ദശലക്ഷക്കണക്കിന് പലസ്തീനികളെ തങ്ങളുടെ മണ്ണിൽ നിന്ന് പുറത്താക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശം ഇസ്രയേലിന്റെ തുടർച്ചയായ ഇടപെടലുകളെ തുടർന്നാണ് എന്നത് പകൽ പോലെ വ്യക്തമാണ്.
അഞ്ചര വർഷം മുൻപ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇസ്രയേലിനും പലസ്തീനും വേണ്ടി നടത്തിയ ദൗർഭാഗ്യകരമായ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകളുടെ ആവർത്തനമാണ് നിലവിലും നടക്കുന്നത്. ഇസ്രയേലിന് ഭൂമി നൽകൽ, ഗാസയ്ക്ക് 50 ബില്യൺ ഡോളറിന്റെ പുനർനിർമ്മാണ ഫണ്ട്, കിഴക്കൻ ജറുസലേമിൽ നിന്ന് വളരെ അകലെയുള്ള ഒരു ദരിദ്ര പ്രദേശത്ത് പലസ്തീൻ തലസ്ഥാനം തുടങ്ങിയ ആശയങ്ങളായിരുന്നു 2020 ലെ ട്രംപിന്റെ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ പലസ്തീനികൾ നിർദേശത്തെ പൂർണ്ണമായും നിരസിച്ചതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നു.
നിലവിലെ യുഎസ് പ്രസിഡന്റിന്റെ പുതിയ പദ്ധതികൾ കൂടുതൽ ധിക്കാരപരമാണ്. ചൊവ്വാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ പത്രസമ്മേളനത്തിൽ, പലസ്തീൻ വിഷയത്തിൽ കൂടുതൽ ആവേശഭരിതനായിട്ടാണ് ട്രംപ് സംസാരിച്ചത്. പലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് പുറത്താക്കുക എന്ന ഇസ്രയേലിന്റെ ദീർഘകാല ലക്ഷ്യം ട്രംപും പിന്തുണച്ചു.
ഞങ്ങൾ പലസ്തീൻ ഏറ്റെടുക്കാൻ പോവുകയാണ്. അവിടെ കൂടുതൽ വികസനങ്ങൾ കൊണ്ട് വരും. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ പലസ്തീനിൽ സൃഷ്ടിക്കും. ഇത് മുഴുവൻ മിഡിൽ ഈസ്റ്റിനും അഭിമാനിക്കാവുന്ന ഒന്നാണ്, പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
ഗാസയെ സ്വന്തം ഭൂമിയായി കാണുന്നവരോട്, നിങ്ങൾ താൽപര്യമുള്ള മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ തയ്യാറാകണെമെന്നും ഗാസയിലെ ജനങ്ങൾക്കായി കൂടുതൽ ഡൊമൈനുകൾ നിർമിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പലസ്തീനികളെ ഈജിപ്തിലേക്കോ ഇസ്രയേലിന്റെ നെഗേവ് മരുഭൂമിയിലേക്കോ മാറ്റിപ്പാർപ്പിക്കുന്നത് ഇസ്രയേലിനെ ഹമാസുമായുള്ള യുദ്ധത്തിൽ വിജയിപ്പിക്കാൻ സഹായിക്കുമെന്ന് ട്രംപിന്റെ മുൻ ഉപദേഷ്ടാവ് ജാരെഡ് കുഷ്‌നർ 2023 ൽ അഭിപ്രായപ്പെട്ടിരുന്നു. അത്തരമൊരു നീക്കം ഗാസയുടെ തീരദേശ ഭൂമി സ്വതന്ത്രമാക്കുമെന്നും ഭാവിയിൽ അത് വിലപ്പെട്ട റിയൽ എസ്റ്റേറ്റായി മാറുമെന്നുമായിരുന്നു കുഷ്‌നറിന്റെ വാദം.
തന്റെ ആദ്യ ഭരണകാലത്ത്, അറബ്-ഇസ്രയേൽ സംഘർഷവുമായി ബന്ധപ്പെട്ട യുഎസ് നയത്തിൽ ട്രംപ് കാര്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു. 2017ൽ അദ്ദേഹം ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചു. 2019ൽ, 1967 മുതൽ അധിനിവേശം നടത്തിയിരുന്ന ഗോലാൻ കുന്നുകളിലേക്കുള്ള ഇസ്രയേലിന്റെ അവകാശവാദങ്ങളെ ട്രംപ് പിന്തുണച്ചു. കൂടാതെ, വെസ്റ്റ് ബാങ്കിലെ ഇസ്രയേലി കുടിയേറ്റങ്ങൾ യുഎസ് നിയമപ്രകാരം നിയമപരമാണെന്ന് ട്രംപ് പ്രഖ്യാപിച്ചു. സമാധാനത്തിന് തടസമായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങളായും അവയെ വീക്ഷിച്ചിരുന്ന ദീർഘകാല നിലപാടുകളെ ട്രംപ് തിരുത്തുകയും ചെയ്തു.
പലസ്തീനികളുടെ പങ്കാളിത്തമില്ലാതെ ഇസ്രയേലിനെ പിന്തുണച്ചുകൊണ്ട് ഗാസയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തന്നെയാണ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്രയേലും ഹമാസും തമ്മിലുള്ള വിനാശകരമായ യുദ്ധത്തിനുശേഷം വരുന്ന ട്രംപിന്റെ പദ്ധതി, 1948 ലെ നഖ്‌ബയിലെന്നപോലെ, പലസ്തീനികളെ അവരുടെ വീടുകളിൽ നിന്ന് നിർബന്ധിതമായി കുടിയിറക്കുന്നത് ആവർത്തിക്കാൻ സാധ്യതയുണ്ട്. യുദ്ധം ഇതിനകം ഗാസയെ നാശത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഇനിയൊരു നിർബന്ധിത പലായനം അനുവദിക്കില്ലെന്നാണ് പലസ്തീനികൾ ദൃഢനിശ്ചയം ചെയ്തിതിരിക്കുന്നത്.
പലസ്തീനികൾ പലായനം എന്ന നിർദേശത്തെ അന്ന് എതിർത്തപ്പോൾ തന്റെ ആദ്യ ഭരണകാലത്ത് അവർക്കുള്ള സഹായം വെട്ടിക്കുറയ്ക്കുകയും നയതന്ത്ര ദൗത്യം അവസാനിപ്പിക്കുകയും ചെയ്തുകൊണ്ട് പലസ്തീൻ നേതൃത്വത്തെ മറികടക്കാൻ ട്രംപിന് കഴിഞ്ഞു.
വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ ഇസ്രയേൽ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ അദ്ദേഹത്തിന്റെ 2020 ലെ പദ്ധതി, യുഎഇയെ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ കാരണമായി. കരാറിന്റെ ഭാഗമായി യുഎഇക്ക് എഫ്-35 ജെറ്റുകൾ വിൽക്കുന്നത് വേഗത്തിലാക്കാനും ട്രംപ് ശ്രമിച്ചു.
പലസ്തീൻ പ്രശ്നം പരിഹരിക്കാതെ തന്നെ ഇസ്രയേലും അറബ് രാജ്യങ്ങളുമായുള്ള സമാധാന ഉടമ്പടി നടപ്പിലാക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. സമാധാനത്തിനായി സൗദിയുടെ പിന്തുണ നേടുക എന്ന ലക്ഷ്യത്തോടെ, ഇസ്രയേലും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനാണ് ട്രംപ് ഇപ്പോൾ ശ്രമിക്കുന്നത്. ഗാസയുടെ യുഎസ് നിയന്ത്രണം കൈവരിക്കാൻ ഇതിലൂടെ കഴിയുമെന്ന് ട്രംപ് വിശ്വസിക്കുന്നു. എന്നാൽ പലസ്തീൻ അവകാശങ്ങൾക്ക് മുൻഗണന നൽകണമെന്ന് അറിയിച്ച് സൗദി അറേബ്യ നിർദേശത്തെ നിരസിച്ചു.
എന്നാൽ പലസ്തീൻ ജനതയുടെ പലായനത്തിൽ ഉറച്ചുനിൽക്കുകയാണ് ട്രംപ്. നിബന്ധനകൾ അംഗീകരിക്കാൻ ഹമാസിന് സമ്മർദ്ദം നൽകണമെന്ന് ട്രംപ് അറബ് രാജ്യങ്ങളോട് നിരന്തരമായി ആവശ്യപ്പെടുകയാണ്. അല്ലെങ്കിൽ ജോർദാനിലേക്കോ ഈജിപ്തിലോക്കോ മാറ്റുന്നത് പോലുള്ള അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Content Summary: What is Donald Trump’s gaza plan; US strategy of pandering to the Middle East