും, വികാരങ്ങളുടെ തള്ളിക്കയറ്റവും മുന്‍പിലുള്ള മുഖങ്ങളില്‍ പ്രതിഫലിക്കുമ്പോള്‍ ഞാന്‍ വിചാരിച്ചു, അതാണ് പ്രണയം എന്ന്. അങ്ങനെയിരിക്കുമ്പോ റാക്കുകള്‍ക്കിടയിലുള്ള കിളിവാതിലിലൂടെ (ഇപ്പോഴും സിനിമകളില്‍ ഈ നിത്യവസന്തം സീനുണ്ട് എന്നോര്‍ക്കണം!) ഒരാള്‍ എന്നോട് സംസാരിച്ചു. കട്ടിക്കണ്ണടക്കിടയിലൂടെ എന്നെ നോക്കിയ ലൈബ്രേറിയനെ ഞാന്‍ കണ്ടില്ല. അല്ലെങ്കിലും വികാരങ്ങള്‍ക്കു മറക്കുട പിടിക്കുന്നതില്‍ ഞാന്‍ ഇപ്പോഴല്ലേ ഒരു മിടുക്കിയായത്. രണ്ടാഴ്ച കഴിഞ്ഞു, ആകാശനീല ഇന്‍ലന്റില്‍ എനിക്കൊരു കത്ത് വന്നു. തൃശൂര്‍ എന്‍ജിന്റിങ് കോളേജില്‍ നിന്നാണ് – ‘വടക്കന്‍ വീരഗാഥ കണ്ടോ? ഇല്ലെങ്കില്‍ കണ്ടോളു , നല്ല സിനിമ. നബി. ഇനി ലൈബ്രറിയിലേയ്ക്കില്ല. വ്യവസ്ഥിതിയുടെ കാവല്‍ഭടന്‍ എന്ന റോള്‍ ഈ വൃദ്ധന്‍ ഇപ്പോഴും എത്ര ഭംഗിയായി നിര്‍വഹിക്കുന്നു’- സാഹിത്യത്തിന്റെ ക്വാളിറ്റി ഇഷ്ടപ്പെട്ടെങ്കിലും, ഞെട്ടിപോയി. സിനിമാറ്റിക് ആയി ആ സീന്‍ വീണ്ടും വീണ്ടും തെളിഞ്ഞു. തല മുഴുവന്‍ നരച്ച ഒരു മനുഷ്യന്റെ ഭീഷണിയുടെ കടുപ്പവും, അനന്തരഫലവും ആലോചിച്ചു. അന്നും ഇന്നും ഡെമോക്രറ്റിക് ആയതോണ്ട് മറ്റൊരു വ്യക്തിയുടെ പൗരാവാകാശമാണല്ലോ ഞാന്‍ മൂലം ഇല്ലാതായത് എന്ന കുറ്റബോധം തകര്‍ത്തു. കൗണ്‍സിലിംഗ് ഒക്കെ വേണ്ട സംഭവം ആയിരുന്നു. ടെറസിന്റെ മേലെ ചാഞ്ഞു നില്‍ക്കുന്ന കൊടംപുളിചില്ലക്കു താഴെ കസേരയിട്ടിരുന്നു, ആകാശം നോക്കി പാട്ടു പാടാതെ ഞാന്‍ ഒരു പരീക്കുട്ടി ആയപ്പോള്‍, താഴെ നിന്ന് ഒരശരീരി. അന്ന് ഹൗസ്ഹോള്‍ഡ് അസിസറ്റ് ചെയ്യുന്ന ശാന്തുവാണ്. ‘എന്താ..മൂങ്ങ പോലെ ഇരിക്കണത് ..ഇപ്പൊ താഴെ വന്നാ ചൂടോടെ പരിപ്പുവടേം, ചായേം കുടിക്കാം.. വേണെങ്കി മതി’… പരിഹാസം… തൃശ്ശൂക്കാരുടെ ഒടുക്കത്തെ പരിഹാസം. ഒരു കൗമാരക്കാരിയുടെ സെന്റിമെന്‍സിനു പുല്ലുവില പോലുമില്ലാതിരുന്ന ആ ഇരുണ്ട കാലം – എന്നെ ഓര്‍മിപ്പിക്കരുത്. ഇന്നാണെങ്കില്‍ ‘ഐ ആം സൊ ബ്രോക്കണ്‍.. ദിസ് മോറല്‍ പൊലീസിങ് ഈസ് കില്ലിംഗ് മി ..എന്നൊക്കെ സ്റ്റാറ്റസ് ഇടായിരുന്നു. ഒന്നും സെലിബ്രേറ്റ് ചെയ്യാന്‍ പറ്റാതെ പോയ, അവിടെയും ഇവിടെയും അല്ലാത്ത ഒരു തലമുറ. തോറ്റു കൊടുത്തില്ല. ഉള്ള ലൈഫ് സ്‌കില്‍സില്‍ അള്ളി പിടിച്ചു… അങ്ങിനെ ഞാനും വളര്‍ന്നു വലുതായി.
കേരളവര്‍മയില്‍ ബി എ ഇംഗ്ലീഷ് ചെയ്യുമ്പോള്‍ ആരും പ്രേമിച്ചില്ല. ഇന്‍ട്രോവേര്‍ട് ആയിരുന്നു. ക്യാമ്പസില്‍ നടക്കുന്ന പ്രണയങ്ങളും, അവിടുത്തെ സ്‌പെഷ്യല്‍ ഊട്ടിയില്‍ സ്ഥിരമായി പോകുന്നവരെയൊക്കെ നോക്കി വെച്ചു. ഒരു രസം. ജാഥകളിലൂടെയും, സമരങ്ങളിലൂടെയും വളര്‍ന്നു വരുന്ന രാഷ്ട്രീയക്കാരെ കണ്ടു. ബാച്ചിലെ മറ്റു പ്രണയങ്ങള്‍ ശ്രദ്ധിച്ചു. ചെമ്പുക്കാവ് സൂവി ല്‍ പോയി, കസിന്‍സിനെയും, അയല്പക്കത്തെ ചേട്ടന്മാരെയും പ്രേമിക്കുന്നവര്‍ കഥകള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. എന്തോ എല്ലാവര്‍ക്കും എന്നെ വിശ്വാസമായിരുന്നു) അങ്ങിനെ ഡിഗ്രി എടുത്തു.
എംസിസിയില്‍ ജേര്‍ണലിസം പഠിക്കാന്‍ പോയപ്പോള്‍ ആണ്, പുല്‍മേട്ടിലെ ഓപ്പണ്‍ പ്രണയവും, സെക്‌സും ആദ്യമായി കാണുന്നത്. മനോഹരവും വിസ്തൃതവുമായ കോളേജിന്റെ മുക്കിലും മൂലയിലും സീനുകള്‍ പതിവായിരുന്നു. സീന്‍ പിടിക്കേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നില്ല അന്ന്. അവര്‍ സന്തോഷത്തോടെ ചെയ്തിരുന്ന കാര്യമാണ്. പുറത്തു ഒരു ലോകമുണ്ടെന്നു, അവര്‍ക്കു സദാചാര വേവലാതികള്‍ ഉണ്ടെന്നും അവരറിഞ്ഞിട്ടു പോലുമില്ല. വേവലാതികള്‍ നിങ്ങളുടെ മാത്രം പ്രശ്‌നം എന്ന് മനസിലാക്കി തന്ന ആ ക്യാമ്പസിനോട് നന്ദിയുണ്ട്. താമസിച്ചിരുന്ന ഹോസ്റ്റലില്‍ ലെസ്ബിയന്‍ പ്രണയങ്ങള്‍ കണ്ടു. ഓര്‍മയില്‍ അവരൊക്കെ സ്വതന്ത്രരായിരുന്നു. അതവരുടെ ഭാവി ആയിരുന്നില്ല. വര്‍ത്തമാനം മാത്രമായിരുന്നു.
അങ്ങിനെ ഒരീസം, എംസിസിയിലെ കിളിമരത്തണലില്‍ ഇരിക്കുമ്പോള്‍, കുറച്ചു അടുപ്പമുള്ള ക്ലാസ്സ്മേറ്റ് ചോദിച്ചു. ‘വാട്ട്’സ് യുവര്‍ ലവ് കോണ്‍സെപ്റ്റ് ‘? മനസ്സില്‍ ഇഷ്ടം പോലെ ചെക്ക്‌ലിസ്റ്റ് റെഡി ആണെങ്കിലും പതിവ് പ്ലെയിന്‍ ലാങ്അജില്‍ പറഞ്ഞു – ഇമോഷണല്‍, കമ്മിറ്റഡ്, പ്രോഗ്രെസ്സിവ് ആന്‍ഡ് ഡെമോക്രറ്റിക് – ഉടനെ വന്നു മറുപടി. ‘ദാറ്റ്’സ് എന്‍ ഇമ്പ്രക്റ്റിക്കല്‍ കോംബോ’. മൂപ്പരെ ഇപ്പോള്‍ കണ്ടാല്‍ ഒന്ന് കെട്ടിപിടിച്ചേനെ. വലിയ സത്യം 21-മത്തെ വയസില്‍ മുഖത്തു നോക്കി പറഞ്ഞ പ്ലേറ്റോ ആണ്. കേട്ടാല്‍ മതിയായിരുന്നു!
‘സദ്വാര്‍ത്ത’യില്‍ പണിയെടുത്തിരുന്ന കാലത്തു, സഫയറില്‍ ബിരിയാണി കഴിക്കാന്‍ പോയാലും, വൈകിട്ടു ചായ കുടിക്കാന്‍ ഇറങ്ങിയാലും, സാഹിത്യ അക്കാദമി മുറ്റത്തെ ബെഞ്ചുകളില്‍ സുഹൃത്തുക്കളെ കണ്ടാലും, പത്തന്‍സിന്റെ ഇരുട്ടില്‍ ന്യൂഡില്‍സ് ആസ്വദിച്ചാലും, വടക്കേ സ്റ്റാന്‍ഡിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ സൊറ പറഞ്ഞു ബീറ്റ്‌റൂട്ട് കട്‌ലെറ്റ് കഴിച്ചാലും, നാട്ടില്‍ അറിയപ്പെടുന്ന ടീച്ചര്‍ ആയ അമ്മക്ക് കോളുകള്‍ പോയി. ഐഎസ്ഡിക്കു കാശു മുടക്കണം. അതോണ്ട് ഗള്‍ഫില്‍ പോയ അച്ഛന്‍ രക്ഷപെട്ടു. ഈ ഗൂഗിള്‍ മാപ്പില്‍ എല്ലാം ഞാന്‍ പ്രണയിനി ആയിട്ടാണ് അറിയപെട്ടത്. എന്നെ കണ്ടാല്‍ അത്രക്ക് ‘സാറാമ്മ’ ലുക്ക് ഉണ്ടെന്നു ഞാന്‍ അന്നാണ് അറിഞ്ഞത്. അഭിമാനപുളകിതമായി അന്തരംഗം, ഇതിലെ നായകന്മാര്‍ എല്ലാം എന്റെ സുഹൃത്തുക്കള്‍ ആയിരുന്നു. ഇന്നും അതെ.
ഇച്ചിരി നൊസ്റ്റുവിലേക്ക് മടങ്ങാം. കാഞ്ഞാണി വരെ സൈക്കിള്‍ ചവിട്ടി പോയി കൊച്ചുപുസ്തകം വാങ്ങി വായിച്ചു, ‘വൈ ഷുഡ് ബോയ്‌സ് ഹാവ് ഓള്‍ ദി ഫണ്‍’ എന്നൊന്നും ചിന്തിക്കാതെ, അത് ഷെയര്‍ ചെയ്ത ബാല്യകാല സുഹൃത്തുക്കള്‍ ഉണ്ട്. കൗമാരത്തിലും, ഇപ്പോള്‍ മുടി നരച്ചപ്പോഴും, അത്തരം ഭാഷയോ കഥകളോ സ്വാധീനിക്കാറില്ല. അന്ന് പ്രണയം പ്ലേറ്റോണിക് ആയിരുന്നല്ലോ. ആലോചിക്കുമ്പോള്‍ ചിരി വരും. എന്താണീ പ്ലേറ്റോണിക് പ്രണയം. പ്രണയത്തിന്റെ tangible പ്രോപ്പര്‍ട്ടി തന്നെ ശരീരമാണ്. അതിന്റെ ഏതെങ്കിലും ആംഗിള്‍ ഒരാളെ ആകര്‍ഷിക്കുമ്പോള്‍ ആണ് ആ കെമിസ്ട്രി ഓണ്‍ ആവുന്നത്. മുഖവും ഒരു ബോഡി പാര്‍ട്ട് ആണ്. intangible ആയി മനുഷ്യരുടെ ഇടയില്‍ ഒരു പ്രണയവും ഇല്ല. സെക്‌സ് വേണ്ടെന്നു വെക്കാം. അത് ചോയ്‌സ്. ശരീരം വിട്ടു കൊടുക്കുമ്പോള്‍, എല്ലാ അധികാരങ്ങളും പോവുന്നു എന്ന് പറയുന്നത് ബന്ധങ്ങള്‍ ടോക്‌സിക് ആവുമ്പോള്‍ അത് തിരിച്ചടിക്കുന്നത് കൊണ്ടാണ്. പ്രണയിച്ച നിമിഷങ്ങളുടെ സൗന്ദര്യം, പിന്നീട് അളക്കപ്പെടുന്നത് ‘ഫൈനല്‍ ഔട്കം’ ഗുഡ്/ബാഡ് എന്ന പൊതുധാരണയിലേക്കു കാര്യങ്ങള്‍ തിരിയുമ്പോഴാണ്. വിചിത്രം ആയി തോന്നിയിട്ടുള്ളത് മിക്ക പ്രണയങ്ങളും അതിന്റെ തുടക്കത്തിലും, വളര്‍ച്ചയിലും… ‘ഫൈനല്‍ ഔട്കം’ ആശയം ഇല്ലാതെയാണ് പോകുന്നത്. പോകുന്ന പോക്കില്‍ നമ്മളങ് excited ആവും. ഇത് കലക്കും എന്ന് വിശ്വസിക്കും. പക്ഷെ മിക്കതും കലങ്ങും. നമ്മള്‍ ഇപ്പോള്‍ കേള്‍ക്കുന്ന സംപ്രേക്ഷണം ഏതോ ഏലിയന്‍ ലാന്‍ഡില്‍ നിന്നാണ്. ഈ ഭാഷ നമുക്കു പരിചയമില്ല. ഇത് പറയുന്നത് ആദം-ഹവ്വ പിന്‍തലമുറക്കാര്‍ തന്നെയാണോ എന്നൊക്കെ തോന്നും. എക്‌സ്ട്രാ മരിറ്റല്‍ ചെയ്യുന്നവര്‍ അടക്കം, പ്രണയത്തിന്റെ exclusivity അതായത് ഇവര്‍ക്കു പുറമെ മറ്റുള്ളവരും സീനില്‍ ഉണ്ട് എന്നറിയുമ്പോഴാണ് കലഹിക്കുന്നത്. നന്ദികേടിന്റെ, ചതിയുടെ നീണ്ട പോസ്റ്റുകള്‍ എഴുതുന്നത്. അപ്പോള്‍ അവര്‍ ചതിച്ചവരോ? അവര്‍ക്കു exclusivity ഇല്ലേ? നീതിയുടെ തുലാസിലെ ബിംബങ്ങള്‍ കണ്ണ് കെട്ടിയാണല്ലോ ഇരിക്കുന്നത്, അല്ലെ. ‘ആ നിമിഷത്തിന്റെ ധന്യതയില്‍’ കായലില്‍ ചാടും, ഫാനില്‍ തൂങ്ങും, പാനിക് അറ്റാക്കില്‍ ഇപ്പോള്‍ സ്വര്‍ഗം കാണും എന്ന് നമ്മളെ ധരിപ്പിച്ച പലരും, പുതിയ രൂപത്തിലും ഭാവത്തിലും തിളങ്ങുകയാണ്. സ്വയം ബ്രാന്‍ഡ് ആവുകയാണ്. ഇപ്പൊ എഴുതുന്നത് പ്രായപൂര്‍ത്തിയായ പ്രണയത്തിന്റെ കവന്റുകളെ കുറിച്ച്. അല്ലേലും അപ്പൊ കണ്ടവനെ അപ്പ എന്ന് വിളിക്കുന്ന പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് കണ്ടു പിടിച്ചതേ നമ്മളാണല്ലോ.
കെ ആര്‍ മീര എപ്പോഴും പരിഭവിക്കുന്നതു കണ്ടിട്ടില്ലേ. സ്ത്രീകളൊക്കെ പ്രണയം തേടി നടക്കാണത്രെ. പുരുഷന്മാരെ പ്രണയിക്കാന്‍ പഠിപ്പിച്ചിട്ടില്ലത്രേ. അല്ല, ഇതൊക്കെ ആരെയെങ്കിലും പഠിപ്പിക്കണോ. പ്രണയകാവ്യമായ രമണന്‍ എങ്ങിനെ ഉണ്ടായി എന്നോര്‍ക്കണം. ഒന്ന് ചോദിച്ചോട്ടെ എന്താണ് ഈ യഥാര്‍ത്ഥ പ്രണയത്തിന്റെ ഗ്ലോബല്‍ കോഡിങ്? ഒരോ വ്യക്തിയും, അവരുടെ ഉള്ളില്‍, ബിംബ കല്പനകള്‍ തുടരുകയാണ്. ഒരാള്‍ പറയും. നിങ്ങളത് അതേപടി ഫോളോ ചെയ്താല്‍ അത് ദിവ്യപ്രണയം. ബികോസ് യു കെയര്‍. രണ്ടു പേരും പറയുന്നത്, രണ്ടു പേര്‍ക്കും മനസ്സുറപ്പോടെ, അപ്രിയസത്യങ്ങള്‍ മറച്ചുവെക്കാതെ ഫോളോ ചെയ്യാന്‍ പറ്റുന്ന ഒരു കിനാശ്ശേരി ഉണ്ടോ? ഏതെങ്കിലും ഒരു ഭാഗത്തു നിന്ന് ചോദ്യങ്ങള്‍ കുറക്കണം. ഒരു സ്‌ക്വയറിനുള്ളില്‍ കറങ്ങി കറങ്ങി മടുക്കുമ്പോള്‍, തികട്ടി പുറത്തു വരുന്നതിനെ എന്തിനെയും അടക്കണം. അല്ലെങ്കില്‍ കണ്ണുമടച്ചു ആരാധിക്കണം. വിക്ടിം കാര്‍ഡ് കളിച്ചായാലും തൂങ്ങി നില്‍ക്കണം. ഇനി ഒരു ജനകീയ ചര്‍ച്ച രണ്ടു പേര് പ്രണയത്തില്‍ ചെയ്താലോ – പ്രണയം അവരെ പഠിപ്പിക്കും. ഇതൊന്നും ഇവിടെ നടക്കുകേല. ഇതൊരു കോസ്മിക് അഫയര്‍ ആണെന്ന്. ജീവിക്കുന്നത് ക്രൂരമായ യാഥാര്‍ഥ്യങ്ങള്‍ ഉള്ള ഭൂമിയില്‍. ഉള്ളത് ഒരു ജന്മം. ഒന്നുകില്‍ നിങ്ങള്‍ ഒരുമിച്ചു മനോഹരമായ ഈ ലോകം കാണാന്‍ ഇറങ്ങു. പിന്നില്‍ നിന്ന് കുത്താതെ സൗഹൃദങ്ങളും, ആത്മവഞ്ചനകള്‍ കുറഞ്ഞ ബന്ധങ്ങളും ആഘോഷിക്കു. അല്ലെങ്കില്‍ പറത്തി വിടു. വാക്കൊക്കെ പാലിച്ചു കൂടണയുമോ എന്ന് നോക്കാം. സോറി. ഞാന്‍ ഒന്നിനും ഗ്യാരണ്ടി അല്ല.
ഒരു കഥ കേട്ടു. ആദ്യത്തെ പ്രണയം. കെട്ടി ടോക്‌സിക് ആയി. പിരിഞ്ഞു. രണ്ടാമത്തെ പ്രണയത്തില്‍, നല്ല തണുപ്പുള്ള ഒരു സ്ഥലത്തു നിങ്ങള്‍ക്കു കഷ്ടപ്പെട്ടു മറ്റേ ആള്‍ ഒരു ചായ സംഘടിപ്പിച്ചു തന്നു എന്ന് കരുതുക. അതാണത്രേ ദിവ്യപ്രണയം. പ്രണയസങ്കല്പങ്ങളുടെ മാറുന്ന തലങ്ങള്‍. ചില യൂട്യുബ് ഇന്‍ഫ്‌ളുവന്‍സേഴ്‌സ് പറയുന്നു. അവരെ വിവാഹ ശേഷം ആ പണി തുടരാന്‍ മുന്‍പേ അനുവദിച്ചുവത്രെ. അപ്പോഴാണ് മനസിലായത് ‘ഹി ഈസ് ദി വണ്‍’. അനുവാദത്തിന്റെ താക്കോലുകളൊക്കെ നൂറ്റാണ്ടുകളായി ഭദ്രമാണ് എന്നറിയുമ്പോഴാണ് സന്തോഷത്തിന്റെ പെരുമഴ പെയ്യുന്നതു. പ്രണയിച്ചു കെട്ടിയ ട്രാഡ് വൈഫുകള്‍ അടക്കം വിക്ടോറിയന്‍ ഇറയ്ക്കും പിന്നിലേക്കു നടക്കുന്നു. നല്ല സുഹൃത്തുക്കളൊക്കെ ഒരു പ്രണയത്തില്‍ പെട്ടതിനു ശേഷം സുകുമാര കുറുപ്പുകള്‍ ആയിട്ടുണ്ട്, മുന്‍പും ഇന്നും. ഒരാളുടെ ഐഡന്റിറ്റി മറ്റൊന്നാവുന്നതാണോ, അതോ ഇതൊരു ‘എന്തൊരൊ’ ലയനമാണോ. അതോ നിവൃത്തികേടു കൊണ്ടാണോ. ഈ പൊസ്സസ്സീവെനീസിന്റെ കാവ്യാത്മകത ഒക്കെ ഒരു മിത്ത് അല്ലെ?
പ്രണയം ഒരു ഒറ്റപ്പെട്ട തുരുത്താണോ? അവിടെ മറ്റു മനുഷ്യര്‍ക്കു പ്രവേശനമില്ലേ? ഒരാള്‍ക്ക് മറ്റൊരാളെ തീറെഴുതി കൊടുക്കുന്നതാണോ പ്രണയം? അതോ പരസ്പരം ‘വിടില്ല ഞാന്‍’ എന്ന് പറഞ്ഞു പിന്തുടരുന്നതോ. നമ്മുടെ വ്യക്തിത്വവും, പൂര്‍വ്വാശ്രമത്തിലെ ഇഷ്ടപെട്ട മനുഷ്യരും, കോഫി സംവാദങ്ങളും, പാഷനുകളും, തുറന്ന ജീവിതം പോലെ തന്നെ ഏകാന്തമായ ഒരു ബ്രീത്തിങ് സ്‌പേസും ആവിയായി പോവുന്നതാണോ ഈ മനോഹര സങ്കല്‍പം. നിങ്ങള്‍ ഭയക്കുന്നുണ്ട് അല്ലേ, കൂടു തുറന്നു വിടുന്നത് വരെയേ ഭൂതം അനുസരിക്കു എന്ന്. അല്ലെങ്കില്‍, രണ്ടു വ്യക്തികള്‍, അവരുടെ ഇമോഷണല്‍, ഫിസിക്കല്‍ കമ്മിറ്റ്‌മെന്റുകള്‍ (ആ കരാറുണ്ടെങ്കില്‍) സന്തോഷത്തോടെ നിലനിര്‍ത്തി, അവര്‍ക്കു ചുറ്റും കറങ്ങുകയും, നിരന്തരം മാറികൊണ്ടിരിക്കുകയും ചെയ്യുന്ന ലോകത്തെയും അറിഞ്ഞും ആസ്വദിച്ചും ജീവിക്കുന്നത് പ്രണയത്തില്‍ പാപമാണോ?
സോ… ചില പൊതു തത്വങ്ങള്‍- നിങ്ങള്‍ കഷ്ടപ്പെട്ടു, റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍ ചുമത്തി, ഒരുമിച്ചുള്ള സന്ദര്‍ഭങ്ങളിലെ പൊറാട്ടു നാടകങ്ങള്‍ ഒക്കെ മാസ്‌ക് ചെയ്തു പുറമെ സുന്ദര സുരഭില ബ്രാന്‍ഡ് ഇമേജ് ഉണ്ടാകുന്ന ഒരു പ്രണയവും നിങ്ങളുടെ ഹൃദയത്തെ തൊടില്ല. അത് ചെയ്തില്ലേ, ഇത് ചെയ്തില്ലേ, യൂ് ഡിസേര്‍വ് ഒണ്‍ലി ദിസ് എന്ന് പറഞ്ഞു നിങ്ങളെ നിരന്തരം അപമാനിക്കുന്നിടത്തും പ്രണയമില്ല. പ്രണയത്തിന്റെ കണക്കെടുപ്പു നടത്തി, നിങ്ങളെ ചെറുതാക്കുന്നതും പ്രണയമല്ല. കൂടെ നിന്ന്, മാനിപുലേറ്റ് ചെയ്തു, അടിമയാക്കി ഒരു ദിവസം അങ്ങ് വിട്ടു പോയി ബ്രേക്കപ്പ് ന്യായീകരിക്കുന്നവര്‍ കൂടെയുണ്ടായിരുന്നപ്പോള്‍ നിങ്ങളെ പ്രണയിച്ചിരുന്നു എന്ന തെറ്റിദ്ധാരണ വേണ്ട. ഇനി എന്തൊക്കെ ചെയ്താലും ഇന്‍സെക്യൂരിറ്റി അപ്പുറത്തു നില്‍ക്കുന്നെണ്ടെങ്കില്‍ അതും പ്രണയമല്ല. ഇവര്‍ വിട്ടു പോകില്ല, സ്വയം മഹത്വവല്കരിച്ചു ടോര്‍ച്ചര്‍ ചെയ്തുകൊണ്ടേ ഇരിക്കും. എപ്പോഴോ നടന്ന പ്രണയ കലഹങ്ങള്‍ ജീവിതകാലം മുഴുവന്‍ കൊണ്ടുനടക്കുന്നവരുണ്ട്. എല്ലാ നല്ല നിമിഷങ്ങളും അവര്‍ നശിപ്പിക്കും. സത്യസന്ധമായ, ലോജിക്കല്‍ explanations ഇവരുടെ ലെഫ്റ്റ് ബ്രെയിന്‍ എടുക്കുക പോലുമില്ല. വേറൊന്നു കേട്ടിട്ടുണ്ട്. ഷി ഈസ് മാഡ്ലി ഇന്‍ ലവ് വിത്ത് മി – നിങ്ങള്‍ക്കില്ലെങ്കില്‍ അത് പറഞ്ഞൂടെ. 24 മണിക്കൂറും ഇത് പരിപോഷിപ്പിച്ചിട്ടു, നിഷേധിക്കുന്ന നിങ്ങള്‍ക്കല്ലേ സെല്‍ഫ് ആരാധന ഫോബിയ. വളവിലും തിരിവിലും എന്തൊക്കെ ചതികള്‍!
ഇനി തിരുമേനി ഈപ്പച്ചനോട് പറഞ്ഞ ആ Irreverence, എനിക്ക് എന്നോട് തന്നെ ഉള്ളത് കൊണ്ട് അവസാനത്തേക്കു മാറ്റി വെച്ച ചില സത്യങ്ങള്‍ പറയാം. ഐഎസ്ഒ ക്വാളിറ്റി ചെക്കില്‍ എന്റെ വിശുദ്ധ പ്രണയങ്ങളൊക്കെ അത്യാവശ്യം ബോറായിരുന്നു. വിവരക്കേടായിരുന്നു, ഇമോഷണലി മാനിപുലേറ്റീവും ആയിരുന്നു എന്ന് മനസിലായിട്ടുണ്ട്. ആര്‍ക്കും മനസിലാവാത്ത ഞാനും, എന്റെ പ്രണയവും. നഷ്ടപെട്ട വര്‍ഷങ്ങളും. ഈശ്വരാ! എല്ലാര്‍ക്കും നല്ലതു മാത്രം വരുത്തണേ!
നിങ്ങളുടെ സ്‌നേഹവും, ആത്മാര്‍ത്ഥതയും, വ്യക്തിത്വവും, സ്‌പേസും, സൗഹൃദങ്ങളും, തൊഴിലും, പാഷനുകളും എല്ലാം മാനിക്കപ്പെടുന്നതാണ് പ്രണയത്തിന്റെ കുറച്ചെങ്കിലും നാച്ചുറല്‍ ആയ വേര്‍ഷന്‍(ഫാന്റസികള്‍ പെട്ടെന്ന് faceoff ലേക്ക് നയിക്കും). ഇതില്‍ പരസ്പര ആകര്‍ഷണത്തിനും സഹകരണത്തിനും, പ്രായോഗികമായ ലോഞ്ചവിറ്റി ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരു റിലേഷന്‍ഷിപില്‍ രണ്ടു നല്ല മനുഷ്യരാണ്. അത്തരം നല്ല മനുഷ്യര്‍ക്കു പറഞ്ഞിട്ടുള്ളതാണ് സുതാര്യ പ്രണയം. പ്രണയാകാശം തൊടുന്ന കഥകളെയും, കവിതകളെയും സാഹിത്യത്തിന് വിട്ടുകൊടുത്തേക്കു. അവ എഴുതുന്നവര്‍ക്കു പോലും അതില്‍ വിശ്വാസമില്ല. Convenient അരാജകത്വത്തിന്റെ മറ്റൊരു പേരായ ഉട്ടോപ്യന്‍ പ്രണയസങ്കല്‍പ്പങ്ങളും കൊണ്ട് വരരുത്. അതൊക്കെ പൊളിഞ്ഞു, പൊഴിഞ്ഞു ഔട്ട്‌ഡേറ്റഡ് ആയി. പരസ്പരം കരാറുകള്‍ ഉണ്ടെങ്കില്‍, അത് വിശ്വസിക്കുന്നിടത്തും, ആരും മോണിറ്റര്‍ ചെയ്യാത്തിടത്തും അത് പാലിക്കപെടുന്നിടത്തെ ‘വിശുദ്ധ’ പ്രണയമുള്ളൂ. അങ്ങിനെയൊക്കെ ആരെങ്കിലും പ്രണയിക്കുന്നുണ്ടോ. നെഞ്ചില്‍ കൈ വെച്ച് പറഞ്ഞാല്‍ കുറച്ചു രക്തച്ചുവപ്പുള്ള റോസാപ്പൂക്കള്‍ എന്റെ വക ഫ്രീ. ഹാപ്പി വലന്റൈന്‍സ് ഡേ. what is divine love? valentine’s day
Content Summary; what is divine love?